DCBOOKS
Malayalam News Literature Website

‘ നമ്മുടെ നഴ്സുമാർ മുൻനിരയിൽ ഉള്ളിടത്തോളം ഈ യുദ്ധത്തിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും’: മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി

നേഴ്‌സുമാരെ പറ്റി തന്നെ..

പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ഒരിക്കൽ കൂടി പറയാൻ സന്തോഷമേ ഉള്ളൂ.

എനിക്ക് ഫേസ്ബുക്ക് സുഹൃത്തുക്കളായി സമൂഹത്തിൽ നിന്നും അനവധി പ്രൊഫഷനിലുള്ള ആളുകളുണ്ട്. പക്ഷെ ഏറ്റവും കൂടുതൽ സുഹൃത്തുക്കൾ നഴ്സുമാർ തന്നെയാണ്.

ഇതങ്ങനെ വെറുതെ സംഭവിച്ചതല്ല. ഫേസ്ബുക്കിൽ സുഹൃത്തുക്കളുണ്ടായി വരുന്ന കാലത്ത് ഒരു ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയാൽ ഞാൻ ആദ്യം അവരുടെ പ്രൊഫൈൽ നോക്കും. നേഴ്സ് ആണെങ്കിൽ അപ്പോൾ തന്നെ ഫ്രണ്ട് ആക്കും. ഇത് അവരോടുള്ള വ്യക്തിപരമായ താല്പര്യമല്ല, ആ പ്രൊഫഷനിൽ ഉള്ളവരോടുള്ള ബഹുമാനമാണ്.

ഇതും വെറുതെ ഉണ്ടായതല്ല.

പണ്ട് കാൺപൂരിൽ പഠിക്കുന്ന കാലത്ത് കൊച്ചിൻ – ഗോരഖ് പൂർ ട്രെയിനിലാണ് കാൺപൂരിലേക്ക് പോകുന്നതും വരുന്നതും. എല്ലാ യാത്രയിലും കന്പാർട്ട്മെന്റിൽ അനവധി മലയാളി പെൺകുട്ടികളുണ്ടാകും. ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായമുളളവർ. അവരിൽ മിക്കവരും മഹാരാഷ്ട്ര മുതൽ യു. പി. വരെ അനവധി ഇടങ്ങളിൽ നേഴ്‌സുമാരായി ജോലി ചെയ്യുന്നവരായിരുന്നു (അല്ലെങ്കിൽ നേഴ്സിങ്ങിന് പഠിക്കുന്നവർ).

മിക്കവാറും ഒരേ സാമൂഹ്യ സാന്പത്തിക പരിസ്ഥിതിയിൽ നിന്നും വരുന്നവരായിരുന്നു അവർ. ലോവർ മിഡിൽ ക്ലാസ് കുടുംബങ്ങൾ, മിക്കവാറും ഹൈറേഞ്ച് – മലയോര പ്രദേശങ്ങളിലെ ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ളവർ. (ഇന്നിപ്പോൾ ഇതിലൊക്കെ വലിയ മാറ്റം വന്നിട്ടുണ്ട്. ആൺകുട്ടികളും നഴ്സുമാരായി കൂടുതൽ വരുന്നത് കാണുന്നു.).

യു. പി. യിലും എം. പി. യിലും ഒക്കെയുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് അവർ ജോലി ചെയ്യുന്നത്. ഐ. ഐ. ടി. യുടെ തൊട്ടടുത്തുള്ള പ്രദേശങ്ങളിൽ പോലും അന്ന് ടോയ്‌ലറ്റുകൾ ഇല്ല, അപ്പോൾ ഉൾനാടുകളിലെ കാര്യം ചിന്തിക്കാമല്ലോ. വർഗ്ഗീയ സംഘട്ടനങ്ങളും കൊള്ളക്കാരും ഒക്കെയുള്ള കാലം. ആ ഒരു കാലഘട്ടത്തിലാണ് നാട്ടിലെ ഗ്രാമങ്ങളിൽ നിന്ന് ചെറു പ്രായത്തിലുള്ള പെൺകുട്ടികൾ അവിടെ പോയി ഒറ്റക്ക് ജോലി ചെയ്യുന്നത്.

യു. പി. യിലും ബീഹാറിലുമുള്ള ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും വരുന്ന കുട്ടികൾ ഐ. ഐ. ടി. യിൽ എൻറെ കൂടെ ഉണ്ടായിരുന്നു. അവരോട് ഞാൻ ഇക്കാര്യം സംസാരിച്ചിരുന്നു. അവർക്കൊക്കെ മലയാളി നേഴ്‌സുമാർ എന്ന് പറഞ്ഞാൽ ജീവനാണ്.

സത്യത്തിൽ ജീവനും മരണവും തമ്മിൽ നമ്മളെ വേർതിരിച്ചു നിർത്തുന്നത് പലയിടങ്ങളിലും ഈ മലയാളി നഴ്‌സുമാരാണ്. ഡോക്ടർമാരും ആശുപത്രികളും ഒന്നുമില്ലാത്ത സാഹചര്യത്തിൽ പ്രസവം മുതൽ ഹാർട്ട് അറ്റാക്ക് വരെ ഇവർക്ക് കൈകാര്യം ചെയ്യേണ്ടി വരും. അതുകൊണ്ട് തന്നെ ഏതൊരു വർഗ്ഗീയ ലഹളക്കാലത്തും അവർ സുരക്ഷിതരാണ്. ഏതൊരു കൊള്ളക്കാരനും അവരുടെ മുന്നിൽ മീശ പിരിക്കില്ല. അവരോട് ആ ഗ്രാമത്തിലെ ഒരാളും അപമര്യാദയായി പെരുമാറില്ല. നമ്മുടെ നഴ്സുമാരോട് അവർ അത്രമാത്രം കടപ്പെട്ടിരിക്കുന്നു. പലപ്പോഴും ഗ്രാമങ്ങളിലെ കുടുംബപ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുന്നത് വരെ നേഴ്‌സുമാരാണ്.

എന്നാൽ ഇത്തരത്തിൽ ഏറ്റവും പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ആ നാട്ടുകാരുടെ ജീവൻ രക്ഷിക്കുന്ന, വിശ്വാസവും ബഹുമാനവും ആർജിച്ച ധൈര്യശാലികളായ നമ്മുടെ നഴ്സുമാരെ നമ്മുടെ നാട്ടുകാർ സത്യത്തിൽ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. (ഇപ്പോഴും അവരെ നമ്മൾ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്നാണ് എൻറെ അഭിപ്രായം).

അന്നേ തുടങ്ങിയതാണ് എനിക്ക് അവരോടുള്ള ഇഷ്ടവും ബഹുമാനവും.

പിൽക്കാലത്ത് ഗൾഫിൽ എത്തിയപ്പോൾ ഇതേ കാര്യം ഞാൻ വീണ്ടും കണ്ടു. ഒമാനിലെ മരുഭൂമിയിൽ ചുറ്റും നൂറു കിലോമീറ്ററോളം മണലാരണ്യം അല്ലാതെ മറ്റൊന്നുമില്ലാത്ത ഗ്രാമങ്ങളിലും ഒരു ഹെൽത്ത് സെന്ററും അവിടെ ഒരു മലയാളി നേഴ്സും ഉണ്ടാകും. ആ നാട്ടുകാരുടെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയായി, ജീവനും മരണത്തിനും ഇടക്കുള്ള വ്യത്യാസമായി, നാട്ടുകാരുടെ ബഹുമാനം നേടി.

സ്വിറ്റ്‌സർലണ്ടിൽ എത്തിയപ്പോഴും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. ഇവിടെ ജർമ്മൻ സംസാരിക്കുന്ന പ്രദേശങ്ങളിൽ ആയിരക്കണക്കിന് മലയാളി നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്. എല്ലാ ഗ്രാമങ്ങളിലും. വടക്കേ ഇന്ത്യയിലും ഗൾഫിലെ ഗ്രാമങ്ങളിലും ഒക്കെ നമ്മൾ സാധാരണ ചിന്തിക്കുന്ന നഴ്സിങ്ങിലും അപ്പുറത്തുള്ള ഉത്തരവാദിത്തങ്ങൾ നഴ്സുമാർ എടുക്കുന്നത് മറ്റു മാർഗ്ഗം ഇല്ലാത്തതുകൊണ്ടാകുന്പോൾ യൂറോപ്പിൽ നഴ്സുമാർക്ക് ഔദ്യോഗികമായി തന്നെ ഏറെ അധികാരങ്ങളും അവകാശങ്ങളും ഉണ്ട്. ഇവിടെയും നമ്മുടെ നഴ്സുമാർക്ക് ഏറെ നല്ല പേരുണ്ട്. നാട്ടുകാരുടെ ബഹുമാനവും.

മലയാളി നഴ്സുമാരുടെ കാര്യം പറയുന്നത് ഞാൻ അവരെ നേരിട്ട് അറിയുന്നത് കൊണ്ടാണ്. മറ്റുള്ള നാട്ടിൽ ഉള്ള നഴ്സുമാരുടെ കഥയും വ്യത്യസ്തമല്ല. ഈ കൊറോണക്കാലത്തും കൊറോണക്കെതിരെയുള്ള യുദ്ധത്തിൽ ലോകത്തെവിടെയും നഴ്സുമാർ മുൻപന്തിയിൽ ഉണ്ട്. കൊറോണയുടെ ആദ്യത്തെ രണ്ടുമാസത്തിൽ തന്നെ ഇറ്റലിയിൽ പതിനേഴായിരം ആരോഗ്യപ്രവർത്തകർക്കാണ് രോഗം ഉണ്ടായത്, മൊത്തം രോഗികൾ അതിൻറെ പത്തു ശതമാനം. അതിൽ ഒട്ടേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആ മരിച്ചവരിൽ 53 പേർ നഴ്സുമാരായിരുന്നു. പതിനെട്ടും ഇരുപത്തി നാലും മണിക്കൂറുകൾ ജോലി ചെയ്ത് തളർന്നിരിക്കുന്ന നഴ്സുമാരുടെ ചിത്രം നമ്മൾ ഏറെ കണ്ടു. ചുറ്റുമുള്ള മരണങ്ങൾ കണ്ടുമടുത്ത് സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച നഴ്സുമാരുടെ കഥകൾ നമ്മൾ കേട്ടു. എന്നിട്ടും ഒരാൾ പോലും പിറ്റേന്ന് ജോലിക്ക് പോകുന്നില്ല എന്ന് വിചാരിച്ച് പിന്തിരിഞ്ഞില്ല. അവരുടെ തൊഴിലിനോടുള്ള കമ്മിറ്റ്മെന്റ് അത്ര ഉയർന്നതാണ്. എത്രയോ യുദ്ധ ദുരന്ത പ്രദേശങ്ങളിൽ ഞാൻ അത് നേരിട്ട് കണ്ടിരിക്കുന്നു.

ഈ കൊറോണക്കാലത്ത് ലോകത്ത് അനവധി രാജ്യങ്ങളിൽ നമ്മുടെ നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്. പലയിടത്തും ഡോക്ടർമാർ പോലും ഇല്ലാത്ത സാഹചര്യത്തിൽ ആളുകളുടെ അവസാനത്തെ പ്രതീക്ഷയും അവർ തന്നെയാണ്. യു. കെ.യിൽ നിന്നും ഗൾഫിൽ നിന്നും വടക്കേ ഇന്ത്യയിൽ നിന്നുമെല്ലാം നഴ്സുമാരുടെ മരണവർത്തകളും നാം കേട്ടു കഴിഞ്ഞു. പക്ഷെ യുദ്ധം തുടരുന്നു. നഴ്സുമാർ യുദ്ധമുഖത്തുണ്ട്.

ഈ യുദ്ധം കഴിയുന്പോൾ ലോകത്തെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ അനുഭവ കഥകൾ ഒരു പുസ്തകമാക്കണമെന്ന് എനിക്കൊരു പരിപാടിയുണ്ട്. എൻറെ സുഹൃത്തും കണ്ണൂരിൽ നഴ്സിംഗ് കോളേജ് പ്രിൻസിപ്പലും ആയ Joselin Mariet നോട് ഞാൻ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. കൊറോണ വഷളാകുന്ന സാഹചര്യത്തിൽ പ്രോജക്ട് അല്പം നീട്ടി വെച്ചിരിക്കയാണ്.

പക്ഷെ നമ്മുടെ നഴ്സുമാർ മുൻനിരയിൽ ഉള്ളിടത്തോളം ഈ യുദ്ധത്തിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും. ഇന്നിപ്പോൾ എല്ലാ ദിവസവും നഴ്സുമാരുടെ ദിവസമാണെങ്കിലും ഔപചാരികതയുടെ പേരിൽ ഞാൻ എൻറെ എല്ലാ നേഴ്സ് സുഹൃത്തുക്കൾക്കും ആശംസകൾ അർപ്പിക്കുന്നു.

നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്.

👉മുരളി തുമ്മാരുകുടിയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി ക്ലിക്ക് ചെയ്യൂ

Comments are closed.