DCBOOKS
Malayalam News Literature Website

കാറ്റൂരിവിട്ട ടയര്‍പോലെ ആദ്യ പ്രണയം

മണിയന്‍പിള്ള രാജു

ഒരു നിര്‍വചനത്തിനും പിടിതരാത്ത വികാരമാണ് പ്രണയം. ഒരു പ്രണയം മറ്റൊന്നുപോലെ ആയിരിക്കില്ല. ജെയ്ന്‍ ഓസ്റ്റിന്‍ പറയുന്നു, ‘നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ അത്രയും പ്രണയങ്ങളുമുണ്ട്.’അത് അഭിനിവേശമല്ല, വൈകാരികതയുമല്ല. ആരോ, എങ്ങനെയോ നിങ്ങളെ പൂര്‍ണ്ണനാക്കുന്നുവെന്ന അഗാധമായ അറിവാണ്. ‘ആ ഒരാളിന്റെ സാന്നിദ്ധ്യം, ആ ഓര്‍മ്മകള്‍ നിങ്ങളുടെ മനസ്സില്‍ ആയിരം റോസാപ്പൂക്കള്‍ വിരിയിക്കുന്നുവെങ്കില്‍… അതേ നിങ്ങളിപ്പോഴും പ്രണയത്തിലാണ്.’

മലയാളത്തിനു പ്രിയപ്പെട്ട ഇരുപത്തിമൂന്നുപേരുടെ പ്രണയാനുഭവങ്ങള്‍ ഇഴചേര്‍ത്ത പുസ്തകമാണ് ‘എന്റെ പ്രണയം-അനുരാഗത്തിന്റെ ദിനങ്ങള്‍’. പുസ്തകത്തില്‍ ആദ്യാനുരാഗങ്ങളുണ്ട്. അനശ്വരപ്രണയങ്ങളുണ്ട്. നഷ്ടപ്രണയങ്ങളുണ്ട്.

പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്തു സിഗരറ്റു വലിക്കണമെന്ന ആഗ്രഹം തോന്നി. അന്നു കൂടെ സോമനും മോഹനനുമുണ്ട്. സോമന്‍ ഇപ്പോള്‍ ഒരു ബാങ്കിലെ മാനേജരാണ്. മോഹനന്‍ കെല്ലിലെ എന്‍ജിനീയറും. ഞങ്ങള്‍ മൂന്നുപേരുംകൂടി ഇപ്പോഴത്തെ കൃപാ തിയേറ്ററിന്റെ
മുന്നിലൂടെ നടന്നു കിഴക്കേക്കോട്ടയില്‍ പോകും. കോട്ടയ്ക്കകത്തു മഹാരാജാവിന്റെ പ്രതിമയുള്ള ഒരു പാര്‍ക്കുണ്ട്. അവിടെച്ചെന്ന് ‘കൂള്‍’ എന്നൊരു സിഗരറ്റ് ഉണ്ട്. അതും വലിച്ചു പാക്കും തിന്നിട്ടു തിരികെ നടക്കും. തിരികെ വരുന്നവഴി ഗണപതി കോവിലിന്റെ അടുത്തുള്ള ‘താടിയുടെ കട’യില്‍നിന്നു ബീഫും ദോശയും കഴിക്കും. ഗണപതികോവിലില്‍നിന്നു ചന്ദനമെടുത്ത് ഒരു പാളയന്‍കുടം കുറിയും പിടിപ്പിച്ചു വീട്ടില്‍ പോകും. അമ്പലത്തില്‍ പോകുന്നു എന്നു പറഞ്ഞാണു മിക്കവാറും ഈ പരിപാടി നടത്തുന്നത്.

ഒരു ദിവസം ഞാന്‍ പറഞ്ഞു: ‘എടാ എന്നും വന്ന് മഹാരാജാവിന്റെ പ്രതിമയുടെ പിറകില്‍നിന്ന് ഒളിച്ചു സിഗരറ്റു വലിക്കുന്നതില്‍ ഒരു ത്രില്ലുമില്ല. ആള്‍ക്കാരുടെ ഇടയിലൂടെ സിഗരറ്റു വലിച്ചു പുകവിട്ടു പോകുന്നതല്ലേ അന്തസ്സ്’ അവരും സമ്മതിച്ചു. ഞങ്ങള്‍ കൂളും വലിച്ചു കൃപാ തിയേറ്ററിന്റെ എതിര്‍വശത്തുള്ള റെയില്‍വേ ഓവര്‍ബ്രിഡ്ജ് കയറാന്‍ തുടങ്ങുമ്പോള്‍ അവിടെയുള്ള ജ്യോതിഷാലയത്തില്‍നിന്ന് ഒരു വിളി: ‘എടാ രാജൂ…’ ഞാന്‍ നോക്കിയപ്പോള്‍ അച്ഛന്‍. ഞാന്‍ സിഗരറ്റു ദൂരെയെറിഞ്ഞ് അച്ഛന്റെ മുഖത്തുനോക്കിയപ്പോള്‍ ബാക്കി പുക എന്റെ കണ്‍ട്രോള്‍ വിട്ടു വായിലൂടെയും മൂക്കിലൂടെയും പുറത്തുപോയി. ‘ങാ പൊയ്‌ക്കോ, പൊയ്‌ക്കോ’ എന്ന് അച്ഛന്‍ പറഞ്ഞു.

അത് അച്ഛന്‍ ചെയ്ത തെറ്റ്. അച്ഛന്‍ ഞാന്‍ സിഗരറ്റു വലിക്കുന്നതു കണ്ടെങ്കിലും കാണാത്തതുപോലെ ഇരിക്കണമായിരുന്നു. മാത്രമല്ല, വൈകുന്നേരം രണ്ടു സ്‌മോള്‍ അടിച്ചു വീട്ടില്‍ വന്ന് ‘നിന്റെ മോന്‍ ഞാന്‍ നോക്കുമ്പോള്‍ റെയില്‍വേ ട്രാക്കിന്റെ അടുത്തുകൂടി വായിലൂടെയും മൂക്കിലൂടെയും പൊകയും വിട്ട് ഒരു തീവണ്ടിപോലെ പോകുന്നു. വളര്‍ത്തിവെച്ചിരിക്കുന്നു…’ എന്ന് അമ്മയെക്കൂടി അറിയിക്കുകയും ചീത്ത പറയുകയും ചെയ്തു. ഇതുകൊണ്ട് എന്തു സംഭവിച്ചു എന്നു പറഞ്ഞാല്‍, പിറ്റേന്നു രാവിലെ എട്ടു മണിക്കു കൈയില്‍ ബാക്കിയുണ്ടായിരുന്ന ഒരു സിഗരറ്റ് എടുത്തു വീടിന്റെ മുന്നില്‍നിന്ന് ആള്‍ക്കാര്‍ കാണെ ഞാന്‍ വലിച്ചു. ലോകത്തില്‍ അച്ഛനും അമ്മയും ഇതറിയരുതെന്ന് ആഗ്രഹിച്ചു. അവര്‍ അറിഞ്ഞു. ഇനി ലോകത്തില്‍ ഏതു തെണ്ടി അറിഞ്ഞാലും
എനിക്കെന്ത്?

സിഗരറ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ മറ്റൊരു കാര്യം ഓര്‍മ്മ വന്നു. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലം. വെക്കേഷനു നാട്ടില്‍ വന്നിട്ടു തിരിച്ചുപോകാന്‍നേരം റെയില്‍വേസ്റ്റേഷനില്‍ എന്നെ യാത്രയാക്കാന്‍ അച്ഛന്‍ വന്നിരുന്നു. ട്രെയിന്‍ വിടാന്‍നേരം പെട്ടെന്ന് അച്ഛന്‍ ഒരു പൊതിയെടുത്തു കൈയില്‍ തന്നിട്ടു പറഞ്ഞു: ‘ഇതേയുള്ളൂ…’ അപ്പോള്‍ എനിക്കു വലിയ സന്തോഷമായി. കുറച്ചു കാശു പേപ്പറില്‍ പൊതിഞ്ഞുതന്നതായിരിക്കും. അച്ഛന്റെ മുന്നില്‍വെച്ച് എങ്ങനെ പൊതി തുറന്നുനോക്കും. അച്ഛന്‍ ടാറ്റാ പറഞ്ഞു പോയപ്പോള്‍ പൊതി തുറന്നു. രണ്ടു പായ്ക്കറ്റു വില്‍സ്! ആ സമയത്ത് അച്ഛന്റെ കൈയില്‍ കാശൊന്നുമില്ല. ഏതോ കടയില്‍നിന്ന് അക്കൗണ്ടില്‍ വാങ്ങിയതാണ്.പില്‍ക്കാലത്ത് ഞാന്‍ വിദേശത്തു പോയി വരുമ്പോള്‍ അച്ഛനു മുന്തിയയിനം വിസ്‌കിയൊക്കെ വാങ്ങിക്കൊടുക്കും. എന്നിട്ടു പറയും, ‘പണ്ടു സ്വന്തം മകനു സിഗരറ്റു വാങ്ങിക്കൊടുത്ത അച്ഛനാണ്.’

അപ്പോള്‍ അച്ഛന്‍ പറയും: ‘സ്വന്തം അച്ഛനു മദ്യം കൊണ്ടുകൊടുക്കുന്ന മകന്‍.’ അച്ഛന്‍ മഹാരാജാവിന്റെ കീഴിലുള്ള അമ്പലങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. അന്ന് അമ്പലങ്ങളിലെ വെടിവഴിപാടുകളുടെ കോണ്‍ട്രാക്ട് കൊടുക്കുന്ന ഉദ്യോഗസ്ഥന്‍. അത്യാവശ്യം കൈക്കൂലി വാങ്ങുന്ന ആളായിരുന്നു അച്ഛന്‍. പക്ഷേ, ആ കാശ് ഒരിക്കലും വീട്ടുചെലവിനോ അനുജത്തിമാരുടെ വിവാഹക്കാര്യങ്ങള്‍ക്കോ ഒന്നും എടുക്കില്ല. ഒരു വീടു വാടകയ്ക്കു കൊടുത്തിരുന്നു. ആ വാടകകൊണ്ടാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. അച്ഛന്‍ പറയുന്നത്, കൈക്കൂലി വാങ്ങിച്ച പൈസകൊണ്ട് മക്കളെ പഠിപ്പിച്ചാല്‍ അവര്‍ നന്നാവില്ല. ഇതായിരുന്നു അച്ഛന്റെ പ്രിന്‍സിപ്പിള്‍. എല്ലാ ദിവസവും സ്‌മോള്‍ അടിക്കും. സുഹൃത്തുക്കള്‍ക്ക് ഇഷ്ടംപോലെ വാങ്ങിക്കൊടുക്കുകയും ചെയ്യും. ഒന്നാം
തീയതിയാകുമ്പോള്‍ അമ്മ എന്നെ അച്ഛന്റെ ഓഫീസിലേക്കുപറഞ്ഞുവിടും. ശമ്പളം കളയാതെ വീട്ടിലെത്തിക്കുകയാണ് എന്റെ യാത്രയുടെ ഉദ്ദേശ്യം. ഫോര്‍ട്ട് ഹൈസ്‌കൂളിന്റെ അടുത്തുള്ള ശ്രീപാദം പാലസിലാണ് അച്ഛന്റെ ഓഫീസ്. ഞാന്‍ ചെല്ലുമ്പോള്‍ അച്ഛന്‍ പറയും: ‘നീ നൂറ്റിമൂന്നാംനമ്പര്‍ കാന്റീനില്‍ പോയി കാപ്പി കുടിച്ചിട്ടു വാ.’ ഞാനവിടെ ചെന്ന് അച്ഛന്റെ അക്കൗണ്ടില്‍ വാഴയ്ക്കാ അപ്പവുമൊക്കെ തിന്നിട്ടു വരും. അപ്പോള്‍ അച്ഛന്റെ മുന്നില്‍ വെടിവഴിപാടിന്റെ കോണ്‍ട്രാകട് എടുക്കാന്‍ നില്ക്കുന്നവരെ കണ്ടിട്ടുണ്ട്.

 

 

 

 

 

 

 

 

 

Comments are closed.