മുത്തപ്പനെ മുന്നിൽ കണ്ടപോലെ…!
അഖിൽ കെയുടെ ‘മുത്തപ്പൻ‘ എന്ന നോവലിന് രാഖി എഴുതിയ വായനാനുഭവം (കടപ്പാട് – ഫേസ്ബുക് )
മുത്തപ്പൻ്റെ കഥ പല രീതിയിൽ അറിഞ്ഞിട്ടുണ്ട്. കണ്ടിട്ടുണ്ട്. വിശ്വാസവും അവിശ്വാസവും ഉള്ളിൽ അടിപിടി കൂടാറുണ്ട്, ചിലപ്പോഴൊക്കെ. അതിൽ നിന്നും മാറി നിക്കുന്ന ഒന്നാണ് മുത്തപ്പനും മറ്റ് തെയ്യങ്ങളും. എന്താ കാരണം എന്ന് ചോദിച്ചാൽ മനുഷ്യർ സങ്കടങ്ങൾ അഴിച്ചു വെച്ച് പോവുന്നത് കാണാറുള്ളത് കൊണ്ടാണെന്ന് പറയാം. പിന്നെ കഥകളോടും ചായങ്ങളോടും ഒത്തുചേരലുകളോടും കൂടി ഉള്ള ഇഷ്ടവും. ഒരാൾ വന്ന് സങ്കടം ണ്ടോന്നു ചോദിച്ചാൽ ഞാനും കരയും. വിശ്വാസം ഇല്ലാത്തയാളും ആരും കേൾക്കാനില്ലാത്ത അവസ്ഥയിൽ തെയ്യം ചോദിച്ചാ കരഞ്ഞ് പോവും. ഒന്നും തിരിച്ച് പറഞ്ഞില്ലെങ്കിലും മനസിലെ വിങ്ങലിന് ഇത്തിരി ആശ്വാസം കിട്ടും. ആരും കേൾക്കാനില്ലാത്തവരുടെ കാര്യമാണ്.
ഉമയിലൂടെ വല്ലഭനിലൂടെ മന്ദനാറിലേക്കുള്ള യാത്രയിലാണ് ഞാൻ എന്ന വായനക്കാരി. വായിച്ച് വായിച്ച് വരുമ്പോൾ വല്ലഭനാള് ശരിയല്ലല്ലോ എന്ന് തോന്നൽ വരും. പിന്നെ മന്ദനാർ ആരെന്നറിയാനുള്ള കൗതുകം മനസിലേക്ക് വരും. ഈ കൗതുകം കൂട്ടാനായി ഉമയുടെ യാത്രയും കൂടെ ചേരുന്ന കുസൃതിക്കാരനും. ഇയാള് തന്നെയാണോ മന്ദനാര് എന്ന സംശയം ബാക്കി നിൽക്കെ മുത്തശ്ശിയുടെ പരമേശ്വരീ ചരിതത്തിലേക്ക്. ജാതിചിന്ത
മനുഷ്യൻ്റെ മനസ്സിൽ നിന്ന് മാഞ്ഞുപോകുന്നുണ്ടല്ലോ എന്ന് ഓർത്ത് ആശ്വസിച്ചു പോയ വിവരണം. ഒരു രാജാവിന് ഇങ്ങനെ ആയിരുന്നു എങ്കിൽ ഒരു താഴ്ന്ന ജാതിക്കാരനെന്ന് പറയപ്പെടുന്നവൻ എത്രത്തോളം ദുരിതം സഹിക്കേണ്ടി വന്നിരിക്കും? തുടർവായനയിൽ അതും കണ്ണിന് മുന്നിൽ നമുക്ക് കാണാം.. ചോരയിൽ കുളിക്കുന്ന അഗ്നിയിൽ വേവുന്ന പാവപ്പെട്ടവരെ, കേളൻ്റെ കൂട്ടുകാരെ, പാടിക്കുറ്റിയുടെ പ്രിയപ്പെട്ടവരേ.
വീണ്ടും തിരിച്ച് ഉമയിലേക്ക് മന്ദനാരിലേക്ക്. ശേഷം വന്ന പുള്ളിക്കരിങ്കാളിയുടെ വരവ് പോക്ക് ഗംഭീരം എന്ന് തന്നെ പറയാം. കൂടെ പുലിമാരുതനും കണ്ടപ്പുലിയും കാളപ്പുലിയും. പിന്നെ മന്ദപ്പൻ. എല്ലാവരും പരിചയക്കാർ. തെയ്യത്തിൻ്റെ നാട്ടിലുള്ളോർക്ക് അങ്ങനെയാണ്. മാരുതിയിലൂടെ വീണ്ടും പരമേശ്വരിയിലേക്ക് മടങ്ങിയെത്തി. അടിമകളെന്ന് മുദ്ര ചാർത്തപ്പെട്ടവരെ മനുഷ്യരാക്കിയ പരമേശ്വരി. പരമേശ്വരിയുടെ സ്വന്തം പാടിക്കുറ്റി, കേളൻ. തങ്ങൾക്കായി ജീവിച്ച് തങ്ങൾക്കായി മരിച്ച പരമേശ്വരിയിൽ നിന്ന് കരുത്ത് ഉൾക്കൊണ്ട പാടിക്കുറ്റി.. പാടിക്കുട്ടിയമ്മയെ പറ്റി വാക്കുകൾ കിട്ടാതാവുന്നു..
” അടിക്കുന്നെങ്കിൽ വല്ലഭനെ അടിക്കണം. വെറുതെ വീഴ്‌ത്തിയാൽ പോരാ, എതിരെ നിന്നത് നമ്മളാണെന്ന് ലോകം അറിയണം”
എന്ത് ശക്തിയാണ് ഈ വാക്കുകൾക്ക്!!
ആ മക്കളെപ്പറ്റിയും വാക്കുകൾ പോരാതെ വരും. മന്ദപ്പനും മന്ദനാരും .. കതിവനൂർ വീരനും മുത്തപ്പനും. വഴിമാറി ഒഴുകിയ വീരന്മാർ. ജാതി ചിന്തക്കും മേലെ മനുഷ്യരെ ഒന്നായിക്കണ്ടവർ. പാവങ്ങളുടെ തമ്പുരാക്കന്മാർ. അയ്യങ്കര ഇല്ലത്തിൽ വളർന്ന് മേൽജാതി കീഴ്ജാതി വ്യത്യാസമില്ലാതെ ജീവിച്ച മുത്തപ്പൻ. കൂടെ നിന്നവർക്ക് താങ്ങും തണലുമായിനിന്ന വീഴുമ്പോൾ കൈപിടിച്ച് ചേർത്തുനിർത്തിയ മുത്തപ്പൻ ..
” കണ്ടറിവില്ലെങ്കിൽ നരി പയ്യിനു കാവൽ കിടക്കുന്ന കഥ ആര് വിശ്വസിക്കും” എന്ന് പറയുന്നത് അന്വർത്ഥമാക്കുന്ന വിവരണം ..
ഇടയ്ക്ക് കയറിവരുന്ന മന്ദപ്പൻ കഥയ്ക്ക് മാറ്റ് കൂട്ടുന്നുണ്ട്.. പുതിയൊരു കഥ പറച്ചിൽ ഉണ്ടാവാം എന്ന പ്രതീക്ഷയും തരുംപോലെ.. അയ്യങ്കരയിൽ നിന്ന് ഇറങ്ങിയ മുത്തപ്പനെ ഉമ പിന്നീട് കാണുന്നത് വല്ലഭൻ്റെ മുന്നിലാണ്. തോറ്റുപോയ വല്ലഭൻ . ഇവിടെ മാത്രമല്ല ജീവിതത്തിൽ മൊത്തം തോറ്റുപോയ ഒരുവനന്നെ ഞാൻ പറയൂ. (ജാതി ചിന്തയെ പുണർന്നു മകളെ ത്യജിച്ച വിഡ്ഢി).. വല്ലഭനെ ജയിച്ച മന്ദനാർ പട. നാടിൻ്റെ രാജക്കന്മാരായി ഐവർ പുലികൾ. ചെമ്മരത്തിയോടൊന്നിച്ച് മടങ്ങിപ്പോവുന്ന മന്ദപ്പൻ.. ഐവരോട് അരുൾ ചെയ്യുന്ന മുത്തപ്പൻ ” എൻകൂറപ്പമെന്നും നിൻകൂറടയെന്നും എൻ്റേതെന്നും നിൻ്റേതെന്നും പാത്പിടിയും പകുത്ത് പിടിയും കൂടാതെ കണ്ട്, ഒന്നിൻ്റെ പുറത്തെ പൊടി ഒന്ന് തട്ടി നടന്നോ. ഒരാലയിലെ ഗോക്കളെപ്പോലെയും ഒരു ശീലയിലെ കാണംപോലെയും നിങ്ങൾ നിലനിന്നോ ; മുത്തപ്പനുണ്ടാകും വലഭാഗം ” എന്ന് വായിക്കുമ്പോ മുത്തപ്പനെ മുന്നിൽ കണ്ടപോലെ. ആ പറഞ്ഞത് ചെവിയിൽ മുഴങ്ങുമ്പോലെ. അഖിലിൻ്റെ കഥപറച്ചിലിൻ്റെ ഒരു പോസിറ്റീവ് ആണത് … താരാകാന്തൻ വായിച്ചപ്പോഴും പല കാഴ്ചകളും കണ്ണിൻ്റെ മുന്നിൽ മിന്നി മാഞ്ഞിരുന്നു. കഥ കേട്ട് അവസാനം നമ്മളും പറശ്ശിനിയിൽ എത്തിച്ചേരുന്നു.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.