ഭാഷയെ നവീകരിക്കുന്നതാണ് കവിതകളുടെ അബോധ്യമായ ദൗത്യമെന്ന് റഫീക്ക് അഹമ്മദ്”
ഭാഷയെ നവീകരിക്കുന്നതാണ് കവിതകളുടെ അബോധ്യമായ ദൗത്യമെന്ന് പ്രമുഖ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. സമീപകാല കവിതകൾ വരമൊഴിയിൽ നിന്ന് വാമൊഴിയിലേക്ക് പോകുന്ന പ്രവണത ഇപ്പോൾ കൂടി വരുന്നുണ്ട്. ഇങ്ങനെയാണ് കവിതയുടെ ശബ്ദശരീരത്തിന് മാറ്റമുണ്ടാകേണ്ടത് എന്ന തെറ്റിദ്ധാരണയാണ് ഇതിന് പിന്നിൽ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആറാം പതിപ്പിന്റെ വാക്ക് വേദിയിൽ വച്ച് നടന്ന “മൊഴിയും വഴിയും: മാറുന്ന മലയാള കവിത” എന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാന്തവത്കരിക്കപ്പെട്ട ജനങ്ങളുടെ പ്രതിഷേധമാണ് കവിതകളെന്നും തള്ളപ്പെട്ടുപോയ അനുഭവങ്ങളും വാക്കുകളും മുഖ്യധാരയിൽ അവതരിപ്പിക്കാൻ കഴിയുമ്പോഴാണ് കവിതയിൽ ജനാധിപത്യം സംജാതമാകുന്നതെന്നും കവി എം. ആർ. രേണുകുമാർ വ്യക്തമാക്കി. പുതിയകാല കവികളുടെ കാവ്യസങ്കൽപം ജനങ്ങളെ ഒഴിച്ചു നിർത്തുന്നതായി മാങ്ങാട് രത്നാകരൻ ചൂണ്ടിക്കാണിച്ചു. വിചിത്ര വാക്യങ്ങളുടെ സമാഹാരങ്ങൾ തന്നെ സ്പർശിക്കാറില്ലെന്നും കവിതകളുടെ രാഷ്ട്രീയ ധാരയും സത്യസന്ധതയുമാണ് തന്നെ വായിക്കാൻ പ്രേരിപ്പിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. കവിതയുടെ രാഷ്ട്രീയം വ്യക്തമാക്കുമ്പോൾ എപ്പോഴും വൃത്തവും പ്രാസവും മെരുങ്ങണമെന്നില്ലെന്ന് കവയിത്രി മ്യൂസ് മേരി അഭിപ്രായപ്പെട്ടു. ആയിരം വർഷങ്ങൾക്ക് മുമ്പേ സ്ത്രീകൾ എഴുതിയ കവിതകൾ തങ്ങളുടെ ശരീരവും കാമനയും പ്രമേയമായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Comments are closed.