DCBOOKS
Malayalam News Literature Website

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ചരമവാര്‍ഷികദിനം

കേരളത്തിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവും സ്വതന്ത്ര സമരസേനാനിയുമാണ് മുഹമ്മദ് അബ്ദു റഹ്മാന്‍. മലബാറില്‍ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച അദ്ദേഹം മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബ് എന്നും അറിയപ്പെടുന്നു. 1898-ല്‍ കൊടുങ്ങല്ലൂരായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1921ല്‍ ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്റെ രാഷ്ട്രീയ രംഗപ്രവേശം.

ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനം മലബാറില്‍ ശക്തമായതോടെ കോണ്‍ഗ്രസ് സമിതികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനായി രൂപവത്ക്കരിക്കപ്പെട്ട ഖിലാഫത്ത് കമ്മിറ്റികള്‍ അബ്ദുറഹ്മാന്‍ സാഹിബിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ ഹിന്ദുക്കളെയും മുസ്‌ലീങ്ങളേയും ഒന്നിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനം പിന്നീട് 1921-ലെ കലാപത്തിലേയ്ക്ക് നീങ്ങിയപ്പോള്‍ കലാപകാരികളെ അനുനയിപ്പിക്കാനുള്ള ദൗത്യം ഇദ്ദേഹം ഏറ്റെടുത്തു

കലാപം തുടങ്ങി 2 മാസങ്ങള്‍ക്കുശേഷം 1921-ല്‍ ഒക്ടോബറില്‍ പട്ടാളനിയമം ലംഘിച്ചു എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അബ്ദുറഹ്മാനെ രണ്ടു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചു. 1923-ലാണ് ഇദ്ദേഹം മോചിതനായത്. തുടര്‍ന്ന് വീണ്ടും കോണ്‍ഗ്രസ്-ഖിലാഫത്ത് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്തുവാന്‍ ഒരു പത്രം ആവശ്യമാണെന്ന് മനസ്സിലാക്കിയ അബ്ദു റഹ്മാന്‍ 1924-ല്‍ അല്‍ അമീന്‍ എന്ന പത്രം ആരംഭിച്ചു. മുസ്‌ലിം ജനവിഭാഗങ്ങളില്‍ ദേശാഭിമാനവും സ്വാതന്ത്ര്യാഭിവാഞ്ഛയും ഉളവാക്കുന്നതില്‍ ഈ പത്രം വഹിച്ച പങ്ക് സുപ്രധാനമാണ്. മലബാറില്‍ നിന്നുള്ള മാപ്പിളമാരെ കൂട്ടത്തോടെ ആന്‍ഡമാന്‍ ദ്വീപുകളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള മദ്രാസ് സര്‍ക്കാരിന്റെ ആന്‍ഡമാന്‍ സ്‌കീം എന്ന നീക്കത്തെ വിജയകരമായി ചെറുക്കുവാന്‍ അല്‍ അമീനിലൂടെ ഇദ്ദേഹത്തിനു കഴിഞ്ഞു. 1945 നവംബര്‍ 23-ന് കോഴിക്കോട് ജില്ലയിലെ മുക്കത്തുവെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

 

Comments are closed.