DCBOOKS
Malayalam News Literature Website

മുതുകുളം പാര്‍വതി അമ്മ സാഹിത്യ പുരസ്‌കാരം ഷീലാ ടോമിക്ക്

മുതുകുളം പാര്‍വതി അമ്മ സാഹിത്യപുരസ്‌കാരം ഷീലാ ടോമിക്ക്.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ആ നദിയോട് പേരു ചോദിക്കരുത്’ എന്ന നോവലിനാണ് പുരസ്‌കാരം. ഡോ: വത്സലൻ വാതുശ്ശേരി, ഡോ: ഡൊമനിക്ക് ജെ.കാട്ടൂർ, ഡോ: എ. ഷീലാകുമാരി എന്നിവരടങ്ങിയ സമിതിയാണ് വിധിനിർണ്ണയം നടത്തിയത്.

15000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ജനുവരി 26 ന് മുതുകുളത്തു ചേരുന്ന Textമുതുകുളം പാർവ്വതി അമ്മ അനുസ്മരണസമ്മേളനത്തിൽ വച്ച്  രമേശ് ചെന്നിത്തല സമ്മാനിക്കും.

പിറന്ന മണ്ണില്‍ ഇടം നഷ്ടപ്പെടുന്ന മനുഷ്യരുടെ ജീവിതത്തിന്റെയും പലായനത്തിന്റെയും കഥയാണ്  ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന ഷീലാ ടോമിയുടെ ഏറ്റവും പുതിയ നോവൽ പറയുന്നത്. മലയാളത്തിന് അപരിചിതമായ ദേശങ്ങള്‍ അടയാളപ്പെടുത്തുന്ന തീക്ഷ്ണമായ രചനയെന്നാണ് ആദ്യവായനയില്‍തന്നെ പുസ്തകം വിലയിരുത്തപ്പെടുന്നത്. യേശുവിന്റെ കാലം മുതല്‍ കോവിഡ് കാലം വരെയുള്ള മനുഷ്യ ചരിത്രത്തിലെ വേറിട്ട ചില കാല്‍പ്പാടുകൾ ആ നദിയുടെ തീരത്ത് പതിഞ്ഞുകിടക്കുന്നു.

പലായനത്തിന്റെ വെന്ത ഭൂമികകളുടെയും ആ ഭൂമിയോളം ഭാരമുള്ള മനസ്സുകളുമായി പൊള്ളിയോടുന്ന മനുഷ്യരുടേയും കഥ  നോവല്‍ പറയുന്നു. കഥ തീരുമ്പോള്‍ വെന്തുലഞ്ഞ ഒരു ഹൃദയം ബാക്കിയായി നമ്മളും ആ നദിയുടെ ഒഴുക്കില്‍ അലിഞ്ഞുതീരും. പേരു ചോദിക്കാനില്ലാത്ത നദികള്‍ എല്ലാ നാട്ടിലും ഉണ്ട്. ഉള്ളുവെന്ത്, വിവേചനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ട്, ജീവിതം നെഞ്ചോടുചേര്‍ത്ത് ദേശങ്ങളില്‍നിന്ന് , വേരുകളില്‍നിന്ന്, ബന്ധങ്ങളെ ചേര്‍ത്തുപിടിക്കാനാവാതെ ‘നഫ്‌സി നഫ്‌സീ’ യെന്ന നിലവിളികള്‍ ഭൂമുഖമാകെ മുഴക്കിക്കൊണ്ട് പലായനം ചെയ്യുന്നവര്‍ എല്ലാ ദേശങ്ങളിലുമുണ്ട്. തിരസ്‌കരണത്തിന്റെ, പലായനത്തിന്റെ പൊള്ളുന്ന രാഷ്ട്രീയംകൂടി ഈ പുസ്തകം അടയാളപ്പെടുത്തുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.