ഉള്‍ക്കനമുള്ള എഡിറ്റര്‍
അന്തരിച്ച എം എസ് ചന്ദ്രശേഖര വാരിയരെക്കുറിച്ച് രവി ഡി സി എഴുതുന്നു
പ്രസാധകസ്ഥാപനമെന്ന നിലയില്‍ ഡി സി ബുക്സിന്റെ വളര്‍ച്ചയ്ക്കൊപ്പം കൂടെ നിന്ന് എഡിറ്ററാണ് എം എസ് ചന്ദ്രശേഖര വാരിയര്‍. ഭാവനയും നിരീക്ഷണപാടവവുമുള്ള എഡിറ്റർ എന്ന നിലയിൽ ഡി സി ബുക്‌സ് പ്രസിദ്ധീകരണങ്ങൾക്ക് മിഴിവും ഉൾക്കനവും നൽകാൻ ബദ്ധശ്രദ്ധനായിരുന്നു ആശാന്‍.
കേരളഭൂഷണത്തിൽനിന്നു പിരിഞ്ഞശേഷം ഡി സി ബുക്‌സിന്റെ പ്രാരംഭകാലം മുതൽ എഡിറ്ററായി ഇരുപത്തിയാറു വർഷങ്ങൾ സേവനനിരതനായി അദ്ദേഹം കോട്ടയത്തു കഴിഞ്ഞു. ഡി സി ബുക്‌സിന്റെ പ്രഥമസംരംഭമായ ഇംഗ്ലിഷ്-ഇംഗ്ലിഷ്-മലയാളം നിഘണ്ടുവിന്റെ (ടി. രാമലിംഗം പിള്ള) എഡിറ്റിങ് ഉൾപ്പടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഡോ. എൻ. കൃഷ്ണവാരിയരോടൊപ്പം നിർവഹിക്കുന്നതിനും ആശാനു കഴിഞ്ഞു. മൂന്നു വാല്യങ്ങളായി പുറത്തുവന്ന ഇംഗ്ലിഷ്-ഇംഗ്ലിഷ്-മലയാളം നിഘണ്ടുവിന്റെ സംഗൃഹീത പതിപ്പ് ഒറ്റവാല്യത്തിൽ തയ്യാറാക്കുന്നതിനും ആശാന്‍ മുൻപന്തിയിൽ നിന്നു.
അദ്ധ്യാത്മരാമായണം (സംശോധിതപതിപ്പ്)
1988 ജൂലൈയിൽ പുറത്തുവന്ന ഡി സി ബുക്‌സിന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് സംശോധിതപതിപ്പ് തയ്യാറാക്കിയത് ആശാന്‍ ആയിരുന്നു. നിലവിലുണ്ടായിരുന്ന രാമായണപാഠങ്ങളെല്ലാം പരിശോധിച്ച് നിർദ്ധാരണം ചെയ്തായിരുന്നു രാമായണത്തിന്റെ ശുദ്ധപാഠം ഡി സി ബുക്‌സിനു വേണ്ടി അദ്ദേഹം തയ്യാറാക്കിയത്. പഠനത്തോടൊപ്പം പ്രസിദ്ധപ്പെടുത്തിയ അദ്ധ്യാത്മരാമായണം ഡി സി ബി പതിപ്പ് മലയാളത്തിലുണ്ടായ രാമായണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായി. ഇന്നും ആ പതിപ്പിനെ മറികടക്കാൻ മറ്റൊരു പതിപ്പിനും കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ശ്രീമഹാഭാഗവതം
എം എസ് ചന്ദ്രശേഖര വാരിയർ സംശോധനം, ടിപ്പണി, പഠനം എന്നിവ നിർവഹിച്ച ശ്രീമഹാഭാഗവതം കിളിപ്പാട്ടും ഡി സി ബുക്‌സിലൂടെ പുറത്തു വന്നു. മലയാളികൾക്കെന്നും മുതൽക്കൂട്ടായി മാറിയ ഭാഗവതം കിളിപ്പാട്ടും ഭക്ത്യാദരപൂർവ്വം വായനക്കാർ സ്വാഗതം ചെയ്തു.
ഭഗവദ്ഗീത വ്യാഖ്യാനം
ഭഗവദ്ഗീതയുടെ ലളിതമലയാളവ്യാഖ്യാനമാണ് കൈരളിക്കായി അദ്ദേഹം നൽകിയ മറ്റൊരു സംഭാവന. സ്വാമി ചിന്മയാനന്ദൻ പോലും ഈ ഗീതാവ്യാഖ്യാനത്തെ അനുമോദിച്ചിരുന്നു. ഡി സി ബുക്‌സിലൂടെ പുറത്തുവന്ന ആദ്യത്തെ ഗീതാവ്യാഖ്യാനവും ഇതുതന്നെ.
ഹരിനാമകീർത്തനം/ ഭാഗവതകീർത്തനം
തുഞ്ചത്താചാര്യന്റെ ഹരിനാമകീർത്തനത്തിനും വ്യാഖ്യാനം നൽകി പ്രസിദ്ധപ്പെടുത്തി. കൂടാതെ ഭാഗവതകീർത്തനവും വ്യാഖ്യാനത്തോടെ പ്രസിദ്ധപ്പെടുത്തി. രണ്ടും ഡി സി ബുക്‌സ് പ്രസാധനം.
കവി, എഴുത്തുകാരൻ
വിദ്യാർത്ഥി ആയിരിക്കുമ്പോൾ മുതൽ സാഹിതീസേവനത്തിൽ തത്പരനായിരുന്നു. കവി എന്ന പേരിൽ പ്രശസ്തനായി. അന്തിയും വാസന്തിയും ആദ്യത്തെ കവിതാസമാഹാരം. വ്യക്തിമുദ്രകൾ, ഭാഷയും സാഹിത്യവും മലയാളപ്പിറവിക്കുമുമ്പ്, അകലെനിന്നും വന്നവർ തുടങ്ങിയവ ആദ്യകാല കൃതികളാണ്.
വിവർത്തകൻ
ലാറി കോളിൻസും ഡൊമിനിക് ലാപിയറും ചേർന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് അടിയന്തരാവസ്ഥക്കാലത്ത് ഏറെ ശ്രദ്ധേയമായ പുസ്തകമായിരുന്നു. ഈ ഗ്രന്ഥത്തിന്റെ മലയാളം പതിപ്പ്, “സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ” എന്ന പേരിൽ വിവർത്തനം ചെയ്തത് എം എസ് ചന്ദ്രശേഖര വാരിയരും പത്രപ്രവർത്തകനായ ടി.കെ.ജി. നായരും ചേർന്നാണ്. 1976 ഒക്‌ടോബറിൽ ഡി സി ബുക്‌സ് ഈ ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി.
സിദ്ധാർത്ഥൻ/ ജനകീയൻ
സിദ്ധാർത്ഥൻ എന്ന തൂലികാനാമത്തിൽ വർഷങ്ങളോളം മനോരാജ്യം വാരികയിൽ സുഭാഷിതങ്ങൾ പോലെ ജനകീയമായ ഒരു പംക്തി അദ്ദേഹം എഴുതി. രാഷ്ട്രീയചിന്തകളും തൂലികാചിത്രങ്ങളും ജനകീയൻ എന്ന പേരിൽ കേരളഭൂഷണം പത്രത്തിലും മനോരാജ്യം വാരികയിലും എഴുതിയിരുന്നു.
എം എസ് ചന്ദ്രശേഖര വാരിയരും ഡി സി കിഴക്കെമുറിയും
ഡി സി ബുക്‌സിലെ ജീവനക്കാരും അടുത്തറിയുന്ന എല്ലാവരും അദ്ദേഹത്തെ “ആശാൻ” എന്ന പേരിലാണ് സംബോധന ചെയ്തിരുന്നത്. എന്റെ പിതാവ് ഡി സി കിഴക്കെമുറിയുമായുള്ള സ്‌നേഹബന്ധം എല്ലാ കാലവും തുടർന്നിരുന്നു.
അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ ഞങ്ങളുടെ ഒരുപിടി കണ്ണീർപ്പൂക്കൾ
Comments are closed.