വിശ്വാസികളുടെ കൺകണ്ട ദൈവം: അഖിൽ കെ എഴുതുന്നു
അധികാരപോരാട്ടങ്ങളും പ്രണയവും പകയും നിറഞ്ഞ പുരാവൃത്തനോവൽ ‘മുത്തപ്പന്റെ ‘ എഴുത്തനുഭവം അഖിൽ കെ എഴുതുന്നു
കണ്ണൂരിൽ വന്ന് തിരക്കുള്ള ഒരു റോഡിൽ ഇറങ്ങിനിന്നാൽ കടന്നു പോകുന്ന പത്തു വാഹനങ്ങളിൽ മൂന്ന് എണ്ണത്തിനെങ്കിലും മുത്തപ്പൻ എന്നായിരിക്കും പേര്. ജാതിമതവ്യത്യാസമില്ലാതെ, തെയ്യാരാധകസമൂഹത്തിന് പുറത്തുള്ളവർപോലും നെഞ്ചേറ്റിയ ഒരു പേര്. വിശ്വാസികളുടെ കൺകണ്ട ദൈവം.
തിരുവൻകടവിൽ കുളിക്കാൻ പോയ പാർവതിക്കുട്ടിയന്തർജ്ജനത്തിന് തിരുനെറ്റിക്കല്ലിൽനിന്നാണ് മുത്തപ്പനെ കിട്ടുന്നത്. മക്കളില്ലാത്ത ദുഃഖത്തിൽ ഉലയുകയായിരുന്ന പാർവതിക്കുട്ടി അന്തർജ്ജനവും അയ്യങ്കരവാഴുന്നോരും സ്വന്തം മകനായി മുത്തപ്പനെ വളർത്തി. അയ്യങ്കരമനയിൽ എല്ലാ സുഖസൗകര്യങ്ങളും തടുത്തുകൂട്ടിയ പട്ടുമെത്തയിൽ കിടന്ന് വളർന്ന്, അടുത്ത വാഴുന്നോരായി നാടുഭരിക്കാമെന്നിരിക്കെ, എല്ലാ സൗഭാഗ്യങ്ങളും തട്ടിയെറിഞ്ഞ് ജാതിയുടെ കുടുസ്സുവഴികളിലൂടെ അടിയാളരുടെ കത്തുന്ന ജീവിതത്തിലേക്ക് മുത്തപ്പൻ ഇറങ്ങിപ്പോയി. ദൈവത്തിന്റെ പുരാവൃത്തത്തിലെ ഈ തിരിവ് എപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. തിരുവൻകടവിൽ കുളിക്കാൻപോയ പാടിക്കുറ്റിയമ്മയ്ക്ക് ഒരു കുഞ്ഞിനെ കിട്ടിയ കഥ കുഞ്ഞായിരിക്കേ ഒരു നൂറ് തവണ കേട്ടിട്ടുണ്ട്. ഒരു ദിവസം പേറ്റിച്ചിയെവരെ വിലക്കിയ താഴ്ന്ന ജാതിക്കാരുടെ നരകം തോൽക്കുന്ന ജീവിതത്തിലേക്ക് ഇറങ്ങിപ്പോകുവാൻവേണ്ടി, തിരുവൻകടവിലേക്ക് ഈ കുഞ്ഞ് എവിടെനിന്ന് വന്നു!
സാഹിത്യംകൊണ്ട് പൂരിപ്പിക്കാൻ വേണ്ടി അവിടെയൊരു മൗനം തെളിഞ്ഞുകിടപ്പുണ്ടെന്ന് വളരെ മുൻപുതന്നെ തോന്നി. “എന്റെ കുന്നത്തൂര് ആളടിയാത്തിക്ക് പറ്റിയില്ല, വിഷഹാരിയില്ല, അന്ന് ഞാൻതന്നെ പേറ്റിയായിട്ടും വിഷഹാരിയായിട്ടും നിലനിന്നിട്ടുണ്ട്…” എന്ന് മുത്തപ്പൻ പറയാറുണ്ട്. ഒരിക്കൽ കിണ്ടിയിൽ കുടിക്കാൻ നീട്ടിയ പാലിനു മുന്നിൽ സംശയിച്ച് നിന്ന എന്നോട് “പെറ്റമ്മയുടെ പാലുകുടിച്ച് വളർന്ന ഭാഗ്യം തനിക്കുണ്ടായിട്ടില്ലെന്നും” ദൈവം പറഞ്ഞു.
എഴുതുന്നത് വായിക്കാനും പ്രോത്സാഹിപ്പിക്കാനും കുറച്ചു പേരുണ്ടായി തുടങ്ങിയപ്പോൾ അടുത്തതവണ ഈ കഥ എഴുതാം എന്നു കരുതി. പക്ഷേ, ഓരോ തവണയും പുറത്ത് വന്നത് വേറേ വിഷയങ്ങളിലുള്ള നോവലുകളാണ്. കണ്ണൂരിൽ വന്ന് തിരക്കുള്ള ഒരു റോഡിൽ ഇറങ്ങി നിന്നാൽ കടന്നുപോകുന്ന പത്തു വാഹനങ്ങളിൽ മൂന്ന് എണ്ണത്തിനെങ്കിലും മുത്തപ്പൻ എന്നായിരിക്കും പേര്. ജാതിമതവ്യത്യാസമില്ലാതെ. തെയ്യാരാധകസമൂഹത്തിന് പുറത്തുള്ളവർപോലും നെഞ്ചേറ്റിയ ഒരു പേര്. വിശ്വാസികളുടെ കൺകണ്ട ദൈവം. ജീവിതത്തിൽ തൊഴിലായി എഴുത്ത് തിരഞ്ഞെടുത്തിട്ടും പുസ്‌തകങ്ങൾ പുറത്തുവന്നിട്ടും മൂന്നുനാല് വർഷങ്ങൾ തികയുന്നതേയുള്ളൂ. അതിന്റെ ചെറുപ്പത്തിൽ ഇതുപോലൊരു വിഷയം കൈയിൽ നിൽക്കുമോ എന്ന് സംശയം തോന്നി.