ഓരോ അധ്യാപകനും അധ്യാപകരാകാന്‍ മോഹിക്കുന്നവരും വാങ്ങിസൂക്ഷിക്കേണ്ട കൈപ്പുസ്തകം
പ്രൊഫ.ശോഭീന്ദ്രന്റെ ‘മൊളക്കാല്‍മുരുവിലെ രാപകലുകള്‍’ എന്ന പുസ്തകത്തെക്കുറിച്ച് രമ്യ ബിനോയ് പങ്കുവെച്ച കുറിപ്പ്
‘രമ്യേ… ഞാന്‍ ഇപ്പോള്‍ ശോഭീന്ദ്രന്‍ മാഷ്ടെ ‘മൊളക്കാല്‍മുരുവിലെ രാപകലുകള്‍’ വായിക്കുകയാ. നീയുമത് വായിക്കണോട്ടോ’. അഞ്ചു ദിവസം മുന്‍പ് രാത്രി കവി ജയദേവന്‍ മാഷ്ടെ വിളി വന്നു. പിറ്റേന്ന് തന്നെ പുസ്തകം വാങ്ങി വായന തുടങ്ങി. ഏറ്റവും തിരക്കേറിയ ദിവസങ്ങളില്‍ കൂടി കടന്നു പോകുകയായിരുന്നിട്ടും ദിവസം 50 പേജ് വീതം ആവേശത്തോടെ വായിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നരയ്ക്ക് ജോലി കഴിഞ്ഞു വന്നിരുന്നാണ് അവസാന ഭാഗത്തെ പേജുകള്‍ വായിച്ചു തീര്‍ത്തത്.
കോളേജ് കാലത്ത് പഠനത്തിലോ, പാഠ്യേതര വിഷയങ്ങളിലോ അസാധാരണ മികവൊന്നും പുലര്‍ത്താത്ത വിദ്യാര്‍ത്ഥി ആയിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ ഒരധ്യാപകരുടെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല. തിരിച്ച് അവരാരും എന്റെ സ്‌നേഹസ്മരണകളില്‍ ചേക്കേറിയതുമില്ല. പിന്നീട് അപൂര്‍വം ചില അധ്യാപകരെ കുറിച്ച് കേട്ടപ്പോള്‍ തോന്നിയിട്ടുണ്ട്, അവരുടെ വിദ്യാര്‍ത്ഥി ആകാമായിരുന്നു എന്ന്. അതില്‍ ഏറ്റവും മുന്‍നിരയില്‍ ഉള്ളയാളാണ് ശോഭീന്ദ്രന്‍ മാഷ്. അദ്ദേഹത്തിന്റെ പരിസ്ഥിതി പ്രവര്‍ത്തനവും കുട്ടികളുടെ ജീവിതത്തിലെ പ്രസാദാത്മകമായ ഇടപെടലും എന്തിന് ആ ഉടുപ്പും രൂപവും പോലും എനിക്കിഷ്ടായി. അങ്ങനെ ഒരാള്‍ തന്നിലെ അധ്യാപകന്‍ രൂപപ്പെട്ട വഴികളെ കുറിച്ച് പറയുമ്പോള്‍ അത് ആധികാരിക രേഖയായി സൂക്ഷിക്കണം. ‘മൊളക്കാല്‍മുരുവിലെ രാപകലുകളു’ടെ പ്രസക്തി അവിടെയാണ്. ഓരോ അധ്യാപകനും അധ്യാപകരാകാന്‍ മോഹിക്കുന്നവരും ഇതൊരു കൈപ്പുസ്തകമായി വാങ്ങിസൂക്ഷിക്കണം.
മനസ്സില്‍ വലിയൊരു മഴക്കാട് സൂക്ഷിക്കുന്ന മനുഷ്യന്‍ ഡക്കാന്‍ പീഠഭൂമിയുടെ ഭാഗമായ മൊളക്കാല്‍മുരുവിലെ ജൂനിയര്‍ കോളജില്‍ അധ്യാപകനായി എത്തുന്നത് മുതലാണ് പുസ്തകം തുടങ്ങുന്നത്. അതും അന്‍പതോളം വര്‍ഷം മുന്‍പുള്ള ബാംഗ്ലൂരിന്റെ സുഖസുന്ദര ജീവിത സൗകര്യങ്ങള്‍ ഉപേക്ഷിച്ചാണ് എത്തിയിരിക്കുന്നത്. മഴ പെയ്യാന്‍ മടിക്കുന്ന, ഉരുളന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ, പൊടിയടിഞ്ഞ ഒരു ദേശം. പക്ഷേ, അവിടുത്തെ മനുഷ്യരുടെ മനസ്സിന് എന്തൊരു പച്ചപ്പാണ്. (അതോ മാഷ്ടെ മനസ്സിന്റെ പച്ചക്കണ്ണാടിയിലൂടെ നോക്കിയതുകൊണ്ടാണോ…?).
കുട്ടികളുടെ കുടുംബ പശ്ചാത്തലമോ, പഠനമികവോ പരിഗണിക്കാതെ ‘ശോഭീന്ദ്രന്‍ മാഷ്’ അവരെ തന്റെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുകയാണ്. പ്രകൃതിയെ, മനുഷ്യരെ സ്‌നേഹിക്കാന്‍, ഭൂമിയെന്ന വലിയ സ്ഥലത്തിന്റെ വിശാലതയിലേക്ക് സ്വയം പ്രതിഷ്ഠിക്കാന്‍, പരീക്ഷകളെ ഭയക്കാതെ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാന്‍ മാഷ് അവരെ പ്രാപ്തരാക്കുകയാണ്. ഒന്നിച്ചു കളിച്ചും കുളിച്ചും ചെറുയാത്രകള്‍ പോയും മാഷ് അവരില്‍ ഒരാളാകുന്നു. പ്രകാശ എന്ന മനുഷ്യനാണ് മൊളക്കാല്‍മുരുവിന്റെ പ്രകാശകേന്ദ്രം. നിഷ്‌കളങ്ക സ്‌നേഹം പങ്കുവയ്ക്കുന്ന ആ മനുഷ്യനടക്കമുള്ളവരാണ് മാഷ്ടെ വേരുകള്‍ ജലാംശം കുറഞ്ഞ ആ ഭൂമിയില്‍ ആഴത്തില്‍ ഓടിക്കുന്നത്.
ഫിക്ഷന്‍ അല്ലാത്ത വായനകള്‍ എനിക്ക് വളരെ അപൂര്‍വമാണ്. പക്ഷേ, ഈ പുസ്തകം ഏതൊരു കാല്‍പ്പനിക സാഹിത്യരചനയെക്കാളും ആനന്ദിപ്പിച്ചു. ഒരു വ്യക്തിയുടെ കുറഞ്ഞ കാലത്തെ അനുഭവക്കുറിപ്പ് വായനക്കാരുടെ ഹൃദയം തൊടുന്നുവെങ്കില്‍ അത് കേട്ട് എഴുതിയ ആളുടെ മികവു കൂടിയാണ്. ഡോ. ദീപേഷ് കരിമ്പുങ്കര ഏറ്റവും മനോഹരമായ ഭാഷയില്‍ പുസ്തകം അവതരിപ്പിച്ചിട്ടുണ്ട്…
ഇതൊരു യാത്രയാണ്; നമ്മള്‍ കാണാത്ത ഒരിടത്തേക്ക് മാത്രമല്ല, വസുധൈവ കുടുംബകമെന്ന മഹദ് ദര്‍ശനത്തിലേക്കു കൂടിയുള്ള യാത്ര…
Comments are closed.