മുകേഷ് കഥകള്‍ വീണ്ടും…
കടന്നുപോയ ജീവിതാനുഭവങ്ങളെ സ്വയം അകന്നുനിന്ന് ചിരിയോടെ ഒരു തമാശസിനിമ കാണുന്നതുപോലെ പിന്തിരിഞ്ഞു നോക്കുകയാണ് മുകേഷ്. ആ കാഴ്ചകള്‍ മുകേഷ് ആവിഷ്‌കരിക്കുമ്പോള്‍ അതിനു കഥയുടെ ചാരുതയുണ്ടാകുന്നു. അത് ചിരിയും നോവുമുണര്‍ത്തുന്നു. ഇതില്‍ സിനിമയുണ്ട്, ജീവിതമുണ്ട്, ഒപ്പം ഉള്ളില്‍ നിറയെ കുസൃതിത്തരങ്ങളുമായി മുകേഷും. മുകേഷ് കഥകള്‍ വീണ്ടും..
പുസ്തകത്തിന് ഇന്നസെന്റ് എഴുതിയ അവതാരിക..
ജീവിതത്തിന്റെ പകുതിഭാഗവും ഷൂട്ടിങ് ലൊക്കേഷനുകളില്‍ കഴിയുന്നവരാണ് ഞങ്ങള്‍ സിനിമാക്കാര്‍. അഭിനയത്തിന്റെ ഇടവേളകളില്‍ കസേര വലിച്ചിട്ടിരുന്നു സിനിമാക്കഥകളെ വെല്ലുന്ന കഥകളും ഭാവാഭിനയവും തമാശകളുമൊക്കെയായി അരങ്ങുതകര്‍ത്ത് ജീവിതത്തിന്റെ രസച്ചരടുപൊട്ടിക്കാതെ നോക്കും. സെറ്റില്‍ മുകേഷുണ്ടെങ്കില്‍ കഥകളുടെ ഉറവ ഒരിക്കലും വറ്റാറില്ല. കോളജുകഥകളും സിനിമാക്കഥകളും ഒക്കെയായി കഥകളിങ്ങനെ വെള്ളം പനച്ചുവരുന്നപോലെ പനച്ചു പനച്ചു വരും. സമയം പോകുന്നതറിയുകയേയില്ല. ആരെയും വിശ്വസിപ്പിക്കുന്നതരത്തില്‍ കഥകള്‍ പറയാന്‍ കഴിവുണ്ട് മുകേഷിന്. പെട്ടിച്ചിരികള്‍ക്കിടയില്‍നിന്നു ടേക്കെടുക്കാന്‍ വിളിക്കുമ്പോള്‍ ചെറിയ സങ്കടത്തോടെയാണ് ഞങ്ങള്‍ എഴുന്നേറ്റുപോകുന്നത്.
ഒരിക്കല്‍ മുകേഷ് ഒരു കഥ പറഞ്ഞു. മുകേഷിനെ ഏറെ വേദനിപ്പിച്ച കഥ: ഒരു ദിവസം മുകേഷ് അച്ഛനായ ഒ. മാധവനെയുംകൊണ്ട് കൊല്ലത്തുനിന്നു തിരുവനന്തപുരത്തേക്ക് കാറില്‍ പോവുകയാണ്. അന്ന് ഒ. മാധവന്‍ പഞ്ചായത്ത് പ്രസിഡന്റാണ്. തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ഏതോ മന്ത്രിയെക്കണ്ട് പഞ്ചായത്തിലെ ഒരുകാര്യം നടത്തിക്കാന്‍ പോകുന്ന വഴിയാണ്. അച്ഛനു പണ്ടേ മുകേഷിനെയൊരു സംശയമുണ്ട്. മുകേഷിനു സ്ത്രീകളോടൊരു താത്പര്യക്കൂടുതലുണ്ടോ? ഇതു നന്നായറിയാവുന്ന മുകേഷ് ഈ യാത്രയില്‍ അച്ഛന്റെ ധാരണ തിരുത്തണമെന്നുറപ്പിച്ചു. വഴിയില്‍ സുന്ദരികളായ സ്ത്രീകളെ കാണു
ന്നുണ്ടെങ്കിലും അവരെയൊന്നും മൈന്‍ഡുചെയ്യുന്നില്ല. അച്ഛന്റെ മുന്നില്‍ ഇമേജു കളയരുതല്ലോ. ഇടയ്ക്ക് ചില സ്ത്രീകള്‍ റോഡില്‍ അലസമായി നടക്കുമ്പോഴും, ഓവര്‍ടേക്ക് ചെയ്ത് പോകുമ്പോഴും ”ഇവരൊക്കെ എവിടെ നോക്കിയാ നടക്കുന്നത്. മനുഷ്യരെ മെനക്കെടുത്താന്‍” എന്നെല്ലാം വെച്ചു കാച്ചുന്നുണ്ട്.
മകന്റെ പ്രകടനത്തില്‍ തൃപ്തനായ അച്ഛന്‍ പതുക്കെ സീറ്റിലേക്കു ചാരി. എന്നും രണ്ടും മൂന്നും സ്റ്റേജില്‍ നാടകം കളിക്കുന്നത്ര തിരക്കായതുകൊണ്ട് ഉറങ്ങാന്‍ ശരിക്കു പറ്റാതിരുന്ന അച്ഛന്‍ പതുക്കെ ഉറക്കത്തിലേക്ക് വീണു. ഞാനും മസിലുപിടുത്തമൊക്കെ അയച്ച് ഡ്രൈവ് ചെയ്തു തുടങ്ങി. അങ്ങനെ പോയിപ്പോയി പാരിപ്പള്ളിയിലെത്തിയപ്പോള്‍ ദേ, പോണു ഒരു കൂട്ടുകാരന്‍. കോളജില്‍നിന്നു പോന്നതിനുശേഷം അവനെ കണ്ടിട്ടേയില്ല. കൂട്ടുകൂടി എത്ര തമാശകളൊപ്പിച്ചിട്ടുള്ളതാണ്. കാലങ്ങള്‍ക്കുശേഷം ആ കൂട്ടുകാരനെ കണ്ടപ്പോള്‍ വന്ന അമിതാഹ്ലാദം കാരണം വണ്ടി ചവിട്ടി നിറുത്തി അവനെയും കയറ്റി. കേറിയതും വര്‍ത്തമാനം തുടങ്ങി. പതുക്കെ പതുക്കെ കോളജ് കാലത്തിലേക്കു കടന്നു.
”ടാ, പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ നീ പിന്നാലെനടന്ന ആ സുന്ദരിയെ പിന്നെ കണ്ടില്ലേ?”
”ആഹ്, കാണാറുണ്ട്, അവളിപ്പോള്‍ മെഡിസിനു പഠിക്കുകയാണ്. പക്ഷേ, പിടിതരുന്നില്ലെടാ!”
”പിന്നെ, നിന്റെ വകേലുള്ള അമ്മാവന്റെ മോളായിട്ടുള്ള ചുറ്റിക്കളിയോ?”
”അങ്ങനെയൊന്നൂല്യ, എന്നാലും ഇപ്പോഴും ചെറുതായിട്ടൊക്കെ.”
ഞാനൊരു വഷളന്‍ ചിരിയൊക്കെചിരിച്ച് ഉത്തരം പറഞ്ഞുകൊണ്ടിരുന്നു. പിന്നെ ടീച്ചറുടെ മോളുടെ വിശേഷമായി. കോളജിലെ ഒരു സുന്ദരിയുടെ പിന്നാലെ നടന്നു നടന്ന് ഒരു ദിവസം അവളുടെ വീട്ടിലെത്തിയപ്പോഴാണ് മനസ്സിലാവുന്നത് അതു പഠിപ്പിച്ച ടീച്ചറിന്റെ മോളാണെന്ന്.
പെണ്‍വിഷയങ്ങള്‍ അങ്ങനെ പൊടിപൊടിച്ചു. തിരുവനന്തപുരത്ത് എത്തുന്നതിനിടയില്‍ കാറില്‍ വന്നു പോയ പെണ്‍കിടാങ്ങളെത്ര, അതില്‍ മുകേഷിന്റെ വീട്ടിലെ വേലക്കാരിയുണ്ട്, അച്ഛന്റെ ഏറ്റവുമടുത്ത സുഹൃത്തിന്റെ മകളുണ്ട്, അങ്ങനെ അങ്ങനെ… ഒടുവില്‍ സെക്രട്ടേറിയ
റ്റെത്തി.
അപ്പോള്‍ പിന്നില്‍നിന്നൊരു കനത്ത ശബ്ദം:
”എന്നെ ഇവിടെ ഇറക്കിയേക്ക്.”
ഞെട്ടിത്തിരിഞ്ഞുനോക്കിയപ്പോള്‍ അച്ഛന്‍!
വണ്ടി അറിയാതെതന്നെ നിന്നു. അച്ഛന്‍ വേഗം ഡോര്‍ തുറന്നു പുറത്തിറങ്ങി.
”അച്ഛന്‍ പോയിട്ടു വാ. ഞാനീ മരത്തിന്റെ തണലില്‍ വെയ്റ്റ് ചെയ്യാം.”
”വേണ്ട എന്നെ കാത്തിരിക്കേണ്ട, നിങ്ങള്‍ക്ക് ഒരുപാടു വര്‍ക്കുള്ളതല്ലേ, ഞാന്‍ ട്രാന്‍സ്‌പോര്‍ട്ടുബസില്‍ കയറി വന്നേക്കാം.”
സങ്കടവും നിരാശയുംകൊണ്ട് അച്ഛന്റെ ശബ്ദം ചെറുതായി വിറച്ചിരുന്നു.
മുകേഷാകെ വല്ലാതായി. അച്ഛന്റെ മുന്നില്‍ നല്ലകുട്ടിയാകാനുള്ള ശ്രമത്തില്‍ ”താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ” വീണതോര്‍ത്ത് മുകേഷ് കൂട്ടുകാരനോടു പൊട്ടിത്തെറിച്ചു.
”ടാ, അച്ഛന്‍ പിന്നിലുള്ള കാര്യം നിനക്കൊന്ന് ഓര്‍മ്മിപ്പിച്ചുകൂടായിരുന്നോ?”
”ഞാനതിന് അച്ഛനെ കണ്ടെങ്കിലല്ലേ?”
”ഓ, എല്ലാം തൊലച്ചു.”
പക്ഷേ, അച്ഛനിക്കാര്യം ആരോടും പറഞ്ഞില്ല. അന്ന് അച്ഛനിതുപറയുമ്പോഴുള്ള മുഖവും ഭാവവും എന്നെ വല്ലാതെ വേദനിപ്പിച്ചു. മുകേഷ് വളരെ വേദനയോടുകൂടി എന്നോടുപറഞ്ഞ ഒരു കഥയാണിത്. ചിരിപ്പിക്കുന്ന അനേകം കഥകള്‍ക്കിടയില്‍ അതുകൊണ്ടുതന്നെ ഈ കഥ വേറിട്ടുനില്‍ക്കുന്നു. ഈ മുകേഷ് കഥകള്‍ക്കിടയിലൂടെ പോയപ്പോള്‍ ഞാനോര്‍ത്തതും ഈ കഥയാണ്. അതുകൊണ്ടു ഞാനീകഥ വായനക്കാരോടു പങ്കുവെച്ചു. ചിരിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ക്കുന്ന മുകേഷ്‌കഥകള്‍ക്ക് എന്റെ വക ഒരു അമിട്ട്.
Comments are closed.