കണ്ണീരുണങ്ങാത്ത എന്റെ അമ്മമാർക്കായി ഈ നോവൽ
പൊതു സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തെക്കുറിച്ച് പറയാനാണ് ഞാൻ കക്കുകളി എന്ന കഥ എഴുതുന്നത്. എനിക്ക് ഏറെ പരിചിതമായ മഠമാണ് അതിന്റെ ഭൂമികയായി തിരഞ്ഞെടുത്തത്. കഥയുടെ പരിമിതമായ ഇടത്തിൽ നിന്ന് വളരെ കുറച്ച് കാര്യങ്ങളെ എനിക്ക് ആ കഥയിലൂടെ പറയാനായുള്ളു.
പൊതു ഇടത്തിലെ സ്ത്രീസമൂഹം എന്ന നിലയിൽ കന്യാസ്ത്രീ മഠങ്ങൾ അനുഭവിക്കുന്ന അടിച്ചമർത്തലുകളെക്കുറിച്ച് വിശാലമായൊരു ക്യാൻവാസിൽ എഴുതുക എന്നൊരു ആഗ്രഹം കക്കുകളിയ്ക്കു ശേഷം എന്റെ മനസ്സിലുണ്ടായിരുന്നു. മേയ്ക്കിംഗ് ഓഫ് എ സെയിന്റ് എന്നതാണ് മുടിയറകളുടെ വിഷയം.. ഇതിനോടു സമാന്തരമായി പൌരോഹിത്യ ആണധികാരത്തിൽ ദുർബലപ്പെട്ടുപോകുന്ന കന്യാസ്ത്രീ സമൂഹത്തെക്കൂടി ഞാൻ നോവലിൽ പരാമർശിക്കുന്നുണ്ട്.
ഇരുട്ടും വെളിച്ചവുമെന്ന ദ്വന്ദങ്ങൾ തമ്മിലുള്ള സാമൂഹ്യവും വൈകാരികവുമായ സംഘർഷങ്ങളിലൂടെയാണ് നോവൽ കടന്നുപോകുന്നത്. ഇരുട്ടിനെക്കുറിച്ച് പറയാൻ നിറയെ വെളിച്ചമുള്ളതെന്ന കരുതുന്ന ഒരിടത്തെയാണ് നോവലിന്റെ പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്. വെളിച്ചത്തിന്റെ പ്രതീകം എന്ന രീതിയിൽ വിശുദ്ധരെ അണിയിക്കുന്ന കിരീടത്തിനെ “മുടി”യെന്നാണ് അറിയപ്പെടുന്നത്. ഇത്തരമൊരു മുടിയുടെ ഉള്ളറകൾ കൂടിയാണ് ഈ നോവൽ.
കവർ വിവാദത്തെ ഒരു പുരോഹിതന്റെ വ്യക്തിപരമായ അഭിപ്രായമെന്ന നിലയിൽ മാത്രം കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അപ്രകാരമൊരു വിവാദത്തിൽ കാമ്പൊന്നുമില്ലെന്ന് ഏതൊരാൾക്കും മനസ്സിലാകുന്നതുമാണ്. സഭ ഇന്നുവരെ വിവാദം ഉന്നയിച്ച പുരോഹിതന് അനുകൂലമായി സംസാരിക്കുകയോ നോവലിന്റെ കവറിനെതിരെ നില പാടുകളുമായി മുന്നോട്ടു വരികയോ ചെയ്തിട്ടില്ല.
“കണ്ണീരുണങ്ങാത്ത എന്റെ അമ്മമാർക്കാണ് ” ഈ നോവൽ ഞാൻ സമർപ്പിച്ചിരിക്കുന്നത്.
സ്ത്രീസമൂഹത്തിന്റെ വിമോചനത്തെക്കുറിച്ച് ഏറെ തീവ്രമായി ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ മുടിയറകൾ എനിക്കേറെ പ്രതീക്ഷ നൽകുന്നൊരു നോവലാണ്.
Comments are closed.