DCBOOKS
Malayalam News Literature Website

തണല്‍വിരിച്ച സ്‌നേഹങ്ങള്‍: ഭാഗ്യലക്ഷ്മി

ഒരു നിര്‍വചനത്തിനും പിടിതരാത്ത വികാരമാണ് പ്രണയം. ഒരു പ്രണയം മറ്റൊന്നുപോലെ ആയിരിക്കില്ല. ജെയ്ന്‍ ഓസ്റ്റിന്‍ പറയുന്നു, ‘നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ അത്രയും പ്രണയങ്ങളുമുണ്ട്.’അത് അഭിനിവേശമല്ല, വൈകാരികതയുമല്ല. ആരോ, എങ്ങനെയോ നിങ്ങളെ പൂര്‍ണ്ണനാക്കുന്നുവെന്ന അഗാധമായ അറിവാണ്. ‘ആ ഒരാളിന്റെ സാന്നിദ്ധ്യം, ആ ഓര്‍മ്മകള്‍ നിങ്ങളുടെ മനസ്സില്‍ ആയിരം റോസാപ്പൂക്കള്‍ വിരിയിക്കുന്നുവെങ്കില്‍… അതേ നിങ്ങളിപ്പോഴും പ്രണയത്തിലാണ്.’

മലയാളത്തിനു പ്രിയപ്പെട്ട ഇരുപത്തിമൂന്നുപേരുടെ പ്രണയാനുഭവങ്ങള്‍ ഇഴചേര്‍ത്ത പുസ്തകമാണ് ‘എന്റെ പ്രണയം-അനുരാഗത്തിന്റെ ദിനങ്ങള്‍’. പുസ്തകത്തില്‍ ആദ്യാനുരാഗങ്ങളുണ്ട്. അനശ്വരപ്രണയങ്ങളുണ്ട്. നഷ്ടപ്രണയങ്ങളുണ്ട്.

പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

പിതാ രക്ഷതി കൗമാരേ
ഭര്‍ത്തൃ രക്ഷതി യൗവനേ
പുത്രോ രക്ഷതി വാര്‍ദ്ധകേ്യ…’

പിതാവ് കൗമാരത്തിലും, ഭര്‍ത്താവ് യൗവനത്തിലും, പുത്രന്‍ വാര്‍ദ്ധക്യത്തിലും ഒരു സ്ത്രീക്ക് തുണയാകണമെന്ന് മനുസ്മൃതി പറയുന്നു. ഈ ആപ്തവാക്യം എന്റെ ജീവിതത്തില്‍ ഒന്നു തിരുത്തണമെന്ന് എനിക്കു തോന്നാറുണ്ട്. കാരണം എന്നെ യൗവനത്തിലും വാര്‍ദ്ധക്യത്തിലും സംരക്ഷിക്കുന്നത് എന്റെ മക്കളാണ്. അവര്‍ രണ്ടു പേരില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതം എത്ര ഏകാന്തവും ദാരുണവുമായി തീരുമായിരുന്നു. വിവാഹബന്ധം പിരിഞ്ഞുപോന്ന ആദ്യനാളുകളില്‍ വല്ലാത്ത കുറ്റബോധമു ണ്ടായിരുന്നു. എനിക്കു മക്കളെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ലേ? എന്നൊരു ചോദ്യം എന്റെയുള്ളിലെപ്പോഴും മുഴങ്ങി നിന്നു. അച്ഛനുംകൂടി വേണമായിരുന്നോ അവരുടെ വളര്‍ച്ചാകാലഘട്ടങ്ങളില്‍? ചിന്തിച്ചിരുന്നിട്ടു ഫലമില്ലെന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മൂത്ത മകനോട് അഭിപ്രായം ചോദിച്ചിട്ടായിരുന്നു ഞാന്‍ ജീവിതത്തില്‍നിന്നും ഇറങ്ങി വന്നത്. ‘ഞങ്ങള്‍ മക്കള്‍ക്കുവേണ്ടി അമ്മ ഒന്നും നഷ്ടപ്പെടുത്തരുത്’ എന്നായിരുന്നു അവന്റെ മറുപടി. അവന്‍ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ Textഅമ്മയുടെയും അനിയന്റെയും ഉത്തരവാദിത്വം അവന്‍ ഏറ്റെടുത്തു. വളരെ പക്വതയോടെ കാര്യങ്ങളെ നോക്കിക്കണ്ടു. എന്‍ജിനീയിറിങ്ങിന്റെ സീറ്റിനുവേണ്ടി ബാംഗ്ലൂരും കോയമ്പത്തൂരും ശ്രമിക്കുമ്പോഴെല്ലാം അവന്‍ നിസ്സംഗനായി ഇരുന്നു. എന്താണ് ഇവന്റെ മനസ്സിലെന്നു ഞാന്‍ ചിന്തിച്ചു തലപുകച്ചു. ‘പഠിത്തം കഴിഞ്ഞു ജോലിക്കുവേണ്ടി കേരളത്തില്‍ പുറത്തെവിടെയെങ്കിലും പോണം. കേരളത്തില്‍ പഠിച്ചാല്‍ അത്രയും കാലം അമ്മയുടെകൂടെ നില്‍ക്കാമല്ലോ.’ ഇതായിരുന്നു അവന്റെ മറുപടി. പലപ്പോഴും എനിക്കു വീണ്ടുവിചാരമുണ്ടാക്കാന്‍ അവന്റെ മറുപടികള്‍ക്ക് കഴിഞ്ഞിരുന്നു.

ഒരിക്കല്‍ അവനെന്നോടു ചോദിച്ചു: ‘അമ്മയ്ക്കു ബോറടിക്കുന്നില്ലേ, ഇങ്ങനെ തനിച്ചു ജീവിച്ചിട്ട്?’ ‘എന്തിന്? എനിക്കു നിങ്ങളൊക്കെയില്ലേ?’ ‘അങ്ങനെയല്ല അമ്മേ, ഞങ്ങളോടൊക്കെ അമ്മയുടെ വിഷമങ്ങള്‍ എത്ര പറയാന്‍ പറ്റും.
ഞങ്ങള്‍ പഠിക്കാനോ, ജോലിക്കോ ഒക്കെ പോകുമ്പോള്‍ അമ്മ തനിച്ചാകും’. ‘ഞാന്‍ ഇനിയും ഒരു കല്യാണം കഴിക്കണമെന്നാണോ?’ ‘അല്ല, ഒരിക്കലുമല്ല. അമ്മയ്ക്ക് എല്ലാം തുറന്നുപറയാന്‍ പറ്റുന്ന ഒരു സുഹൃത്തു വേണം. അത് ഒരു ആണ്‍സുഹൃത്തുതന്നെയായിരിക്കണം.’

അങ്ങനെ എനിക്കുമുണ്ടായി ഒരു പ്രണയം. മോഹനസുന്ദര സ്വപ്നങ്ങള്‍ പൂവിടുന്ന കൗമാരത്തിലോ പ്രണയം തീവ്ര ആവേഗം സൃഷ്ടിക്കുന്ന യൗവനത്തിലോ ആയിരുന്നില്ല അതെന്നില്‍ വന്നുചേര്‍ന്നത്. എല്ലാ തുണയും തണലും നഷ്ടപ്പെട്ടുനില്‍ക്കുന്ന മധ്യവയസ്സിലായിരുന്നു ഞാനൊരു പ്രണയിനിയായത്. നമ്മള്‍ ഒരുപാട് സ്‌നേഹിക്കുന്നവര്‍ക്കു മാത്രമേ നമ്മെ ഒത്തിരി വേദനിപ്പിക്കാനും സാധിക്കൂ. ജീവിതത്തില്‍ ഒരിടത്തും തോല്ക്കാത്ത എന്നെ ഞാന്‍ പ്രണയിച്ച വ്യക്തി തോല്പിച്ചു. കുട്ടിക്കാലംമുതല്‍ക്കേ സംഘര്‍ഷഭരിതമായ സാഹചര്യത്തിലൂടെ ജീവിച്ചതുകൊണ്ട് പ്രണയത്തിന്റെ പാരവശ്യമൊന്നും എനിക്കനുഭവപ്പെട്ടിട്ടില്ല. പതിനെട്ടു പത്തൊന്‍പത് വയസ്സുള്ളപ്പോള്‍ ഗാനമേളയ്ക്ക് പാടാന്‍ പോകുമ്പോഴും ഡബ്ബിങ് തിയേറ്ററുകളിലും തുണ്ടുകടലാസ്സുകളില്‍ ഐ ലൗ യു എന്ന് എഴുതിത്തന്നവരുണ്ട്. പക്ഷേ, പിന്നെയത് എങ്ങനെ തുടരണം എന്നറിയില്ല, ഫോണില്ല, ഒറ്റയ്ക്കു പുറത്തിറങ്ങാന്‍ നിര്‍വ്വാഹമില്ല. സ്വപ്നങ്ങളിലും വല്യമ്മ കൂടെയുണ്ടായിരുന്നു, ഒരു വടിയുമായി.

ആദ്യമായി ഐ ലൗ യു എന്നെഴുതിയ കടലാസുതുണ്ട് കിട്ടിയ ദിവസം ഇന്നും ഓര്‍ത്ത് ഞാന്‍ ചിരിക്കും. അത് കിട്ടിയപ്പോള്‍ ഒരു വെപ്രാളമായിരുന്നു. എന്റെ മുഖത്തെ കള്ളലക്ഷണം വല്യമ്മ പെട്ടെന്ന് തിരിച്ചറിഞ്ഞു. പിന്നെ അടിയോടടി. വല്യമ്മ അടിതുടങ്ങിയാല്‍ പിന്നെ രക്ഷയില്ല. വടി പൊട്ടുന്നതു വരെ അടിക്കും. ഏതെങ്കിലും ഒരാണ്‍കുട്ടിയോട് സംസാരിക്കുന്നതിനായിരിക്കും മിക്കവാറും അടികൊള്ളുന്നത്. ആപേടികൊണ്ട് ആ കടലാസ്തുണ്ട് അപ്പോഴേ കാറ്റില്‍ പറത്തും–എന്റെ പ്രണയത്തെയും.

 

 

 

Comments are closed.