DCBOOKS
Malayalam News Literature Website

എന്തെന്നാല്‍, അവന്‍ നിറയ്ക്കപ്പെടും…

വിനോയ് തോമസിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം മുള്ളരഞ്ഞാണത്തിന് എഴുത്തുകാരന്‍ എന്‍. ശശിധരന്‍ എഴുതിയ അവതാരിക.

കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിത്തുടങ്ങിയ പുതുമുറക്കാരായ ഏതാനും എഴുത്തുകാരാണ്, ഇന്ന് മലയാള ചെറുകഥയുടെ ഭാവുകത്വപരമായ കുതിപ്പും ചലനാത്മകതയും നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ പെട്ടെന്ന് തിരിച്ചറിയപ്പെടാതെപോകുന്ന അനുഭവങ്ങളും കണ്ടെടുക്കപ്പെടാതെപോകുന്ന ചരിത്രയാഥാര്‍ത്ഥ്യങ്ങളും എക്കാലത്തും ഫിക്ഷനിലാണ് ആദ്യം പ്രത്യക്ഷമാവുക (ഫിക്ഷന്‍ യാഥാര്‍ത്ഥ്യത്തെക്കാള്‍ യഥാതഥമാണ് എന്ന വാദം സാഹിത്യചിന്തകളില്‍ ഇന്ന് സജീവമാണ്). ഇങ്ങനെ ഒരു ജൈവപ്രകൃതിയും ഇങ്ങനെ ഒരു മനുഷ്യജീവിതവും നമുക്കുണ്ടായിരുന്നോ എന്ന് വിസ്മയിപ്പിക്കുന്ന മാന്ത്രികയാഥാര്‍ത്ഥ്യങ്ങളായിട്ടാണ് വായനക്കാര്‍ പുതിയ കഥകളെ ഉള്‍ക്കൊള്ളുന്നത്. എഴുതുന്നയാളിന്റെ വ്യക്തിപരവും സര്‍ഗ്ഗാത്മകവുമായ കര്‍ത്തൃത്വത്തെ ഉല്ലംഘിച്ച്, പ്രാദേശികവും സാമൂഹികവുമായ സ്വത്വങ്ങള്‍ കേന്ദ്രസ്ഥാനത്തു വരുമ്പോഴാണ് ഇത്തരം എഴുത്തുകള്‍ സംഭവിക്കുന്നത്. അനുഭവങ്ങള്‍ക്കും അവയുടേതായ ശരീരവും ഭാഷയും വ്യാകരണവുമുണ്ട്; സംസ്‌കൃതിയുടെ അടിവേരുകള്‍ക്കൊപ്പം അവ വീണ്ടെടുക്കുമ്പോള്‍ മാത്രമേ മനുഷ്യഭാഷയില്‍ അവയ്ക്ക് ആവിഷ്‌കാരം സാധ്യമാകൂ.

അപൂര്‍വ്വമായ ജീവിതമേഖലകളും അത്യപൂര്‍വ്വമായ ജീവിതസന്ധികളും കണ്ടെത്തുക, സമകാലജീവിതവുമായി അവയെ വൈരുദ്ധ്യാത്മകമായി ബന്ധിപ്പിക്കുക, മതം, രാഷ്ട്രീയം തുടങ്ങിയ സാമൂഹികപരികല്പനകള്‍ക്കകത്ത് വിമര്‍ശനാത്മകമായി വിന്യസിക്കുക, നാടന്‍ നര്‍മ്മത്തിന്റെയും ധ്വന്യാത്മകമായ വിരുദ്ധോക്തിയുടെയും ലാളിത്യംകൊണ്ട് കഥയുടെ പ്രഹേളികാസ്വഭാവം നിലനിര്‍ത്തുക, അങ്ങനെ ഭാഷയ്ക്കകത്ത് ഒരു മറുഭാഷയുടെ സൃഷ്ടി സാധ്യമാക്കുക… വിനോയ് തോമസിന്റെ സര്‍ഗ്ഗാത്മകതയുടെ അടരുകള്‍ ഇങ്ങനെ പലതാണ്. പ്രകൃതിയെയും അതില്‍ ഉള്‍പ്പെട്ട സചേതനവും അചേതനവുമായ സാന്നിധ്യങ്ങളെയും അവയുടെ അസംസ്‌കൃതപ്രഭാവത്തില്‍ അവതരിപ്പിക്കാനാണ് മിക്കപ്പോഴും ഈ എഴുത്തുകാരന്‍ ശ്രമിച്ചു കാണുന്നത്. ആദ്യസമാഹാരമായ ‘രാമച്ചി’യില്‍നിന്നും ‘മുള്ളരഞ്ഞാണ’ത്തിലെത്തുമ്പോള്‍ ഈ പരിചരണരീതി കുറെക്കൂടി ബലിഷ്ഠവും ധ്വന്യാത്മകവുമായിത്തീരുന്നു. ചെറിയ അനുഭവങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്ന വലിയ ലോകങ്ങള്‍ അവയുടെ മുള്‍മുനകളുമായി വായനക്കാരെ യുദ്ധോദ്യുക്തരായി അഭിമുഖീകരിക്കുന്ന അനുഭവമാണിത്.

വിനോയ് തോമസിന്റെ രചനകളില്‍ അല്പം വേറിട്ടു നില്ക്കുന്ന കഥയാണ് ‘ആനന്ദബ്രാന്റന്‍.’ ചക്കക്കുരു കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള എളുപ്പവഴിയും, യേറ്റ്‌സിന്റെ വരികളെ സാര്‍ത്ഥകമാക്കുന്ന പ്രണയപാഠങ്ങളും, ചാലിയപദത്തിന്റെ നിരുക്തിയും, പേര്‍ഷ്യത്തൊമ്മന്‍ ക്രിസ്ത്യാനികളുടെ പൈതൃകചരിത്രവും, ആടിന്റെ തലയും കാലും പാളയംകോടന്‍പഴവും ചേര്‍ത്തു പുളിപ്പിച്ച് വാറ്റിയെടുക്കുന്ന നാടന്‍ കോഞ്ഞ്യാക്കിന്റെ റെസിപ്പിയും കൊതിയൂറുംമട്ടില്‍ അവതരിപ്പിക്കപ്പെടുന്ന ഈ കഥയുടെ പശ്ചാത്തലം, ചാക്കാട്‌തെരുമുതല്‍ കണ്ണൂരിലും എറണാകുളത്തും സ്വിസ്റ്റ്‌സര്‍ലന്റിലും ന്യൂസൗത്ത്‌വെയില്‍സിലും ടോക്യോവിലും ബാലിദ്വീപിലും പോളിനേഷ്യയിലുമൊക്കെയായി പടര്‍ന്നു പന്തലിക്കുന്നുണ്ട്. കേന്ദ്രകഥാപാത്രമായ നിജേഷിന്റെ ആനന്ദാന്വേഷണങ്ങളുടെ ജനിതകപ്രഭവമായ പൊറാട്ടുനാടകത്തിന്റെ അടിസ്ഥാനഘടകങ്ങള്‍ മുഖ്യമായും രണ്ടാണ്. ഒന്ന്, ലൈംഗികതയിലുള്ള പ്രകടമായ ഊന്നല്‍. മറ്റൊന്ന്, അസ്തിത്വപരമായ ഉണ്മയെ പരിഹസിക്കല്‍. ഈ രണ്ടു സവിശേഷതകള്‍തന്നെയാണ് നിജേഷിനെ ആനന്ദാനുഭവങ്ങളുടെ രാവണന്‍കോട്ടയിലൂടെ അലയാന്‍ പ്രേരിപ്പിക്കുന്നത്. ആത്മീയതയ്ക്ക് പകരംവെക്കാനായി പുതിയ ലോകക്രമം വച്ചുനീട്ടുന്ന ദര്‍ശനസങ്കല്പനത്തെ വിശേഷിപ്പിക്കാന്‍ കഥാകാരന്‍ സൃഷ്ടിക്കുന്ന ‘ബ്രാന്റ്മീയത’ എന്ന പരികല്പനതന്നെയാണ് ഈ കഥയുടെ താക്കോല്‍. താക്കോല്‍സുഷിരത്തിലൂടെയുള്ള ഈ മായക്കാഴ്ചയ്ക്ക് സമമായി മറ്റൊരു വിഭ്രമദൃശ്യവും ഒരു വായനക്കാരന്‍ എന്ന നിലയില്‍ മലയാളകഥയില്‍ അടുത്തിടെ ഞാന്‍ കണ്ടിട്ടില്ല. അതെ, പൊറാട്ടുകളികള്‍ അനുസ്യൂതം തുടരുകയാണ്.

വിദ്യ കേവലമായ അഭ്യാസമായി തീരുകയും അറിവ് അനുഭവനിര്‍മുക്തമായ വസ്തുതകളുടെ സംഘാതമായിത്തീരുകയും ചെയ്യുമ്പോള്‍ വിദ്യാഭ്യാസം ഉപജീവനത്തിനുള്ള ഉപാധി മാത്രമായിത്തീരുന്നു. സംസ്‌കൃതിയുടെ ആദിമമായ തുടര്‍ച്ചയും സ്പന്ദവും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനശിലകളായി തിരിച്ചറിയാന്‍ വിസമ്മതിക്കുന്ന പാഠ്യപദ്ധതിയുടെയും വിദ്യാഭ്യാസനയങ്ങളുടെയും സന്തതികളാണ് കേരളത്തിലെ പുതുതലമുറ. സൂക്ഷ്മമായി ആലോചിച്ചാല്‍ ഈ അവസ്ഥയുടെ പ്രശ്‌നപരിസരം തികച്ചും രാഷ്ട്രീയപരമാണ് എന്ന് മനസ്സിലാവും. പ്രത്യയശാസ്ത്രനഷ്ടത്തെക്കുറിച്ചുള്ള ആധികള്‍പോലും ഇന്നത്തെ തലമുറയുടെ അജണ്ടകളിലില്ല. രാഷ്ട്രീയനേതൃത്വങ്ങളെയോ സംഘടനകളെയോ അത് ബാധിക്കുന്നില്ല. വിദ്യാലയച്ചുമരില്‍ എഴുതിവെക്കപ്പെട്ട മഹദ്വചനങ്ങള്‍പോലെ പ്രത്യയശാസ്ത്രങ്ങള്‍ അവയുടെ നിര്‍ജീവസാന്നിദ്ധ്യങ്ങള്‍ അറിയിക്കുന്നുണ്ട് എന്നു മാത്രം. ‘കുട്ടുകുറുക്കത്തീ കുര്‍…കുര്‍…’ എന്ന കഥ മുമ്പുപറഞ്ഞ ജീവിതാവസ്ഥയെ എങ്ങനെ നിര്‍വചിക്കുന്നു എന്ന് വായിച്ചറിയാന്‍ മാത്രമേ സാദ്ധ്യമാകൂ. വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് സംസാരിക്കാന്‍ കഴിവില്ലാത്ത കുട്ടൂസ് എന്ന കുട്ടിയും മരങ്ങളോട് സംസാരിച്ച് അവയുടെ ചെരിവും വളവും വളര്‍ച്ചയും കായ്പ്പും വരുതിയില്‍നിര്‍ത്താന്‍ കഴിവുള്ള കൊച്ചുതെയ്യാ വല്യമ്മച്ചിയും തമ്മിലുള്ള സാംസ്‌കാരിക അകല(cultural distance)മാണ് ഈ കഥയുടെ പൊരുള്‍. ഈ അകലത്തെ നിബന്ധിക്കുകയും ഭഞ്ജിക്കുകയും ചെയ്യുന്നവരാണ് കഥയിലെ മറ്റു കഥാപാത്രങ്ങള്‍. ഭാവുകത്വപരമായി സാര്‍വ്വദേശീയമായ അധികമാനം കൈവരിക്കുന്ന ലാളിത്യവും ദര്‍ശനസൂക്ഷ്മതയും ഈ കഥയ്ക്കുണ്ട്. എഴുത്തുകാരന്‍/എഴുത്തുകാരിയുടെ വൈയക്തികമായ സാമൂഹികാവബോധവും എഴുത്തില്‍ നിക്ഷിപ്തമാകുന്ന സാമൂഹികതയും ഒന്നല്ല; രണ്ടാണ്. ഈ സത്യം ‘കുട്ടുകുറുക്കത്തീ…’ കുറുകിപ്പാടുന്നു. പാഠപുസ്തകനിര്‍മ്മിതിക്കു പിന്നിലെ അരാഷ്ട്രീയതയും അതിന്റെ രാഷ്ട്രീയവും കറുത്ത ഫലിതം ചേര്‍ത്ത് ആവാഹിക്കുന്ന ‘തുഞ്ചന്‍ ഡയറ്റ്’എന്ന കഥയും ‘കുട്ടുകുറുക്കത്തീ…’യോട് ചേര്‍ത്തുവെച്ച് വായിക്കാവുന്നതാണ്.

എക്കാലത്തും ഭരണകൂട അധികാരത്തിന്റെയും ഹിംസയുടെയും ദല്ലാളുകളാകാന്‍ വിധിക്കപ്പെട്ടവരാണ് പോലീസുകാര്‍. അതുകൊണ്ടുതന്നെ കുറ്റവാളികളെക്കാള്‍ കുറ്റകൃത്യം ചെയ്യുന്നവരായി സ്വയം മാറിപ്പോകുന്ന ഒരു വിഭാഗം പോലീസ്‌സേനയില്‍ ഉണ്ട്. അനേകവര്‍ഷങ്ങള്‍ക്കു മുമ്പ് ഏതോ ഒരു കേസില്‍ ഉള്‍പ്പെട്ട പ്രതിയെ അറസ്റ്റുചെയ്യുന്നതിനായി സിവില്‍വേഷം ധരിച്ച് വിദൂരഗ്രാമത്തിലെത്തപ്പെടുന്ന രണ്ടു പോലീസുകാരാണ് ‘കളിഗെമിനാറിലെ കുറ്റവാളികള്‍’എന്ന കഥയിലുള്ളത്. ദൈനംദിനജീവിതത്തിലെ ചെറിയ ആഘോഷങ്ങളില്‍ ശാരീരികമായി തൃപ്തിയടയുക എന്ന പാപമേ അവര്‍ ചെയ്യുന്നുള്ളൂ. പക്ഷേ, വിനോയ് തോമസിന്റെ ഭാഷയും ആഖ്യാനശൈലിയുംകൊണ്ട് സൃഷ്ടിക്കപ്പെടുന്ന അപരലോകം, ഉപഹാസത്തിന്റെ പിന്നിലെ ദാരുണമായ മനുഷ്യകാമനയുടെ മഹാപ്രപഞ്ചത്തിലേക്കാണ് വാതില്‍ തുറക്കുന്നത്. കുടുകുടെ ചിരിപ്പിച്ച് മുന്നോട്ടു നയിക്കുന്ന ഉപഹാസത്തിന്റെ തായ്‌വേരുകള്‍ വായനക്കാരുടെ മജ്ജയിലേക്ക് ആഴ്ന്നിറങ്ങുന്നതുപോലെയാണ് ഈ കഥ വിന്യസിക്കപ്പെട്ടിരിക്കുന്നത്. ‘മീന്‍മുള്ളിനെക്കാള്‍ അല്പംകൂടി കടുപ്പമുള്ള ഉടുമ്പെല്ലില്‍നിന്നും കടിച്ചീമ്പിയെടുത്ത ഇറച്ചിയുടെ മയം’ ഈ കഥ അനുഭവിപ്പിക്കുന്നുണ്ട്.

ക്രിസ്തുമതവും പൗരോഹിത്യവും ജനജീവിതത്തില്‍ ഏര്‍പ്പെടുത്തുന്ന വിലക്കുകളെയും അക്രമാത്മകമായ ഇടപെടലുകളെയും ആഴത്തില്‍ ധ്വനിപ്പിക്കുന്ന ഒട്ടേറെക്കഥകള്‍ വിനോയ് തോമസ് എഴുതിയിട്ടുണ്ട്. പക്ഷേ, ‘മുള്ളരഞ്ഞാണം’ അതിന്റെ ആഖ്യാന മികവുകൊണ്ടും ശില്പപരമായ സൂക്ഷ്മതകൊണ്ടും വേറിട്ടുനില്ക്കുന്ന കഥയാണ്. ലൈംഗികമായ പാപബോധവും ശരീരത്തിന്റെ ജൈവികതയെ ഹനിക്കുന്ന സദാചാരനിഷ്ഠകളും പെണ്‍കുട്ടികളെ കൂച്ചുവിലങ്ങിട്ടുനിര്‍ത്തി, എല്ലാവിധ പ്രതിരോധചിന്തകളും കെടുത്തി അടിമകളാക്കുന്നു. മതം മനുഷ്യസ്വാതന്ത്ര്യത്തിനുമേല്‍ നടത്തുന്ന ഇത്തരം അധിനിവേശങ്ങള്‍ സാര്‍വലൗകികമായ ഒരു യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ത്ഥ്യത്തെ സാര്‍വലൗകികമായ ആധികാരികതയോടെ, ചടുലതയോടെ, ‘മുള്ളരഞ്ഞാണം’ ആവിഷ്‌കരിക്കുന്നു.

പല നിലയ്ക്കും ശ്രദ്ധേയങ്ങളായ ഈ സമാഹാരത്തിലെ മറ്റു കഥകളെ ഞാന്‍ വായനക്കാര്‍ക്കായി വിടുന്നു. ആഴത്തിലുള്ള പഠനവും വ്യാഖ്യാനവും ആവശ്യപ്പെടുന്നവയാണ് ഈ സമാഹാരത്തിലെ കഥകള്‍ ഓരോന്നും. അത് എന്റെ നിയോഗമല്ലാത്തതിനാല്‍ അര്‍ഹതപ്പെട്ടവര്‍ക്കായി ബാക്കിവയ്ക്കുന്നു. ‘മുള്ളരഞ്ഞാണ’ത്തിലെ കഥകള്‍ വായിച്ചുകൊണ്ടിരുന്നപ്പോള്‍ പണ്ടെങ്ങോ മനസ്സില്‍ അള്ളിപ്പിടിച്ചുപോയ ഒരു സങ്കീര്‍ത്തനവാക്യം തികട്ടി വരുന്നു. ‘നീതിക്കു പിമ്പേ വിശന്നും ദാഹിച്ചും അലയുന്നവര്‍ ഭാഗ്യവാന്മാര്‍; എന്തെന്നാല്‍ അവര്‍ നിറയ്ക്കപ്പെടും.’ അതെ, എന്തെന്നാല്‍ അവന്‍ നിറയ്ക്കപ്പെടും.

വിനോയ് തോമസിന്റെ ചെറുകഥാസമാഹാരം മുള്ളരഞ്ഞാണം ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍നിന്നും വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.