ചരിത്രം എപ്രകാരമാണ് ഭരണാധികാരികളുടെ താൽപര്യപ്രകാരം വളച്ചൊടിക്കപ്പെടുന്നത്?
ഡോ. ദീപു പി കുറുപ്പിന്റെ ‘മുകിലന്‍‘ എന്ന നോവലിന് സജ്മി ഷംനാദ് എഴുതിയ വായനാനുഭവം.
ബിരുദ കാലയളവിലെ എന്റെ പ്രിയപ്പെട്ട അധ്യാപകരിൽ ഒരാളായ ദീപു സാറിന്റെ പ്രഥമ നോവലായിരുന്നു രാത്രിയുടെ മറവിലും പകലിന്റെ വെളിച്ചത്തിലും എന്നോടൊപ്പമുണ്ടായിരുന്ന ‘മുകിലൻ.’
ഒന്നാം വർഷ ബിരുദപഠനത്തിലെ രണ്ടാം സെമസ്റ്റർ മുതലാണ് ഒരു നോവൽ എഴുത്തിന്റെ സപര്യയെ കുറിച്ച് അദ്ദേഹത്തിൽ നിന്നും ഞങ്ങൾ കേട്ടുതുടങ്ങുന്നത്. രണ്ടാം വർഷമെത്തിയപ്പോഴേയ്ക്കും നിരന്തരമായി ഒരു നോവൽ ഞങ്ങളുടെ ക്ലാസ്സ്‌മുറികളിലൂടെ കയറി ഇറങ്ങാൻ തുടങ്ങി. അദൃശ്യമായ അതിന്റെ കരങ്ങൾ ഞങ്ങളെല്ലാവരെയും തൊട്ടുതലോടി അങ്ങിങ്ങായി കടന്നുപോകാറുണ്ടായിരുന്നു. കോവിഡ് മഹാമാരി തന്റെ മരണപ്പെയ്ത്ത് തുടങ്ങിയ മൂന്നാം വർഷത്തിലാണ് ‘മുകിലൻ ‘ അതിന്റെ പ്രയാണം ആരംഭിക്കുന്നത്. അധ്യാപകന്റെ ആശങ്കയ്ക്കൊപ്പം ഒരു കൂട്ടെന്ന പോലെ ഞങ്ങൾ കുട്ടികളുടെ പ്രതീക്ഷയും മുകിലനൊപ്പം അങ്ങനെ ഊരുചുറ്റി തുടങ്ങി.
വീട്ടിൽ നിന്ന് അനുവാദവും വാങ്ങി കൂട്ടുകാരോടൊപ്പം തിരുവനന്തപുരം YMC ഹാളിൽ നടന്ന പുസ്തകപ്രകാശനത്തിന്റെ വേദിയിലെത്തുമ്പോൾ, സദസ്സിലുണ്ടായിരുന്ന പ്രമുഖരെല്ലാം തന്നെ വർഷങ്ങളായി തന്റെ ആഗ്രഹസഫലീകരണത്തിന്റെ പൂർത്തീകരണത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച, നിരവധി കഷ്‌ടപ്പാടുകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയ അധ്യാപകന്റെ ആത്മസമർപ്പണത്തിന്റെ കഥ പുറംലോകത്തോട് വിളിച്ചുപറയുന്നുണ്ടായിരുന്നു. നിറഞ്ഞ സദസ്സിൽ നിറ പുഞ്ചിരിയോടെ നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ മുഖത്തുനിന്നും ചുറ്റും കൂടിയിരുന്നവർക്ക് ആ ധന്യമുഹൂർത്തതിന്റെ ആഴമളക്കാൻ കഴിഞ്ഞിരുന്നു. പുത്രിക്ക് അനുയോജ്യനായ വരനെ കണ്ടെത്തി അവളുടെ ഭാവിജീവിതം സുരക്ഷിതമായ കൈകളിലേൽപ്പിക്കുമ്പോൾ ഒരു പിതാവിനുണ്ടാകുന്ന സന്തോഷത്തിന്റെ തിരയിളക്കത്തിന് സമാനമായിരുന്നു തന്റെ ആദ്യ നോവൽ വായനക്കാരിലേയ്ക്കെത്തിക്കുന്ന വേളയിൽ അദ്ദേഹതിന് അനുഭവപ്പെട്ടതും. കാഴ്ചക്കാരോട് സംവദിക്കാൻ അനുവദിച്ചുകിട്ടിയ അവസരത്തിൽ മുകിലന്റെ ജനനം മുതൽ അദ്ദേഹത്തിന് നേരിടേണ്ടി വന്ന ഭ്രമാത്മകത കലർന്ന യാഥാർഥ്യങ്ങളുടെ ചരടുകൾ ഞങ്ങൾക്ക് മുന്നിൽ പൊട്ടിച്ചെറിഞ്ഞു. ഈറനണിഞ്ഞ കണ്ണുകളാൽ ഹർഷോന്മാദത്തോടെ സദസ്സിനെ വണങ്ങി അവിടെ നിന്നും പിൻവാങ്ങിയ പ്രിയ അധ്യാപകന്റെ മുഖം ഇപ്പോഴും മനസ്സിൽ നിന്നുമായുന്നില്ല.
നോവലിന്റെ പ്രകാശന വേളയിൽത്തന്നെ അത് സ്വന്തമാക്കണമെന്നും അപ്പോൾ തന്നെ വായിക്കണമെന്നും തീർച്ചപ്പെടുത്തിയിരുന്നെങ്കിലും എന്തൊക്കെയോ കാരണങ്ങളിലകപ്പെട്ട് വായന നീണ്ടു നീണ്ടുപോവുകയായിരുന്നു. പിന്നീട് ബിരുദാനന്തര ബിരുദത്തിന് കാര്യവട്ടം ക്യാമ്പസ്സിൽ കയറിക്കൂടിയപ്പോഴാണ് താല്ക്കാലികമായി മുകിലന്റെ കൈവശാവകാശം ഒരു സുഹൃത്ത് മുഖേന എനിക്ക് ലഭിക്കുന്നത്. താമസിയാതെ ഞാനെന്റെ ഉദ്യമം ആരംഭിച്ചു. ക്ലാസ്സ് മുറിയിൽ ലഭ്യമാകുന്ന വിശ്രമവേളകളിലും, ഹോസ്റ്റൽ ജീവിതത്തിൽ വീണുകിട്ടുന്ന ഇടവേളകളിലും മുകിലപ്പടയുടെ പോരാട്ട വീഥികളിലൂടെ ഒരു ഉന്മാദിയെപ്പോലെ ഞാനും അലഞ്ഞുതിരിഞ്ഞു.
നോവലിലെ കേന്ദ്ര കഥാപാത്രമായ ചരിത്ര ഗവേഷകനായ സിദ്ധാർത്ഥൻ, എന്റെ അധ്യാപകന്റെ തന്നെ പ്രതിരൂപമാണെന്ന് വായനയിലുടനീളം എനിക്കനുഭവപ്പെട്ടു കൊണ്ടിരുന്നു. മുകിലന്റെ നിധി തേടി അലഞ്ഞ സിദ്ധാർത്ഥനെ പോലെ ഇക്കാലമത്രയും എന്റെ അധ്യാപകനും മറ്റെന്തിനെയോ തേടിയുള്ള അന്വേഷണത്തിലൂടെ ആയിരുന്നിരിക്കണം കടന്നുപോയിട്ടുണ്ടാവുക. മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും മുത്തശ്ശി കഥകളുടെയും പിന്നാലെ പോയ സിദ്ധാർത്ഥന് മുന്നിൽ ഡൽഹി സുൽത്താനതിന്റെ യോദ്ധാവായ മുകിലന്റെ പോരാട്ടങ്ങളും പിടിച്ചെടുക്കലുകളും പരിഷ്ക്കാരങ്ങളുമൊക്കെ തന്നെയും പലപ്പോഴായി ചുരുൾ നിവർന്നു വരുന്നതിനോടൊപ്പം സ്വകാര്യ ജീവിതത്തിലും വിള്ളലുകൾ വീണുകൊണ്ടേയിരുന്നു. ഗവേഷണം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോഴേക്കും ചിത്തഭ്രമം പിടിപെട്ടവനെപ്പോലെ സിദ്ധാർത്ഥൻ മറ്റുള്ളവർക്ക് മുന്നിൽ നിറഞ്ഞാടി. നിദ്രയിൽ ചരിത്ര പുരുഷന്മാരുമായി ഏർപ്പെടുന്ന അവന്റെ സംഭാഷണങ്ങൾ മറ്റുള്ളവർക്ക് പിച്ചുംപേയും പറച്ചിലുകളായി അനുഭവപ്പെട്ടു. ഏകാന്തതയിൽ അലിഞ്ഞുചേർന്ന് ധീരരുമായി ആശയവിനിമയം നടത്തിയിരുന്ന അവന്റെ ബോധമണ്ഡലത്തിന്റെ സഞ്ചാരപാത പുറമേ നിന്നു വീക്ഷിക്കുന്നവർക്ക് തിരിച്ചറിയാൻ കഴിയാതെ പോയി. ചുറ്റുമുള്ളതിനെയൊക്കെ വിസ്മരിച്ച് തന്റെ പരിശ്രമം തുടരുന്നതിനിടയിൽ നിധി കൂമ്പാരത്തെ കണ്ട സിദ്ധാർത്ഥനെ വിശ്വസിക്കാൻ ആരും തന്നെ മുന്നോട്ട് വന്നിരുന്നില്ല. ഭർത്താവിന് എന്തോ തകരാറുണ്ടെന്ന് വിലപിച്ചിരുന്ന ഭാര്യയും മകന്റെ അവസ്ഥയോർത്ത് പരിതപിച്ചിരുന്ന അമ്മയും ഒരു മനഃ ശാസ്ത്രജ്ഞനെ സമീപിക്കുകയും അദ്ദേഹത്തിന്റെ സഹായത്തോടെ സിദ്ധാർത്ഥനെ പൂർവ്വാവസ്ഥയിലേക്ക് കൊണ്ടുവരാൻ നോവലിൽ നടത്തുന്ന പരിശ്രമങ്ങൾ എന്റെ അധ്യാപകനെ തന്നെയാണ് എന്റെ ഓർമ്മയിലേയ്ക്ക് കൂട്ടിക്കൊണ്ട് വന്നത്. സിദ്ധാർത്ഥന്റെ മനസ്സിന്റെ രഹസ്യം കണ്ടെത്തിയ ഡോക്ടർക്ക് അത് സൂക്ഷിക്കാൻ കഴിയാതെപോയതിനാൽ ഒടുവിൽ ആത്മഹത്യ ചെയ്യേണ്ടി വന്നു. ജീവിതം അതിന്റെ ഒഴുക്ക് തുടരുന്നതിനിടയിലാണ് കാലത്തിന്റെ നിയോഗമെന്നപോലെ നിർത്തിവെച്ച ഗവേഷണത്തിന്റെ തുടർച്ചയ്ക്കായി സിദ്ധാർത്ഥനെത്തേടി വീണ്ടുമൊരു അവസരമെത്തുന്നത്. താൻ പലപ്പോഴായി കണ്ടെത്തിയ നിഗമനങ്ങളെല്ലാം ശരിയായിരുന്നുവെന്ന് അയാൾ തിരിച്ചറിയുന്നു. ചരിത്രം എപ്രകാരമാണ് ഭരണാധികാരികളുടെ താൽപര്യപ്രകാരം വളച്ചൊടിക്കപ്പെടുന്നതെന്ന വസ്തുത കൂടി നോവലിന്റെ അവസാന ഭാഗങ്ങളിൽ ഗ്രന്ഥകാരൻ അനാവരണം ചെയ്യുന്നുണ്ട്. തിരുവിതാംകൂറിന്റെ പല കാലഘട്ടങ്ങൾ ഇഴചേർന്ന ഒരു ചരിത്രം നിരവധി തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ നോവലിൽ പരാമർശിക്കുന്നു. അതിന് സിദ്ധാർത്ഥൻ ഒരു ഉപാധിയാകുന്നുവെന്ന് മാത്രം. രഹസ്യങ്ങളുടെ അമിത പ്രഭാവം ഒടുവിൽ സിദ്ധാർത്ഥന്റെ ജീവൻ അപഹരിക്കുമ്പോൾ ഇത്രയും നേരം പറഞ്ഞുപോയതൊക്കെ സത്യമാണോ അതോ മിഥ്യയാണോ എന്നുള്ള ചോദ്യങ്ങൾക്കുത്തരം വായനക്കാരിലേയ്ക്ക് രചയിതാവ് കൈമാറുന്നു.
നോവൽ വായനയിൽ പലപ്പോഴും ഞാൻ പോലുമറിയാതെ എന്റെ മിഴികൾ സജലങ്ങളായി. എല്ലാവരുടെ മുന്നിലും നർമ്മത്തിന്റെ രസചരടുകൾ പൊട്ടാതെ കാത്തുസൂക്ഷിച്ച പ്രിയ അധ്യാപകൻ, നോവലിൽ അനാവരണം ചെയ്യുന്ന ആന്തരിക സംഘർഷത്തിന്റെ ഞരമ്പുകൾ അത്രമേൽ എന്നെയും വരിഞ്ഞുമുറുക്കിയിരുന്നു. മുകിലന്റെ ചരിത്രമായിരുന്നെങ്കിൽ കൂടിയും സിദ്ധാർത്ഥൻ എന്ന കഥാപാത്രത്തിലൂടെ എന്റെ അധ്യാപകന്റെ തന്നെ ജീവിതചക്രമാണ് വരികൾക്കിടയിൽ ഞാൻ കൂടുതലും തിരഞ്ഞത്.
ഇഷ്‌ടമില്ലാതിരുന്ന കലാലയത്തിൽ മൂന്നുവർഷം നഷ്‌ടപ്പെടുത്തേണ്ടതോർത്ത് വിലപിച്ചിരുന്ന ഞാനെന്ന വ്യക്തിയിൽ നിന്നും, ഇത്രയേറെ പ്രഗൽഭരായ അധ്യാപകരുടെ കീഴിൽ ഒരു വിദ്യാർത്ഥിയായി അത്രയും നാളുകൾ ചിലവിടാൻ കഴിഞ്ഞതോർത്ത് ഇന്നേറെ അഭിമാനം തോന്നുന്നു. ‘മുകിലൻ’ അതിന്റെ ജൈത്രയാത്ര ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മൂന്നാം പതിപ്പിൽ എത്തിച്ചേർന്ന ‘മുകിലൻ’ രാജ്യാതിർത്തികൾ പിന്നിട്ട് ഷാർജയിൽ നടക്കുന്ന പുസ്തകമേളയിൽ വരെ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നു. ഇനിയും അതിരുകൾ ഭേദിച്ച് ദിക്കുകൾ മുഴവനും പ്രദക്ഷിണം വെയ്ക്കാൻ മുകിലപ്പടയ്ക്ക് കഴിയട്ടെ എന്ന് ഈ അവസരത്തിൽ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. മുകിലന് ശേഷം ഈ മാസം 5-ന് പുറത്തിറങ്ങിയ ‘മറവായനം‘ എന്ന സാഹിത്യ സൃഷ്ടിക്കും വായനക്കാരുടെ മനസ്സ് കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഇനിയും അങ്ങയുടെ തൂലികത്തുമ്പിൽ നിന്നും അടർന്നുവീഴുന്ന ഓരോ അക്ഷരങ്ങളും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അനസ്യൂതമായ ഒഴുകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈ അവസരത്തിൽ പ്രിയ അധ്യാപകന് മനസ്സ് നിറഞ്ഞ സ്നേഹം മാത്രം.
Comments are closed.