എല്ലാ തിന്മകളും ആത്മാവിന്റെ യാതനകളില്‍ നിന്നാണ് പിറക്കുന്നത്!
അജയ് പി മങ്ങാട്ടിന്റെ ‘മൂന്ന് കല്ലുകള്‍’ എന്ന നോവലിന് രതി മേനോൻ എഴുതിയ വായനാനുഭവം
നമ്മുടെ എഴുത്തു രീതികളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു “സൂസന്നയുടെ ഗ്രന്ഥപ്പുര “. അത് പോലെ വേറിട്ട ഒരു വായനാനുഭവമാണ് ” മൂന്ന് കല്ലുകളും “. കോഴിക്കോട്, ഇരുട്ടു കാനം, മലമുണ്ട എന്നീ പ്രദേശങ്ങളിൽ പ്രധാനമായും സംഭവിക്കുന്നതാണ് കഥാഗതി. എങ്കിൽ തന്നെയും അത് സ്പർശിക്കുന്നത് ജീവിതത്തിന്റെ കാതലായ ചില വസ്തുതകളിലാണ്.
കറുപ്പൻ എന്ന പ്രൂഫ് റീഡർ ചെറിയ ഒരു ഇടവേളയിൽ കേട്ടെഴുത്തുകാരൻ ആകുന്നു. അയാൾ കേട്ടെഴുതുന്നത് ഒരു മരക്കച്ചവടക്കാരന്റെയും ഒരു പഴയ കാലനടന്റെയും ആൽമകഥകളാണ്. ഈ അനുഭവങ്ങൾ അയാളെ ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. എഴുത്തു അയാളെ കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കുന്നു. അവിടെ അയാൾ പരിചയപ്പെട്ട കബീർ എന്ന വ്യക്തി പരിചയപ്പെടുത്തിയ ആളുകൾ, അവരിലൂടെ അവർക്ക് നിന്നിലേക്ക് വീണുപോയ നിമിഷങ്ങൾ, കബീർ വെച്ചുപോയ കാലം അതിന്റെ മിടിപ്പുകൾ – ഇതാണ് കറുപ്പനിലൂടെ കഥയായി വിടരുന്നത് എന്ന് തുടക്കത്തിലേ കറുപ്പൻ പറഞ്ഞു വെക്കുന്നു. മാധവൻ, അച്ഛൻ കറുപ്പൻ, അമ്മ രാധ, ഊറായി ഭാര്യ മിന മകൾ റഷീദ,ഇരുട്ടു കാനത്തെ മിനയുടെ അച്ഛൻ ഇമാം ഹുസൈൻ, കാക്ക, ചോര പിന്നെ ഇടക്ക് വന്നു പോകുന്ന ഏക, ലൂക്കാച്ചൻ, കാളി ഇവരിലൂടെ ജീവിതത്തിന്റെ എന്തൊക്കെ കടുത്ത യാഥാർഥ്യങ്ങൾ ആണ് നോവലിസ്റ്റ് രേഖപ്പെടുത്തുന്നത്.
എല്ലാ തിന്മകളും ആത്മാവിന്റെ യാതനകളിൽ നിന്നാണ് പിറക്കുന്നതെന്നും അതിനെ ഭേദപ്പെടുത്തുകയാണ് പ്രേമം ചെയ്യുന്നത് ചെയ്യേണ്ടത് എന്ന അടിസ്ഥാന ശ്രുതിയാണ് ഈ നോവലിന്റെ കരുത്ത്. വ്യക്തി തലത്തിലും സാമൂഹികത്തലത്തിലും പ്രസക്തമായ ഈ തത്വം നോവലിൽ ഉടനീളം വ്യാപിച്ചു കിടക്കുന്നു. സ്നേഹബന്ധങ്ങളിൽ ഉത്തരവാദിത്വതമോ ഏകാഗ്രതയോ ഇല്ലാത്ത പുരുഷന്മാർ സ്ത്രീകളുടെ ജീവിതത്തെ എങ്ങിനെ താളം തെറ്റിക്കുന്നു എന്നും കാരുണ്യസ്പർശം ഇല്ലാത്ത ജീവിതം എങ്ങിനെ സാമൂഹിക ജീവിതത്തെ അരോചകമാക്കുന്നുവെന്നും നോവലിസ്റ്റ് ഇവരിലൂടെ കാണിച്ചു തരുന്നു. എന്നിട്ടും നോവലിസ്റ്റ് പ്രതീക്ഷ കെടുത്തുന്നില്ല. ഒരു ജന്മത്തിൽ ഒരു മനുഷ്യന് എത്ര വട്ടം പരിണമിക്കാനാകുമെന്ന് കാളിയുടെ ജീവിതത്തിലൂടെ കാണിച്ചു തരുന്നു. അനിഷ്ടങ്ങളുടെയും അതൃപ്തികളുടെയും വേലിയേറ്റത്തിൽ കഠിനമായിപ്പോകുന്ന മനസ്സിനെയും ജീവിതത്തെയും ലോകത്തിന്റെ സൗന്ദര്യത്തിലേക്കുള്ള ജാലകം തുറക്കുവാൻ പ്രാപ്തരാക്കു ന്നതിലാണ് ശക്തി. അത്ഭുതകരമായി നാം മറ്റൊരാളുടെ സ്വപ്നത്തിലേക്കു പ്രവേശിക്കുമ്പോഴാണ് നാം യഥാർത്ഥ ആനന്ദം അനുഭവിക്കുന്നത്. ഒരാൾ മറ്റൊരാളുടെ ജീവിതവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നും അത് വിഷലിപ്തമോ ശമനദായകമോ ആക്കിത്തീർക്കുന്നത് അവനവന്റെ ചെയ്തികളാണ്. കബീറും, ഏകയും, കാക്കയും ചോരയും, ലൂക്കോച്ചനും, രാധയും എല്ലാം ഈ വസ്തുതയെ പല തരത്തിൽ അനുഭവപ്പെടുത്തുന്നു.
ഭാഷയുടെ സൗന്ദര്യം മനസ്സിനെ തൊട്ടുണർത്തുകയും കൊളുത്തി വലിക്കുകയും ചെയ്യുന്ന മുഹൂർത്തങ്ങൾ നിരവധിയാണ്. ചോര തന്റെ വാഴ്‌ന്നിടത്തു വെയ്ക്കുന്ന മൂന്ന് കല്ലുകൾ വലിയൊരു സൂചകമാണ്. അതിലൂടെ അജയ് മലയാള നോവൽ ലോകത്തും ഒരു നാഴികക്കല്ലായി മാറുന്നു.
Comments are closed.