DCBOOKS
Malayalam News Literature Website

മുത്തുപിള്ള- ഒരു പക്ഷിരാഷ്ട്രീയ കഥ

ഇ.ഉണ്ണികൃഷ്ണൻ എഴുതിയ ‘മുത്തുപിള്ള-ഒരു പക്ഷിരാഷ്ട്രീയ കഥ ‘ എന്ന പുസ്തകത്തെക്കുറിച്ച്  അജിത് ബാലകൃഷ്ണൻ എഴുതിയ വായനാനുഭവം

മനുഷ്യനല്ല, ഒരു കിളിയാണ് മുത്തുപിള്ള. ശാസ്ത്രനാമം മാസ്‌കിക്കാപ്പ മുത്തുയി (Muscicapa mutui). ഇംഗ്ലീഷുകാർ ബ്രൗൺ ബ്രെസ്റ്റഡ്‌ ഫ്ലൈ കാച്ചർ എന്നു വിളിക്കുന്ന പാറ്റ പിടിയൻ. മനുഷ്യർ വായും മൂക്കും മൂടി വീട്ടിലിരിക്കാൻ നിർബന്ധിതരായ മഹാമാരിയുടെ ദിനങ്ങളിലൊന്നിൽ നോർത്ത് ഈസ്റ്റിലെ ഖാസി കുന്നുകളിൽ നിന്നും തന്റെ വീട്ടുമുറ്റത്തെത്തിയ മുത്തുപിള്ളയുടെ പിറകെ പോവുകയാണ് ഉണ്ണി. ആ പേരിന്റെ ചരിത്രവും പൊരുളും തേടിയുള്ള അലച്ചിൽ ഒരു നാമോല്പത്തി കഥയുടെ കേവല കൗതുകങ്ങൾക്കപ്പുറം പോയി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളുടെ സൂക്ഷ്മാന്വേഷണം കൂടിയാകുന്നുണ്ട്.

ജന്മ ബോധത്തിന്റെ ആയിരം വടക്കുനോക്കികളാൽ നയിക്കപ്പെടുന്ന ആകാശ സഞ്ചാരം ശീലമായ ഒരു ചെറിയ ദേശാടന കിളി. ഞാനെന്നാൽ ഞാൻ മാത്രമല്ലെന്നും സ്ഥലകാലങ്ങളുടെയും തനിക്കു മുന്നേ പറന്നവരുടെ ഓർമ്മകളുടെയും നൈരന്തര്യം കൂടിയാണ് തന്റെ അറിവുകളും അനുഭവങ്ങളുമെന്നും അറിയുന്നവൻ. അതിന്റെ കാഴ്ച്ചകളിലൂടെയും ഓർമ്മകളിലൂടെയും ഓർമ്മപെടുത്തലുകളിലൂടെയും തെളിയുന്നത് മനുഷ്യന്റെ കണ്ണുകളിലൂടെ കാണുന്ന പ്രകൃതിയും സമൂഹവും ചരിത്രവും അല്ല. അവിടെ ഭൂമിക്കും ഭക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ മരിച്ചു വീഴുന്നവർ മനുഷ്യർ മാത്രമല്ല. പക്ഷികളും മൃഗങ്ങളും മറ്റു ജീവജാലങ്ങളും കൂടിയാണ്.

മനുഷ്യന്റെ നിയമങ്ങൾ അവനുമായി യാതൊരു കരാറിലും ഏർപ്പെടാത്ത പക്ഷികൾക്കും ശലഭങ്ങൾക്കും ബാധകമാകുന്നത് കഷ്ടമല്ലേ Textഎന്ന് മുത്തുപിള്ള ഈ പുസ്തകത്തിലൊരിടത്ത് ഉണ്ണിയോട് ചോദിക്കുന്നുണ്ട്. ഭൂമിയുടെ അവകാശികൾ ആരെന്ന ചോദ്യം ഒരു പക്ഷി ഉയർത്തുന്നത് കൊണ്ടാകണം ഒരു പക്ഷിരാഷ്ട്രീയ കഥ എന്ന ഉപശീർഷകം കൂടി അതിന് നൽകിയിരിക്കുന്നത്. പക്ഷെ ആ രാഷ്ട്രീയത്തിന്റെ കർതൃത്വം പക്ഷികൾക്കല്ല. അവയെ കാണുന്ന മനുഷ്യനാണ്.

അതുകൊണ്ടാണ് പക്ഷിക്ക് പിന്നാലെ അലയുന്നവന്റെ ആലോചനകൾ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തോടൊപ്പം മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിലേക്കും നീണ്ടുപോകുന്നത്. സ്വാതന്ത്ര്യ സമര ജാഥയിൽ ഹരിജനങ്ങളുണ്ടായതിന്റെ പേരിൽ തല്ലുകൊണ്ട് മൃതപ്രായനായ എ. കെ ഗോപാലനും, കൊറഗൻ മുത്തുവിനെ മുക്തേശ്വരൻ പിള്ളയാക്കിയ സ്വാമി ആനന്ദതീർത്ഥനും, ഒരക്ഷരം പോലും എഴുതപ്പെട്ടിട്ടില്ലാത്ത തന്റെ വശത്തെ കുറിച്ച് പാടിയ പൊയ്കയിൽ യോഹന്നാനും, പയ്യന്നൂരിനടുത്തുള്ള കവ്വായികായലിലെ ഇടയിലക്കാടെന്നു പേരുള്ള തുരുത്തിൽ കുരങ്ങുകൾക്കും പറവകൾക്കും തീറ്റ കൊടുത്തു ജീവിതം നയിക്കുന്ന മാണിക്കമ്മയും ആ ചിന്തകളിലേക്ക് കടന്നു വരുന്നത്. മനുഷ്യർ തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള പരസ്പരം നിർണയിക്കുന്ന ബന്ധങ്ങളെ കുറിച്ചുള്ള ആലോചനകളിൽ രാഷ്രീയം കടന്നു വരാതിരിക്കില്ലല്ലോ. ആ രാഷ്ട്രീയം പക്ഷിയുടേതായാലൂം മനുഷ്യന്റേതായാലും.

മുത്തുപിള്ള എന്ന നാമഭാരത്തിൽ മുത്തുവും പിള്ളയുമില്ലാതെ എവിടെയാണ് തന്റെ പക്ഷി സ്വത്വം എന്ന് സങ്കടപ്പെടുന്നുണ്ട് മുത്തുപിള്ള . 1854 ൽ ശ്രീലങ്കയിൽ വെച്ച് ലയാർഡ് എന്ന പക്ഷിശാസ്ത്രകാരന് അയാളുടെ കുശിനിക്കാരൻ മുത്തു ഒരു പുതിയ ഇനം പക്ഷിയെ വെടിവെച്ചിട്ട് കാഴ്ചവെച്ചു. അവിടെ നിന്നുണ്ടാകുന്നു മുത്തുവെന്ന വംശനാമം. പക്ഷെ, മുത്തുപിള്ള എന്ന മലയാള നാട്ടുപേരിലെ പിള്ള വന്നു ചേരുന്നത് വർഷങ്ങൾക്കിപ്പുറം തിരുവിതാംകൂറിലെയും കൊച്ചിയിലെയും പക്ഷികളെ കുറിച്ച് പഠിക്കാനെത്തിയ സാലിം അലിയുടെ സഹായി ഗോമതി നായകം പിള്ളയിൽ നിന്നും. ഈ നാമരഹസ്യത്തിന്റെ ചുരുളഴിയുമ്പോൾ പ്രകൃതിയെ കുറിച്ചറിയാനുള്ള മനുഷ്യന്റെ അന്വേഷണ ത്വരയിൽ കൂടപ്പിറപ്പായി ഹിംസയുടെ ഒരു തലം കൂടിയുണ്ടെന്ന് നമ്മൾ തിരിച്ചറിയുന്നു. അന്വേഷകരുടെ നായാട്ട് കണ്ണുകൾ, ടാക്സിഡെർമോളോജിസ്റ്റുകൾ സ്റ്റഫ് ചെയ്തു മ്യുസിയങ്ങളിൽ സൂക്ഷിക്കുന്ന ചേതനയറ്റ ജീവി രൂപങ്ങളുടെ അമരത്വം…

ഇതിൽ മനുഷ്യരെ കുറ്റപ്പെടുത്താനൊന്നുമില്ല. പ്രകൃതിയുടെ ഭാഗമായിരിക്കെ തന്നെ അതിന് മുഖാമുഖം നിന്ന് അതിനെ അറിയുകയും നിയന്ത്രിക്കുകയും ചെയ്യുക ഒരു ചോദനയായി മാറിയ ഒരു ജീവജാതിയുടെ സ്വത്വ പ്രതിസന്ധിയാണിത്. സഹവർത്തിത്വത്തിന്റെയും ആക്രമണോത്സുകതയുടെയും അനുരഞ്ജനം അസാധ്യമായ രണ്ടു വഴികൾ ഒരേ സമയം സ്വീകരിക്കേണ്ടി വരുന്നവരുടെ വിധി. അതുകൊണ്ടായിരിക്കണം മുത്തുപിള്ളയുമായുള്ള തന്റെ സംസാരങ്ങൾക്കിടയിൽ ഉണ്ണി പറഞ്ഞു പോകുന്നത്: “മൃഗങ്ങളെ വേട്ടയാടാൻ സ്ഥാപിച്ച നായാട്ടു വനങ്ങളുടെ സംരക്ഷണത്തിൽ നിന്നാണ് വനസംരക്ഷണം എന്ന ആശയം തന്നെ ഉണ്ടായത് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. പ്രകൃതികാരുണ്യവും പരിസ്ഥിതിബോധവുമൊക്കെ അടുത്തകാലത്തു മാത്രം രൂപപ്പെട്ടതല്ലേ.”

കഥയിലൊരിടത്ത് ചിറകറ്റാൽ പക്ഷികളും മനുഷ്യരാണ് എന്ന ഒരു ഭ്രമകല്പന കടന്നു വരുന്നുണ്ട്. ഓർത്തുപോയത് നരവംശശാസ്ത്രജ്ഞനും ഇക്കൊളജി ഓഫ് മൈൻഡ് തുടങ്ങിയ കൃതികളുടെ കർത്താവുമായിരുന്ന ഗ്രിഗോറി ബേറ്റ്സന്റെ ചോദ്യമായിരുന്നു: “What pattern connects the crab to the lobster and the orchid to the primrose and all the four of them to me? And me to you?”.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.