`മുതലാക്കാന്‍’ കഴിയുന്നവനോ മുതലാളി!
വിനോയ് തോമസിന്റെ ‘മുതല്‍’ എന്ന നോവലിന് ഐ ആർ പ്രസാദ് എഴുതിയ വായനാനുഭവം
കഥകളും കെട്ടുകഥകളുമില്ലാതെ ധനത്തിന് നിലനില്‍ക്കാനാവില്ലെന്നാണോ വിനോയ് തോമസിന്റെ മുതലിന്റെ ദര്‍ശനം… അതോ എല്ലാ മുതലും വെറും കെട്ടുകഥകള്‍ മാത്രമാണെന്നോ… അതുമല്ല, എല്ലാ സാഹചര്യങ്ങളെയും ആഖ്യാനങ്ങളെയും `മുതലാക്കാന്‍’ കഴിയുന്നവനാണ് മുതലാളിയെന്നോ.. കുമാരനാശാന്‍ ഓട്ടുകമ്പനി നടത്തിയിരുന്ന കാര്യം മലയാളിയെ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കാറുള്ളത് ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്. വിനോയ് തോമസ് ഒന്നുകൂടി കടത്തിപ്പറയുന്നു.
“കുമാരനാശാനെ പരിചയപ്പെടുന്നതിനു മുമ്പ് ശ്രീനാരായണഗുരുവിന്റെ അവസ്ഥ എന്തായിരുന്നു. ഒരു സാധാരണ സന്യാസി. നല്ല മാനേജ്‌മെന്റ് കപ്പാസിറ്റിയുള്ള ആശാന്‍ വന്നതോടെയല്ലേ ഗുരു ശരിക്കും ട്രാക്കിലാകുന്നത്. ഡോക്ടര്‍ പല്‍പ്പുവിനെ പോലുള്ള ഒരു പ്രമാണിയെ കൂടെ നിര്‍ത്തി ആത്മീയാചാര്യനായി ശ്രീനാരായണഗുരുവിനെയും പ്രതിഷ്ഠിച്ച് കുമാരനാശാന്‍ ഒരു സെറ്റപ്പ് ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തത്. സകലതും മായയാണെന്ന അദ്വൈതസിദ്ധാന്തത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന സന്യാസിയെക്കൊണ്ട് കുമാരനാശാന്‍ പറയിപ്പിച്ച മഹത് വചനങ്ങള്‍ കേട്ടാല്‍ കാര്യം മനസ്സിലാവും. എല്ലാം മുതലുണ്ടാക്കാനുള്ള ഉപദേശങ്ങള്‍. കുമാരനാശാന് നാടിന്റെ അവസ്ഥയറിയാരുന്നു. അങ്ങേര് ചെറിയ പലിശയ്ക്ക് പൈസ കടം കൊടുക്കുമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ബ്ലേഡ് എന്നൊക്കെ ഇപ്പോള്‍ ആള്‍ക്കാര്‍ പറയും. സാധാരണ മനുഷ്യനെ സംബന്ധിച്ച് അങ്ങനെയൊന്നുമില്ല. കാശിന് കാശ് തന്നെ വേണം. അത് കൊടുക്കുന്നവനെക്കൊണ്ടേ ലോകത്തിന് പ്രയോജനമുള്ളൂ.”
പിന്നീട് പറഞ്ഞ കാര്യം വേറെ ആരോടെങ്കിലും ചോദിച്ച് ഒന്നുകൂടി ഉറപ്പുവരുത്തേണ്ടതാണ്.
“ജാതിയോ മതമോ നോക്കാതെ എല്ലാവര്‍ക്കും അംഗമാകാന്‍ കഴിയുന്ന ഒരു സംഘടന. അതായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ഉള്ളിലുണ്ടായിരുന്ന ആശയം. പക്ഷേ ഒരു സംഘടന ഇവിടെ ഉണ്ടാക്കിയാല്‍ കുറച്ചു കാലം കഴിയുമ്പോള്‍ കാശുള്ള ഏതെങ്കിലും ഒരു നസ്രാണിയോ നായരോ മുസ്ലിമോ അത് പിടിച്ചെടുക്കും. ഗുരുവിന്റെ കൂടെയുള്ള ഈഴവരെല്ലാം അതീന്ന് പുറത്താകുകേം ചെയ്യും. കുമാരനാശാനും പല്‍പ്പുവും കൂടി ആലോചിച്ചിട്ട് ഒരു തീരുമാനമെടുത്തു. എസ്.എന്‍.ഡി.പി ഈഴവരുടെ സംഘടനയായി രജിസ്റ്റര്‍ ചെയ്താല്‍ മതീന്ന്. അതുകൊണ്ട് എന്തുണ്ടായി. ഗുരുവിനെ ആരാധിക്കാനും മന്ദിരം പണിയാനും ആളുണ്ടായി. അല്ലേ കാണാരുന്നു. ഇനി പറ ആര് ആരുടെ ഗുരുവാ….” പറയുന്നത് നോവലിസ്റ്റല്ല. നാഗന്‍ പയസ്സാണ്. നോവലിസ്റ്റിന് അതില്‍ പ്രത്യേകിച്ച് ഉത്തരവാദിത്വമൊന്നുമില്ല. വാഗ്ഭടാനന്ദഗുരുവിനെപ്പറ്റി വിജയന്‍ മാഷിന്റെ അഭിപ്രായം നോക്കാം. തലശ്ശേരി കടപ്പുറത്ത് മീന്‍പിടിത്തക്കാര്‍ കളിച്ചിരുന്ന ഈച്ചഭാഗ്യം കളിയില്‍ നിന്നാണ് ചിട്ടിയിലേക്കുള്ള വളര്‍ച്ച. വാഗ്ഭടാനന്ദഗുരുവിന്റെ പത്‌നിയാണത്രേ ഇതിന്റെ പ്രയോക്താവ്. അങ്ങനെയാണ് ചിട്ടി എന്ന സങ്കല്പം മീന്‍പിടിത്തക്കാരിലൂടെ കടല്‍ വഴി കരകളിലേക്ക് പടര്‍ന്നത്.
പിന്നീട് നോവലിസ്റ്റ് അവിശ്വസനീയവും വിചിത്രവുമായ കഥകളാല്‍ ചുറ്റപ്പെട്ട ഒരത്ഭുതനാണയം പരിചയപ്പെടുത്തുന്നു. ലബ്ബോകോയിന്‍. ലബ്ബോ കോയിന്‍ കൈവന്നതുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ ഭരിക്കാന്‍ കഴിഞ്ഞത്. ലബ്ബോകോയിന്‍ മാത്രം പോരാ. ജാതകപ്പൊരുത്തമുള്ള ഒരു പെണ്ണും കൂടെ വേണം. അതാണ് ലബ്ബോ കോയിനിന്റെ കളി. ആ ജാതകപ്പൊരുത്തത്തിലാണത്രേ മൗണ്ട്് ബാറ്റണെ വൈസ്രോയിയാക്കിയതോടൊപ്പം എഡ്വിനയെ വൈസ്രോത്തിയാക്കിയതും. ഒടുവില്‍ ലബ്ബോ കൊയിന്‍ നെഹ്രുവിന്റെ കയ്യിലെത്തിയതോടെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത്. നെഹ്രു പ്രധാനമന്ത്രിയായത്. ജാതകപ്പൊരുത്തമുള്ള എഡ്വിനയുമായുളള നെഹ്രുവിന്റെ ബന്ധം ഒന്നുകൊണ്ടുമാത്രമാണ് അത് യാഥാര്‍ഥ്യമായത്. ചരിത്രത്തെ കെട്ടുകഥകളില്‍ തളച്ച് ഊറിച്ചിരിക്കുകയും സമ്പത്തിനെ നിസ്സാരവും അപഹാസ്യമാക്കിമാറ്റിക്കൊണ്ടുമാണ് വിനോയ് തോമസിന്റെ മുതല്‍ വികസിക്കുന്നത്. ഏറ്റവുമൊടുവില്‍ ക്രിപ്‌റ്റോ കറന്‍സിയിലെത്തിനില്‍ക്കുന്ന ഡിജിറ്റല്‍ ലോകവുമുണ്ട്. പ്രതീതിയാഥാര്‍ഥ്യം മാത്രമാകുന്ന പുതുകാല മുതലിന്റെ കളി.
മരപ്പണിക്കാരനായ സുധീഷ് നിലാവാണ് നോവലില്‍ ആഖ്യാനത്തിന്റെ കേന്ദ്രസ്ഥാനത്തുള്ളത്. വിടുവായന്‍മാരായ ആഖ്യാതാക്കളിലൂടെ എഴുത്തുകാരന്‍ അയാളുടെ സ്വാതന്ത്ര്യത്തെ തുറന്നുവിടുന്നു. ചിട്ടിക്കമ്പനിക്കാരന്‍ നാഗന്‍ പയസ്സ് യഥാര്‍ഥത്തില്‍ എല്ലാ കെട്ടുകഥകളെയും പടിപ്പുറത്ത് നിര്‍ത്തുന്ന ഉത്തമനായ ധനികനാണ്. നിരവധി കെട്ടുകഥകള്‍ തന്റെ ജീവിതത്തിന് ചുറ്റും സ്വയം സൃഷ്ടിച്ചും മറ്റുള്ളവര്‍ക്ക് കഥ മെനയാന്‍ സ്വന്തം ജീവിതം വിട്ടുകൊടുത്തും ധനസമ്പാദനത്തില്‍ വീഴ്ച വരുത്താതെ വിജയത്തിലേക്ക് മുന്നേറുന്നുണ്ടയാള്‍. വിജയന്‍ മാഷാവട്ടെ തികഞ്ഞ കാവ്യാസ്വാദകനായ മലയാളം വാധ്യാര്. വൃത്തശാസ്ത്രത്തില്‍ സ്വയം തളച്ചിട്ട മാഷിന് കവിത വെറും ഗണിതകൗതുകങ്ങളാണ്. ലഘുഗുരുക്കളുടെ ഗണം തിരിച്ച് കാവ്യാസ്വാദനം പരമാവധി വിരസമാക്കുന്ന അരസികനാണയാള്‍. മുതലിനോട് അതിരുകവിഞ്ഞ ആര്‍ത്തി. പോരാത്തതിന് ലുബ്ധനും. മണിമംഗലം മധുവിന്റെ വഴിയും കലയുടേതാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒ.എന്‍.വി കുറുപ്പിന്റെ അമ്മ എന്ന കവിത ചൊല്ലി ഒന്നാം സ്ഥാനം നേടുന്നതോടെ അയാള്‍ തുലഞ്ഞുപോകുന്നു. കലാകാരനാണെന്ന് സ്വയം വിശ്വസിക്കുന്നു. സിനിമയില്‍ ഭാഗ്യം പരീക്ഷിക്കുന്ന നിര്‍ഭാഗ്യവാനാവാനാണ് അയാളുടെ വിധി. ഈ കഥാപാത്രങ്ങളുടെ മുഴുവന്‍ കഥ പറയുന്ന സുധീഷ് നിലാവാകട്ടെ മുതലിനോടോ ധനത്തോടോ അത്യാര്‍ത്തിയൊന്നുമില്ലാത്ത ഒരു മരപ്പണിക്കാരനും. സുധീഷിന്റെ ആശാനായ പൂമരം ഗോപാലന്‍ ചെടികളിലും വേരുകളിലും വരെ ലഹരിക്കുള്ള വക തേടുന്ന നിര്‍മമനായ ഒരു വേദാന്തിയാണ്. പെണ്ണുങ്ങളുടെ തല്ലുവാങ്ങി, നിലാവ് വുഡ് വര്‍ക്‌സ് എന്ന മരപ്പണിക്കട സുധീഷിനെ ഏല്പിച്ച് നാടുവിടുമ്പോള്‍ ഒറ്റക്കാര്യമേ ആ പാവം വേദാന്തി ആവശ്യപ്പെട്ടുള്ളൂ. ഭഭസുധീഷേ നാട്ടുകാരുടെ മുന്നില്‍ നീയെന്നെ നല്ലവനാക്കണം.” സാഹിത്യം എഴുതാനറിയുന്ന ഒരാള്‍ക്ക് ആരെയും നല്ലവനാക്കാനോ ചീത്തയാക്കാനോ വലിയ പ്രയാസമൊന്നുമില്ലെന്ന് പൂമരം ഗോപാലനറിയാം. അതാണല്ലോ ഭാഷയുടെ കളി.
വയറ്റാട്ടി സത്യന്‍ ചേട്ടന്‍ പറയുന്നതിലാണ് കാര്യം. നോവലിസ്റ്റിന്റെ രചനാതന്ത്രം ഒളിഞ്ഞല്ല, തെളിഞ്ഞുതന്നെ കിടക്കുന്നതവിടെയാണ്.
“വയറ്റാട്ടി സത്യന്‍ ചേട്ടന്‍ പറയുന്നതില്‍ സത്യമേതാണ് കഥയേതാണ് എന്ന് ആര്‍ക്കും തിരിയില്ല. അതിപ്പ സത്യന്‍ ചേട്ടനെന്നല്ല ഝലൂക്കിയിലുള്ളോര് മുഴോന്‍ പറയുന്നത് ഇങ്ങനത്തെ അന്തോം കുന്തോം ഇല്ലാത്ത സംഭവങ്ങളാ. അസോലയുടെ കഥ നാഗന്‍ പയസ്സ് എന്നോട് പറഞ്ഞത് മൊത്തം കുഴച്ചുമറിച്ചാണ്.” പറയാവുന്നതും പറയാന്‍ പാടില്ലാത്തതുമായ മുഴുവന്‍ നിരീക്ഷണങ്ങളും കുഴച്ചുമറിച്ച് നാടന്‍ ഭാഷയില്‍ തട്ടിവിടുകയാണ് നോവലിസ്റ്റും. അന്തോം കുന്തോമില്ലാത്ത കഥകള്‍.
എല്ലാ സമ്പന്നരുടെ വളര്‍ച്ചയ്ക്ക് പിന്നിലും ഒരു കഥകാണും. സങ്കീര്‍ണവും യുക്തിരഹിതവുമായ ഒരു നാടോടിക്കഥ. കടുത്ത ദാരിദ്ര്യത്തില്‍ വളര്‍ന്ന് ലോകം വെട്ടിപ്പിടിച്ച കഥ. സമ്പത്തിന് സ്വയം നിലനില്‍ക്കാനാവില്ല. യുക്തിരഹിതമായ കഥകളുടെ തൊങ്ങലുകള്‍ വേണം. മുതലിനെ കഥകളാല്‍ പൊലിപ്പിച്ചെടുക്കണം. അങ്ങനെ ധനം, അധികാരം, ലഹരി, ലൈംഗികത തുടങ്ങിയ മോഹങ്ങള്‍ക്ക് പിറകെ കഥകളുമായി കറങ്ങുന്ന മനുഷ്യരുടെ നിസ്സഹായതയെക്കുറിച്ചുള്ള ദാര്‍ശനികമായ ആലോചനകളാണ് മുതലിന്റെ ഉള്‍ക്കാമ്പ്. ഈ ദാര്‍ശനികതയുടെ ആഴം ആവിഷ്‌കരിക്കപ്പെടുന്നതാവട്ടെ കൂതറ ഭാഷാപ്രയോഗങ്ങളിലൂടെയും. ഗഹനമായ ദര്‍ശനം പറയാന്‍ ഗഹനമായ ഭാഷ വേണമെന്ന ധാരണയെയും കുഴച്ചുമറിക്കുകയാണ് നോവലിസ്റ്റ്. ആഖ്യാനത്തിന്റെ കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്ന സുധീഷ് നിലാവ് എന്ന മരപ്പണിക്കാരന് ഗഹനമായ ഭാഷ പ്രയോഗിക്കേണ്ട ബാധ്യതയില്ലല്ലോ.