മൂടാടി ദാമോദരൻ സ്മാരക പുരസ്കാരം യുവകവി വിമീഷ് മണിയൂരിന്
വടകര സാഹിത്യവേദിയുടെ മൂടാടി ദാമോദരൻ സ്മാരക പുരസ്കാരം യുവകവി വിമീഷ് മണിയൂർ കരസ്ഥമാക്കി. ഇരുപതിനായിരം രൂപയും ശിൽപ്പവുമടങ്ങുന്ന പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘എം എൻ വിജയനും ഐ എം വിജയനും’ എന്ന കവിതാ സമാഹാരത്തിനാണ്. ഏപ്രിൽ 22ന് വൈകീട്ട് 3 മണിക്ക് വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ പ്രഭാഷകൻ സുനിൽ പി ഇളയിടം ജേതാവിന് പുരസ്കാരം സമ്മാനിക്കും.
കോഴിക്കോട് ജില്ലയിലെ മണിയൂരിൽ ജനിച്ച വിമീഷ് ആനുകാലികങ്ങളിൽ എഴുതിവരുന്നു. റേഷൻ കാർഡ്, എന്റെ നാമത്തിൽ ദൈവം (കവിതാസമാഹാരങ്ങൾ), സാധാരണം (നോവൽ), ഒരു കുന്നും മൂന്ന് കുട്ടികളും (ബാലസാഹിത്യം) എന്നിവ കൃതികൾ. കവിതകൾ തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പൂന്താനം കവിത അവാർഡ്, കേരളസാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ്, തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾക്ക് അർഹനായി.