നെഹ്‌റുവും എഡ്വിനയും പ്രണയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയി മൗണ്ട് ബാറ്റന്‍ പ്രഭുവിന്റെ ഭാര്യ എഡ്വിനയും പരസ്പരം പ്രണയിച്ചിരുന്നുവെന്ന് എഡ്വിനയുടെ മകള്‍ പമേല ഹിക്‌സിന്റെ വെളിപ്പെടുത്തല്‍. അവര്‍ തമ്മില്‍ പരസ്പരം ബഹുമാനിക്കുകയും തീവ്രമായി പ്രണയിക്കുകയും ചെയ്തിരുന്നു, എന്നാല്‍ അത് ഒരിക്കലും ശാരീരിക ബന്ധമായിരുന്നില്ലെന്ന് പമേല പറയുന്നു. തീവ്രമായി ആഗ്രഹിച്ചിരുന്ന ചങ്ങാത്തം അമ്മ പണ്ഡിറ്റ്ജിയില്‍ കണ്ടെത്തി, അമ്മയും നെഹ്‌റുവും അഗാധമായി സ്‌നേഹിച്ചിരുന്നുവെന്നും പമേല പറയുന്നു. ‘ഡോട്ടര്‍ ഓഫ് എമ്പയര്‍; ലൈഫ് ആസ് എ മൗണ്ട് ബാറ്റന്‍’ എന്ന പുസ്തകത്തിലാണ് പമേല ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നത്.
1947ലാണ് മൗണ്ട് ബാറ്റനൊപ്പം എഡ്വിനയും മകളും ഇന്ത്യയിലെത്തുന്നത്. ഇവരുടെ ബന്ധം തളിരിടുന്നതിന് 17കാരിയായ താന്‍ സാക്ഷിയായിരുന്നുവെന്ന് പമേല ഓര്‍മിക്കുന്നു. നെഹ്‌റുവിന്റെ ചങ്ങാത്തം, തുല്യത നല്‍കുന്ന മനോഭാവം, അറിവ് എന്നിവയൊക്കെയാണ് തന്റെ മാതാവിനെ ആകര്‍ഷിച്ചിരുന്നതെന്നും, നെഹ്‌റു എഡ്വിനയ്ക്കയച്ച കത്തുകളില്‍ നിന്നാണ് താന്‍ അവര്‍ തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് മനസ്സിലാക്കുന്നതെന്നും പമേല വ്യക്തമാക്കുന്നു. പ്രണയത്തിനപ്പുറം അവര്‍ തമ്മില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും, ഇരുവരും ഒരിക്കലും തനിച്ച് ഇടപഴകിയിട്ടില്ലെന്നും എപ്പോഴും ഉദ്യോഗസ്ഥരുടെയും പോലീസുകാരുടെയും സാന്നിദ്ധ്യത്യമാത്രമേ കണ്ടിരുന്നുള്ളുവെന്നും പമേല വ്യക്തമാക്കുന്നു.
ബ്രിട്ടനിലേക്ക് മടങ്ങുമ്പോള്‍ നെഹ്‌റുവിനൊരു സമ്മാനം കൊടുക്കണമെന്ന് എഡ്വിന നിശ്ചയിച്ചു. പക്ഷേ, നെഹ്‌റു അത് സ്വീകരിക്കുമോയെന്ന സംശയത്താല്‍, ‘എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായാല്‍ വില്‍ക്കാം’ എന്ന വാക്കുകളോടെ നെഹ്‌റുവിന് നല്‍കാനായി ഒരു മരതകമോതിരം മകള്‍ ഇന്ദിരയെ ഏല്‍പ്പിച്ചായിരുന്നു മടക്കമെന്നും മകള്‍ പമേല വെളിപ്പെടുത്തുന്നു.
2012ല്‍ ബ്രിട്ടണില്‍ പ്രസിദ്ധീകരിച്ച ‘ഡോട്ടര്‍ ഓഫ് എമ്പയര്‍; ലൈഫ് ആസ് എ മൗണ്ട് ബാറ്റന്‍’ എന്ന പുസ്തകം ഇന്ത്യയില്‍ പുറത്തിറക്കും. ഫ്രഞ്ച് പ്രസാധകരായ അഷെറ്റയാണ് ഇന്ത്യയില്‍ പുസ്തകം പ്രസിദ്ധീകരിക്കുക.
Comments are closed.