DCBOOKS
Malayalam News Literature Website

അവളിലേക്കുള്ള വഴിയും ചില വളവുതിരിവുകളും: മനോജ് കുറൂര്‍

ഒരു നിര്‍വചനത്തിനും പിടിതരാത്ത വികാരമാണ് പ്രണയം. ഒരു പ്രണയം മറ്റൊന്നുപോലെ ആയിരിക്കില്ല. ജെയ്ന്‍ ഓസ്റ്റിന്‍ പറയുന്നു, ‘നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ അത്രയും പ്രണയങ്ങളുമുണ്ട്.’അത് അഭിനിവേശമല്ല, വൈകാരികതയുമല്ല. ആരോ, എങ്ങനെയോ നിങ്ങളെ പൂര്‍ണ്ണനാക്കുന്നുവെന്ന അഗാധമായ അറിവാണ്. ‘ആ ഒരാളിന്റെ സാന്നിദ്ധ്യം, ആ ഓര്‍മ്മകള്‍ നിങ്ങളുടെ മനസ്സില്‍ ആയിരം റോസാപ്പൂക്കള്‍ വിരിയിക്കുന്നുവെങ്കില്‍… അതേ നിങ്ങളിപ്പോഴും പ്രണയത്തിലാണ്.’

മലയാളത്തിനു പ്രിയപ്പെട്ട ഇരുപത്തിമൂന്നുപേരുടെ പ്രണയാനുഭവങ്ങള്‍ ഇഴചേര്‍ത്ത പുസ്തകമാണ് ‘എന്റെ പ്രണയം-അനുരാഗത്തിന്റെ ദിനങ്ങള്‍’. പുസ്തകത്തില്‍ ആദ്യാനുരാഗങ്ങളുണ്ട്. അനശ്വരപ്രണയങ്ങളുണ്ട്. നഷ്ടപ്രണയങ്ങളുണ്ട്.

പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

റ്റയ്ക്കിരിക്കുമ്പോഴെല്ലാം അവള്‍ എന്നെക്കുറിച്ച് ഓര്‍ക്കുകയാവാം. അപ്പോഴൊക്കെ അവള്‍ കരയുകയാവാം. അകലെ ഒരു മുറി പലതായി മുറിച്ചപോലെയുള്ള ചെറിയൊരു വീട്ടില്‍ അവള്‍ ഒറ്റയ്ക്കാണ്. കൂട്ടുകാരില്ല. ഉറ്റവരാരുമില്ല. ഒരു രാത്രി മുഴുവന്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ വെളിച്ചം വീണു തുടങ്ങുമ്പോഴേക്കും ഞാനെത്തുന്നതും കാത്ത് അവള്‍ ഉറങ്ങാതെ കിടക്കുകയാവും. ഓരോ ഇലയനക്കവും എന്റെ കാല്‍പ്പെരുമാറ്റമാണെന്നും ഓരോ നിഴലനക്കവും ഞാന്‍തന്നെയാണെന്നുമോര്‍ത്ത് ഇടയ്ക്കിടെ ഞെട്ടിയുണരുന്ന അവളെ എത്ര ചീറിപ്പാഞ്ഞാലും വേഗം പോരെന്നു തോന്നിക്കുന്ന ഈ വണ്ടിയിലിരുന്ന് എനിക്കു കാണാം.

ബസ്സിന്റെ വേഗമറിയാനെന്നോണം ഞാന്‍ മുന്‍ചക്രത്തിനു മുകളിലുള്ള സീറ്റിലിരിക്കുന്നു. ടാറിട്ട റോഡില്‍ ചക്രങ്ങളമര്‍ന്നുള്ള ഞരക്കങ്ങളും ഇടയ്ക്കുള്ള ചാട്ടവാറൊച്ചകളും ചിറകടികളും കനക്കുമ്പോഴെല്ലാം കിലോമീറ്ററുകള്‍ മുന്നിലെത്തിയെന്നും അവളുള്ളിടത്തേക്ക് അടുക്കുകയാണെന്നും സങ്കല്പിച്ച് അരികു ജനാലയുടെ ചില്ലുനീക്കി സ്ഥലപ്പേരു വായിക്കുന്നു. അത്ര ദൂരമൊന്നും
പോയിട്ടില്ലെന്നും ഏറെ പരിചയമുള്ള ദേശങ്ങള്‍ പിന്നിട്ടിട്ടില്ലെന്നും തിരിച്ചറിയുന്നു. ബസ്സില്‍ ഉറക്കെവച്ചിരിക്കുന്ന ചൊടിയും ചുണയുമുള്ള പാട്ടുകള്‍ ചെവിയിലെത്താതെ തിരിച്ചുപോകുന്നു. വിരഹവും ഭൂതകാലവും തമ്മിലുള്ള അയുക്തികമായ കൂട്ടുകെട്ടില്‍നിന്ന് ബ്രഹ്മാനന്ദനോ സുശീലയോ പാടിയ ഏതൊക്കെയോ പാട്ടുകള്‍ അവയുടെ ഈണം മാത്രമെടുത്ത് ഉള്ളിലെ ഒരു കറുപ്പു-വെളുപ്പു ചതുരത്തിലേക്ക് കടത്തിവിടുന്നു. ആ പാട്ടുകളൊന്നും അവര്‍ പാടിയതല്ലല്ലോ എന്റെ ഓര്‍മ്മയിലുള്ളത്! ‘ഈ വര്‍ഷഹര്‍ഷനിശീഥിനിയില്‍’ എന്നോ ‘എന്നെയെന്തിനു നിന്‍ ചിറകുകള്‍ പൊതിഞ്ഞു’ എന്നോ വരികളൊന്നുമില്ലാതെതന്നെ അവ മഞ്ഞിലോ മഴയിലോ ഒറ്റയ്ക്കായ ഒരുവളുടെ മങ്ങിയ ചിത്രങ്ങള്‍ അവിടെ വരച്ചുചേര്‍ക്കുന്നു. ഇരുട്ടുവന്ന് അവളെ പൊതിയുന്നതു കണ്ട് ഈണങ്ങളെയും ചിത്രങ്ങളെയും ഞാന്‍ കുടഞ്ഞുകളയുന്നു. അവളെ തെളിയിച്ചെടുക്കാന്‍ നോക്കുന്നു.

ഇത്രയൊക്കെ വിചാരിക്കുന്നെങ്കില്‍ ഒന്നു ഫോണ്‍ ചെയ്യരുതോ എന്ന് മിസ്ഡ് കോള്‍ അടിച്ചു മെസേജ് കാത്തിരിക്കുന്നതിനിടെ ഈ വരികളില്‍ കണ്ണോടിക്കുന്ന ഒരുവന്‍ ചോദിച്ചേക്കും. അന്നു മൊബൈല്‍ ഫോണ്‍ വന്നിട്ടില്ല. ‘വന്ദനം’ എന്ന സിനിമയുടെ ക്ലൈമാക്‌സ് അസംബന്ധമായിട്ടില്ല. ലാന്‍ഡ് ഫോണിലെ വിളി മിസ്സ് ചെയ്തതിനാല്‍ പിരിഞ്ഞുപോകേണ്ടിവന്ന ആ സിനിമയിലെ കമിതാക്കളെയോര്‍ത്ത് ഞാന്‍ എത്ര സങ്കടപ്പെട്ടതാണ്! എന്റെ ഇപ്പോഴത്തെ സങ്കടത്തിലേക്കുതന്നെ വരാം. താല്‍ക്കാലികമെന്നു വിചാരിച്ചു, സ്ഥിരമായ ആ വാടകവീട്ടില്‍ ലാന്‍ഡ് ഫോണ്‍പോലുമില്ല. അവളുടെ ജോലിസ്ഥലത്തേക്കാണ് ഇടയ്ക്കു വിളിക്കാറുള്ളത്. അന്നെനിക്കു വരുമാനമൊന്നുമില്ല. വിളിക്കുമ്പോള്‍ ഫോണ്‍ എടുത്ത സഹപ്രവര്‍ത്തക അവളെ വിളിക്കാം എന്നു പറഞ്ഞ് താഴ്ത്തിവച്ച ഫോണില്‍ വീണ്ടും ശബ്ദമെത്തുന്നതുവരെ ഒരു ഹൃദയമിടിപ്പിന് ഒന്നോ ഒന്നരയോ രൂപാ എന്ന മട്ടില്‍ എസ്. ടി. ഡി. ബൂത്തിലെ ചെറിയ സ്‌ക്രീനില്‍ കാണുമ്പോള്‍ നെഞ്ചിടിപ്പ് കൂടും. ഓരോ വാക്കിന്റെയും അവയ്ക്കിടയിലുള്ള മൗനത്തിന്റെപോലും വില വരുമാനമുള്ളവര്‍ക്കു നിസ്സാരമാവും. വല്ലപ്പോഴും മാത്രമുള്ള ഈ ബസ്‌യാത്രയ്ക്കായി അന്നന്നത്തെ ചെലവുകള്‍ ചുരുക്കി മിച്ചം വയ്ക്കുന്നത് അവള്‍ക്കുപോലുമറിയില്ല. പ്രേമം അത്ര കാല്പനികമായ ഏര്‍പ്പാടൊന്നുമാവില്ല എപ്പോഴും. എത്ര ഉദാത്തമായ പ്രേമമായാലും അസ്ഥിക്കു പിടിക്കരുത് എന്ന് ഒരു കൂട്ടുകാരന്‍ എനിക്കു പറഞ്ഞുതന്നിട്ടുണ്ട്. കുറഞ്ഞത് ഒരു മൂന്നു പ്രേമമെങ്കിലുമുണ്ടെങ്കില്‍ പൊസസീവ്‌നെസ്സ് എന്ന മാരകരോഗംവരെ ഒഴിവാകുമെന്ന് അവന്‍ ഉറപ്പിച്ചു പറഞ്ഞു. ഞാന്‍ ശ്രമിക്കാതിരുന്നില്ല. ഉള്ള പ്രേമം അറിയിക്കാന്‍ പേടിതോന്നിയ ഒരുവള്‍. പിന്നീടൊരിക്കല്‍ പറഞ്ഞിട്ടു കാര്യമില്ലാതായിപ്പോയ മറ്റൊരുവള്‍. ഓരോരുത്തരോടും പൊസെസീവ്‌നെസ്സ് എന്നായപ്പോള്‍ രോഗം മൂന്നിരട്ടിയായി കൂടി എന്നു മാത്രം.

യാത്രകള്‍ കുറച്ചൊക്കെ ആനന്ദകരമാക്കാനുള്ള ചില വിദ്യകളും അവന്‍ പറഞ്ഞുതന്നിരുന്നു. ഏതു യാത്രയിലും ഒരു കാമുകിയെ കണ്ടെത്തുക. അവളുമായി അടുക്കാനുള്ള വഴികളാലോചിക്കുക. കുറ്റംപറയാന്‍ പറ്റില്ല. ഒരു ദിവസം മൂന്നോ നാലോ ജില്ലകള്‍ ബസ്സില്‍ യാത്ര ചെയ്യേണ്ടിവരുന്ന ജോലിയാണ് അവന്റേത്. പക്ഷേ, അതിലും ഞാന്‍ തോറ്റു. അങ്ങനെ വെറുതേ കാണുന്ന പെണ്‍കുട്ടികളെ പ്രേമിക്കാന്‍ തോന്നാറില്ല എന്നാവുമോ? അതോ ഇക്കാര്യത്തില്‍ അത്ര സാഹസികനാവാനുള്ള നെഞ്ചുറപ്പില്ലെന്നോ? എന്തായാലും
വയ്യ. അടുത്തുള്ള ഏതു പൊള്ളച്ചിരിയെക്കാളും അകലെയുള്ള ഒരു കരച്ചിലിനെ ഉള്ളില്‍ പേറുന്ന ഒരു ഉള്‍നിലയാവും
എന്റേത്. ‘അമിതവിശ്വസ്തതയെക്കാള്‍ എന്റെ മുന്‍ഗണന കൗശലം നിറഞ്ഞ കരുണയ്ക്ക്’ എന്നെഴുതിയ സിംബോഴ്‌സ്‌കാ, വരികളിഷ്ടപ്പെട്ടു. അതാണു നല്ലതെന്നു സമ്മതിക്കുകയും ചെയ്യാം. പക്ഷേ, നടപ്പാക്കാന്‍ പാടാണ്. അമിതവിശ്വസ്തതയും കരുണയുമില്ലാത്ത, ‘ഞാന്‍ ഇങ്ങനെയല്ലേ, എന്നിട്ടും…’ എന്ന കൗശലം മാത്രമാവുമോ എന്റെ പ്രേമം?

പ്രേമിച്ചിട്ടുണ്ട് പലരെയും. പറയാതെ പോയതും അറിഞ്ഞില്ലെന്നു നടിച്ചതും പാതിവഴിയില്‍ നിര്‍ത്തിയതും പേടിച്ചു
പിന്‍വലിഞ്ഞതുമൊക്കെയായി പലതും. ഒരു സ്‌മൈലികൊണ്ടുപോലും പ്രേമം സ്ഥാപിച്ചെടുക്കാവുന്ന ഇക്കാലത്ത്
അന്നത്തെ ആവിഷ്‌കാരപ്രതിസന്ധികള്‍ പറഞ്ഞാല്‍ മനസ്സിലായെന്നു വരില്ല. ഉള്ളിലൊതുക്കിയ പ്രേമവുമായി വര്‍ഷങ്ങളോളം കറകളഞ്ഞ സൗഹൃദം നടിച്ചു ജന്മം പാഴാക്കിയവരെ ഇന്നു കണ്ടുമുട്ടാനാവുമോ? തമ്മില്‍ എന്നും കണ്ടിട്ടും എങ്ങനെ
പറയണമെന്നറിയാതെ വരണ്ട തൊണ്ടയുമായി നോക്കിനോക്കി നിന്നവരെയും അവര്‍ക്കു പരിചയമുണ്ടാവില്ല.

മനോജ് കുറൂരിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.