സഭയിലെ ക്രിസ്തുവും ഞാനറിയുന്ന ക്രിസ്തുവും രണ്ടും രണ്ടാണ്: ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത
കേരള സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ എന്റെ യേശു എന്റെ ക്രിസ്തു എന്ന വിഷയത്തിനെ ആസ്പദമാക്കി സക്കറിയ, ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ ബോബി തോമസ് മോഡറേറ്ററായിരുന്നു.
വിശ്വാസത്തിനപ്പുറം ചരിത്രത്തിലെ യേശുവിനെ കുറിച്ചായിരുന്നു ചര്‍ച്ചയില്‍ ഉടനീളം. സക്കറിയയുടെ അഭിപ്രായത്തില്‍ യേശു ഇന്നും ജീവിക്കുന്നത് അദ്ദേഹം നല്‍കിയ മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്. അക്രൈസ്തവനായ ക്രിസ്തു എന്ന് യേശുവിനെ വിശേഷിപ്പിച്ചു കൊണ്ട് ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത തന്റെ വാക്കുകള്‍ ആരംഭിച്ചത്. ഒപ്പം താന്‍ യേശുവിനെ ‘ദീനബന്ധു’ എന്ന് വിശേഷിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന് കൂട്ടിച്ചേര്‍ത്തു. ദീനബന്ധു എന്നാല്‍ പാവപ്പെട്ടവരുടേയും പതിതരുടേയും പക്ഷം പിടിക്കുന്നവന്‍ എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യേശു പകര്‍ന്നു തന്ന മൂല്യങ്ങള്‍ ക്രൈസ്തവ സഭകള്‍ നിരാകരിച്ചു എന്നും ആ മൂല്യങ്ങള്‍ക്ക് ബദലായാണ് മിക്ക സഭകളും പ്രവര്‍ത്തിക്കുന്നതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. സഭയിലെ ക്രിസ്തുവും വേദപുസ്തകത്തിലെ ഞാനറിയുന്ന ക്രിസ്തുവും രണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാണികളുമായുള്ള ഊര്‍ജ്ജ്വസ്വലമായ സംവാദത്തിലാണ് ചര്‍ച്ച അവസാനിച്ചത്. കാണികളില്‍ ഒരാളായി മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് ഉന്നയിച്ച ‘അരമനകള്‍ക്ക് തീ വയ്ക്കാനുള്ള കാലം അതിക്രമിച്ചില്ലേ അച്ചോ?’ എന്ന ചോദ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.
Comments are closed.