മോട്ടോര്‍ സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍
ചെ ഗുവാര തന്റെ സുഹൃത്ത് ആല്‍ബര്‍ട്രോ ഗ്രനാഡോയുമൊത്ത് മോട്ടോര്‍ സൈക്കിളില്‍ ലാറ്റിനമേരിക്കയിലൂടെ നടത്തിയ യാത്രയുടെ വിവരണമാണ് മോട്ടോര്‍ സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍. ക്യൂബന്‍ വിപ്ലവത്തില്‍ പങ്കെടുക്കുന്നതിന് എട്ടു വര്‍ഷം മുന്‍പെഴുതിയ ഈ കുറിപ്പുകള്‍ ഏണസ്‌റ്റോ ഗുവാര എന്ന ഉല്ലാസവാനും സുഖാന്വേഷിയുമായ ചെറുപ്പക്കാരന്റെ ചെ ഗുവാര എന്ന അനശ്വര വിപ്ലവകാരിയിലേക്കുള്ള പരിവര്‍ത്തനം നമുക്കു മുന്‍പില്‍ വെളിവാക്കുന്നു.
1951-ല്‍ നടത്തിയ അസാധാരണമായ ഒരു മോട്ടോര്‍ സൈക്കിള്‍ യാത്ര. ആ യാത്രയാണ് ചെയെ വിപ്ലവകാരിയാക്കിയത്. സമ്പന്നമായ കുടുംബ പശ്ചാത്തലത്തില്‍ ജീവിച്ചിരുന്ന ചെ ഗുവാര ലാറ്റിനമേരിക്കന്‍ തൊഴിലാളികളുടെ പട്ടിണിജീവിതം നേരില്‍ കാണുന്നത് ആ യാത്രയിലാണ്. കൊടുംചൂഷണം വിഴുങ്ങുന്ന പാവം മനുഷ്യര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആ തോന്നലാണ് കമ്യൂണിസത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്നത്. അങ്ങനെയാണ് ക്യൂബന്‍ വിമോചനത്തിന്റെ മുന്നണിപ്പോരാളിയായി അദ്ദേഹം മാറുന്നത്. പിന്നീട് ബൊളീവിയന്‍ കാടുകളില്‍ രക്തസാക്ഷിയാവുന്നത്.
ലോകമെമ്പാടുമുള്ള വായനക്കാരുടെ പ്രിയപുസ്തകമായി മാറിയ ഈ കൃതിയുടെ ചലച്ചിത്രാവിഷ്‌കാരവും ഏറെ ഹൃദ്യമാണ്. 2004-ല്‍ ദി മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ചരിത്രകാരന്മാര്‍ വിജയകരമായി ഒളിപ്പിച്ചുവെച്ച ചെ എന്ന ചെ ഗുവാരയുടെ വ്യക്തിത്വത്തിന്റെ മാനുഷികവശങ്ങള്‍ വായനക്കാരുമായി പങ്കുവെയ്ക്കുന്ന കൃതിയുടെ പരിഭാഷ അത്യപൂര്‍വ്വമായ ചിത്രങ്ങള്‍ സഹിതമാണ് തയ്യാറാക്കിയിരിക്കുന്നത്. ആര്‍.കെ ബിജുരാജാണ് ഈ കൃതിയുടെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിയ്ക്കുന്ന മോട്ടോര്‍ സൈക്കിള്‍ ഡയറിക്കുറിപ്പുകളുടെ ആറാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
Comments are closed.