അറുപതുവര്‍ഷത്തോളം നില നിന്ന സൗഹൃദവും ഇംഗ്ലിഷ്-ഇംഗ്ലിഷ്- മലയാളം നിഘണ്ടുവിന്റെ കഥയും
അന്തരിച്ച ഭാഷാപണ്ഡിതനും വിവര്‍ത്തകനുമായ എം എസ് ചന്ദ്രശേഖരവാരിയരുടെ ആത്മകഥാപരമായ കുറിപ്പ്
അന്തരിച്ച ഭാഷാപണ്ഡിതനും വിവര്‍ത്തകനുമായ എം എസ് ചന്ദ്രശേഖരവാരിയരുടെ ആത്മകഥാപരമായ കുറിപ്പ്
ഒരു സൗഹൃദത്തിന്റെ തുടക്കം
ആയിടയ്ക്കാണ് കോട്ടയത്ത് കളരിക്കൽ ബസാറിൽ നാഷണൽ ബുക്സ്റ്റാൾ എന്നൊരു പുസ്തകശാല പ്രവർത്തനം തുടങ്ങിയ വാർത്ത പത്രത്തിൽ കണ്ടത്. ഏതാനും നാൾ കഴിഞ്ഞു ഒരു ദിവസം ആലപ്പുഴയ്ക്കു പോകാനായി കോട്ടയത്ത് എത്തിയപ്പോൾ ആ ബുക്‌സ്റ്റാള്‍
കണ്ടുപിടിച്ച് അവിടെ കണ്ട ഒരാളോട് “ഉമാകേരളം” എന്ന പുസ്തകം ഉണ്ടോ എന്നു തിരക്കി. അദ്ദേഹം എന്നെ സൂക്ഷിച്ചുനോക്കിയിട്ട്, മുന്നിലുള്ള ഒരു കസേര ചൂണ്ടി ഇരിക്കൂ എന്നു പറഞ്ഞു. ഞാൻ ഇരുന്നു. പുസ്തകം കിട്ടുമെന്ന് പ്രതീക്ഷിച്ച എന്നോട് “എവിടെയാണ് വീട്” എന്ന ചോദ്യമാണദ്ദേഹം ചോദിച്ചത്. അതിനുത്തരം പറഞ്ഞപ്പോൾ വേറെയും എന്നെക്കുറിച്ചുള്ള ചോദ്യങ്ങൾ വന്നു. ഏതാണ്ട് ആറേഴു മിനിറ്റിനു ശേഷമാണ് “ഉമാകേരളം” ഇപ്പോൾ ഇവിടെയില്ല, മേൽവിലാസം തന്നാൽ ഒരു മാസത്തിനുള്ളിൽ വീട്ടിൽ എത്തിച്ചുതരാം എന്ന മറുപടി കിട്ടിയത്. ഈ ചോദ്യം ചോദിച്ചയാൾ ഡി സി കിഴക്കെമുറി ആണെന്ന് പിന്നെ അറിവായി. ഈ കൂടിക്കാഴ്ച എനിക്ക് 20 വയസ്സുള്ളപ്പോഴായിരുന്നു. ആ പരിചയപ്പെടൽ ഏതാണ്ട് അറുപതുവർഷത്തോളം നിലനിന്ന ഒരു സ്നേഹബന്ധത്തിന്റെ തുടക്കമായിത്തീർന്നു.
ഡി സി ബുക്സിൽ
ഡി സി ബുക്സിൽ ഞാൻ ആകെ പ്രവർത്തിച്ചത് 26 വർഷമാണ്. പുസ്തകങ്ങളുടെ ലോകമായതുകൊണ്ടും 15-ാം വയസ്സിൽ ആരംഭിച്ച വായനയ്ക്ക് അവസരം കിട്ടുന്നതുകൊണ്ടും ഡി സി കിഴക്കെമുറി എന്ന നല്ല മനുഷ്യന്റെ ഉന്മേഷദായകമായ സഹകരണം കൊണ്ടും ഞാൻ തികച്ചും സന്തുഷ്ടനായിരുന്നു. അക്കാലത്ത് ഏതാനും പുസ്തകങ്ങൾ രചിക്കാനും ചില ഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനം രചിക്കാനും കുറെ പുസ്തകങ്ങളുടെ വിൽപ്പന നടത്താനും സാധിച്ചു.
ഡി സിയുടെ മരണത്തോടെ എന്റെ ഉന്മേഷം കുറഞ്ഞു. കഷ്ടിച്ച് ഒരു വർഷം കൂടി ഞാൻ അവിടെ തുടർന്നു. എനിക്ക് 76 വയസ്സു തികയുകയും “ഇനിയും എന്തിനാണ് ഈ യാത്ര?’’ എന്നു ഭാര്യ ചോദിച്ചു തുടങ്ങുകയും കൂടി ചെയ്തപ്പോൾ നിർത്താമെന്ന് ഞാനും തീരുമാനിച്ചു. രവി ഡിസിയെ ഞാൻ വിവരം ധരിപ്പിച്ചു. ഞാൻ പിരിയുകയും ചെയ്തു. എന്നാലും ഡി സി ബുക്സ് ഇപ്പോഴും ഓർമ്മയിൽ പോലും എനിക്കു സുഖം പകരുന്നു. ആ സ്ഥാപനം നല്ല നിലയിൽതന്നെ തുടർന്നുകാണുന്നതിൽ ഞാൻ സന്തോഷിക്കുന്നു.
എന്റെ പേരോടുകൂടി പുറത്തു വന്നിട്ടുള്ള പുസ്തകങ്ങളെ സംബന്ധിച്ചു ചുരുക്കം ചില കാര്യങ്ങൾ കൂടി അനുബന്ധമായി ചേർക്കട്ടെ.
ഇംഗ്ലിഷ്-ഇംഗ്ലിഷ്- മലയാളം നിഘണ്ടുവിന്റെ കഥ
ഈ പുസ്തകങ്ങളിൽ ചിലത് അല്പം വിശദാംശങ്ങൾ അർഹിക്കുന്നവയാണ്. ടി. രാമലിംഗം പിള്ളയുടെ ഇംഗ്ലിഷ്-ഇംഗ്ലിഷ്- മലയാളം ഡിക്ഷനറി, അനേകവർഷം മുമ്പ് വളരെ പാടുപെട്ട് അദ്ദേഹം തയ്യാറാക്കിയതും അച്ചടിച്ചിറക്കാൻ ഒരു പ്രസാധകനും തയ്യാറാകാത്തതിനാൽ സ്വന്തം വീട്ടിൽത്തന്നെ ഒരച്ചടിശാലയുണ്ടാക്കി ഒരു ജോലിക്കാരന്റെ സഹായത്തോടെ തന്നെ സകലപണികളും ചെയ്തു രണ്ടു വാല്യമായി പുറത്തിറക്കിയത് ആയിരുന്നു. അതിന് രണ്ടാംപതിപ്പ് ഉണ്ടായതുമില്ല. ഡി സി കിഴക്കെമുറി രാമലിംഗംപിള്ളയുടെ അനന്തരാവകാശിയോട് നല്ല പ്രതിഫലം നൽകി അവകാശങ്ങൾ എഴുതി വാങ്ങിയതാണ്. അപ്പോൾത്തന്നെ വീണ്ടും പ്രസിദ്ധീകരിക്കണമെങ്കിൽ അത് പരിഷ്ക്കരിക്കണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആ ചുമതല ശ്രീ. എൻ.വി. കൃഷ്ണവാരിയരെ ഏല്പിക്കുകയും അദ്ദേഹം ആ ജോലി ചെയ്തു തുടങ്ങുകയും ചെയ്തപ്പോൾ മധുര സർവ്വകലാശാലയിൽനിന്ന് അദ്ദേഹത്തിന് ഒരു ഓഫർ വന്നു. ദ്രാവിഡ ഭാഷാവൃത്തങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനുള്ള ഒരു പദ്ധതിയായിരുന്നു അതെന്നാണ് എന്റെ ഓർമ്മ. അത് ഉപേക്ഷിക്കാൻ നിവൃത്തിയില്ല. നിഘണ്ടു പരിഷ്കരണം നടത്തുകയും വേണം.
നിശ്ചിതസമയത്ത് പരിഷ്കരണം പൂർത്തിയാകണമെങ്കിൽ മറ്റൊരാൾകൂടി സഹായത്തിനുണ്ടാകണമെന്ന് അദ്ദേഹത്തിന് തോന്നി. ആ ജോലിയിൽ എന്നെ കൂടി ഉൾപ്പെടുത്താൻ എൻ.വി. ഡി.സിയോട് ആവശ്യപ്പെടുകയായിരുന്നു. ഡിക്ഷനറിയുടെ മൂന്നിലൊരു ഭാഗം ഞാനാണ് പരിഷ്കരിച്ചത്. അത് സംബന്ധിച്ച് വ്യക്തമായ ചില ധാരണകൾ എൻ. വിയും ഞാനും തമ്മിൽ ഉണ്ടാക്കി. ഉപേക്ഷിക്കേണ്ട അനേകം വാക്കുകൾ ആ നിഘണ്ടുവിലുണ്ടായിരുന്നു. പുതുതായി ചേർക്കേണ്ട പദങ്ങളും വളരെയുണ്ട്. ഓക്സ്ഫോർഡ് ഡിക്ഷനറിയെ അടിസ്ഥാനമാക്കിയായിരിക്കണം പുതിയ പദങ്ങൾ ചേർക്കുന്നത് എന്നദ്ദേഹം നിർദ്ദേശിച്ചു. ആ ജോലി നിശ്ചിത സമയത്തുതന്നെ പൂർത്തിയാവുകയും ചെയ്തു.
Comments are closed.