അക്രൈസ്തവനായ ക്രിസ്തു
‘ക്രിസ്തു ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹമൊരു അക്രൈസ്തവന്‍ ആയിരുന്നേനെ’, പറഞ്ഞത് മറ്റാരുമല്ല ഡോ. ഗീവര്‍ഗീസ് കൂറിലോസ് മെത്രോപ്പോലീത്തയായിരുന്നു. കേരള സാഹിത്യോത്സാവത്തിന്റെ ഭാഗമായി ‘എന്റെ യേശു, എന്റെ ക്രിസ്തു’ എന്ന വിഷയത്തെ കുറിച്ച് സക്കറിയയും ബോബി തോമസുമായുള്ള സംവാദത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ലിബറേഷന്‍ തിയോളജിയുടെ വീക്ഷണകോണിലൂടെയുള്ള ‘ക്രിസ്തു എന്ന യഹൂദ യുവാവിന്റെ’ വിശകലനത്തിനിടയിലാണ് ഇത്തരമൊരു നീരീക്ഷണം അദ്ദേഹം സദസ്സിനോട് പങ്കുവെച്ചത്. ക്രിസ്തു പാവങ്ങളുടെ ബന്ധുവും മിത്രവുമായിരുന്നു, പണക്കാരുടെയും അധികാരത്തില്‍ ഇരിക്കുന്നവരുടേയുമല്ല. ക്രിസ്തു തന്റെ കാലഘട്ടത്തിലെ സാമ്രാജ്യത്വശക്തികളെ ചോദ്യംചെയ്തു. അതുകൊണ്ടു തന്നെ അദ്ദേഹം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ദളിത് ബന്ധുവും ആദിവാസി ബന്ധുവും സ്ത്രീ ബന്ധുവുമാണ്. പക്ഷെ ഇന്നത്തെ ക്രിസ്തീയസഭയുടെ അവസ്ഥ എന്താണ്?
ക്രിസ്തുവിന്റെ മരണാനന്തരം ശിഷ്യനായ പൗലോസിന്റെ നേതൃത്വത്തില്‍ ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ യൂറോപിലെത്തി. കോണ്‍സ്റ്റാന്റിനോപ്പിളിലെ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചതോടെ ഈ മതത്തിന്റെ സ്വീകാര്യത്തെയും മതപുരോഹിതന്മാരുടെ അധികാരവും വര്‍ധിച്ചു. അതിന്നും തുടരുന്നു. ഇതിനിടയില്‍ നിരവധി തവണ സഭ വിഭജിക്കപ്പെട്ടു. വീണു കിട്ടിയ അധികാരത്തിലും സമ്പത്തിലും മതിമറന്നു ജീവിക്കുകയാണ് സഭയിലെ മേലധികാരികളും ചില പുരോഹിതന്മാരും. സഭയുടെ പ്രീതിച്ഛായയെ ബാധിച്ച ലൈംഗിക ആരോപണങ്ങള്‍ മാറ്റിനിര്‍ത്തിയാലും, ആര്‍ഭാടജീവിതത്തിലും സാമ്പത്തിക ഇടപാടുകളിലെ അനധികൃതമായ പങ്കുകൊള്ളലിലൂടെയും കുഞ്ഞാടുകള്‍ക്കു മാതൃകയാക്കാന്‍ കഴിയാത്ത ഇടയന്മാരായി മാറുകയാണ് സഭയിലെ പല പ്രമുഖരും. ദളിതരും ആദിവാസികളും സ്ത്രീകളും സഭയില്‍ ഏറ്റവും കൂടുതല്‍ വിവേചനം അനുഭവിക്കുന്ന വിഭാഗങ്ങള്‍ ആണെന്നും ഡോ.ഗീവര്‍ഗീസ് തുറന്നു സമ്മതിക്കുന്നു.
സഭയുടെ ഭാഗമായി നിന്നുകൊണ്ടുതന്നെ ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്താനാണ് താന്‍ ശ്രമിക്കുന്നതെന്നു മെത്രോപ്പോലീത്ത വിശദീകരിച്ചു. തന്റെ മനസ്സിലെ ക്രിസ്തുവെന്നും ഒരു വിപ്ലവകാരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുഷ്ഠരോഗിയെ ‘തൊട്ടു’ സുഖപ്പെടുത്തുന്ന(തൊട്ടുതീണ്ടായ്മകള്‍ നോക്കാത്ത), പാപിനിയായ സ്ത്രീയെയും രക്തസ്രാവകാരിയെയും സംരക്ഷിക്കുന്ന (പുരുഷമേധാവിത്വം കാട്ടാത്ത), ചാട്ടവാറു കൊണ്ടടിച്ചു ആരാധനാലയത്തില്‍ നിന്ന് കച്ചവടക്കാരെ പുറത്താകുന്ന വിപ്ലവകാരിയായ ചെറുപ്പക്കാരന്‍.
കഴിച്ചും വീഞ്ഞ് കുടിച്ചും വിശപ്പടക്കിയിരുന്ന സാധാരണക്കാരനായ ഒരു മനുഷ്യന്‍. തന്റെ കാലഘട്ടത്തിന്റെ ചിന്തകള്‍ അവനിലും പ്രതിധ്വനിക്കുന്നു, അതുകൊണ്ടല്ലേ രോഗങ്ങള്‍ പിശാച് ബാധകള്‍ ആണെന്ന് അവന്‍ വിശ്വസിച്ചത്. പുരോഹിതന്മാരെ ചോദ്യംചെയ്യുമ്പോഴും, അവന്‍ മരണത്തെ മുന്‍കൂട്ടി കാണുന്നില്ലേ, ആ വേദനയെ ഭയക്കുന്നില്ലേ. ഇത്തരം നിരീക്ഷണങ്ങളാണ് സക്കറിയ മുന്നോട്ടു വെച്ചത്.
പക്ഷെ വിശ്വാസികള്‍ക്ക് ഇത്തരമൊരു വിശദീകരണം ഇഷ്ടപ്പെടുമോ? ക്രിസ്തിയ മതത്തിന്റെ അടിത്തറ തന്നെ സ്വര്‍ഗ്ഗരാജ്യവും, കുരിശിലേറ്റപ്പെട്ടിട്ടും മൂന്നാം ദിവസം ഉയര്‍ത്തെഴുനേറ്റ അമാനുഷകനായ ദൈവപുത്രനായ യേശുവല്ലേ? പിന്നെ യഹൂദമതത്തെ നവീകരിക്കാന്‍ വന്ന നവോത്ഥാന നായകനായി, വിപ്ലവകാരിയായി, സാധാരണക്കാരനായ ഒരു മുപ്പതു വയസ്സുകാരനായി എങ്ങനെ യേശുവിനെ ഒതുക്കാന്‍ കഴിയും? ഇത് സഭ പഠിപ്പിക്കുന്ന ക്രിസ്തിയ വിശ്വാസങ്ങള്‍ക്ക് എതിരല്ലേ?
പല കൈവിരലുകളിലൂടെയും തൂലികകളിലൂടെയും ഭാഷകളിലൂടെയും കൂട്ടിയും കുറച്ചും നമ്മുടെ കൈകളില്‍ എത്തിയിട്ടുള്ള മതഗ്രന്ഥങ്ങളെ പൂര്‍ണമായി വിശ്വാസത്തിന്റെ ആധാരമാക്കാന്‍ സാധിക്കില്ല എന്നാണ് ഈ പുരോഹിതന്‍ വരെ സമ്മതിക്കുന്നത്. സഭ പഠിപ്പിക്കുന്ന ഉയിര്‍പ്പിന് ഒരു ബദല്‍ വിശദീകരണം ഉണ്ട്. അല്പം നവോത്ഥാനവും കമ്മ്യൂണിസവും കലര്‍ന്ന വിശദീകരണം.
കാലിയായ യേശുവിന്റെ ശവക്കല്ലറ എന്താണ് സൂചിപ്പിക്കുന്നത്? ഉയര്‍പ്പാണെന്നു സഭ പഠിപ്പിക്കുന്നു. അത് അങ്ങനെയല്ല യേശുവിന്റെ ശിഷ്യന്മാര്‍ തന്നെ ശരീരം എടുത്തു മാറ്റിയതാണെന്നു ചില വിഭാഗങ്ങള്‍ ആരോപിക്കുന്നു. സത്യം എന്തുമാവട്ടെ. വിപ്ലവകാരികളെ സംബന്ധിച്ചിടത്തോളം ഒഴിഞ്ഞുകിടക്കുന്ന ശവക്കല്ലറ ഒരു പ്രതീകമാണ്. വിപ്ലവം ഒരിക്കലും ക്രൂശില്‍ മരിക്കുന്നില്ല എന്ന ശുഭാപ്തി വിശ്വാസത്തിന്റെ പ്രതീകം. മൂന്നാം ദിവസം സത്യം തേടി ആയിരം നാവുകളായി അനുയായികളായി ചോദ്യങ്ങളായി വിപ്ലവം വീണ്ടും ഉയര്‍ത്തെഴുനേല്‍ക്കും എന്ന വിശ്വാസം.
ഇത്രയും വിപ്ലവകാരിയായ യേശുവിന്റെ അണിയായികള്‍ എന്തേ അരമനയില്‍ ഇത്രയും തെറ്റുകള്‍ ചെയുന്നു എന്ന പൊതുജനത്തിന്റെ ചോദ്യത്തിനും ഡോ. ഗീവര്‍ഗീസ് കൂറിലോസ് മെത്രോപ്പോലീത്ത ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഉത്തരം നല്‍കിയതിങ്ങനെ. എന്റെ മതത്തില്‍ പ്രത്യേകിച്ചും ജാതി നോക്കിയുള്ള വേര്‍തിരിവുകളുണ്ട്. തിരുമേനി, കല്പന, അരമന ഇത്തരം ഉപയോഗങ്ങള്‍ ഒന്നും താന്‍ ഇഷ്ടപ്പെടുന്നില്ല. തെറ്റുകള്‍ ചെയുന്ന അരമനകള്‍ നശിപ്പിക്കാന്‍ തീയല്ല, ബോംബിട്ടാലും തെറ്റില്ല.
അത്തരം ആപല്‍ഘട്ടങ്ങളിലേക്കു കാര്യങ്ങള്‍ കൊണ്ടെത്തിക്കാതെ സഭ സ്വയം തിരുത്തണം, സമാധാനപൂര്‍ണമായ സംഭാഷണങ്ങളിലൂടെ സഭയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ സഭയിലുള്ളവരും വിശ്വാസികളും പൊതുജനവും ഒന്നായി പ്രവര്‍ത്തിക്കണം.
തയ്യാറാക്കിയത്: ജോയ്‌സ് ജോബ് (കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒഫീഷ്യല്‍ ബ്ലോഗര്‍)
Comments are closed.