DCBOOKS
Malayalam News Literature Website

ഞങ്ങള്‍ പ്രണയികള്‍ വെറും സ്വര്‍ണമത്സ്യങ്ങള്‍: ഇന്ദു മേനോന്‍

ഒരു നിര്‍വചനത്തിനും പിടിതരാത്ത വികാരമാണ് പ്രണയം. ഒരു പ്രണയം മറ്റൊന്നുപോലെ ആയിരിക്കില്ല. ജെയ്ന്‍ ഓസ്റ്റിന്‍ പറയുന്നു, ‘നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ അത്രയും പ്രണയങ്ങളുമുണ്ട്.’അത് അഭിനിവേശമല്ല, വൈകാരികതയുമല്ല. ആരോ, എങ്ങനെയോ നിങ്ങളെ പൂര്‍ണ്ണനാക്കുന്നുവെന്ന അഗാധമായ അറിവാണ്. ‘ആ ഒരാളിന്റെ സാന്നിദ്ധ്യം, ആ ഓര്‍മ്മകള്‍ നിങ്ങളുടെ മനസ്സില്‍ ആയിരം റോസാപ്പൂക്കള്‍ വിരിയിക്കുന്നുവെങ്കില്‍… അതേ നിങ്ങളിപ്പോഴും പ്രണയത്തിലാണ്.’

മലയാളത്തിനു പ്രിയപ്പെട്ട ഇരുപത്തിമൂന്നുപേരുടെ പ്രണയാനുഭവങ്ങള്‍ ഇഴചേര്‍ത്ത പുസ്തകമാണ് ‘എന്റെ പ്രണയം-അനുരാഗത്തിന്റെ ദിനങ്ങള്‍’. പുസ്തകത്തില്‍ ആദ്യാനുരാഗങ്ങളുണ്ട്. അനശ്വരപ്രണയങ്ങളുണ്ട്. നഷ്ടപ്രണയങ്ങളുണ്ട്.

പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

പ്രണയത്തിനുവേണ്ടി ഏറ്റവുമധികം യുദ്ധം ചെയ്തവളും പോരാടിയവളും താനായിരിക്കും എന്നൊരു സ്വകാര്യമായ അഹന്ത ഏതു പ്രണയിക്കും ഉള്ളതു പോലെ എനിക്കുമുണ്ട്.

ഞാനെഴുതിയ ഓരോ വാക്കും ഓരോ വാചകങ്ങളും സ്‌നേഹത്തിനുവേണ്ടിയുള്ളതായിരുന്നു. എന്റെ കഥാപാത്രങ്ങള്‍ 1000% സ്‌നേഹിക്കപ്പെടുന്നവരായിരുന്നു. 1001% സ്‌നേഹിക്കുന്നവരും. ഒരിക്കലെങ്കിലും പ്രണയിക്കാത്ത ഒരു കഥാപാത്രവും എന്റെ കഥകളിലില്ല.

എല്ലാവരും സ്‌നേഹത്തെ അന്വേഷിച്ചു. സ്‌നേഹം കിട്ടാതെവരുമ്പോള്‍ ഭ്രാന്തെടുത്ത് അവര്‍ അലഞ്ഞുനടന്നു. മുടി പിച്ചിവലിച്ച് ഉറക്കെ നിലവിളിച്ചു. ചുമരില്‍ നെറ്റിയിടിച്ച് പൊട്ടിച്ചു. ഞരമ്പുകളില്‍ പ്രണയത്തിന്റെ പുതുരക്തം നിറഞ്ഞപ്പോള്‍ അവര്‍ ഉന്മാദികളായി, ആഹ്ലാദനൃത്തം ചവിട്ടി. ‘ഞാന്‍ സ്‌നേഹിക്കുന്നു, ഞാന്‍ സ്‌നേഹിക്കുന്നു’ എന്നുറക്കെ ആര്‍പ്പിട്ടു. അവരുടെ ചുണ്ടുകളില്‍ പഴയ പ്രണയമന്ത്രങ്ങള്‍ വേരറുന്നു. അവരുടെ രക്തത്തില്‍, മാംസത്തില്‍, അവരുടെ മജ്ജയില്‍ പ്രണയം വേദനയോടെ വലിഞ്ഞു. പലപ്പോഴും അവരിലെ പ്രണയി ഞാന്‍തന്നെയായിരുന്നു. അല്ലെങ്കില്‍ എന്റെ ഏറ്റവും ചെറിയ ഒരു പ്രണയഭാവം, അല്ലെങ്കില്‍ എന്റെ പ്രണയത്തിന്റെ ഒരു എക്‌സ്പ്രഷന്‍ ആയിരുന്നു അത്.

പ്രണയലേഖനങ്ങള്‍ എഴുതിക്കൊടുത്താണ് ഞാന്‍ ഒരു എഴുത്തുകാരിയായതുതന്നെ. ജീവിതത്തില്‍ എന്നോട് സംസാരിച്ച, ഞാന്‍ കണ്ടുമുട്ടിയ, കലഹിച്ച, സ്‌നേഹിച്ച ഒരുപാട് കഥാപാത്രങ്ങള്‍ കഥകളില്‍ കടന്നുവന്നു. പ്രണയിക്കാതിരിക്കാന്‍വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിച്ചു നിലവിളിച്ച ഇഹ്‌ലാസ്…

‘പരമരഹസ്യമായ ഗാഢപ്രണയമായിരുന്നു അത്. അവളുടെ കണ്ണുകളിലെ തീവ്രതയാര്‍ന്ന പ്രണയക്കരിങ്കടലുകള്‍ ഭയത്തിന്റെ അനുരണനത്തില്‍ ഒളിപ്പിക്കപ്പെട്ടു. കൊടുങ്കാറ്റിനോ ഭൂകമ്പത്തിനോ മുമ്പേ പ്രകൃതി കാണിക്കുന്ന ശാന്ത പ്രതിഭാസങ്ങള്‍ അവളുടെ മാത്രം സ്വകാര്യതയാവുന്നതുപോലെ, പ്രണയം, കാമത്തിന്റെയും സ്‌നേഹത്തിന്റെയും മാത്രം സ്വകാര്യതയാണെന്ന് അവള്‍ മനസ്സിലാക്കി. വിരല്‍ത്തുമ്പില്‍ സ്പര്‍ശിച്ചാല്‍ കൈത്തണ്ടയില്‍ മൃദുവായി അമര്‍ത്തിയാല്‍ പ്രണയത്തിന്റെ തരംഗങ്ങള്‍ ഉയര്‍ന്നാര്‍ക്കുന്നതും
അവളറിഞ്ഞു.’

‘വരിക വന്നെന്റീറന്‍ ചുണ്ടുകളെ ചുംബിച്ചു മുറിപ്പെടുത്തുക.’ തിരകളുരുമ്മിയുണര്‍ന്ന് ഊര്‍ജ്ജം ഉയിര്‍ക്കുംപോലെ സ്‌നേഹത്തിന്റെ വിഹ്വലതകളില്‍ അവള്‍ പതുക്കെ പിറുപിറുത്തു.

തന്റെ കാമുകനെ തന്നേക്കാളധികം പ്രണയിച്ചു നടന്ന ജില്‍ ഇസബെല്‍. കാമുകനെത്തിയപ്പോള്‍ തന്റെ മധ്യവയസ്സില്‍ ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് പെരുവഴിയിലേക്കിറങ്ങിപ്പോയ സുമിത്ര. ‘അവന്റെ വിള്ളല്‍വീണ കൃഷ്ണശിലാനെഞ്ചിലൂടെ അവള്‍ വിറയാര്‍ന്ന തന്റെ കൈവിരലുകള്‍ ചലിപ്പിച്ചു. നിലത്തുകിടന്ന ഒരു മരയോടക്കുഴല്‍ അവന്റെ വിരലുകള്‍ക്കിടയില്‍ പണിപ്പെട്ട് തള്ളിക്കയറ്റുമ്പോള്‍ വേണുവൂതി തിണര്‍ത്ത ആ ചുണ്ടുകള്‍ എന്തിനോ ദാഹിക്കുന്നതായി അവളറിഞ്ഞു. പാതിചാഞ്ഞ അവന്റെ കണ്ണിണകള്‍ക്കൊത്ത അലകടല്‍ പ്രക്ഷുബ്ധതയില്‍ കരിങ്കല്ലിന്റെ വേദനിക്കുന്ന പതുപതുപ്പ് ഇല്ലാതാകുന്നതും വര്‍ഷങ്ങളുടെ തണുപ്പുറഞ്ഞ ആ ബലിഷ്ഠമായ ചുമലുകളില്‍ മുഖം ചായ്ച് തന്നെ സ്‌നേഹത്തോടെ പുണര്‍ന്ന അവന്റെ മയില്‍പ്പീലിക്കണ്ണുകള്‍ ഇളകുന്നത് പതിഞ്ഞ താളത്തിലാണെന്ന് അവളറിഞ്ഞു. അവളിപ്പോള്‍ ഘനശ്യാമന്റെ കനുപ്രിയ…’

പ്രണയം നടിച്ചവന്റെ ചതിയില്‍ പെട്ടുപോയ പ്രണയപരവശയായ മീര. ഒരേ സമയം നന്ദനെ വെറുക്കുകയും അതേസമയം അയാളെ കഠിനമായി പ്രേമിക്കുകയും ചെയ്യുന്ന ഊര്‍മ്മിള.

‘ഒരുപാട് അന്വേഷിച്ച് ഞാനുമലഞ്ഞു. അവസാനം നന്ദനെ കണ്ടെത്തുംവരെ ഭ്രാന്തിയും അന്ധയുമായ നരിച്ചീറിനെപ്പോലെ ഞാനീ തെരുവില്‍ അലഞ്ഞുനടന്നു. അവന്റെ വംശാഹന്ത എന്നില്‍ പുളയ്ക്കുന്നതുവരെ അവനെന്നോട് കൃത്യമായും നീതി പുലര്‍ത്തിയിരുന്നു.’

സ്‌നേഹത്തിനുവേണ്ടിയാണ് എന്റെ എല്ലാ കഥാപാത്രങ്ങളും സഞ്ചരിക്കുന്നത്. ആത്മാവില്‍ കാക്കപ്പൂ പൂത്തപോലെ പ്രണയം നീലിക്കുമ്പോള്‍ അവരെപ്പോലെ ഞാനും ആഹ്ലാദിക്കുന്നു. അതിലെ പ്രണയം അവരുടേതല്ല. പലരും
എന്നോട് വാടകയ്ക്കു വാങ്ങിയതാണ്. എന്റെ പ്രണയം… എന്റെ കഥാപാത്രങ്ങളും പ്രണയിക്കാനെന്നപോലെ വിവാഹംകഴിക്കാനുമാഗ്രഹിച്ചു. മെഹ്‌റുന്നീസ-ശ്രീഹരി, ഇഹ്‌ലാസ്-കാമുകന്‍, മീര-മന്ന, നന്ദിനി- മിഖായേല്‍, സുമിത്ര-റൈസാദ്,പെട്രീഷ്യ-സിദ്ധാര്‍ഥന്‍, യോഷിത-നിസാറോ സിയോ… എല്ലാവരും വ്യത്യസ്ത മതത്തില്‍പെട്ടവര്‍, എങ്കിലോ പ്രണയികള്‍.
അവര്‍ പ്രണയിച്ചുപ്രണയിച്ച് മതങ്ങളെ കൊല്ലുന്നു.

ഇനിയും പ്രണയത്തെപ്പറ്റിയും സ്‌നേഹത്തെപ്പറ്റിയും ഒരുപാടൊരുപാടെഴുതാനുണ്ട്. എത്ര എഴുതിയാലും തീരില്ല. പ്രണയം ഒരു സമുദ്രമാണ്. ചുഴിയും ആഴവും അഴകും വിക്ഷുബ്ധതയും നിറഞ്ഞ സമുദ്രം. ഞങ്ങള്‍ പ്രണയികളോ അതിലെ വെറും സ്വര്‍ണ്ണമത്സ്യങ്ങള്‍.

ഇന്ദുമേനോന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

Comments are closed.