വര്‍ഗീയത: സമീക്ഷയും വിശ്ലേഷണവും
ജാതിയില്ല; അതു വേണ്ട. അതുണ്ടെന്നുള്ള വിചാരം മാറ്റണം എന്നു നാമെല്ലാം ആത്മാര്‍ത്ഥതയോടുകൂടിയാണു പറയുന്നത്. എന്നിട്ടും ജാതി എന്തുകൊണ്ടാണു പോകാത്തത്? തുടച്ചുമാറ്റുമ്പോള്‍ എന്തുകൊണ്ടാണ് അതു വീണ്ടും ശക്തിയോടുകൂടി തലയുയര്‍ത്തിവരുന്നത്? ആ രഹസ്യം മനസ്സിലാക്കണമെങ്കില്‍ ജാതി എന്ന അഭിമാനത്തില്‍, അല്ലെങ്കില്‍ ദുരഭിമാനത്തില്‍ നിഹിതമായിരിക്കുന്ന ചില ഗതീയതകള്‍ (dynamics) അപഗ്രഥനം ചെയ്തു പഠിക്കുകതന്നെ വേണം. അതു താഴെ പറയുന്നവയാണ്:
1. അഭിമാനം 2. ജാതിയുടെ പ്രയോജനം 3. ചരിത്രപരമായ കൂട്ടായ്മയുടെ വളര്‍ച്ചയും തുടര്‍ച്ചയും 4. വ്യക്തിയും സമൂഹവും തമ്മിലുള്ള പാരസ്പര്യം 5. വൈവാഹികം 6. ആചാരം 7. യാഥാസ്ഥി
തികത 8. മുന്‍വിധികള്‍ 9. ഉല്‍കൃഷ്ടത-അപകൃഷ്ടതാബോധം 10. പാരമ്പര്യം 11. പരിവര്‍ത്തനത്തെ സംബന്ധിക്കുന്ന ഭയം. 12. ഭൂതകാലസ്മരണകള്‍ 13. ഭാവിയെപ്പറ്റിയുള്ള ആശങ്കകള്‍ 14. ആദര്‍ശങ്ങള്‍ 15. പൊയ്മുഖം 16. കെട്ടുറപ്പുള്ള കൂട്ടായ്മയ്ക്കുവേണ്ടി ഉണ്ടാക്കുന്ന സഖ്യം 17. വ്യക്തിത്വം 18. വിദ്യാഭ്യാസം 19. രാഷ്ട്രീയത 20. സാമ്പത്തികം.
ഈ ഘടകങ്ങളെയെല്ലാം ശാസ്ത്രീയമായിത്തന്നെ സമീപിക്കണം. അല്ലാതെ വൈകാരികമായി ക്ഷോഭിച്ചതുകൊണ്ടു മേധാവിത്വത്തെ ഒരാളില്‍നിന്നോ, ഒരു സമുദായത്തില്‍നിന്നോ, വേറൊരാളിലേക്കോ, മറ്റൊരു സമുദായത്തിലേക്കോ മാറ്റാമെന്നല്ലാതെ സാര്‍വത്രികമായ സമത്വം ജനതയില്‍ ഉണ്ടാക്കുവാന്‍ സാധിക്കുകയില്ല. ശാസ്ത്രീയമായി ചിന്തിക്കുന്നവര്‍പോലും ചരിത്രപരമായ കാരണങ്ങളാല്‍ പലപ്പോഴും മാമൂലുകളെ പൂര്‍ണ്ണമായി ത്യജിക്കുവാന്‍ ശക്തരായിരുന്നില്ല. ഞാന്‍തന്നെ അതിനൊരു ഉദാഹരണമാണ്. ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വ സിച്ചുപോരുന്ന ജീവിതദര്‍ശനവും സത്യവും നീതിയും നിര്‍ണയിക്കാന്‍ സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളും മതത്തെയും രാഷ്ട്രീയമായ ശക്തിതന്ത്രങ്ങളെയും നഖശിഖാന്തം എതിര്‍ക്കുന്നവയാണ്. എന്നാല്‍, യാതൊരു ഗുരുക്കന്മാരെയാണോ ഞാന്‍ പിന്തുടരുന്നത്, അവരുണ്ടാക്കിയ സ്ഥാപനങ്ങളുടെ പശ്ചാത്തലത്തില്‍ പൂര്‍വികമായ മതത്തിന്റെ സ്വാധീനം ഇല്ലാതില്ല. നാരായണഗുരുവും നടരാജഗുരുവും അന്ധവിശ്വാസികളായിരുന്നില്ല. അവര്‍ വിപ്ലവാത്മകമായ ചിന്തയുടെ ഉടമകളാണ്. നടരാജഗുരു അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ശാസ്ത്രജ്ഞനാ യിരുന്നു. ജീവിതത്തിന്റെ അനുസ്യൂതിയില്‍ ഊടും പാവുമായി വരുന്ന ചില ഗുപ്തസംജ്ഞകളുണ്ട്. ബോധതലത്തില്‍നിന്നും ഉണ്ടായിവരുന്നതല്ല അവ. അവ അവബോധത്തിന്റെ സൃഷ്ടികളാണ്. അവബോധത്തോടു ബന്ധപ്പെട്ട ചില വ്യവസ്ഥകള്‍ കിരാതമായിരുന്നാല്‍പ്പോലും അവയെ പിഴുതെറിയുന്നതു സൂക്ഷിച്ചുവേണം.
മതത്തിന്റെ വൈകാരികത ഞാന്‍ ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ (1979-ല്‍ ആണ് ഈ ഭാഗം എഴുതിയത്) ടെലിവിഷനില്‍ ഇന്നത്തെ വാര്‍ത്ത കാണിക്കുകയാണ്. മാര്‍പ്പാപ്പാ ജോണ്‍ പോള്‍ രണ്ടാമന്‍ തന്റെ ജന്മഭൂമിയായ പോളണ്ട് സന്ദര്‍ശിക്കുന്ന ചിത്രമാണു ഞാന്‍ കാണുന്നത്. കമ്യൂണിസ്റ്റ് രാജ്യമായ പോളണ്ടിലെ പ്രസിഡണ്ട് മാര്‍പ്പാപ്പായെ സ്വീകരിക്കാന്‍ നിര്‍ബന്ധിത
നായിരിക്കുന്നു. ലക്ഷക്കണക്കില്‍ കത്തോലിക്കര്‍ ആവേശനിര്‍ഭരമായ സ്വീകരണം അദ്ദേഹത്തിനു കൊടുക്കുന്നു. മതത്തിന്റെ വൈകാരികത എത്ര ആഴത്തിലാണു മനുഷ്യന്റെ ഹൃദയത്തില്‍ കുടികൊള്ളുന്നതെന്ന് ഈ സ്വീകരണത്തിന്റെ ദൃശ്യം ഒന്നു കണ്ടാല്‍ മനസ്സിലാകുന്നതാണ്.
Comments are closed.