നീറ്റൽ ബാക്കിവയ്ക്കുന്ന ഫ്രഞ്ച് കിസ്സ്!
മിനി പിസി യുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഫ്രഞ്ച്കിസ്സ് എന്ന പുസ്തകത്തെക്കുറിച്ച് മുരളി തുമ്മാരുകുടി പങ്കുവെച്ച കുറിപ്പ്
“സർ, പുതിയ ബുക്ക് ഇറങ്ങി. ഫ്രഞ്ച് കിസ്സ് എന്നാണ് പേര് (ഡി സി ബുക്‌സ്). സാറിന് ബുക്ക് അയക്കണം എന്നുണ്ട്, അഡ്രസ് തരാമോ?”
ഡിസംബറിൽ കിട്ടിയ ഒരു പ്രൈവറ്റ് മെസ്സേജ് ആണ്.
മാസത്തിലൊരിക്കലെങ്കിലും ഇത്തരത്തിൽ മെസ്സേജുകൾ കിട്ടാറുണ്ട്. പൊതുവിൽ ഞാൻ പുസ്തകങ്ങൾ അയച്ചു തരാൻ ആവശ്യപ്പെടാറില്ല, ആഗ്രഹിക്കാറുമില്ല. ഇതിന് പല കാരണങ്ങൾ ഉണ്ട്.
1. പുസ്തകങ്ങൾ പണം കൊടുത്തു വാങ്ങണം എന്ന് ആഗ്രഹമുള്ള ആളാണ് ഞാൻ, സാധിക്കുമ്പോൾ ഒക്കെ അത് ചെയ്യുന്നുമുണ്ട്.
2. ഒരാൾ പുസ്തകം അയച്ചു തന്നാൽ പിന്നെ ഉടൻ തന്നെ അത് ഞാൻ വായിക്കുമെന്ന് അവർ പ്രതീക്ഷിക്കും, അത് തെറ്റല്ല. പക്ഷെ കാശുകൊടുത്തു വാങ്ങിയിട്ടും വർഷങ്ങൾ ആയി വായിക്കാത്ത പുസ്തകങ്ങൾ എൻ്റെ കയ്യിൽ ഉണ്ട്. അപ്പോൾ നിർബന്ധമായി വായിക്കണം എന്ന് തോന്നുന്നത് സുഖമുള്ള കാര്യമല്ല.
3. എനിക്കൊരാൾ പുസ്തകം അയക്കുമ്പോൾ അത് ഞാൻ വായിക്കണം എന്ന് മാത്രമല്ല അതിനെ പറ്റി എന്തെങ്കിലും ഫേസ്ബുക്കിൽ കുറിക്കണമെന്നും ആളുകൾ ആഗ്രഹിക്കും, അതും തെറ്റല്ല. പക്ഷെ പുസ്തകം നല്ലതല്ലെങ്കിൽ ഞാൻ ധർമ്മ സങ്കടത്തിൽ ആകും. പുസ്തകം നല്ലതല്ല എന്നെഴുതിയാൽ എനിക്ക് പുസ്തകം അയച്ചു തന്നവർക്ക് “വെളുക്കാൻ തേച്ചത് പാണ്ടായി” എന്ന സ്ഥിതിയാകും. നല്ലതല്ലാത്ത പുസ്തകം നല്ലതാണെന്ന് എഴുതിയാൽ എൻ്റെ വായനക്കാരുടെ ഇടയിൽ എൻ്റെ ക്രെഡിബിലിറ്റി കുറയും. പുസ്തകം വായിച്ചിട്ടും എഴുതിയില്ലെങ്കിൽ
“ജാടയാണോ മോളൂസേ” എന്ന ചോദ്യം വരും,
എന്താണെങ്കിലും ഫ്രഞ്ച് കിസ്സ് എന്നൊക്കെ പേര് കേട്ടതുകൊണ്ടാകണം, ഞാൻ പുസ്തകം അയക്കാൻ അഡ്രസ്സ് കൊടുത്തു.
രണ്ടാഴ്ച മുൻപ് വയനാടിന് പോകുന്ന വഴി വണ്ടിയിലിരുന്ന് പുസ്തകം വായിച്ചു തുടങ്ങി.
പത്തു കഥകൾ ഉണ്ട്. ചെറിയ കഥകൾ അല്ല, അല്പം നീളമുള്ളവ തന്നെയാണ്. “ഫ്രഞ്ച് കിസ്സ്” അതിൽ ഒരു കഥയാണ്. സ്വാഭാവികമായും അത് തന്നെ തിരഞ്ഞെടുത്തു.
വല്ലാത്ത ചതിയായിപ്പോയി !!
ഫ്രഞ്ച് കിസ്സിൽ ഫ്രാൻസും കിസ്സും ഒന്നുമില്ല. നമുക്കൊക്കെ പരിചയമുള്ള അനുഭവങ്ങളുടെയും നമുക്കില്ലാത്ത ഭാവനയുടേയും അതിശയകരമായ സമ്മേളനം ആണ്. ആരോഗ്യമുള്ള കാലത്ത് ആരേയും കൂസാതെ, മറ്റുള്ളവരെ ആവുന്നത്ര ദ്രോഹിച്ച്, അവരുടെ വിഷമങ്ങൾ മനസ്സിലാക്കാതെ ജീവിച്ച ഒരാൾ പഴുത്തു നാറി മക്കളാലും മരുമക്കളാലും വെറുക്കപ്പെട്ട് ഒരിക്കൽ താൻ ദ്രോഹിച്ച ആളുടെ അടുക്കൽ ചികിത്സ തേടി എത്തുന്ന കഥയാണ്.
വായിച്ചു ഞാൻ നടുങ്ങി. പല തരത്തിൽ.
ഇത്ര മിടുക്കിയായ ഒരു കഥാകാരി എൻ്റെ നാട്ടിൽ ഉണ്ടായിട്ടും എന്താണ് ഞാൻ ഇതുവരെ അറിയാതിരുന്നത് ?
എത്ര അനായാസമായിട്ടാണ്
മിനി കഥ പറയുന്നത് ?
എവിടെയാണ് ഇവരുടെ ചിന്തകളുടെ ഉറവിടം ?
ഈ പുസ്തകത്തെ പറ്റി ഞാൻ കൂടുതൽ പറയുന്നില്ല.
പുസ്തകം വായിക്കുന്ന ശീലം ഉള്ളവർ തീർച്ചയായും ഈ പുസ്തകം വാങ്ങി വായിക്കണം. സന്തോഷിപ്പിക്കുന്ന “ഫീൽ ഗുഡ്” കഥകൾ ഒന്നുമല്ല. പക്ഷെ കഥ പറച്ചിലിന്റെ രീതിയും മർമ്മവും അറിയാവുന്ന ഒരാളുടെ എഴുത്താണ്. ഇനിയും മിനിയിൽ നിന്നും ഏറെ നാം കേൾക്കനുണ്ട്. ഫ്രഞ്ച് കിസ്സ് നൽകിയ നീറ്റലോടെ അത് ഞാൻ കാത്തിരിക്കുന്നു.
എല്ലാ ആശംസകളും
Comments are closed.