കുഞ്ഞിനു മേല്‍ അമ്മയുടെ അവകാശം: സി. എസ് ചന്ദ്രിക എഴുതുന്നു
സി. എസ് ചന്ദ്രിക
അനുപമ എസ് ചന്ദ്രന്‍ എന്ന അമ്മയാണിപ്പോള്‍ കേരളത്തിന്റെ പൊതു ഇടത്തും കുടുംബങ്ങളിലും സംസാര വിഷയം. വിവിധ അധികാര കേന്ദ്രങ്ങളില്‍ പരാതി നല്‍കിയിട്ടും ഫലം കാണാതെ തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് അവര്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിനെത്തി.
സ്വന്തം ഇഷ്‌ടപ്രകാരം കണ്ടെത്തിയ പ്രേമബന്ധത്തില്‍, വിവാഹം നടക്കാതെയാണ് അനുപമക്ക് കുഞ്ഞ് ജനിച്ചത് എന്നതാണ് ഈ പ്രശ്‌നം ഈ വിധം സങ്കീര്‍ണ്ണമാകാന്‍ കാരണം എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. അന്ന്, ഇക്കാര്യം നാട്ടുകാരും ബന്ധുക്കളും അറിയാതിരിക്കാനായി, സമൂഹത്തില്‍ നിലവിലുള്ള മാനാഭിമാന സങ്കല്‌പങ്ങള്‍ സംരക്ഷിക്കാനായി, അനുപമയുടെ അച്ഛനമ്മമാരാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ നല്‍കാം എന്നു തീരുമാനിച്ചത് എന്ന് അനുപമ പറയുന്നു. സഹോദരിയുടെ വിവാഹം നിശ്ചയിച്ച വേളയില്‍, അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ, പത്തൊമ്പതു വയസ്സു മാത്രമുള്ള, അവിവാഹിതയായ ഗര്‍ഭിണി, അമ്മ എന്ന നിലയിലുള്ള തന്റെ സാന്നിദ്ധ്യം കുടുംബത്തിനും സഹോദരിയുടെ വിവാഹത്തിനും വലിയ തകര്‍ച്ച ഉണ്ടാക്കും എന്ന മാനസിക സമ്മര്‍ദ്ദം അനുപമയെ അന്ന് ഈ തീരുമാനത്തോടൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകാം എന്ന് അനുപമയുടെ അച്ഛന്റെ വാക്കുകളില്‍ നിന്ന് അനുമാനിക്കാനും ഒരിടം ഞാന്‍ കാണുന്നുണ്ട്. അത് അന്നത്തെ നിസ്സഹായത കൊണ്ടോ ഭീഷണികളോ സമ്മര്‍ദ്ദം കൊണ്ടോ സമ്മതിച്ചതാണ് എന്ന് അനുപമ പറഞ്ഞാല്‍, നമ്മുടെ പിതൃമേധാവിത്വ കുടുംബങ്ങളുടെ പൊതു സ്വഭാവം വെച്ചു നോക്കിയാല്‍ അതിനാണ് വിശ്വാസ്യതയും മുന്‍തൂക്കവുമുള്ളത്. എന്തായാലും, നമ്മുടെ സമൂഹത്തില്‍ ഉപേക്ഷിക്കപ്പെടുന്ന ഇത്രയധികം അനാഥക്കുട്ടികളുണ്ടാകുന്നത് ഈ പൊതുസമൂഹത്തിന്റെ സദാചാര ശാസനനിയമങ്ങള്‍ തീര്‍ത്തും അക്രമാസക്തവും നിഷ്‌ക്കരുണവും കര്‍ക്കശവുമായതുകൊണ്ടു മാത്രമാണ്.
അതിനാല്‍ മാനാഭിമാനത്തെയും മകളുടെ സുരക്ഷയേയും കരുതി അനുപമയുടെ അച്ഛനമ്മമാര്‍ ചെയ്‌ത കൃത്യത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പൊതു സമൂഹത്തിന് മാറി നിന്ന് അഭിപ്രായം പറയാന്‍ വലിയ അവകാശമൊന്നുമില്ല എന്ന് പറയാതിരിക്കാനാവില്ല. അനുപമയുടെ കുടുംബത്തിന് മുന്നില്‍ മറ്റെന്തായിരുന്നു വഴി എന്ന് ഞാനാലോചിക്കുകയാണ്. കാരണം, അനുപമ ഗര്‍ഭിണിയായ സമയത്തും പ്രസവ സമയത്തും കുഞ്ഞിന്റെ അച്ഛനായ അജിത്ത് അനുപമയെ വിവാഹം കഴിക്കാനോ കുഞ്ഞിനെ ഏറ്റെടുക്കാനോ തയ്യാറുള്ള അവസ്ഥയിലായിരുന്നില്ല എന്നാണ് ഈ കേസ് നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നത്. എന്തായാലും, ഏതൊന്നാണോ അനുപമയുടെ അച്ഛനമ്മമാര്‍ ഭയന്നത്, അക്കാര്യം അശനിപാതം പോലെ ഇന്ന് തലയില്‍ തിരിച്ചു പതിക്കുകയും ചെയ്‌ത കൃത്യത്തിന്റെ പേരില്‍ സമൂഹ സദാചാരത്തിന്റെ മാത്രമല്ല, നിയമപരമായ നടപടികളെക്കൂടി അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നു. സ്വന്തം മകളെ മാത്രം രക്ഷപ്പെടുത്താനാഗ്രഹിച്ച് അവര്‍ മകളുടെ കുഞ്ഞിനെ ഉപേക്ഷിക്കാനാണ് ശ്രമിച്ചു. മകള്‍ക്ക് അവളുടെ കുഞ്ഞ് പ്രിയപ്പെട്ടതാണെന്ന യാഥാര്‍ത്ഥ്യം ആ അച്ഛനും അമ്മയും വിസ്‌മരിച്ചു പോയി. എന്തായാലും ഇപ്പോള്‍ അനുപമയ്‌ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും കുഞ്ഞിന്റെ ദത്തു കൊടുക്കല്‍ നടപടി സ്റ്റേ ചെയ്‌തു കൊണ്ട് കുടുംബ കോടതിയുടെ ഉത്തരവും പരാമര്‍ശങ്ങളും വന്നിരിക്കുന്നത് ആശ്വാസകരവും ശ്രദ്ധേയവുമാണ്. ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്ന് വീഴ്‌ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് കോടതി കണ്ടെത്തട്ടെ.
മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തതോടുകൂടി ഈ കേസില്‍ ആരോടൊപ്പം നില്‍ക്കണം എന്ന കാര്യത്തില്‍ പല തരം നിലപാടുകള്‍ സജീവമായി ഉയര്‍ന്നു വന്നു കഴിഞ്ഞു. അച്ഛനേയും അമ്മേയും കുറ്റപ്പെടുത്തുന്നവര്‍, അജിത്തിനെ ഭര്‍ത്സിക്കുന്നവര്‍, അനുപമയെ തെറിയഭിഷേകം ചെയ്യുന്നവര്‍ ഇങ്ങനെ വ്യത്യസ്‌തമാണ് പൊതു സമൂഹത്തിന്റെ കാഴ്‌ചകളും പ്രതികരണങ്ങളും. ഒരു വിഭാഗം അനുപമയുടെ നേര്‍ക്കും മറ്റൊരു വിഭാഗം അനുപമയുടെ അച്ഛനമ്മമാര്‍ക്കു നേര്‍ക്കും വലിയ സൈബര്‍ ആക്രമണം നടക്കുന്നത് കാണുമ്പോള്‍ ലൈംഗികത, സദാചാരം എന്ന വിഷയത്തിന്റെ കാര്യത്തില്‍ ഈ സമൂഹം എത്രയധികം രോഗാതുരവും മുന്‍വിധി നിറഞ്ഞതും അക്രമാസക്തവുമാണ് എന്ന് വീണ്ടും വെളിപ്പെടുന്നു.
ഇന്ത്യയില്‍ ഇപ്പോള്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ട് ആണ്. പതിനെട്ടു വയസ്സിനു ശേഷം സ്വന്തം ഇഷ്‌ടപ്രകാരം ഇണയെ തെരഞ്ഞെടുക്കാന്‍ പെണ്‍കുട്ടിക്ക് നിയമപരമായി അവകാശമുണ്ട്. എന്നാല്‍ എന്നെ ആകുലപ്പെടുത്തുന്ന കാര്യം, പത്തൊമ്പതു വയസ്സില്‍ വിവാഹേതര പ്രണയ ബന്ധത്തിലോ അല്ലാതേയോ പെണ്‍കുട്ടികള്‍ തീര്‍ത്തും അരക്ഷിതമായി ലൈംഗിക ബന്ധത്തില്‍ അകപ്പെടുന്നതും ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും ഒഴിവാക്കാനാവണം – അതവര്‍ക്ക് ആരു പറഞ്ഞുകൊടുക്കും എന്നതാണ്. ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കണം എന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി സ്ഥാനമേറ്റെടുത്ത ശേഷം അഡ്വ. സതീദേവി നടത്തിയ പ്രസ്‌താവനയെപ്പോലും പോലും അതിനെ എതിര്‍ത്തുകൊണ്ട് എത്ര വിദഗ്‌ദ്ധമായാണ് സാമൂഹ്യമാധ്യമങ്ങളില്‍ പരിഹസിച്ചും ആക്രമിച്ചും ട്രോളുകളാക്കി മാറ്റിയത്! ലൈംഗിക വിദ്യാഭ്യാസമെന്നാല്‍ വിവേകത്തോടെ, ബുദ്ധിപൂര്‍വ്വം, ഉത്തരവാദിത്വ പൂര്‍വ്വം, ആരോഗ്യകരമായി മാത്രം ശരീരത്തേയും ലൈംഗികതയേയും തിരിച്ചറിയാനും സമീപിക്കാനും പ്രാപ്‌തമാക്കുന്ന മുന്നറിയിപ്പുകളും വിവരങ്ങളും ധാരണകളും ഉണ്ടാക്കിയെടുക്കുക എന്നതാണ്.
ഒന്നോര്‍ത്താല്‍, അനുപമയുടെ അമ്മയും അച്ഛനും മറ്റെല്ലാ മാതാപിതാക്കളേയും പോലെ മകളുടെ മേല്‍ അമ്മ എന്ന നിലയ്‌ക്കും അച്‌ഛന്‍ എന്ന നിലയ്‌ക്കും ഉള്ള അവകാശവും അധികാരവും ആഗ്രഹിച്ചിട്ടുള്ളവരാണ്. മകള്‍ക്ക് പതിനെട്ടു വയസ്സ് തികഞ്ഞതും നിയമപ്രകാരം അവള്‍ സ്വന്തം ഇഷ്‌ടങ്ങള്‍ സ്ഥാപിക്കാന്‍ സ്വയം അവകാശവും അധികാരവും ഉള്ളവള്‍ ആയി മാറിയതും അവര്‍ കൃത്യ സമയത്ത് തിരിച്ചറിവോടെ ഓര്‍ത്തിട്ടുമില്ല. കാരണം, നമ്മുടെ നാട്ടില്‍ കാര്യങ്ങള്‍ ഇപ്പോഴും ഇങ്ങനെയാണ്. നമ്മുടെ കുടുംബങ്ങളില്‍ അച്ഛനമ്മമാര്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും മക്കളുടെ വിവാഹം വരേയ്‌ക്കും – അതെത്ര വൈകിയാലും – വയസ്സ് ഇരുപത്തഞ്ചോ മുപ്പതോ ആയാലും സ്വന്തം കുടുംബത്തിനുള്ളില്‍ എത്ര സാമ്പത്തിക പരാധീനതകളുണ്ടെങ്കിലും പിന്തുണച്ച് കൂടെ നിര്‍ത്തുന്നവരാണ്. അതിന്റെ സ്വാഭാവിക ഫലമെന്നോണം അവരെ സ്വതന്ത്രവ്യക്തികളായി പരിഗണിച്ച് പെരുമാറുകയോ അവരുടെ സ്വാതന്ത്ര്യത്തെ ആദരിക്കുകയോ ചെയ്യാറുമില്ല. പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത്തരം സംരക്ഷണം വീടുകളില്‍ പരമാവധിയുമാണ്.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതിരിക്കുകയോ സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാതിരിക്കുകയോ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കേണ്ടി വരികയോ ചെയ്യുന്ന ദുര്‍ഘടമായ ജീവിത സാഹചര്യങ്ങള്‍ പെണ്‍കുട്ടികളെ കൂടുതല്‍ ദുര്‍ബ്ബലമാക്കുന്നു. സ്വന്തം ജീവിതത്തിന്റെ സാമ്പത്തിക ഭാഗധേയം കൂടി കഴിയുന്നത്ര നേരത്തേ നിര്‍വ്വഹിച്ചു തുടങ്ങാനാവുമ്പോഴാണ് പെണ്‍കുട്ടികള്‍ക്ക് സ്വന്തം ശരീരത്തിലും പ്രണയത്തിലും ലൈംഗികതയിലും വിവാഹത്തിലും ഒരുമിച്ചു ജീവിക്കലിലും സ്വയം നിര്‍ണ്ണയാവകാശം വിജയകരമായി സ്ഥാപിക്കാനാവുക എന്നതാണ് അര്‍ത്ഥപൂര്‍ണ്ണമായ സ്വാതന്ത്ര്യത്തിന്റെ സ്‌ത്രീരാഷ്‌ട്രീയം.
കോളേജ് പഠനകാലത്ത് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യാനും സ്വന്തമായി വരുമാനമുണ്ടാക്കാനുമുള്ള സാധ്യതകള്‍ തുറക്കുന്ന സാമൂഹ്യ സാമ്പത്തിക അന്തരീക്ഷം വലുതായ സാംസ്‌ക്കാരിക മാറ്റത്തിനു കൂടി വഴി തുറക്കുമെന്ന് ഞാന്‍ കരുതുന്നു. വിവാഹം കഴിക്കാനായി വിദ്യാഭ്യാസം നല്‍കുന്നതിനു പകരം തൊഴിലും വരുമാനവും നേടാനായി പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ കഴിയണം. സ്വതന്ത്ര വ്യക്തികളാകുന്നതോടെ അവര്‍ ഇഷ്‌ടമുള്ളവരെ തെരഞ്ഞെടുക്കട്ടെ. പിന്നീടുണ്ടാവുന്ന ഏതാപത്തിലും അവരെ മാനസികമായി സഹായിക്കാന്‍ കഴിയും വിധം അച്ഛനമ്മമാരും സ്വതന്ത്രരായി ജീവിക്കാന്‍ പഠിക്കട്ടെ.
Comments are closed.