DCBOOKS
Malayalam News Literature Website

മൂകസാക്ഷി: അശ്വതി വി നായര്‍ എഴുതിയ കഥ

വര: സുനില്‍ അശോകപുരം, മെയ് ലക്കം പച്ചക്കുതിരയില്‍

ശബ്ദമുണ്ടാക്കാതെ മുറിയില്‍ പോയി കിടന്നു കുറെ ആലോചിച്ചു. ഇതെങ്ങനെ സംഭവിച്ചു? ഹരിയങ്കിളും അശ്വിനും തമ്മില്‍ എന്ത് ബന്ധം? ലീലേടത്തിയോട് ഇതെങ്ങനെ ചോദിക്കും? എന്താ ചോദിക്കുക? ചോദിച്ചാല്‍ പ്രശ്‌നം ആവുമോ? അങ്ങനെ നൂറു നൂറു ചോദ്യങ്ങള്‍ കടന്നു വന്നു.

ഉണര്‍ന്നപ്പോള്‍ മണി ഏഴ്. ഉച്ചയ്ക്ക് മൂന്ന് മണിക്കേ എയര്‍പോര്‍ട്ടില്‍ എത്തേണ്ടതുള്ളൂ. അഞ്ചിനാണ് റിട്ടേണ്‍ ഫ്‌ലൈറ്റ്. മനഃപൂര്‍വം എടുത്തതാണ് അങ്ങനെ. പദ്മിനിയാന്റിയെ കാണണം, അതിനുള്ള സമയം വേണം.

കുളി കഴിഞ്ഞ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ താഴത്തെ റെസ്റ്റോറന്റില്‍ എത്തിയപ്പോള്‍ ഭയങ്കര തിരക്ക്. ശനിയാഴ്ചയാണ് എന്നോര്‍ത്തു. പദ്മിനിയാന്റിയെ ഒന്ന് വിളിക്കാം. വരുമെന്ന് അറിയിച്ചിരുന്നു. എന്നാലും വിളിച്ചിട്ടു പോകുന്നതാവും ബുദ്ധി എന്ന് തോന്നി.

ആദ്യത്തെ റിങ്ങില്‍ തന്നെ അവര്‍ ഫോണ്‍ എടുത്തു.

”അറേ! കിച്ചൂ! വെന്‍ ആര്‍ യു കമിങ്?”

”അറൗണ്ട് 10:30.”

”ഓക്കേ. ഞാന്‍ തേങ്ങാച്ചോറും മീന്‍കറിയും വച്ചിട്ടുണ്ട്. ഊണ് കഴിച്ചിട്ട് പോയാ മതി.”

Pachakuthira Digital Editionമഹാരാഷ്ട്രക്കാരുടെ കോകം എന്ന പുളി ഇട്ടു വച്ച മീന്‍കറിയും തേങ്ങാപ്പാലില്‍ വേവിച്ച ചോറും! ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ രുചി നാവിലുണ്ട്. അച്ഛന്റെ വളരെ അടുത്ത സുഹൃത്തായിരുന്ന, ഹരീന്ദ്രനാഥിന്റെ ഭാര്യയാണ് കക്ഷി. പദ്മിനിയാന്റി ഒറ്റയ്ക്കാണ് താമസം. മൂന്ന് മക്കളും ദൂരെയാണ്. മകള്‍ ഓസ്‌ട്രേലിയയില്‍. ഒരു മകന്‍ ദുബായിലും ഇളയ മകന്‍
ഡല്‍ഹിയിലും. ഫോണില്‍ ഇടയ്ക്ക് ബന്ധപ്പെടാറുണ്ടെങ്കിലും ആന്റിയെ നേരില്‍ കണ്ടിട്ട് കുറെ കാലമായി. സിംഗപ്പൂരില്‍ പുതിയ ജോലിയില്‍ ജോയിന്‍ ചെയ്ത ഉടനെ ഒരു ബോംബെ യാത്ര ഉണ്ടായിരുന്നു, ഒന്‍പത് കൊല്ലം മുന്‍പ്. പക്ഷേ അന്ന് അവരെ കാണാന്‍ സാധിച്ചില്ല. പിന്നീട് ഈ ഭാഗത്തേക്ക് വന്നിട്ടില്ല. അതുകൊണ്ടാണ് ഇത്തവണ കണ്ടേ തീരൂ എന്ന് ഉറപ്പിച്ചത്.

അവരുടെ വീട്ടിലേക്ക് ഹോട്ടലില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരമാണ്. ടാക്‌സിയില്‍ ഇരിക്കുമ്പോള്‍ മുന്‍പത്തെ ബോംബെ യാത്രകളെക്കുറിച്ചാലോചിച്ചു. ബോംബെ ഇപ്പോള്‍ മുംബൈ ആയിരിക്കുന്നു. നഗരത്തിന്റെ പല ഭാഗങ്ങളും തിരിച്ചറിയാന്‍ പറ്റുന്നില്ല. ബാന്ദ്രയില്‍ അവര്‍ താമസിക്കുന്ന ഹൗസിങ് സൊസൈറ്റി മാത്രം പൊളിച്ചിട്ടില്ല. ചുറ്റുമുള്ളതെല്ലാം പൊളിച്ചു; പക്ഷേ, അത് മാത്രം എങ്ങനെയോ നിലനിന്നിരിക്കുന്നു.

പഴയ ബോംബെ നഗരം ഇന്നും ഉള്ളില്‍ മായാതെ കിടക്കുന്നു. അറബിക്കടലിന്റെ തിരമാല കണ്ഠശരം പോലെ അണിഞ്ഞ സുന്ദരമായ നഗരം. കുട്ടിക്കാലത്തെ മറക്കാനാവാത്ത ഒരു സംഭവം അരങ്ങേറിയത് ഇവിടെയാണ്.

പൂര്‍ണ്ണരൂപം 2024 മെയ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

 

 

 

 

 

 

Comments are closed.