DCBOOKS
Malayalam News Literature Website

അതിശയിപ്പിക്കുന്ന വേഷപ്പകര്‍ച്ചകളില്‍ മോഹന്‍ലാല്‍; ഒടിയന്‍ ട്രെയിലര്‍

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ട്രെയിലര്‍ പുറത്തിറക്കിയത്.

വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ മോഹന്‍ലാല്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് എത്തുന്നത്. കുട്ടി സ്രാങ്കിന് വേണ്ടി തിരക്കഥ ഒരുക്കിയ ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ്, സിദ്ധിഖ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വ്വഹിക്കുന്ന മലയാള ചിത്രമാണ് ഒടിയന്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ 14ന് ചിത്രം തീയറ്ററുകളിലെത്തും.

ഒടിയനെക്കുറിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ പറയുന്നു

ഐതിഹ്യവും ചരിത്രവും കൂടിക്കലര്‍ന്ന ഒരു കഥാപാത്രമാണ് ഒടിയന്‍. അതുകൊണ്ടുതന്നെ, കേട്ട കഥകളില്‍നിന്നു യാഥാര്‍ഥ്യത്തെ വേര്‍തിരിച്ചെടുക്കാനാവാതെ നാം കുഴയും. രാത്രിയിരുട്ടില്‍ ഒടിയന്‍ ഒരു പാതിയില്‍ മനുഷ്യന്‍, മറുപാതിയില്‍ മൃഗം. പൂര്‍ണഗര്‍ഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകര്‍മം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്.

കേരളത്തില്‍ വൈദ്യുതി വരുന്നതിനു മുന്‍പുള്ള കാലത്ത് ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാര്‍. വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പില്‍ ഒക്കെ ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകാം. ഒടിയനെ നേരില്‍ക്കണ്ടവരാരും ഇപ്പോള്‍ ഇല്ല. പക്ഷേ, കഥകള്‍ ഉറപ്പോടെ പറയുന്നു, ഒടിയന്‍ ഉണ്ട്! അത്തരത്തില്‍ ഒരു ഒടിയനാണു മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാണിക്കന്‍ എന്ന കഥാപാത്രം.

ഒടിയനു പല സിദ്ധികളുമുണ്ട്. നല്ല കായികശേഷി, ഇരുട്ടിലെ കണ്‍കാഴ്ച. ഒരേസമയത്തു പല വേഷങ്ങളില്‍, പല ഭാവങ്ങളില്‍ ഒടിയന്‍ എത്തുന്നു. കേരളത്തില്‍ വൈദ്യുതി വ്യാപകമായ കാലത്ത് ഇരുട്ടിന്റെ മറ നഷ്ടപ്പെട്ടതോടെ ഒടിയന്മാര്‍ എവിടെയോ പോയ്മറഞ്ഞു. 1950 മുതല്‍ 2000 വരെയുള്ള 50 വര്‍ഷക്കാലത്തെ ഒരു പാലക്കാടന്‍കഥയാണ് ഒടിയന്‍ എന്ന സിനിമ പറയുന്നത്.

ചിലപ്പോള്‍ നാലുകാലില്‍ ഓടുന്ന, പാടവരമ്പില്‍ ഇഴയുന്ന ഒടിയനാണു മാണിക്കന്‍. മാണിക്കന്റെ പല സിദ്ധികളിലൊന്നാണത്. അതുകൊണ്ടുതന്നെ, മാണിക്കനാകാന്‍ മോഹന്‍ലാല്‍ 15 കിലോ കുറയ്ക്കുന്നുണ്ട്. ‘പുലിമുരുകനി’ലൂടെ മലയാളത്തിനും പരിചിതനായ പീറ്റര്‍ ഹെയ്ന്‍ എന്ന പ്രസിദ്ധ ആക്ഷന്‍ കൊറിയോഗ്രഫറാണു മോഹന്‍ലാലിനെ കായികസിദ്ധികള്‍ പരിശീലിപ്പിക്കുന്നത്. മാണിക്കന്റെ 65 വയസ്സുവരെയുള്ള ജീവിതകാലഘട്ടം വിവിധ പ്രായപരിണാമങ്ങളിലൂടെ, വേഷപ്പകര്‍ച്ചകളിലൂടെ ഒടിയനില്‍ കാണാം.

Comments are closed.