മുതലത്തെയ്യങ്ങള്‍
ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
വി.കെ. അനില്‍കുമാര്‍
കയ്യില്‍ ചെറാക്കത്തിയും തലയില്‍ പാളമുടിയും വെച്ച മാവിലന്റെ മുതലത്തെയ്യവും വേദമന്ത്രങ്ങളില്‍ കുളിപ്പിച്ചു കിടത്തിയ അനന്തപുരം ക്ഷേത്രത്തിലെ ബബിയയും തമ്മില്‍ ചരിത്രപരമായി വലിയ അന്തരമുണ്ട്. മുതലത്തെയ്യമെന്നാല്‍ കേവലം ഒരനുഷ്ഠാനത്തിനും വിശ്വാസത്തിനുമപ്പുറം എത്രയോ കാലം തമ്പുരാക്കന്മാര്‍ അടിമകളാക്കി പീഡിപ്പിച്ച നിസ്വവര്‍ഗ്ഗത്തിന്റെ ചരിത്രവും ജീവിതവുമാണ്. മേല്‍ജാതിക്കാരുടെ അധികാരത്തിന് കീഴില്‍ തങ്ങളുടെ സ്വത്വം നിലനിര്‍ത്തുക എന്ന കഠിനകര്‍മ്മമാണ് തൃപ്പാണ്ടറമ്മയായ മുതലത്തെയും നിര്‍വഹിക്കുന്നത്. മുതലത്തെയ്യത്തിന് അതിന്റെ വിപുലമായ പൂര്‍വ്വജീവിതവും ചരിത്രവുമുണ്ട്.
കാസര്‍ഗോഡ് കുമ്പള നായ്ക്കാപ്പ് പള്ളത്തില്‍ മുതലയെത്തുന്നതിനു മുമ്പു തന്നെ ഉത്തരകേരളത്തില്‍ മുതലയാരാധന ഉണ്ടായിരുന്നു. ഏഴിമലയോരത്തും വളപട്ടണംപുഴയിലും തീരത്തെ ചതുപ്പുകളിലും
പോയകാലത്ത് മുതലകള്‍ വിഹരിച്ചിരുന്നു. പെരുത്തഉടലുള്ള മണ്ണന്‍മുതലയെ തെയ്യമായി ഒരു ഗ്രാമജനത ഇപ്പോഴും ആരാധിച്ചുവരുന്നുണ്ട്. കണ്ണൂര്‍ജില്ലയിലെ നടുവില്‍ പോത്തുകുണ്ട് തൃപ്പാണ്ടറമ്മ കോട്ടത്താണ് ഈ അത്യപൂര്‍വ്വമായ തെയ്യം കെട്ടിയാടുന്നത്. മനുഷ്യനെ മാത്രമല്ല പ്രകൃതിയിലെ സൂക്ഷ്മസ്ഥൂലങ്ങളായ ജീവജാതികളെയും തെയ്യം അതിന്റെ അനുഷ്ഠാനത്തിന്റെ ഭാഗമാക്കുന്നു. കാവെന്ന അതിവിശിഷ്ടമായ ആവാസവ്യസ്ഥയെ തെയ്യം തന്റെ സാന്നിദ്ധ്യ സ്ഥാനമായി തെരഞ്ഞെടുക്കുന്നതിലൂടെ പ്രകൃതിയിലെ സസ്യജന്തുജാലങ്ങളോടുള്ള ജൈവസ്‌നേഹം ബയോഫീലിയ തന്നെയാണ് തെയ്യം വ്യക്തമാക്കുന്നത്.
പുലിയും പാമ്പും പന്നിയും മുതലയും മത്സ്യവും ഉള്‍പ്പെടുന്ന, മനുഷ്യവാസം ഭൂമിയില്‍ സാധ്യമാക്കിയ വിശാലമായ ജൈവവ്യവസ്ഥയിലാണ് തെയ്യവും പുലരുന്നത്. തെയ്യം അനേകമനേകം ജീവജാലികകളിലെ ഒരു കണ്ണി മാത്രം. കാവിലെ തെയ്യം ബയോസെന്‍ട്രിക്കാണ്. തെയ്യം സാന്നിദ്ധ്യപ്പെടുന്ന കാവിന്റെ കേന്ദ്രം മനുഷ്യനല്ല. കാവില്‍ മനുഷ്യന് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. മനുഷ്യനല്ല കാവിന്റെ അവകാശി. ശതകോടി ജീവരാശികളുടെ ജീവതാളമാണ് കാവിന്റെ ഹൃദയമിടിപ്പ്.
ബബിയ എന്ന മുതലദൈവം
മീന്‍പിടിക്കുകയായിരുന്ന ആദിതോയോടനെ പുറത്തിരുത്തി ചേടച്ചേരി മോലോത്തെത്തിച്ച മുതല, അനന്തപുരക്ഷേത്രത്തിലെ ബബിയയ്ക്ക് മുന്‍പെ ഉത്തരകേരളത്തിന്റെ അനുഷ്ഠാനജീവിതത്തിലുണ്ട്. തങ്ങളുടെ ഭൂമിയും ജീവിതവും കയ്യടക്കി അടിമകളാക്കിക്കൊണ്ടു നടന്ന ബ്രാഹ്മണ്യത്തെ കീഴാളജീവിതം
പ്രതിരോധിക്കുന്നത് അവരുടെ തന്നെ ദൈവങ്ങളെയും പുരാവൃത്തങ്ങളെയും സ്വന്തമാക്കിയാണ്. ബബിയയ്ക്കും മുന്‍പേ സമൂഹത്തിലെ ഏറ്റവും നിസ്വരായ മനുഷ്യര്‍ക്ക് വേണ്ടി പുഴനീന്തിയെത്തിയ മുതലയും ഇവിടെത്തന്നെയുണ്ട്.
പൂര്‍ണ്ണരൂപം ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്
Comments are closed.