കാമന്റെ പൂവ്…
പടിക്കെട്ടിൽ ഇരുന്ന് പൂപ്പാട്ട് പാടിക്കൊണ്ടിരുന്ന പെൺകുട്ടികൾ പരമേശ്വരി ഗോവണിയിറങ്ങി വരുന്നത് കണ്ട് താഴേക്ക് ഇറങ്ങി നിന്നു. മുകളിൽ വന്ന് നിന്നപ്പോൾതന്നെ കളിപ്പാട്ട് നിർത്തേണ്ടെന്ന് പരമേശ്വരി കൈയാംഗ്യം കാണിച്ചു. കുട്ടികൾ പക്ഷേ, നാണിച്ചു കൂമ്പിയ മുഖം താഴ്ത്തി ഒരു മൂലയിലേക്ക് മാറിനിന്നു. പടികൾ ഇറങ്ങി താഴേക്ക് വന്നപ്പോൾതന്നെ തൊട്ടിൽ കെട്ടിയിട്ടതുപോലെ വലതുകൈയിൽ ഊയലാടിക്കൊണ്ടിരിക്കുന്ന പൂത്താലം പരമേശ്വരി പാർവ്വതിക്ക് നേരേ നീട്ടി. മറ്റു കുട്ടികൾക്കിടയിൽ നിൽക്കുമ്പോൾ തനിക്ക് പെട്ടെന്ന് കിട്ടിയ അംഗീകാരം പാർവ്വതി തിളങ്ങുന്ന മുഖത്തോടെ രണ്ടു കൈകളും നീട്ടി വാങ്ങിച്ചു. വാതിൽപ്പടിയിൽ കാവൽനിന്ന വാല്യക്കാർ പരമാവധി നട്ടെല്ല് വളച്ച് വണങ്ങിയ ശേഷം വാതിൽപ്പാളികൾ തുറന്നിട്ടു. പൂരോത്സവത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി മിനുക്കി മെഴുക്കിവിട്ട തടിപ്പലകകളുടെ മൃദുലത ആസ്വദിച്ച് വളരെ സാവധാനമാണ് പരമേശ്വരി നടന്നത്. പക്ഷേ, കുട്ടികളുടെ തുള്ളലും ബഹളവുംകൊണ്ട് ഒരു ചെറിയ ഭൂമികുലുക്കം കടന്നുവരുന്ന പ്രതീതി അവൾക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് ഭണ്ഡാരംവരവിന്റെ എണ്ണലും കണക്കും നോക്കുകയായിരുന്ന അച്ചുതൻ ദൂരത്തുനിന്നുതന്നെ പരമേശ്വരിയുടെ വരവ് കണ്ടു. കൈയോടെ പല്ലക്ക് ഇറക്കിയിടാൻ നിർദ്ദേശം കൊടുത്തശേഷം വട്ടത്തളിക നിറയെ പൊൻപണം വാരിയെടുത്ത് അച്ചുതൻ പരമേശ്വരിക്ക് നേരേ നടന്നു. ‘ഭണ്ഡാരം തുറന്നു… വരവ് ഇപ്രാവശ്യം വളരെ കൂടുതലാണ്. എല്ലാം ഐശ്വര്യമാണ്…’ പൊൻനാണയങ്ങൾ പൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന താലം അച്ചുതൻ പരമേശ്വരിക്ക് നേരേ നീട്ടി. ‘നന്നായിരിക്കട്ടെ…’ വെള്ളിപ്പാത്രത്തിൽ കുന്നുകൂട്ടിയിട്ട പൊൻനാണയങ്ങൾക്ക് മുകളിൽ പരമേശ്വരി വിരലോടിച്ചു. ‘പക്ഷേ, ഇതൊക്കെ എന്തിനാണ്. കുട്ടി ആയിരിക്കുമ്പോൾ ഉത്സവത്തിന് പോയിട്ട് ഭണ്ഡാരത്തിലെ പണം വേണമെന്ന് പറഞ്ഞ് വാശിപിടിച്ച് കരഞ്ഞു. അതെല്ലാം അറിവില്ലാത്ത പ്രായത്തിൽ ഓരോ കുസൃതികൾ. അതിന് എന്നെ ഇപ്പോഴും ഇങ്ങനെ ശിക്ഷിക്കണോ.’ തളികയിൽ നിന്നും ഓരോ നാണയങ്ങൾ എടുത്ത് പരമേശ്വരി കുട്ടികളുടെ കൈയിൽ വച്ചു കൊടുത്തു. ‘ഞാൻ ഒന്ന് ക്ഷേത്രത്തിൽ പോയി വരാം. കന്യാഭഗവതിയെ തൊഴണം. അല്പം വൈകിയേ വരൂ, കാമന് പൂക്കൾ ഇറുക്കണം. അകമ്പടി വേണ്ട. ഞാൻ കുട്ടികളുടെ കൂടെ നടന്ന് പൊയ്ക്കൊള്ളാം.’ ഉള്ളംകൈകൊണ്ട് പരമേശ്വരി താലം മടക്കി. ‘പല്ലക്ക് ഇറക്കിയിട്ടുണ്ട്. തനിച്ച് വിട്ടു എന്ന് രാജാവ് അറിഞ്ഞാൽ….. അച്ചുതൻ പരമാവധി വിനയത്തിൽ തന്റെ താത്പര്യക്കുറവ് അറിയിച്ചു. ‘അത് കുഴപ്പമില്ല. അച്ഛൻ എന്തെങ്കിലും ചോദിച്ചാൽ ഞാൻ വാശി പിടിച്ചിട്ടാണെന്ന് പറഞ്ഞാൽ മതി. കുട്ടികളുടെകൂടെ ഒന്ന് പുറത്തിറങ്ങി കാറ്റൊക്കെ കൊണ്ട് വരാനാണ്. അധികം വൈകുകയൊന്നുമില്ല. പൂരത്തിന് പുറത്തിറങ്ങി കാമന് ഒരു കുടന്ന പൂ പറിക്കാത്ത പെണ്ണിനെ എന്തിന് കൊള്ളാം. അവളേത് രാജകുമാരിയായാലും തമ്പുരാട്ടിയായാലും പിന്നെന്ത് പ്രയോജനം. വേഗം ചെന്നിട്ട് പെട്ടെന്നുതന്നെ മടങ്ങിവന്നോളാം…’ അച്ചുതന് അധികം ആലോചിക്കാൻ സമയം കൊടുക്കാതെ പരമേശ്വരി പുറത്തേക്ക് നടന്നു.
പൂരോത്സവം പ്രമാണിച്ച് കൊട്ടാരത്തിൽനിന്നും സന്ദർശകരുണ്ടാകുക പതിവാണ്. അത് കാരണം ക്ഷേത്രത്തിന്റെ മുൻവശം വടം കെട്ടി തിരിച്ച് രാജകുടുംബത്തിന് ദർശനത്തിന് പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. വലിച്ച് കെട്ടിയ കയറിനുചുറ്റും പരമേശ്വരി വന്നെത്തിയപ്പോഴേക്കും ജനം നിറഞ്ഞു. വിശേഷദിവസങ്ങളിൽ മാത്രം വീണുകിട്ടുന്ന രാജകുടുംബത്തിന്റെ ദർശന സൗഭാഗ്യമായിരുന്നു മിക്കവാറും പേരുടെ ഉന്നം. ഉന്നതകുലജാതരും പ്രമാണിമാരുമായ ചെറുപ്പക്കാരാകട്ടെ പരമേശ്വരിയെ ഒരുനോക്ക് കാണാൻ കിട്ടുന്ന ഒരവസരവും പാഴാക്കിയിരുന്നില്ല. പക്ഷേ, നില മറന്ന് അവളെ നോക്കി നിന്നാൽ അടുത്ത തവണ കാണുവാൻ കഴുത്തിന് മുകളിൽ തല കാണില്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, ലോകത്തിന്റെ മുഴുവൻ സൗന്ദര്യവും അവളുടെ ദേഹത്ത് അടിമകിടക്കുകയായിരുന്നു. ഇരുവശവും തന്നെ കാണാൻ കാത്തു നിൽക്കുന്നവരെ കൈകൂപ്പി തൊഴുതുകൊണ്ട് വളരെ പതുക്കെയാണ് പരമേശ്വരി അകത്തേക്കു കടന്നുപോയത്. തൂവെള്ളനിറത്തിൽ തുന്നിയ നേർത്ത ഉടയാടകൾ ഒരു തുമ്പപ്പൂവിന്റെ നൈർമല്യം അവൾക്ക് പകർന്നു.
കേളൻ ഇന്നും കള്ളെടുക്കാൻ പോകുന്നുണ്ടെന്ന് ചന്തനും കൂട്ടുകാരും വൈകിയാണറിഞ്ഞത്. പകരക്കാരെ ആരെയെങ്കിലും വെക്കാൻ ചന്തൻ കുറേ നിർബന്ധിച്ച് നോക്കി. അതിന് കേളൻ തയ്യാറാകാതെ വന്നപ്പോൾ എങ്കിൽ താൻതന്നെ പോയി ഏറിക്കൊണ്ടുവരാമെന്നും പറഞ്ഞു. പക്ഷേ, കേളൻ ഒന്നിനും വഴങ്ങിയില്ല. നാലു മണിക്കൂർ കഴിഞ്ഞ് പൂരക്കളി ഉള്ളതിന് ഇപ്പോഴേ ജോലിയും കളഞ്ഞ് തയ്യാറെടുത്ത് നിൽക്കുന്നത് എന്തിനാണെന്ന് അവന് മനസ്സിലായില്ല. ‘എന്തെങ്കിലും നല്ല ദിവസങ്ങളിൽ നമ്മൾ അങ്ങനെ പെട്ടെന്ന് ജോലിക്കൊന്നും ഇറങ്ങിപ്പുറപ്പെടാൻ പാടില്ല. ഇങ്ങനെ പോയവരിൽ പലരും അപകടങ്ങളിൽ പെട്ടിട്ടുണ്ട്. എന്തെങ്കിലുംവെച്ച് വിളിക്കുന്നതായിരിക്കുമോ എന്ന് ആർക്കറിയാം. ആകാശത്ത് കയറിയിട്ടുള്ള കളിയാണ്. ഇന്ന് നമുക്കിത് വേണ്ട.’ കത്തി അണക്കാൻ തുടങ്ങിയ കേളന് മുന്നിൽ ചന്തൻ തടസ്സം നിന്നു. അന്നം തരുന്ന തൊഴിലിനെ ഭയക്കുന്നതെന്തിനാണെന്ന് കേളന് മനസ്സിലായില്ല. ‘നിന്റെ ശരീരത്തിന് തളർച്ചയുണ്ടാകും. അത് കളിയുടെ മാറ്റ് കുറയ്ക്കും.’ കേളൻ ചോദിച്ചപ്പോൾ ചന്തൻ അതിന് പുതിയ ന്യായങ്ങളാണ് പറഞ്ഞത്. ജോലി കഴിഞ്ഞ് വന്ന് അല്പനേരം വിശ്രമിക്കാമെന്ന് വാക്ക് പറഞ്ഞശേഷമാണ് ചന്തൻ ഒരു വിധത്തിൽ മുക്കിയും മൂളിയും സമ്മതിച്ചത്. തിരിച്ചെത്തി അല്പനേരം മയങ്ങിയാൽപോലും സമയത്തിന് എത്തിച്ചേരാനാകും. കത്തിയും തിരിയും എടുത്ത് ഇറങ്ങിയപ്പോഴും തെങ്ങിൽ ശ്രദ്ധിച്ച് കയറണമെന്ന് ഒരു വട്ടംകൂടി ഓർമിപ്പിച്ചാണ് ചന്തൻ മടങ്ങിയത്. ചങ്ങാതിയുടെ ഉപദേശം കേട്ട് കേളന് ചിരിക്കാനാണ് തോന്നിയത്. കടലിൽനിന്ന് പിടിച്ച മീനിനെ തിരികെ വെള്ളത്തിലേക്കിടുമ്പോൾ ശ്രദ്ധിച്ച് നീന്തണമെന്ന് മുന്നറിയിപ്പ് കൊടുക്കുന്നത് എന്തിനാണ്.
ചന്തന് മൈതാനത്ത് ചെന്ന് തിരക്കുകളുണ്ട്. അല്ലെങ്കിൽ അവനും കൂടെ വരാൻ നിർബന്ധം പിടിച്ചേനെ. പന്തൽക്കഞ്ഞിയുടെകൂടെ വിളമ്പാനുള്ള ചക്ക പാചകം ചെയ്യുന്നത് അവനാണ്. കൊട്ടാരത്തിൽനിന്ന് കളി കാണാൻ രാജാവും കുടുംബവും എഴുന്നള്ളുന്നതുകൊണ്ട് ഭക്ഷണത്തിന്റെ ചെലവുകളെല്ലാം കൊട്ടാരത്തിൽനിന്നായിരിക്കും. പത്ത് വട്ട ഭക്ഷണം നാവുകളിൽ ഒഴുക്കുമെന്നാണ് കേട്ടത്. വർഷത്തിൽ വല്ലപ്പോഴും മാത്രം കഴിക്കാനാകുന്ന നല്ല ഭക്ഷണം. രാജാവിന്റെ മുന്നിൽ കളിക്കാനുള്ള ഭാഗ്യം. എല്ലാത്തിലുമുപരി താൻ പരിശീലനം നൽകിയ കളിക്കാരുടെ അരങ്ങേറ്റക്കളി. വീശിയടിക്കുന്ന കാറ്റിൽപോലും ആവേശം അല തല്ലുന്നതായി കേളന് തോന്നി. രാജകുടുംബം വളരെ ദൂരത്ത് ഏറുമാടത്തിന്റെ മാതൃകയിൽ പ്രത്യേകം ഉയർത്തിക്കെട്ടിയ പന്തലിൽ ഇരുന്നാണ് കളി കാണുക. എങ്കിൽപോലും തങ്ങളുടെ ഒരു ആഘോഷം വന്ന് കാണാൻ അവർക്ക് തോന്നിയതുതന്നെ ഭാഗ്യമാണ്. ചന്തൻ പറഞ്ഞതുപോലെ ഇന്ന് ഏറ്റിന് മറ്റാരെയെങ്കിലും വിടുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, ഇത്രയും നേരത്തേ വീട്ടിൽ വെറുതേ ഇരുന്നാൽ സമയം പോകില്ല. എന്തെങ്കിലും സന്തോഷങ്ങൾ ഉള്ള ദിവസത്തെ കാത്തിരിപ്പ് വലിയ ബുദ്ധിമുട്ടാണ്. സംഘത്തിന്റെ നേതാവായതുകൊണ്ട് പാചകപ്പുരയിൽ കറങ്ങി നടക്കുന്നതും ശരിയല്ല. അഞ്ച് തെങ്ങ് ഏറിവന്നാൽ അത്രയും സമയം പോകുന്നത് അറിയില്ല. അതുകൊണ്ട് മാത്രം ഇറങ്ങിയതാണ്. തോട്ടിലെ വെള്ളത്തിൽ തന്റെ പ്രതിബിംബം കണ്ടപ്പോൾ അന്നേരത്തെ ആവേശത്തിന് കേളൻ ചില ചുവടുകൾ വച്ചു. പൂരക്കളി പാട്ടുകൾ ഉച്ചത്തിൽ പാടി ചുവടുവച്ചുകൊണ്ട് കുതിരിന് മുകളിൽകൂടെ നടന്നുപോകുന്ന കേളനെ, വയലിൽ പണിയുന്നവർ ഒരു നിമിഷം ആമോദത്തോടെ നോക്കിനിന്നു. കൊറ്റികളും തവളകളും അവന്റെ വരവുകണ്ട് മൺതട്ടിൽനിന്നും ചാടി മാറി.
Comments are closed.