ഓര്‍മ്മയിലെ വളകിലുക്കം: മുകേഷ്
ഒരു നിര്‍വചനത്തിനും പിടിതരാത്ത വികാരമാണ് പ്രണയം. ഒരു പ്രണയം മറ്റൊന്നുപോലെ ആയിരിക്കില്ല. ജെയ്ന്‍ ഓസ്റ്റിന്‍ പറയുന്നു, ‘നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ അത്രയും പ്രണയങ്ങളുമുണ്ട്.’അത് അഭിനിവേശമല്ല, വൈകാരികതയുമല്ല. ആരോ, എങ്ങനെയോ നിങ്ങളെ പൂര്‍ണ്ണനാക്കുന്നുവെന്ന അഗാധമായ അറിവാണ്. ‘ആ ഒരാളിന്റെ സാന്നിദ്ധ്യം, ആ ഓര്‍മ്മകള്‍ നിങ്ങളുടെ മനസ്സില്‍ ആയിരം റോസാപ്പൂക്കള്‍ വിരിയിക്കുന്നുവെങ്കില്‍… അതേ നിങ്ങളിപ്പോഴും പ്രണയത്തിലാണ്.’
മലയാളത്തിനു പ്രിയപ്പെട്ട ഇരുപത്തിമൂന്നുപേരുടെ പ്രണയാനുഭവങ്ങള്‍ ഇഴചേര്‍ത്ത പുസ്തകമാണ് ‘എന്റെ പ്രണയം-അനുരാഗത്തിന്റെ ദിനങ്ങള്‍’. പുസ്തകത്തില്‍ ആദ്യാനുരാഗങ്ങളുണ്ട്. അനശ്വരപ്രണയങ്ങളുണ്ട്. നഷ്ടപ്രണയങ്ങളുണ്ട്.
പുസ്തകത്തില്‍ നിന്നും ഒരു ഭാഗം
കൊല്ലത്ത് എസ്.എന്‍. കോളജില്‍ ഉണ്ടായിരുന്ന മേഴ്‌സിടീച്ചറിന്റെ അനിയത്തിയും ഭര്‍ത്താവും ഈ വീടിന്റെ അടുത്താണ് താമസിക്കുന്നതെന്ന് ഞാന്‍ കണ്ടുപിടിച്ചു. രാവിലത്തെ നടത്തത്തിന്റെ ഓരോ പ്രയോജനങ്ങളേ… അവര്‍ക്കവിടെ ഏജീസ് ഓഫീസിലാണ് ജോലി. സംഭവമതല്ല, ടീച്ചറിന്റെ ഏറ്റവും ഇളയ അനിയത്തി ഇവരുടെ കൂടെ നിന്നാണ് പഠിക്കുന്നത്. ഇവരുടെ ഫാമിലി ഡീറ്റയ്ല്‍സൊക്കെ ഞാന്‍ മനസ്സിലാക്കിയിരുന്നു. ഒരു ദിവസം രാവിലത്തെ നടത്തത്തിനിടയില്‍ ഞാന്‍ ഇളയപെണ്‍കുട്ടി
സാറയെ കണ്ടു. ഞാന്‍ ചോദിച്ചു:
‘മേഴ്‌സിടീച്ചറിന്റെ…?’
മേഴ്‌സിടീച്ചര്‍ എന്നു കേട്ടപ്പോഴേക്കും അവള്‍ പെട്ടന്നവിടെ
നിന്നു. സാറ അതിസുന്ദരിയാണ്. അവള്‍ പറഞ്ഞു:
‘അതേ.’
‘മേഴ്‌സിടീച്ചറെ എനിക്കറിയാം. ഞാനും എസ്.എന്‍. കോളജിലാ പഠിച്ചത്. എന്റെ വീടും കൊല്ലത്താ… ഇതെന്താ ഇവിടെ?’
‘ഞാന്‍ മേഴ്‌സിടീച്ചറുടെ ഇളയ അനിയത്തിയാ. ഇവിടെ ഏജീസ് ഓഫീസില്‍ ജോലി ചെയ്യുന്ന രണ്ടാമത്തെ അനിയത്തിയുടെ കൂടെയാ ഞാന്‍ നില്‍ക്കുന്നത്. ഇയാളെവിടെയാ?’
അവള്‍ ചോദിച്ചു.
‘ഞാനിവിടെ ലോ അക്കദമീലാ…’
‘ഏത് ഇയറ്?’
‘സെക്കന്‍ഡ് ഇയറാ… സാറയെന്താ ഈ സമയത്തിവിടെ?’
‘ശരിക്കും ഞാന്‍ വടക്കേ ഇന്ത്യയിലായിരുന്നു. അച്ഛന്‍ മിലട്ടറിയില്‍ വലിയ ഉദ്യോഗസ്ഥനാ. അതുകൊണ്ട് അവിടുത്തെ നിയമംവച്ച് ഞാന്‍ സ്‌കൂള്‍ ഫൈനല്‍ പാസ്സായി. ഇവിടെ വന്നപ്പോഴാണ് പ്രശ്‌നമായത്. ഡേറ്റ് ഓഫ് ബര്‍ത്ത് വച്ച് പ്രീഡിഗ്രിക്ക് ചേരാനുള്ള പ്രായമായിട്ടില്ലെന്നാണ് ഇവിടുത്തെ കോളജുകാര്‍ പറയുന്നത്’
‘
പിന്നെ ഇപ്പോ എന്തു ചെയ്യുന്നു?’
‘ചേച്ചിക്ക് ഇവിടുത്തെ കോളജില്‍ പരിചയം ഉള്ളതുകൊണ്ട് ക്ലാസ്സിലിരുന്നോളാന്‍ പറഞ്ഞു. അറ്റന്‍ഡന്‍സുമില്ല. ഈ വര്‍ഷം പരീക്ഷയുമെഴുതാനും പറ്റില്ല. പക്ഷേ, ക്ലാസ്സിലിരിക്കാം. അല്ലാരുന്നേല്‍ ഞാന്‍ വിഷമിച്ചുപോയേനെ. ദിവസവും പോകുന്നതുകൊണ്ട് ടച്ചും വിട്ടുപോവില്ല. വീട്ടിലിരിക്കുന്ന
തിന്റെ ബോറടിയുമില്ല.’
ഇങ്ങനെ അവള്‍ കുറെനേരം സംസാരിച്ചു. ജീവിതത്തില്‍ ഇതാദ്യമായിട്ടാണ് ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടി എന്നോട് അത്രയും ഫ്രീയായി സംസാരിക്കുന്നത്. തിരുവനന്തപുരത്തുള്ള പെണ്‍കുട്ടികള്‍ പൊതുവെ ബോള്‍ഡ് ആണ്. അതായിരിക്കാം ഒരു കാരണം. മറ്റൊന്ന് സാറ വടക്കേ ഇന്ത്യയില്‍ ആയിരുന്നതുകൊണ്ട് ആണ്‍കുട്ടികളോട് അങ്ങനെയൊരു അകലമിട്ട് ശീലിച്ചിട്ടുണ്ടാവില്ല. എന്തായാലും ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പുത്തന്‍ അനുഭവമായിരുന്നു.
പിന്നീടുള്ള ഒന്നു രണ്ടു ദിവസങ്ങളില്‍ ഇതേപോലെ ഞങ്ങള്‍ സംസാരിച്ചു. എന്റെ രാവിലത്തെ നടത്തവും കാര്യങ്ങളുമൊക്കെ ആ വഴിയിലൂടെയാക്കി. സാറ മനസ്സില്‍ കുടിയേറിയതോടെയാണ് വെള്ളിയും ചൊവ്വയും ഞാന്‍ മറന്നുപോയത്. അങ്ങനെ ഒരു ദിവസം രാവിലെ ഞാന്‍ നടന്നുവരുമ്പോള്‍ സാറ ഗേറ്റിന്റെ അടുത്ത് നില്ക്കുന്നത് ദൂരെനിന്നുതന്നെ ഞാന്‍ കണ്ടു. ഏതായാലും കുറെ നേരം സംസാരിക്കാമല്ലോ എന്ന സന്തോഷത്തില്‍ ഞാന്‍ അങ്ങോട്ടു ചെന്നു. അവരെല്ലാവരുംകൂടെ എങ്ങോട്ടേക്കോ ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു. ഞാന്‍ അടുത്തുചെന്നപ്പോള്‍ സാറ പെട്ടെന്ന് വീട്ടിലേക്കു നോക്കി. ദാ അവിടെനിന്നു മേഴ്‌സിടീച്ചര്‍ ഇറങ്ങിവരുന്നു! അവരെല്ലാവരുംകൂടി കൊല്ലത്തേക്കു പോകാന്‍ തുടങ്ങുകയാണ്. സാറ പെട്ടന്ന് മേഴ്‌സിടീച്ചറിനോടു പറഞ്ഞു:
‘ചേച്ചി, ദേ ഇദ്ദേഹം കൊല്ലംകാരനാ… മാത്രമല്ല ചേച്ചീടെ സ്റ്റുഡന്റുമാ.’
മേഴ്‌സിടീച്ചര്‍ ഇതിനുമുമ്പ് ഇത്രയും ഷോക്ക് അനുഭവിച്ചിട്ടുണ്ടാവില്ല. ഇടിവെട്ടിയതുപോലെ കുറെനേരം അവരെന്നെത്തന്നെ നോക്കിനിന്നു. എന്നിട്ട് ഈ ഭൂമിയിലെ മുഴുവന്‍ പുച്ഛവും മുഖത്തേക്കുവരുത്തി ഒരു ചോദ്യം,
‘ഇയാളെന്താ ഇവിടെ?
ഡിസ്ട്രിക്ട് വിട്ടാലും നമ്മളെ ജീവിക്കാന്‍ സമ്മതിക്കില്ലേ എന്ന ധ്വനി മുഴുവനുമുണ്ടായിരുന്നു ആ ചോദ്യത്തില്‍.
പെട്ടെന്ന് സാറയുടെ മുഖത്തെ ചിരി മങ്ങി. മേഴ്‌സിടീച്ചര്‍ സാറയോടു ദേഷ്യപ്പെട്ടു.
‘നിന്നോടല്ലേ പറഞ്ഞത്, അകത്തോട്ടുകേറി പെട്ടിയെടുത്തോണ്ടുവരാന്‍.’
സാറ പെട്ടെന്നു പറഞ്ഞു:
‘അല്ല ചേച്ചി, ഇയാള് ഇവിടെ ലോ അക്കാദമീല്‍ പഠിക്കുവാ.’
‘അയാളെവിടെങ്കിലും പഠിക്കട്ടെ, നിനക്കെന്തുവാ…’
ആ ഫയറിങ്ങില്‍ സാറ വിറച്ചുപോയി. മേഴ്‌സിടീച്ചര്‍ സാറയെയും വിളിച്ച് അകത്തുകയറി. വാതില്‍ ചെവിപൊട്ടുന്ന ശബ്ദത്തില്‍ വലിച്ചടച്ചു. പിന്നെ അവിടെ നിന്നിട്ടു കാര്യമില്ലാത്തതുകൊണ്ട് ഞാന്‍ അപ്പോള്‍ത്തന്നെ സ്ഥലം കാലിയാക്കി. ഞാന്‍ തോമാച്ചനോടും ഇക്ബാലിനോടും പറഞ്ഞു:
‘ഛേ, മണ്ടത്തരമായിപ്പോയി. മേഴ്‌സിടീച്ചര്‍ അവിടെ ഉണ്ടെന്നറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ അതുവഴി പോവില്ലായിരുന്നു.
സാറയോട് അവരെന്തൊക്കെ പറഞ്ഞുകാണുമെന്ന് ദൈവത്തിനറിയാം.
Comments are closed.