DCBOOKS
Malayalam News Literature Website

ആണഹങ്കാരത്തെ വീർപ്പുമുട്ടിക്കുന്ന ‘മുങ്ങാങ്കുഴി’കൾ

ആഷ് അഷിതയുടെ ‘മുങ്ങാങ്കുഴി’ എന്ന കഥാസമാഹാരത്തിന്  വിഷ്ണുമംഗലം കുമാർ എഴുതിയ വായനാനുഭവം

മലയാള ചെറുകഥയിൽ വേറിട്ട ചാലിലൂടെ മുന്നേറി ഒന്നാംനിരയിലേക്ക് തന്റേടത്തോടെ ഓടിക്കയറുന്ന യുവ എഴുത്തുകാരിയാണ് ബംഗളുരുനിവാസിയായ ആഷ് അഷിത. മലയാള വായനക്കാർക്ക് അത്ര പരിചിതമല്ലാത്ത കഥാപരിസരം കണ്ടെത്തുന്നതിലും കഥ പറച്ചിലിൽ ഇടിമുഴക്കം സൃഷ്ടിക്കുന്നതിലും അഷിത കാട്ടുന്ന വിരുത് അസൂയാവഹമാണ്. അപൂർവ്വ ചാരുതയുള്ള ഒരു ഭാഷ സ്വന്തമായുണ്ട് ഈ എഴുത്തുകാരിയ്ക്ക്. ഗ്രാമീണവും നാഗരികവുമായ അനുഭവങ്ങളുടെ തനിമയും സൂക്ഷ്മതയും പദസമ്പത്തിലെ വൈവിധ്യവും അവരുടെ കഥകൾ വ്യത്യസ്തമാക്കുന്നു.

ആധുനിക നഗരദാമ്പത്യത്തിലെ അന്തർസംഘർഷങ്ങളും പൊള്ളലുകളും ശമിക്കാത്ത അശാന്തിയും അതിശയിപ്പിക്കുന്ന സർഗ്ഗ വൈഭവത്തോടെ അടയാളപ്പെടുത്തുന്നുണ്ട് പല കഥകളിലും ഈ എഴുത്തുകാരി. സ്ത്രീകൾ പ്രണയവും രതിയുമൊക്കെ പരാമർശിക്കുമ്പോൾ മിതത്വം പാലിക്കണമെന്ന് ശഠിക്കുന്ന പുരുഷ- കുലസ്ത്രീ നിയന്ത്രിത സമൂഹം സാഹിത്യത്തിലും ചില ലക്ഷ്മണരേഖകൾ വരച്ചുവെച്ചിട്ടുണ്ടല്ലോ. ആ ബാരിക്കേഡുകൾ തൊഴിച്ചെറിയുന്നുണ്ട് അഷിത പലപ്പോഴും. എന്നാൽ അവരുടെ ലൈംഗിക പരാമർശങ്ങൾ ഒന്നുംതന്നെ അശ്ലീലമാകുന്നില്ല. സർഗ്ഗവൈഭവത്തോടെ ചേർത്തുവെക്കുന്ന പദക്കൂട്ടുകളാൽ അവ രചനാപരമായ ഔന്നത്യം പ്രാപിക്കുകയും അതുവഴി അത്യന്തം ആസ്വാദ്യകരമായി തീരുകയുമാണ്. മറ്റുള്ളവർ സദാചാര പാരവശ്യത്തോടെ ഒളിപ്പിക്കുന്നത് അഷിത അരിശത്തോടെ വലിച്ചുപുറത്തിടുന്നു. അപ്പോഴൊക്കെയും സൗന്ദര്യം വർദ്ധിക്കുകയല്ലാതെ വികൃതമാകുന്നില്ല എന്നിടത്താണ് അഷിതയുടെ കഥയെഴുത്ത് വ്യത്യസ്തമാകുന്നത്. പൊള്ളയായ ആണഹങ്കാരത്തിന്റെ വരിയുടച്ചുകളയുന്നുണ്ട് പല കഥകളിലും നിർദ്ദയം ഈ എഴുത്തുകാരി.

പുതുകഥോത്സവത്തിന്റെ ഭാഗമായി ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മുങ്ങാങ്കുഴി എന്ന സമാഹാരത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോൾ തെളിയുന്നത് ആണത്തത്തിന്റെ കാപട്യവും ആൺ പെൺ ബന്ധത്തിലെ വിഹ്വലതകളും തന്നെയാണ്. ‘വരുഗീസിന് പെണ്ണുങ്ങളെയും പാമ്പുകളെയും Textപേടിയാണെന്ന് ചില്ലാനമ്മായി പറഞ്ഞത് നേരാന്നോ?, എന്ന് ‘മുങ്ങാങ്കുഴി‘യിലെ കാട്ടുസ്വഭാവമുള്ള, പെരുങ്കള്ളി കാളി ചോദിക്കുമ്പോൾ വരുഗീസ് വിരണ്ടുപോകുന്നുണ്ട്.കാളിയുടെ തനിക്കൊണമറിയാൻ അവളുടെ വിഹാരഭൂമിയുടെ ചിത്രം അഷിത വരച്ചിട്ടത് വായിക്കണം “….. ഒരമ്മ പെറ്റ പോലെ കിടക്കുന്ന പറമ്പുകൾക്ക് പട്ടാളച്ചിട്ടയിൽ നിരന്നുനിൽക്കുന്ന കമ്മ്യുണിസ്റ്റ് അപ്പയാണ് വേലി തീരുമാനിച്ചിരിക്കുന്നത്. മൂശേട്ട മുരിക്ക്, മൂർച്ച രാകിനിൽക്കുന്ന കൈതകൾ, കണ്ടപൂച്ചിയും ശല ഭോ വന്നിരുന്ന് ചൊവന്നുപോയ കാട്ടുതെച്ചി പൊന്തകൾ, നീളൻ വട്ടമരം, വയണയിൽ കിടന്നൂഞ്ഞാലാടുന്ന ചൂരൽ വള്ളികൾ, കഴിഞ്ഞ മഴയ്ക്ക് തലപൊക്കിയ ചന്ദനതൈകൾ, തേക്കിൻ പൊടിക്കുഞ്ഞുങ്ങൾ, തൊട്ടാവാടി പരവതാനി, ഞാറപ്പഴക്കൂട്ടം, ഒടിച്ചുകുത്തി നീല, പൂച്ചെടിപ്പുതപ്പ്…. എല്ലാം മനുഷ്യരെ തീണ്ടാത്ത ഉശിരിൽ തലങ്ങും വിലങ്ങും തഴച്ചു നിൽപ്പാണ്…. ” മുങ്ങാങ്കുഴിയിടാനിപ്പോഴും പേടിയാണോ വറുഗീസെ എന്നവൾ പിന്നീടൊരിക്കൽ കൈനീട്ടി വിളിച്ചുചോദിച്ചപ്പോൾ അവൻ ഒന്നും മിണ്ടിയില്ല. കാളി പെരുങ്കള്ളി. നഗ്നമായ എന്റെ അരക്കെട്ടിൽ പിടിച്ചവളെന്നെ മുങ്ങാങ്കുഴിയിലേക്ക് താഴ്ത്തി എന്നെഴുതിയാണ് അഷിത കഥ തീർക്കുന്നത്.

വയ്യാക്കുട്ടിയായ ആലിയയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന വിഷാദരോഗിയായ പൂർബിത യെ മറ്റൊരു അഭിശപ്ത നിമിഷത്തിൽ ഉയർന്ന നിലയിലെ ഫ്ലാറ്റിൽ നിന്ന് തള്ളിയിട്ടു കൊന്ന ഭർത്താവിന്റെ വിഹ്വലതയാണ് റിമ്പോച്ചെ എന്ന കഥ. റിമ്പോച്ചെ ഒരു പൂച്ചയാണ്. ‘നാശംപിടിച്ച പൂച്ച ഔചിത്യമില്ലാത്ത മനുഷ്യരെ പോലെയാണ്. അനാവശ്യ നേരങ്ങളിൽ ജീവിതത്തിൽ വന്നുചാടും’ അഷിത കുറിക്കുന്നു. പ്രസവ ശേഷം വിഷാദരോഗത്തിന് കീഴ്പ്പെട്ട പൂർബിത. ഏഴാം മാസത്തിൽ അവൾ പെറ്റിട്ടത് വയ്യാകുട്ടിയെയായിരുന്നു. ആലിയയുടെ ചേർച്ചയില്ലാത്ത ഉടലും കൈകാലുകളും വളർന്നപ്പോൾ പൂർബിതയുടെ വിഷാദരോഗവും മൂർച്ഛിച്ചു. ആ വീട്ടിൽ പിന്നെ സ്വസ്ഥജീവിതം അന്തിയുറങ്ങിയിട്ടില്ല. ഈ കഥയിൽ ആധുനിക കുടുംബ ജീവിതത്തിലെ ചില വിചിത്ര സത്യങ്ങൾ അഷിത വിളിച്ചുപറയുന്നുണ്ട്. ലിലിയൻ റൊസാറിയോ എന്ന ന്യുഡ് മോഡലിന്റെ കഥയാണ് ബ്രൗൺ മൺറോയുടെ വീഞ്ഞുരാത്രി. കുഞ്ഞുന്നാളിലേ അവളിൽ ആഴ്ന്നിറങ്ങിയത് സ്വന്തം പിതാവാണ്. ഭയപ്പാടിലാണ് അവൾ ചതഞ്ഞരഞ്ഞത്. ഭയം പിന്നീടെപ്പോഴോ വന്യമായ ആസക്തിയായി അവളെ ചൂഴ്ന്നുനിന്നു. ‘ഞാനെത്ര അഴിച്ചുകളഞ്ഞാലും ഉടലിൽ നിന്നും വേർപെട്ടുപോവാത്ത അഴുകിയ ഉടുപ്പാണ് അയാളെന്ന്’ കമ്പം തോന്നി അടുത്തുകൂടിയ മധ്യ വയസ്കനായ പുതിയ കാമുകനോട് ലിലിയൻ പറയുന്നുണ്ട്. ‘വെള്ളച്ചാട്ടത്തിൽ നിന്ന് നനഞ്ഞ ഉടലിനെ പാറപ്പുറത്ത് ഉണക്കാ നിട്ടപ്പോഴാണ് അവനെന്നെ തുറന്നുനോക്കിയത്’ -ലിലിയന്റെ ഈ മനോഗതം കഥയുടെ മറ്റൊരു സന്ദർഭത്തിലാണ്. പ്രലോഭിതനായ മധ്യവയസ്കൻ അവളിലേക്ക് പടർന്നുകയറി. ഉന്മാദത്തിന്റെ മൂർച്ചയിൽ അവൾ അപ്പാ അപ്പാ എന്ന് വിളിച്ചുകൂവുന്നതിൽ നിന്നും വായനക്കാരന് എല്ലാം വായിച്ചെടുക്കാനാവും. കഥ പ്രക്ഷുബ്ധമാവുകയാണ്. അനുവാചകരെ ഒരുതരം മതിഭ്രമത്തിലേക്കാണ് ഇക്കഥ യിലൂടെ രചയിതാവ് തള്ളിവിടുന്നത്.

ഉണ്ണിപ്പേരി എന്ന ദളിത്‌ സ്ത്രീ (പെൺകുട്ടി )യുടെ ജീവിതസംഘർഷങ്ങളാണ് ഇന്ദ്രാഗാന്ധി എന്നകഥയിൽ ഉരുത്തിരിയുന്നത്.  നാല്പത് കൊല്ലം മുമ്പത്തെ ഗ്രാമാന്തരീക്ഷമാണ് കഥാ പരിസരം. ‘ഇന്ദിരാഗാന്ധിയെ തലേക്കെട്ടും താടിയുമുള്ള കാവൽക്കാരന്മാർ വെടിവെച്ചു വീഴ്ത്തിയ അന്നാണ് ഉണ്ണിപ്പേരി കന്നിപ്പേറ് പെറ്റത്’ എന്ന വാചകത്തോടെയാണ് കഥ തുടങ്ങുന്നത്. ഉണ്ണിപ്പേരിയ്ക്ക് ഇന്ദ്രാഗാന്ധി എന്ന പേരു വീഴാൻ കാരണങ്ങൾ വേറെയുമുണ്ട്. ഉണ്ണിപ്പേരിയ്ക്ക് ആരാണ് വയറ്റിലുണ്ടാക്കിയത് എന്നതാണ് സദാചാരത്തിന്റ സംരക്ഷകരായ നാട്ടുകാരുടെ ഉൽക്കണ്ഠ. കാരണം ഉണ്ണിപ്പേരിയ്ക്ക് ഭർത്താവില്ല. കാളക്കൂറ്റനായ തങ്കനാണ് അവളെ ആദ്യം കെട്ടിയത്. പിന്നെ മറ്റൊരാൾ. രണ്ടും ‘കാര്യം തീർത്തതാണ്’. “തീയ്യന്മാര് കൂടെ കെടന്ന കാലത്തൊന്നും പെറാത്തോളാണ്. മാഞ്ഞാളം നിർത്തീട്ട് കാര്യം പറ. അന്നെ പെഴപ്പിച്ചോനാരാ?” കള്ളുവിറ്റ് പ്രമാണിയായ ചോലയിൽ വാസു ചോദിച്ചു. “ന്നെ പെഴപ്പിച്ചൂന്ന് ങ്ങക്ക് ആരാ കേസ് തന്നേ?” അതായിരുന്നു മറുചോദ്യം. ഉണ്ണിപ്പേരിയുടെ പേറാണ് കഥയിലുടനീളം വിവരിക്കുന്നത്. ഗർഭത്തിന് ഉത്തരവാദി ആരാണെന്ന് ഉണ്ണിപ്പേരി പറയുന്നില്ല. എന്നാൽ അഷിത നമ്മോട് പറയുന്നുണ്ട്.

മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്ന ആഷ് അഷിതയുടെ പത്തുകഥകളുടെ സമാഹാരമാണ് മുങ്ങാങ്കുഴി. പത്തും വ്യത്യസ്തവും ശ്രദ്ധേയവുമായ കഥകൾ. നാലു കഥകളെ കുറിച്ചേ ഈ കുറിപ്പിൽ പരാമർശിച്ചിട്ടുള്ളൂ. അഷിത യുടെ നാലാമത്തെ പുസ്തകമാണിത്. മഷ്റൂം ക്യാ റ്റ്സ് (നോവൽ), മോഹനസ്വാമി (പരിഭാഷ), ജെന്നിഫറും പൂച്ചക്കണ്ണുകളും (കഥാ സമാഹാരം) എന്നിവയാണ് മറ്റു പുസ്തകങ്ങൾ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.