DCBOOKS
Malayalam News Literature Website

മങ്ങിയ വെളിച്ചത്തിനുള്ളിലെ കാഴ്ചകൾ, കുറെ നിഴലുകളും: ജോജോ ആന്റണി

മൂങ്ങയിലെ കഥകളിലൂടെ പി എഫ് മാത്യൂസ് വീണ്ടും നമ്മെ ഞെട്ടിക്കുന്നു!

പി എഫ് മാത്യൂസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘മൂങ്ങ’ യെക്കുറിച്ച് ജോജോ ആന്റണി എഴുതിയ കുറിപ്പിൽ നിന്നും ഒരു ഭാഗം

ദാ, “മൂങ്ങ’ എന്ന ഈ കഥാസമാഹാരം.

മുമ്പൊരിക്കൽ, ഒരു ലേഖനത്തിൽ, തന്റേതു മാത്രമായ ഏതോ ഒരാകാശത്തിൽ നന്മയും തിന്മയും പരസ്പരം യുദ്ധം വെട്ടുന്നത് കണ്ടുകൊണ്ട്, എന്നും രാവിലെ പള്ളിയിൽ പൊയ്ക്കോണ്ടിരുന്ന ഒരു ബാലനെക്കുറിച്ച് ഞാൻ എഴുതിയിരുന്നു. അരനൂറ്റാണ്ടിനിപ്പുറം, തനിക്ക് മാത്രം ദൃശ്യമാകുന്ന ആ ആകാശത്തിന്റെ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു പി എഫ് മാത്യൂസ്. ദാ, ഏറ്റവും പുതിയ ദൃഷ്ടാന്തം, “മൂങ്ങ’ എന്ന ഈ കഥാസമാഹാരം.
മാത്യൂസിന്റെ എഴുത്തുജീവിതം, അതിന്റെ തുടക്കകാലം മുതൽ അടുത്തു നിന്ന് കാണാൻ സാധിച്ചിട്ടുണ്ടെനിക്ക്–ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട രചനകളിലൊന്നായ “ആസ്സാമിന് പുറകിൽ, സുഭാഷ് പാർക്കിലെ കുരങ്ങൻ’ എന്ന കഥ കൊച്ചിയിലെ ആ പാർക്കിലേക്ക് ഞങ്ങൾ പലവട്ടം നടത്തിയ സന്ദർശനങ്ങൾക്കിടയിൽ നിന്ന് പെറുക്കിയെടുത്തതാകണം. പാർക്കിലെ ഒരു ഉറക്കംതൂങ്ങിമരത്തിന്റെ ചുവട്ടിലും മറ്റ് പലയിടങ്ങളിലും സാഹിത്യത്തെ ഒരുമിച്ച് സ്വപ്നം കണ്ടു നടന്ന ആ കാലങ്ങൾ ഇപ്പോഴും ഓർമ്മയിലുമുണ്ട്. അന്നു മുതൽ ഇന്നോളം, സാഹിത്യത്തെ സംബന്ധിച്ചെങ്കിലും, മാത്യൂസ് ശ്രദ്ധിച്ചിരുന്നത് സ്വയം നവീകരണത്തിലായിരുന്നു. എം ടി, ഉറൂബ്, ബഷീർ തുടങ്ങിയവരിൽ നിന്ന്, വിജയനിലൂടെ, മേതിലിലൂടെ, കരമസോവ് സഹോദരന്മാരിലൂടെ, അസ്തിത്വവാദത്തിലൂടെ, ലാറ്റിൻ അമേരിക്കൻ കടന്നാക്രമണത്തിലൂടെ വളർന്ന്, കാലാകാലങ്ങളിൽ Textവന്നുഭവിക്കുന്ന തരംഗങ്ങളെ മറികടന്ന്, കുറച്ചുകൂടി പക്വമായ സാഹിത്യവീക്ഷണത്തിൽ എത്തിച്ചേരാൻ മാത്യൂസിനെ സഹായിച്ചത് ഈ സ്വയം നവീകരണമാണ്. ഈ പരിണാമം എഴുത്തിലും സ്പഷ്ടമാണ്, പ്രത്യേകിച്ച് വൈകാരികതയുടെ പ്രതിഫലനത്തിന്റെ കാര്യത്തിൽ. മേലേ പറഞ്ഞ “ആസ്സാമിനു് പുറകിൽ…’ എന്ന കഥയിൽനിന്ന്, ഈ സമാഹാരത്തിനു് തൊട്ടുമുമ്പ് ഇറങ്ങിയ “മുഴക്ക”ത്തിലെ കഥകളിലേക്കെത്തുമ്പോൾ, ആദ്യകാലങ്ങളിൽ എഴുത്തിൽ തെളിഞ്ഞു നിന്നിരുന്ന വൈകാരികത മെല്ലെ കഥപറച്ചിലിൻ്റെ ഭംഗിയ്ക്ക് വഴിമാറിക്കൊടുക്കുന്നത് കാണാം, അതോടൊപ്പം ഉള്ളടക്കത്തിനും കഥാസന്ദർഭങ്ങൾക്കുമുള്ള പ്രാധാന്യം ക്ഷയിച്ചു പോകുന്നതും. മറ്റൊരു വിധത്തിൽ നോക്കിയാൽ, പറയുന്ന കഥയിൽനിന്ന് കഥ പറയുന്നതിലേക്ക് എഴുത്ത് കൂട് മാറുകയായിരുന്നു.

ജീവിതം അതിജീവനത്തിന്റേതാണ് എന്ന് ആദ്യം പറയുന്നത്, അല്ലെങ്കിൽ പറഞ്ഞതായി രേഖപ്പെടുത്തപ്പെടുന്നത്, 1864-ലാണ്, ജൈവശാസ്ത്രജ്ഞനായ ഹെർബർട്ട് സ്പെൻസറായിരുന്നു അന്നങ്ങനെ പറഞ്ഞത്, Principles for Biology എന്ന തന്റെ കൃതിയിൽ, Survival of the Fittest എന്ന വിഖ്യാതമായ നിരീക്ഷണത്തിലൂടെ. അഞ്ചു വർഷങ്ങൾക്കു ശേഷം ഡാർവിൻ അത് പരിണാമസിദ്ധാന്തത്തിന്റെ മൂലക്കല്ലുകളിലൊന്നാക്കി. ശേഷം, “Struggle for existence and survival of the fittest’ എന്ന പ്രയോഗം, ഒരു പ്രാർത്ഥനപോലെ നമ്മുടെ കൂടെ പോന്നു. മാത്യൂസിന്റെ കഥകളിലും അതിജീവനത്തിനായുള്ള പോരാട്ടം ഒരു നൈരന്തര്യമാണ്. എന്നാലത് കഥകൾക്കുള്ളിലെ ജീവിതത്തിനായല്ല, കഥാപാത്രങ്ങളുടെ നിലനിൽപ്പിനായി തന്നെയാണ്. അതിനു കഴിയാതെ, അവർ പലപ്പോഴും അപ്രത്യക്ഷരാകുന്നു, “കാണായ്മ’ എന്ന കഥയിലെ മാഞ്ഞൂരാനെപ്പോലെ. അതുതന്നെയാണ് “ഞായറാഴ്ച മഴ പെയ്യുകയായിരുന്നു’ എന്ന കഥാസമാഹാരത്തിൽ തുടങ്ങിയ മാത്യൂസിന്റെ എഴുത്തു ജീവിതത്തിലും സംഭവിച്ചത്. എഴുത്തുകാരന്റെ വ്യക്തിമുദ്രയായി കൂടെക്കൂടിയ ഒരു പ്രദേശം, ഒരു ചിന്താശൈലി, ഒരു എഴുത്തുരീതി, കാലം മുന്നോട്ടു പോകുന്തോറും നിലനിൽപ്പിനായി പോരാടിക്കൊണ്ടിരുന്നു. ഒടുവിൽ, മുഴക്കം, കടലിന്റെ മണം തുടങ്ങിയ കൃതികളുടെ വരവോടെ അവ ഏതാണ്ടൊക്കെ അപ്രത്യക്ഷമായി, “കാണായ്മ’യിലെ മാഞ്ഞൂരാനെപ്പോലെതന്നെ. ഈ സമാഹാരത്തിലെ “തുരങ്കം’ എന്ന കഥയെടുത്തു നോക്കൂ. ഇവിടെ കത്തോലിക്കരായ കഥാപാത്രങ്ങളില്ല, തുരുത്തോ തീരപ്രദേശമോ അല്ല കഥയുടെ ഭൂമിക, കടലോരഭാഷയില്ല, എന്നിരിക്കിലും ഒരു മാത്യൂസ് കഥയായി നിൽക്കാൻ അതിനൊരു പ്രയാസവുമില്ല.

അവ്വിധത്തിൽ നോക്കിയാൽ പറയാം, മാത്യൂസിന്റെ പരിണാമം ഒരു ചെഖോവിയൻ പരിണാമമായിരുന്നു എന്ന്. (ഓർക്കുന്നില്ലേ, ചെറുകഥകളുടെ ദൈവം എന്നു പറയാവുന്ന ചെഖോവ്, 1888-ൽ, കഥയെഴുത്തിന്റെ ആറ് മർമ്മഭാവങ്ങളായി പറഞ്ഞത് മിതഭാഷണം, വസ്തുനിഷ്ഠത, വിവരണങ്ങളിലെ സത്യസന്ധത, മിതത്വം, കണ്ടുമടുത്ത പാതയിൽനിന്നുള്ള വ്യതിയാനം, കാരുണ്യം എന്നിവയാണ്). ഈ സമാഹാരത്തിലെ കഥകൾ ദൃഷ്ടാന്തമായി നമ്മുടെ വാദത്തെ പിന്താങ്ങാനുണ്ടാകും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പി എഫ് മാത്യൂസിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.