കര്‍ഷകര്‍ക്ക് കൈത്താങ്ങായി കേന്ദ്ര ബജറ്റ്
കാര്‍ഷിക മേഖലയ്ക്കും പ്രതിരേധ മേഖയ്ക്കും കൂടുതല്‍ ഊന്നല്‍ നല്‍കി പീയുഷ് ഗോയല്‍ കേന്ദ്ര ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. 2022 ല്‍ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിന് തുടക്കം കുറിച്ചത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മെഗാ പെന്‍ഷന്‍ പദ്ധതി, ഗോ സംരക്ഷണ പദ്ധതി, കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി, ഇഎസ്‌ഐ പരിധി വര്‍ദ്ധന തുടങ്ങിയ ക്ഷേമ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായി. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുളളവരെ ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതാണ് ഈ ബജറ്റിലെ ഏറ്റവും നിര്‍ണ്ണായക തീരുമാനങ്ങളിലൊന്ന്. നികുതി റിട്ടേണ്‍ പ്രക്രിയ മുഴുവന്‍ രണ്ട് വര്‍ഷത്തിനകം ഓണ്‍ലൈനാക്കി മാറ്റുമെന്ന പ്രഖ്യാപനവും ഉണ്ടായി. വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷം അധിക സീറ്റുകള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ടായി. ശുചിത്വ ഭാരത് പദ്ധതി വിജയമായെന്നും ധനമന്ത്രി സഭയെ അറിയിച്ചു.
വ്യവസായ വകുപ്പിന്റെ പേര് മാറ്റി ആഭ്യന്തര വ്യാപാര വകുപ്പാക്കുമെന്ന പ്രഖ്യാപനവും ആഭ്യന്തര വ്യാപാരത്തിന് ഇളവുകള്‍ നല്‍കാനുളള തീരുമാനവും രാജ്യത്തെ വ്യാപാര വ്യവസായ മേഖലയ്ക്ക് കരുത്ത് പകരുന്നു.. രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ പ്രഖ്യാപനവും കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ അക്കൗണ്ടില്‍ ലഭ്യമാകുമെന്ന പ്രഖ്യാപനവും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് ഉയരുന്ന കര്‍ഷക പ്രതിഷേധങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാരിനെ സഹായിച്ചേക്കും.
പ്രതിരോധ ബജറ്റ് ചരിത്രത്തിലാദ്യമായി മൂന്ന് ലക്ഷം കോടി കവിഞ്ഞു. ഇഎസ്‌ഐ പരിധി 21,000 രൂപയായി ഉയര്‍ത്തിയത് സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമായ തീരുമാനമാണ്. ഹൈവേ വികസനത്തില്‍ ഇന്ത്യ ലോകത്തില്‍ ഏറ്റവും മുന്നിലെത്തിയതായും പീയുഷ് ഗോയല്‍ സഭയെ അറിയിച്ചു. ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കവിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഭൗതിക, സമൂഹിക അടിസ്ഥാന വികസനവും, ഡിജിറ്റല്‍ സമ്പദ്ഘടന സമ്പൂര്‍ണ്ണമാക്കല്‍, മലിനീകരണമില്ലാത്ത രാജ്യം, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍ എന്നിവയിലും ബജറ്റില്‍ വലിയ പരിഗണന ലഭിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളെയും സപര്‍ശിക്കുന്നതരത്തിലായിരുന്നു ബജറ്റ് അവതരണം
Comments are closed.