പ്രണയം ഒരു വാഗ്ദാനമാണ്: ജീത്തു ജോസഫ്
ഒരു നിര്‍വചനത്തിനും പിടിതരാത്ത വികാരമാണ് പ്രണയം. ഒരു പ്രണയം മറ്റൊന്നുപോലെ ആയിരിക്കില്ല. ജെയ്ന്‍ ഓസ്റ്റിന്‍ പറയുന്നു, ‘നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ അത്രയും പ്രണയങ്ങളുമുണ്ട്.’അത് അഭിനിവേശമല്ല, വൈകാരികതയുമല്ല. ആരോ, എങ്ങനെയോ നിങ്ങളെ പൂര്‍ണ്ണനാക്കുന്നുവെന്ന അഗാധമായ അറിവാണ്. ‘ആ ഒരാളിന്റെ സാന്നിദ്ധ്യം, ആ ഓര്‍മ്മകള്‍ നിങ്ങളുടെ മനസ്സില്‍ ആയിരം റോസാപ്പൂക്കള്‍ വിരിയിക്കുന്നുവെങ്കില്‍… അതേ നിങ്ങളിപ്പോഴും പ്രണയത്തിലാണ്.’
മലയാളത്തിനു പ്രിയപ്പെട്ട ഇരുപത്തിമൂന്നുപേരുടെ പ്രണയാനുഭവങ്ങള്‍ ഇഴചേര്‍ത്ത പുസ്തകമാണ് ‘എന്റെ പ്രണയം-അനുരാഗത്തിന്റെ ദിനങ്ങള്‍’. പുസ്തകത്തില്‍ ആദ്യാനുരാഗങ്ങളുണ്ട്. അനശ്വരപ്രണയങ്ങളുണ്ട്. നഷ്ടപ്രണയങ്ങളുണ്ട്.
പുസ്തകത്തില്‍ നിന്നും ഒരു ഭാഗം
ഏതു ഭാഷയിലെയും ഏറ്റവും മനോഹരമായ വാക്ക് പ്രണയമായിരിക്കും. പ്രണയമില്ലെങ്കില്‍ ജീവിതമില്ല, നിലനില്പില്ല. ജീവിതത്തിന്റെ ഓരോഘട്ടത്തിലും പ്രണയത്തോടുള്ള പരിപ്രേക്ഷ്യങ്ങള്‍ മാറിമറിഞ്ഞുവരാം. ഒരു സമയത്ത് അത് ഒരു പെണ്‍കുട്ടിയോടോ കളിക്കൂട്ടുകാരിയോടോ ആകുമെങ്കില്‍ മറ്റൊരു സമയത്ത് അത് ഒരു പുസ്തകത്തോടായിരിക്കും. ഇനി മറ്റൊരിക്കല്‍ അത് വീടിനോടാവും. അല്ലെങ്കില്‍ ജീവിതത്തിലെ പ്രത്യേക അവസ്ഥകളോടാവാം. നമ്മുടെ നാട്ടിലെ സാമൂഹ്യ പരിതസ്ഥിതിവച്ച് ചിന്തിക്കുമ്പോള്‍ പ്രണയം എന്ന വാക്കു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കു വരുന്നത് ഒരു ആണും പെണ്ണും തമ്മിലുള്ള വൈകാരിക അടുപ്പത്തെക്കുറിച്ചു മാത്രമാണ്. അല്ലെങ്കില്‍ നമ്മള്‍ കണ്ടും കേട്ടും പരിചയിച്ച ‘ടിപ്പിക്കല്‍’ പ്രണയത്തെക്കുറിച്ചുമാത്രം. എന്നാല്‍ സത്യം അതല്ല.
ഞാന്‍ മുമ്പ് പറഞ്ഞതുപോലെ കാലത്തിനനുസരിച്ച, അവസ്ഥകള്‍ക്കനുസരിച്ച നമ്മുടെ പ്രണയവും മാറിക്കൊണ്ടിരിക്കും. പുതിയ വീട്ടില്‍ ഞാന്‍ താമസം തുടങ്ങിയിട്ട് ഒരു മാസം ആകുന്നതേയുള്ളൂ. ഈ സമയത്ത് ഞാനേറ്റവുമധികം പ്രണയിക്കുന്നതെന്തിനെയാണ് എന്നു ചോദിച്ചാല്‍ എന്റെ വീടിനോടാണ് എന്നു ഞാന്‍ പറയും. കാരണം, ഒരുപാടു മോഹിച്ച്, ഒരുപാടു സ്വപ്‌നങ്ങള്‍കണ്ട്, എന്റെ ചില ഇഷ്ടങ്ങള്‍ ക്കനുസരിച്ചാണ് ഞാന്‍ വീട് നിര്‍മ്മിച്ചത്. ഷൂട്ടിങ്ങിനായിപ്പോലും ഈ വീടിനു പുറത്തേക്കിറങ്ങുവാന്‍ എനിക്കിപ്പോള്‍
മടിയാണ്. ഒരു കാമുകിയെ പിരിഞ്ഞിരിക്കുമ്പോള്‍ നാമനുഭവിക്കുന്ന അതേപോലെതന്നെയൊരു വേദന ഈ വീടിനെ പിരിഞ്ഞിരിക്കുമ്പോഴും ഞാന്‍ അനുഭവിക്കുന്നുണ്ട്! നമ്മുടെ കണ്ണിനു മുമ്പിലുള്ള എല്ലാ വസ്തുക്കളെയും പ്രണയിക്കണം… എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഇനി ഞാന്‍ വിഷയത്തിലേക്കുവരാം. ജീവിതത്തില്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അതു പ്രണയിച്ചുതന്നെയായിരിക്കണമെന്ന് പഠിക്കുന്ന കാലത്തുതന്നെ ഞാന്‍ നിശ്ചയിച്ചിരുന്നു. ‘അറേഞ്ച്ഡ് മാര്യേജ്’ എന്ന ചട്ടക്കൂടിനോട് എനിക്ക് അന്നും യോജിപ്പില്ല, ഇന്നും യോജിപ്പില്ല. ആണ്‍കുട്ടിക്ക് വിവാഹപ്രായമെത്തുമ്പോള്‍ അച്ഛനും അമ്മാവനുമായി ഒരു പെണ്‍കുട്ടിയുടെ വീട്ടില്‍ ചെല്ലുന്നു, പെണ്‍കുട്ടി ചായയുമായി നാണംകുണുങ്ങി വരുന്നു, ‘പെണ്ണിനോട് എന്തെങ്കിലും ചോദിക്കൂട്ടോ’ എന്ന ഭാര്യാപിതാവിന്റെ ഔദാര്യത്തില്‍ അവളോടു പേര് ചോദിക്കുന്നു ‘എന്താ പേര്.. ഓ. ശരി.. എവിടെയാ പഠിച്ചത്…???’ ഇത്രയേ ഉള്ളൂ പരിചയപ്പെടല്‍. പെണ്‍കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങളോ അവള്‍ക്കു തന്നെ എത്രമാത്രം ഉള്‍ക്കൊള്ളാനാകും എന്നീ കാര്യങ്ങള്‍ക്കല്ല, മറിച്ച് കുടുംബത്തിന്റെ ചുറ്റുപാടുകള്‍ക്കു മാത്രമാണ് നാം പരിഗണന കൊടുക്കുന്നത്. ഈ സംവിധാനത്തോട് എനിക്കൊരിക്കലും പൊരുത്തപ്പെടാനായിട്ടില്ല.
ഞാന്‍ പൂര്‍ണ്ണനല്ല എന്നെനിക്ക് ഉത്തമബോധ്യമുണ്ട്. അതേപോലെ എന്റെ ജീവിതത്തിലേക്കു കടന്നുവരുന്ന പെണ്‍കുട്ടിയും പൂര്‍ണ്ണതയുള്ളവളാവില്ലെന്നും എനിക്കറിയാം. അതുകൊണ്ടുതന്നെ ഒരു ജീവിതത്തിലേക്കു പ്രവേശിക്കുമുമ്പ് പങ്കാളികളിരുവരുടെയും കുറ്റങ്ങളും കുറവുകളും പരസ്പരം മനസ്സിലാക്കിയിരിക്കണം.
വ്യക്തികള്‍ തമ്മില്‍ പ്രണയമുണ്ടാകുന്നത് ബാഹ്യസൗന്ദര്യത്തെക്കാളുപരി അവരുടെ പെരുമാറ്റത്തിലൂടെയാണ്. പ്രണയബദ്ധരായ ചില ദമ്പതികളെ കാണുമ്പോള്‍ നമുക്കു തോന്നാറുണ്ടല്ലോ ‘പ്രണയിക്കാന്‍ മാത്രം ഈ മനുഷ്യനില്‍ ഇവള്‍ എന്തു പ്രത്യേകതയാണ് കണ്ടത്’ എന്ന്. ബാഹ്യമായി കാണാത്ത ചില പ്രത്യേകതകള്‍ ആ പുരുഷനോ സ്ത്രീയോ പരസ്പരം തിരിച്ചറിഞ്ഞിട്ടുണ്ടാവും.
കോളജില്‍ പഠിക്കുന്ന കാലത്ത് സൗന്ദര്യമുള്ള പല പെണ്‍ കുട്ടികളോടും ആകര്‍ഷണം തോന്നിയിട്ടുണ്ട്. സ്വഭാവത്തിന്റെ നൈര്‍മ്മല്യത്തിനാണ് പ്രാമുഖ്യമെങ്കിലും ശാരീരികാകര്‍ഷണം തോന്നുംവിധത്തിലാണല്ലോ ദൈവം നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്! ആ പെണ്‍കുട്ടികളോട് പരിചയപ്പെട്ട് കുറച്ചു സംസാരിച്ചു കഴിയുമ്പോള്‍ മനസ്സില്‍ തോന്നിയ ആകര്‍ഷണം അവിടെ അവസാനിക്കും. അതൊന്നും പ്രണയമായില്ല. എന്നാല്‍ എന്റെ പ്രണയഭാജനത്തെ അന്വേഷിച്ച് എനിക്കധികം അലയേണ്ടിവന്നില്ല. എന്റെ നാട്ടില്‍നിന്നുതന്നെ അവളെ ഞാന്‍ കണ്ടെത്തി. ജീവിതത്തില്‍ അതിനുമുമ്പ് രണ്ടു പെണ്‍കുട്ടികളോടു മാത്രമേ മനസ്സുകൊണ്ട് ഞാന്‍ ആകര്‍ഷിക്കപ്പെട്ടിട്ടുള്ളൂ. മൂന്നാമത് എന്റെ മനസ്സില്‍ ആഴത്തില്‍ ഉടക്കിയ ആ പെണ്‍കുട്ടിയാണ് ഇന്ന ് എന്റെ ഭാര്യ ലിന്‍ഡ. ലിന്‍ഡയോട് സംസാരിക്കുകയും കൂടുതല്‍ അറിയുകയും ചെയ്തപ്പോള്‍ എന്റെ മനസ്സ് എന്നോടു പറഞ്ഞു: ‘ജീത്തു ഇതാണ് നിന്റെ നല്ലപാതി.’
ലിന്‍ഡ അല്പം പരമ്പരാഗത ചിന്താരീതികള്‍ വച്ചുപുലര്‍ത്തുന്ന പെണ്‍കുട്ടിയായിരുന്നതുകൊണ്ടുതന്നെ വിവാഹത്തിനുമുമ്പുള്ള പ്രണയജീവിതം വലിയൊരു ആഘോഷമാക്കി മാറ്റുവാനൊന്നും എനിക്കവസരമുണ്ടായിട്ടില്ല. അവള്‍ വളര്‍ന്ന വീടും ചുറ്റുപാടുകളും അങ്ങനെയായിരുന്നു. അവളാദ്യമേപറഞ്ഞു: ‘ജീത്തു വിചാരിക്കുന്നതുപോലെ പ്രേമിച്ചു നടക്കാനൊന്നും ഞാനില്ല. വീട്ടുകാര്‍ക്ക് ഒ.കെയാണെങ്കില്‍ ഞാനും ഒ.കെ.’ വെട്ടിത്തുറന്നു പറയുന്ന അവളുടെ രീതിയും നിഷ്‌കളങ്കതയും എനിക്കിഷ്ടപ്പെട്ടു.
Comments are closed.