‘മൂന്ന് കല്ലുകൾ’; അടച്ചു വെച്ചിട്ടും നീങ്ങി മാറാത്ത മഴ മൂടലും കനപ്പും…!
അജയ് പി മങ്ങാട്ടിന്റെ ‘മൂന്ന് കല്ലുകള്‍’ എന്ന നോവലിന് സുധ തെക്കേമഠം
എഴുതിയ വായനാനുഭവം
നട്ടുച്ച സമയമാണ്. കൊടും വേനലിന്റെ തളര്‍ച്ചയില്‍ മയങ്ങുകയാണ് ആകാശവും ഭൂമിയും. വായന കഴിഞ്ഞ് അടച്ചു വെച്ച പുസ്തകം മുന്നിലുണ്ട്. അജയ് പി മങ്ങാടിന്റെ മൂന്നു കല്ലുകള്‍. പുസ്തകങ്ങളുടെ ചങ്ങാതി ശശിയേട്ടന്റെ പുസ്തക സഞ്ചിയില്‍ നിന്നാണ് മൂന്ന് പുതിയ പുസ്തകങ്ങള്‍ വാങ്ങിയത്. എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചും ആധികാരികമായി പറയാനുള്ള കഴിവില്ല എന്ന ഉത്തമ ബോധ്യമുണ്ട്. പക്ഷേ ഉള്ളില്‍ തിങ്ങിക്കൂടുന്ന വീര്‍പ്പുമുട്ടലിനെയും ചുറ്റും കനം വെക്കുന്ന മൗനത്തേയും പങ്കിടാതെ വയ്യ..
ഇതെന്നെ വേട്ടയാടും മുന്‍പ്.. മറന്നുപോയതും.. മറക്കാന്‍ ശ്രമിച്ചതുമായ നിരവധി സ്‌നേഹങ്ങളുടെ മുള്‍മുനകള്‍ എന്നെ നീറ്റും മുന്‍പ് ഞാനതിവിടെ പകര്‍ന്നിടട്ടെ. ഇത്രയേറെ വിഷാദം കോരിയിടുന്ന ഒരു വായനയനുഭവം മുന്‍പ് ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. പുസ്തകം അടച്ചു വെച്ചിട്ടും നീങ്ങി മാറാത്ത മഴ മൂടലും കനപ്പും അനുഭവിച്ചറിയുന്നുണ്ട്.
.. കഴിഞ്ഞ രണ്ടു ദിവസമായി മൂന്നു കല്ലുകള്‍ക്കിടയിലാണ്.
പൊടുന്നനേ നഷ്ടപ്പെട്ടു പോയ എന്തിനെയൊക്കെയോ കുറിച്ചുള്ള അതി തീവ്രമായ നഷ്ടബോധം മനസ്സില്‍ കനപ്പെട്ടു കിടക്കുന്നുണ്ട്. ലോകത്തെ ഉപേക്ഷിച്ചവരും ലോകം ഉപേക്ഷിച്ചവരും ആവര്‍ത്തനവിരസതയില്‍ കുടുങ്ങിക്കിടന്ന് അതില്‍ തന്നെ മുഴുകാനാഗ്രഹിക്കുന്നവരും.. അങ്ങനെയങ്ങനെ ചുറ്റുപാടുകളില്‍ നിന്ന് ഒപ്പിയെടുത്ത ഇവരെല്ലാം നമുക്ക് പരിചിതരാണ്..
ഒരു നോട്ടം കൊണ്ടോ സ്പര്‍ശം കൊണ്ടോ കൂടെ നിര്‍ത്താനാവുമായിരുന്ന മുഖങ്ങള്‍ മനപൂര്‍വമോ അല്ലാതെയോ ആയ അവഗണനയിലൂടെ പടിയിറങ്ങിപ്പോയ ചിരികള്‍.. ഉള്ളാഴങ്ങളിലേക്കിറങ്ങി നീറ്റുന്ന ഒറ്റപ്പെടലുകള്‍…!
സ്വപ്നങ്ങളെല്ലാം ഉമിത്തീയിലിട്ട് നീറ്റുമ്പോഴും വീട്ടുജോലികളില്‍ മുഴുകി ജീവിക്കുന്നവര്‍.. ഒടുവില്‍ ഒരു നിമിഷത്തിന്റെ ആളിക്കത്തലില്‍ ജീവിതത്തെയപ്പാടെ തട്ടിത്തെറിപ്പിച്ച് കടന്നുപോകുന്നവര്‍.. മനസ്സിനെ അസ്വസ്ഥമാക്കി മാറ്റിയ എഴുത്ത്.
Comments are closed.