DCBOOKS
Malayalam News Literature Website

റഫിയുടെ ഓർമകൾക്ക് 40 വയസ്സ്

Mohammed Rafi
Mohammed Rafi

വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും പതിറ്റാണ്ടുകള്‍ക്കിപ്പുറവും ലോക മനസ്സിനെ തന്റെ മാസ്മരിക ശബ്ദംകൊണ്ട് കീഴടക്കിയ അതുല്യ പ്രതിഭ. ലോകമുള്ളിടത്തോളം മായാതെ നില്‍ക്കുന്ന മധുര ശബ്ദം. അതെ ‘മുഹമ്മദ് റഫി’ എന്ന വിഖ്യാത ഗായകന്‍. മുഹമ്മദ് റഫി വിടവാങ്ങിയിട്ട് ഇന്ന് 40 വർഷം. മലയാളികൾ ഇത്രയേറെ സ്നേഹിക്കുകയും ഹൃദയത്തോട് ചേർത്തുവെക്കുകയുംചെയ്ത മറ്റൊരു മറുഭാഷാഗായകനുണ്ടാവില്ല. 1980 ജൂലൈ 31 ന് മരണപ്പെടുമ്പോൾ വെറും 55 വയസ്സു മാത്രമായിരുന്നു റഫിയുടെ പ്രായം. 1980 ജൂലൈ 31നാണ് റാഫിയുടെ വിയോഗവാർത്ത ഏറെ ഞെട്ടലോടെ ലോകം കേട്ടത്. 1980 ജൂലൈ 31നു രാവിലെ കാളി മാതാവിനെപ്പറ്റിയുള്ള ബംഗാളി ഭജൻ റിഹേഴ്സൽ ചെയ്യുന്നതിനിടെയാണു റഫിക്കു നെഞ്ചുവേദന അനുഭവപ്പെട്ടത്. അന്നു രാത്രി 10.25ന് ആ ഗാനം നിലച്ചു.

മുഹമ്മദ് റഫിയുടെ ശബ്ദം ജനം തിരിച്ചറിയുന്നത് 1948ല്‍ ഇറങ്ങിയ ‘ജുഗ്നു’ എന്ന സിനിമയിലൂടെയാണ്. ‘യഹാം ബദ്ലാ വഫാ കാ ബേവഫായി കെ സിവ ക്യാഹെ’. നൂര്‍ജഹാനുമൊത്ത് സജ്ജാദ് ഹുസൈന്‍ നല്‍കിയ ഈണത്തില്‍ പാടിയ ഗാനം. 1952കളില്‍ സിനിമാ ലോകത്തിന് സംഗീതജ്ഞന്‍ നൗഷാദ് സംഗീതം നല്‍കിയ ബയ്ജു ഭാവ്റ എന്ന സിനിമയിലെ മിക്ക ഗാനങ്ങളും മെഗാ ഹിറ്റുകളായി. റഫിയുടെ ‘തു ഗംഗാ കി മൗജ് മെ ജമുനാ കി ധാരാ’ ‘ഓ ദുനിയാ കെ രഖ്വാലെ’ എന്നീ ഗാനങ്ങള്‍ ഇന്ത്യന്‍ തെരുവീഥികള്‍തോറും അലയടിച്ചു. ദിലീപ്കുമാര്‍, ദേവാനന്ദ്, രാജ്കുമാര്‍, രാജേന്ദ്രകുമാര്‍, സുനില്‍ദത്ത്, ജോയ് മുഖര്‍ജി, ബിശ്വജിത്ത്, ഷമ്മികപൂര്‍, ശശികപൂര്‍ തുടങ്ങിയവര്‍ക്ക് ആ ശബ്ദം അവരുടെ ശബ്ദമായിരുന്നു. പിന്നീട് വന്ന ഒട്ടുമിക്ക സിനിമാ താരങ്ങള്‍ക്കും അവരുടെ ശബ്ദത്തില്‍ പാടിയ പാട്ടുകാരന്‍. പതിനായിരത്തിലേറെ പാട്ടുകള്‍ ഹിന്ദി സിനിമാ ലോകത്തിന് സമ്മാനിച്ച ജനപ്രിയ ഗായകന്‍.

ഇന്ത്യയിലെ പഞ്ചാബിലെ അമൃത്സർ ജില്ലയിലെ ഇന്നത്തെ മജിതയ്ക്കടുത്തുള്ള കോട്‌ല സുൽത്താൻ സിംഗ് എന്ന ഗ്രാമത്തിലായിരുന്നു റഫിയുടെ ജനനം.ഹാജിഅലിമുഹമ്മദ്‌ ആണ് പിതാവ്. മാതാവ് അല്ലാ രാഹ മുഹമ്മദ്ശാഫി. ദീൻ, ഇസ്മായിൽ, ഇബ്രാഹിം, സിദ്ദീഖ് എന്നീ സഹോദരൻമാരും ചിരാഗ്, രേഷ്മ എന്നീ സഹോദരിമാരും ഉണ്ടായിരുന്നു.

റഫിയുടെ മൂത്ത സഹോദരീ ഭർത്താവ്‌ സംഗീതത്തിലുള്ള വാസന കണ്ടെത്തുകയും അതു പ്രോൽസാഹിപ്പിക്കുകയും ചെയ്തിരുന്നു. ഉസ്താദ്‌ ബഡേ ഗുലാം അലി ഖാൻ, ഉസ്താദ്‌ അബ്ദുൾ വാഹിദ്‌ ഖാൻ, പണ്ഡിത്‌ ജീവൻലാൽ മട്ടോ, ഫിറോസ്‌ നിസാമി എന്നിവരിൽ നിന്നുമായി റഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. ഒരിക്കൽ റഫിയും റഫിയുടെ സഹോദരീ ഭർത്താവ്‌ ഹമീദും കെ.എൽ. സൈഗാളിന്റെ സംഗീതക്കച്ചേരി കേൾക്കാൻ പോയതായിരുന്നു. വൈദ്യുതിതകരാറു കാരണം പരിപാടി അവതരിപ്പിക്കാൻ സൈഗാൾ തയ്യാറായില്ല. അക്ഷമരായ ആസ്വാദകരെ ആശ്വസിപ്പിക്കാൻ റഫി ഒരു പാട്ടു പാടട്ടെ എന്നു ഹമീദ് സംഘാടകരോടു ചോദിക്കുകയും അവർ അതിനു തയ്യാറാവുകയും ചെയ്തു. അതായിരുന്നു‌ റഫിയുടെ ആദ്യത്തെ പൊതുസംഗീതപരിപാടി, അത് റഫിയുടെ 13-ആം വയസിലായിരുന്നു.

 

 

 

Comments are closed.