സൂസന്നയുടെ ഗ്രന്ഥപ്പുരയെക്കാള്‍ നിര്‍വ്യക്തികമാണ്, ഇംപേഴ്സനലാണ് ‘മൂന്നു കല്ലുകള്‍’ : അജയ് പി മങ്ങാട്ട്
ഏറ്റവും പുതിയ നോവല്‍ ‘മൂന്ന് കല്ലുകള്‍’ -ന്റെ എഴുത്തനുഭവം അജയ് പി മങ്ങാട്ട് പങ്കുവെക്കുന്നു
എന്റെ കോളജുകാലത്ത് ഞാനും സ്‌നേഹിതനും വാരാന്ത്യങ്ങളില്‍ വെയില്‍ ചായുമ്പോള്‍ നടന്നു പോകാറുള്ള ഒരു സ്ഥലമുണ്ട്. പവര്‍ഹൗസിലേക്കുള്ള പെന്‍സ്റ്റോക് പൈപ്പുകളുടെ വശത്തുകൂടി കുത്തനെ ആയിരത്തിലേറെ പടികള്‍ ചെന്നെത്തുന്നതു കുറ്റിമരങ്ങളുള്ള പാറക്കെട്ടിന്റെ മുകളിലേക്കാണ്. അവിടെയാണ് അണക്കെട്ടില്‍നിന്നു പവര്‍ ഹൗസിലേക്ക് എത്തുന്ന വെള്ളത്തിന്റെ ഇടത്താവളമായ കൂറ്റന്‍ ടാങ്കുള്ളത്. ഈ ടാങ്കിനു സമീപം
പുല്ലുകള്‍ വളര്‍ന്ന, ഗര്‍ത്തത്തിലേക്കു തള്ളിനില്‍ക്കുന്ന ഒരു പ്രതലമുണ്ട്. അവിടെനിന്നുള്ള നോട്ടം അപാരമായ കാഴ്ചയാണ്. വെയിലിന്റെ പലവേഷങ്ങള്‍ കാണാം. നേരം വൈകുന്തോറും കാറ്റിനു മുഴക്കമേറിവരും. ആ വഴിയിലെ പാറയിടുക്കുകളിലെ ഇരുട്ടിലേക്ക് മഴക്കാലത്ത് എപ്പോഴും ഉറവുകളിലെ വെള്ളം ഊര്‍ന്നുവീണുകൊണ്ടിരിക്കും. പാറയുടെ വിടവുകള്‍ മഴപ്പാത്തി പോലെയാണ് അപ്പോള്‍.
ഏതാനും വര്‍ഷം മുന്‍പ് ഒരു രാത്രിവണ്ടിയിലിരിക്കേ പൊടുന്നനെ എന്റെ മനസ്സിലേക്ക് കല്ലുകള്‍ക്കു മീതേയുള്ള ആ നീരൊഴുക്കിന്റെ സ്മരണ വന്നു. ആ ഉറവുകള്‍ ഇപ്പോള്‍ എന്തു ചെയ്യുകയാവും എന്നോര്‍ത്തു. ‘മൂന്നു കല്ലുകള്‍’ എന്ന നോവലിന്റെ ആദ്യ രൂപകം അങ്ങനെ ജനിച്ചു. ഈ നോവലിലെ ഇരുട്ടുകാനം, മലമുണ്ട എന്നീ ഗ്രാമങ്ങളുടെ നിര്‍മിതിയിലേക്കു നയിച്ചത് ആ ജലസ്മരണ കൊണ്ടുവന്ന ഏകാന്തതയോദാഹമോ ആണ്.
ഇവിടേക്കു കഥയെ കൊണ്ടുവരാനാണു ഞാന്‍ നോവല്‍, നഗരത്തിലെ ഏകാകിയായ ഒരു പ്രൂഫ്‌റീഡറുടെ ജീവിതത്തില്‍നിന്നു തുടങ്ങിയത്. അങ്ങനെയൊരാളെ സങ്കല്പിച്ചു നഗരത്തിലേക്കു പോകുമ്പോഴാണ് ഈ കഥയിലേക്ക് ഒരു ഗര്‍ഭിണി വരുന്നത്. ഒരു യുവതിയുടെ ഗര്‍ഭകാല ദിനങ്ങളിലെ സൗഹൃദവും വര്‍ത്തമാനങ്ങളുമായി പ്രവേശിച്ചപ്പോള്‍ അതു
വരെ മറഞ്ഞിരുന്ന മറ്റു കഥകളും വന്നുചേര്‍ന്നു. നോവലില്‍ കഥാപാത്രങ്ങളുടെ സ്മരണകള്‍ക്കാണു പ്രധാന്യം. സ്മരണയാല്‍ സംസാരിക്കാത്ത ആളെ നോവലില്‍ പറ്റില്ല. മനുഷ്യന്‍ തന്നെക്കുറിച്ചുതന്നെ പഠിച്ചുണ്ടാക്കിയ മനുഷ്യനെക്കുറിച്ചുള്ള ജ്ഞാനചരിത്രത്തെ വിശകലനം ചെയ്തു ഫൂക്കോ പറയുന്ന ”ടെക്‌നോളജി ഓഫ് സെല്‍ഫിലെ പ്രധാനഘടകം ലൈംഗികതയുമായി ബന്ധപ്പെട്ടു നിര്‍ബന്ധമായും നടത്തേണ്ടണ്ടണ്ടണ്ട കുമ്പസാരങ്ങളാണ്. അഥവാ വിലക്കുകളുടെയും പാപങ്ങളുടെയും അടിസ്ഥാനത്തില്‍ മനുഷ്യന്‍ സ്വയം പരിശോധിച്ച് ഉള്ളിലെന്താണെന്നു സത്യം പറയുക എന്നതാണ്. ഇതേ പോലെ നോവലില്‍, ഓരോ കഥാപാത്രവും സ്വന്തം സത്യം അന്വേഷിക്കുമെങ്കില്‍ അങ്ങനെ പുറത്തേക്കു വരുന്ന കഥകള്‍ ഭാവനാജടിലമായിരിക്കും. ഈ ഭാവനയുടെ ചാലിലൂടെ പോകുക മാത്രമേ എഴുത്തുകാരന്‍ ചെയ്യേണ്ടതുള്ളു.
ഒരുകാലത്തു ഞാനെഴുതിയവയില്‍ ഏറെയും ലേഖനങ്ങളോ വിവര്‍ത്തനങ്ങളോ പഠനങ്ങളോ ആയിരുന്നു. അവ എനിക്ക് ആത്മകഥാപരമായിരുന്നു. ഞാന്‍ എന്നെക്കുറിച്ചു തന്നെ എഴുതുകയാണ് ആ ലേഖനങ്ങളിലെല്ലാം ചെയ്തത്. ആത്മകഥാപരമായ എഴുത്തു മടുത്തപ്പോഴാണു ഞാന്‍ നോവലെഴുതാന്‍ തുടങ്ങിയത്. ആത്മകഥയില്‍നിന്നുള്ള മോചനമാണ് എനിക്ക് നോവല്‍ എന്നുപറയാം. സൂസന്നയുടെ ഗ്രന്ഥപ്പുരയെക്കാള്‍ നിര്‍വ്യക്തികമാണ്, ഇംപേഴ്സനലാണ് ‘മൂന്നു കല്ലുകള്‍’ എന്നു ഞാന്‍ കരുതുന്നു. എഴുത്തുകാരന്റെ വ്യക്തിപരതയില്‍നിന്നു കഥാപാത്രങ്ങളുടെ സാമൂഹികതയിലേക്കുള്ള സഞ്ചാരമായി ഞാന്‍ എഴുത്തിനെ കാണുന്നു. ഈ നോവലില്‍ എനിക്ക് ഏറ്റവും ഉത്സാഹം തന്നതും ഞാന്‍ തനിച്ചായിട്ടില്ല എന്ന ഈ രചനാ ബോധ്യമാണ്. എന്റെ ലോകത്തു പ്രത്യക്ഷരായ പലതരം മനുഷ്യരുടെ പോരാട്ടങ്ങള്‍ എനിക്ക് പ്രതീക്ഷകള്‍ പകര്‍ന്നു. ഏറ്റവും കടുത്ത പ്രതിസന്ധികളിലും മനുഷ്യര്‍ പരസ്പരം സഹായിച്ചു മുന്നോട്ടു പോകുമെന്ന പ്രതീക്ഷയും എനിക്കുണ്ടായി.
ഒരു നോവല്‍ എഴുതിപൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അവിടെ കുറേനേരത്തെ മൗനമുണ്ടാകും. എഴുത്താള്‍ തന്നെ നോവലിനെക്കുറിച്ചു പറയുന്നതു കേള്‍ക്കാനാവും പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ ലാപ്‌ടോപ് അടച്ചുവച്ച് എഴുത്താള്‍ എഴുത്തിലേക്കു പ്രവേശിക്കാതെ പോയ കഥകളെ ഓരോന്നായി ഓര്‍ക്കുന്ന ആ നിശ്ശബ്ദതയില്‍ ചോദ്യങ്ങള്‍ ഉയരാറുണ്ട് – ഒരാള്‍ എന്താണു നോവല്‍ വായനയില്‍ തേടുന്നത്? അയാളെത്തന്നെയാണോ. അയാള്‍ സങ്കല്പിച്ച ലോകങ്ങളെയാണോ? എഴുതുമ്പോഴും വായിക്കുമ്പോഴും ഞാന്‍ ചെയ്യുന്നത്, ഞാന്‍ ജീവിക്കാതെ പോയ ജീവിതങ്ങളെ തിരയുകയാണ്, അവരില്‍ സങ്കല്പിക്കുകയാണ്. എത്രയോ കഥകളില്‍നിന്നാണു ഞാന്‍ ഉണ്ടായിവന്നതെന്ന് എനിക്ക് അപ്പോള്‍ ബോധ്യമാകാറുണ്ട്. അതു പറഞ്ഞാല്‍ തീരുകയില്ല, ചിലപ്പോള്‍ തോമസ് മാനിന്റെ മാജിക് മൗണ്ടനില്‍ ആശുപത്രിവളപ്പിലെ നീണ്ട സംസാരങ്ങള്‍, അല്ലെങ്കില്‍ പാസ്റ്റര്‍നാക്കിന്റെ ഡോ. ഷിവാഗോയില്‍ രാത്രി വൈകി ഉണര്‍ന്നിരുന്ന് എഴുതുമ്പോള്‍ വീടിനു ചുറ്റും പുളളിപ്പുലികള്‍ പായുന്നത്, അതുമല്ലെങ്കില്‍ ഉറൂബിന്റെ ഉമ്മാച്ചുവിലെ കിടപ്പറയിലെ ഇരുട്ടിലെ കൊലപാതക രംഗം, ബഷീറിന്റെ മതിലുകളില്‍, ലൈംഗികത പൊടുന്നനെ പൂക്കളായി പൊട്ടിവിരിയുന്നത്. അല്ലെങ്കില്‍ മറ്റേതെങ്കിലും ഭാവനയില്‍, മറ്റേതെങ്കിലും ദേശത്ത് ഞാന്‍ ഇങ്ങനെ കഥകളില്‍ ജനിക്കുന്നത്. ഞാന്‍ എന്റെ കഥാപാത്രങ്ങളുടെ വിധികര്‍ത്താവല്ല, അവരുടെ സൂക്ഷിപ്പുകാരന്‍ അഥവാ കെയര്‍ടേക്കര്‍ മാത്രമാണെന്ന് ഈ നോവല്‍ രചന എന്നെ പഠിപ്പിച്ചു. മകളുടെ മരണശേഷം സ്വന്തം വീട്ടിലേക്കു മടങ്ങുന്ന പള്ളി ഇമാം ആയ ഒരാളെ ഒരിക്കല്‍ പരിചയപ്പെട്ടു. അപരിചിതനായ എന്നോട് അയാള്‍ മകളുടെ ഒപ്പമുണ്ടായിരുന്ന അവസാന ദിവസങ്ങളെപ്പറ്റി, അവസാനത്തെ ആ ദിവസത്തെപ്പറ്റിയും പറഞ്ഞു. യഥാര്‍ഥത്തില്‍ എന്നോടല്ല, തന്നോടുതന്നെയാണ് അയാള്‍ സംസാരിക്കുന്നത്, ഒരു മഹാവേദനയ്ക്കു പിന്നാലെ സ്വന്തം നടത്തുന്ന അന്വേഷണമാണ് അതെന്നും എനിക്കന്നു ബോധ്യമായി. ഏറ്റവും പ്രിയങ്കരമായ ഒരു സ്‌നേഹം, സൗഹൃദം, പ്രണയം, കാമം-ഇവയില്‍ ഏതു നഷ്ടമായാലും അതു നിങ്ങളുടെ മുഴുവന്‍ ജീവിതത്തെയും തുളച്ചുചെല്ലുന്ന മുറിവോ ശൂന്യതയോ ആയി തുടരും. സാഹിത്യത്തില്‍ ഇതിനെക്കാള്‍ സുപ്രധാനമായ സന്ദര്‍ഭം വേറെയില്ല. നഷ്ടമായതിനെപ്പറ്റി ഒരാള്‍ പറയുന്ന കഥയോളം, ആ കഥയ്ക്കുള്ളില്‍നിന്നു വരുന്ന മറ്റു കഥകളോളം ജിജ്ഞാസയുണ്ടാക്കില്ല മറ്റൊരു ആഖ്യാനവും എന്ന് തോന്നുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അതേ ദുഃഖം ഓര്‍മിക്കുമ്പോള്‍, ഇത്രവേഗം കടന്നുപോയ വര്‍ഷങ്ങളെ നോക്കി, ജീവിതം എത്ര ഹ്രസ്വമാണ് എന്ന് ഒരാള്‍ അമ്പരന്നേക്കാം-ഒരു പ്രേമത്തിന്റെ തുടക്കം മുതല്‍ അന്ത്യംവരെയുള്ള ഇത്തിരിദൂരം മാത്രമാണോ നാം പിന്നിട്ടത്? എന്നാല്‍ ആ ചുരുങ്ങിയ സമയം-ചിലര്‍ക്ക് ഏതാനും മിനിറ്റുകള്‍, അല്ലെങ്കില്‍ മണിക്കൂറുകള്‍, ഏതാനും ആഴ്ചകളോ മാസങ്ങളോ അതുമല്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം- ഓര്‍ത്തു നോക്കൂ, എത്ര ഹ്രസ്വമായ സമയമായാലും എത്രമേല്‍ ഭാവനസമ്പന്നമാണത്, എത്രയോ വികാരപൂര്‍ണമായിരുന്നു ആ നീരൊഴുക്കുകള്‍, അതില്‍നിന്നു നാമെടുത്തുവച്ച കല്ലുകളും.
പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.