കഥകളുടെ അരം കൊണ്ട് നിങ്ങള്‍ക്കും മുറിവേല്‍ക്കാം!
അജയ് പി മങ്ങാട്ടിന്റെ ‘മൂന്ന് കല്ലുകള്‍’ എന്ന നോവലിന് സ്റ്റാന്‍ലി ജോണി എഴുതിയ വായനാനുഭവം
നമ്മുടെ ഉള്ളില്‍ നാം ചെന്ന് തുറക്കാന്‍ ധൈര്യപ്പെടാത്ത അറകളുണ്ടാകുമെന്ന് ചോര പറയുന്നുണ്ട്. മനുഷ്യരുടെ ഉള്ളില്‍, അകങ്ങളിലാണു ഏറ്റവും വലിയ മാറ്റങ്ങള്‍ നടക്കുന്നതെന്ന് കബീറിന്റെ അത്മഗതമുണ്ട്. ഓരോ മനുഷ്യരും രഹസ്യമായി എന്തൊക്കെയോ ദുഖങ്ങള്‍ പേറി ജീവിക്കുന്നവരാണു. പലപ്പോഴും നമ്മള്‍ പോലും ചെന്ന് നോക്കാന്‍ ഇഷ്ടപ്പെടാത്ത അകത്തെ അറകളൈലെവിടെയോ പൂട്ടിയിട്ടിരിക്കുന്ന ദുഖങ്ങള്‍. ആ സങ്കടങ്ങളേയാണു ഈ പുസ്തകം വിളിച്ചുണര്‍ത്തിപ്പോകുന്നത്.
ഇതില്‍ നിറയേ കഥകളാണു. മരക്കച്ചവടക്കാരന്റെ നമുക്കറിയാത്ത കഥ. സിനിമാനടന്‍ കറുപ്പനോട് പറയുന്ന കഥ. മാധവന്‍ കബീറിനോട് പറയുന്ന കഥ. മരിച്ചു പോയ ചോര മാധവനോട് പറയുന്ന കഥ. മകളെ നഷ്ടപ്പെട്ട ഇമാം ഹുസൈന്‍ തന്നോടു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന തീരാവ്യഥയുടെ കഥ. ആത്മഹത്യ ചെയ്ത മിനാ വായനക്കാരോട് തന്റെ കവിതകളിലൂടെ പറയുന്ന കഥ. ഈ കഥകള്‍ക്കിടയില്‍ ജനനവും മരണവും നടക്കുന്നു.
വലിയ നഷ്ടങ്ങള്‍, തീരാദുഖങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, മനുഷ്യനുണ്ടാക്കുന്ന കെടുതികള്‍. അപൂര്‍ണങ്ങളായ കഥകള്‍. ഈ കഥകളുടെ അരം കൊണ്ടുള്ള മുറിവോടെയല്ലാതെ മൂന്നുകല്ലുകള്‍ വായിച്ചു മുഴുമിപ്പിക്കാനാവില്ല.
Comments are closed.