ആരാകണം യഥാര്‍ത്ഥ ഗുരു?
അക്ഷരത്തില്‍ വിരിഞ്ഞത് ആരായിരുന്നു? എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു ഗുരു. ‘നാരായണ ഗുരുവും നടരാജഗുരുവും ‘ എന്ന വിഷയത്തില്‍ മുനി നാരായണപ്രസാദ്, എന്‍.ഇ സുധീര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ച ഗുരുവിന്റെ ദര്‍ശനങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലുന്ന ഒന്നായിരുന്നു. വര്‍ത്തമാനകാലത്ത് നാരായണ ഗുരു തെറ്റിദ്ധരിക്കപ്പെടുന്നു എന്ന പ്രധാനപ്പെട്ട ആശയത്തോടെയാണ് ചര്‍ച്ചകള്‍ക്ക് എന്‍.ഇ സുധീര്‍ തുടക്കം കുറിച്ചത്.
സത്യാന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു താന്‍ ഗുരുവിനോട് അടുത്തതെന്ന ആമുഖത്തോടെയാണ് മുനി നാരായണപ്രസാദ് തന്റെ വീക്ഷണങ്ങള്‍ പങ്കു വെച്ചത്. സത്യത്തെ പലതായി കാണാതെ സത്യം ഒന്നാണ് എന്ന് വിശ്വസിച്ച ഗുരു ആത്യന്തികമായ സത്യം അറിവാണ് എന്ന് വിശ്വസിച്ചു. ഉപനിഷത്തുക്കളെയും ആധുനിക ചിന്തകളെയും ഒരുമിച്ചു ചേര്‍ത്തുവെച്ച വ്യക്തിയായിരുന്നു ഗുരു എന്നും അദ്ദേഹം പറഞ്ഞു. ഗുരുവിന്റെ കൃതികളിലെ ശൈവ സിദ്ധാന്തത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ചിന്തകളും ചര്‍ച്ചയുടെ ഭാഗമായി. നാരായണ ഗുരുവിന്റെ ശിഷ്യനും ഗുരുകുലത്തിന്റെ സ്ഥാപകനുമായ നടരാജഗുരുവിനെ കേരള ജനത മറന്നു പോകരുതെന്ന ഓര്‍മ്മപ്പെടുത്തല്‍ ചര്‍ച്ചയുടെ ഭാഗമായി നടന്നു.
ഗുരുവിന്റെ കൃതികളിലെ ഭാഷ സാധാരണ ജനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണെന്ന സംശയം എന്‍.ഇ.സുധീര്‍ ഉന്നയിച്ചു. വ്യക്തിപരമായി ഈ വാദത്തോടു താന്‍ യോജിക്കുന്നില്ലെന്നും ഗുരുവിന്റെ കൃതികള്‍ ഇന്നും നിലനില്‍ക്കുന്നതാണ് ഇതിനുള്ള തെളിവ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗുരുവിനെ സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഒരു വിഭാഗം ശ്രമിക്കുന്നു എന്നതിലെ വെല്ലുവിളികളെക്കുറിച്ച് സദസ്സിലുള്ളവരും സംശയം ഉന്നയിച്ചു. ഈ ശക്തികളെ തിരിച്ചറിയണമെന്ന ഉത്‌ബോധനത്തോടെയായിരുന്നു ചര്‍ച്ച അവസാനിച്ചത്.
Comments are closed.