വിശുദ്ധമായൊരു വിസ്മയം ‘ മദര്‍ തെരേസ’
ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്ക സന്യാസിനിയുമായ മദര്‍ തെരേസ കൊല്‍ക്കത്തയിലെ ചേരി നിവാസികളുടെ ദുരവസ്ഥ കണ്ടു മനസലിഞ്ഞാണ് മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങി അഗതികള്‍ക്ക് വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചത്. 1970 കളോടെ വിവിധ ലോകരാജ്യങ്ങളില്‍ മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ ശാഖകള്‍ തുറന്നു. 45 വര്‍ഷത്തോളം ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്നു മദര്‍ തെരേസ. 1970കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവര്‍ത്തകയായി അവര്‍ മാറി. നിസ്വാര്‍ത്ഥമായ ഈ പ്രവര്‍ത്തനത്തിന്റെ പേരില്‍ 1979ല്‍ മദര്‍ തെരേസയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കി. മരണ ശേഷം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കൊല്‍ക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരില്‍ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2016 സെപ്റ്റംബര്‍ 4ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ച ഭക്തിനിര്‍ഭരമായ ചടങ്ങില്‍ മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളാക്കി.
വിശുദ്ധയാക്കപ്പെട്ട മദര്‍ തെരേസയുടെ ജീവിതം വിവരിക്കുന്ന ജീവചരിത്രഗന്ഥമാണ് മദര്‍ തെരേസ. മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായ നവീന്‍ ചൗള രചിച്ചതാണ് ഈ പുസ്തകം. അഗതികളുടെ അമ്മ എന്ന് ലോകം വാഴ്ത്തുമ്പോഴും രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി ആദരിക്കുമ്പോഴും വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിന്നതായിരുന്നില്ല മദര്‍ തെരേസ യുടെ ജീവിതം എന്ന് പുസ്തകത്തില്‍ നവീന്‍ ചൗള പറയുന്നു. മദറിനെക്കുറിച്ച് കൂടുതലറിയാന്‍ സഹായിച്ച ഈ അമൂല്യകൃതി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരുന്നു. പുസ്തകത്തിന്റെ പതിനേഴാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ വിശദാംശങ്ങളും മദറുമായി ബന്ധപ്പെട്ട ഒട്ടേറെ അനുഭവസ്മരണകളടങ്ങുന്ന ഭാഗവും കൂട്ടിച്ചേര്‍ത്ത് പരിഷ്‌കരിച്ചതാണ് ഈ പതിപ്പ്.
യുഗോസ്ലാവിയയിലെ സ്‌കോപ്‌ജെയില്‍ ജനിച്ച മേരി തെരേസ ബൊജാക്‌സ്യു എന്ന മദര്‍ തെരേസ തന്റെ പതിനെട്ടാം വയസ്സില്‍ കന്യാസ്ത്രീയാകാനുള്ള തീരുമാനവുമായാണ് ഇന്ത്യയില്‍ എത്തിയത്. തുടര്‍ന്ന് മദറിന്റെ ജീവിതത്തില്‍ നടന്ന പ്രധാന സംഭവവികാസങ്ങളെല്ലാം നവീന്‍ ചൗള മദര്‍ തെരേസ എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നു. മദറിന്റെ അനുഗ്രഹാശിസ്സുകളോടെ തയ്യാറാക്കിയ കൃതി എന്ന നിലയില്‍ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ട പുസ്തകം ഇന്ത്യയിലും വിദേശത്തുമുള്ള പതിനാലോളം ഭാഷകളില്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ടു.
1997ലാണ് മദര്‍ തെരേസ എന്ന കൃതി മലയാളത്തില്‍ എത്തിയത്. മലയാള സര്‍വ്വകലാശാലാ വൈസ് ചാന്‍സലറായ കെ.ജയകുമാര്‍, പ്രസിദ്ധ വിവര്‍ത്തകനായ എം.പി.സദാശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം വിവര്‍ത്തനം ചെയ്തത്. മദര്‍ തെരേസയുടെ ജീവിതത്തെക്കുറിച്ച് മലയാളത്തില്‍ ലഭ്യമായ ഏറ്റവും മികച്ച പുസ്തകം എന്ന ഖ്യാതി നേടിയ പുസ്തകത്തിന്റെ പത്ത് പതിപ്പുകള്‍ക്ക് ശേഷം 2010ല്‍ നവീന്‍ ചൗളയുടെ മകള്‍ രുഗ്മിണി ചൗളയുടെ ലേഖനങ്ങള്‍ കൂടി ചേര്‍ത്ത് പുസ്തകം പരിഷ്‌കരിച്ചു.
1975ല്‍ മദര്‍ തെരേസയെ കണ്ടുമുട്ടിയത് മുതല്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു പോന്നിരുന്ന നവീന്‍ ചൗളയുടെ പുസ്തകം മദറിന്റെ പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ ചിത്രമാണ് വരച്ചുകാട്ടുന്നത്. മദറിനെക്കുറിച്ചറിയാതെ അവരെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നവരും അവരെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവരും നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണിതെന്ന് നിസ്സംശയം പറയാം.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
Comments are closed.