‘മോബിഡിക് ‘ ലോകസാഹിത്യത്തിലെ ഇതിഹാസ നോവൽ
ഹെർമൻ മെൽവിലിന്റെ’ മോബിഡിക് ‘ എന്ന നോവലിന് ബിജു എം പൗലോസ് എഴുതിയ വായനാനുഭവം
“കപ്പികളും കയറുകളും അവയുടെ ചുമതല നിറവേറ്റി. തലയറുത്ത് തോലുരിച്ച തിമിംഗലത്തിന്റെ വെളുത്ത ദേഹം വെണ്ണക്കൽകുടീരം പോലെ മിന്നുന്നു. നിറം അല്പമൊന്നു മങ്ങിയിട്ടുണ്ടങ്കിലും അതിൽ നിന്നു മൊത്തത്തിൽ അധികമൊന്നും കൊഴിഞ്ഞുപോയിട്ടില്ല. ഇപ്പോഴും ഭീമാകാരം തന്നെ അത്. അത് പതിയെ കടലിൽ പൊന്തിയൊഴുകിയകന്നു. ആർത്തിയാറാത്ത സ്രാവുകൾ അതിന്റെ ചുറ്റും വെള്ളത്തിൽ പുളച്ചുപാഞ്ഞു നടന്നു. ബുഭുക്ഷയാർന്ന പക്ഷികൾ കാറിക്കരഞ്ഞു പറന്ന് മുകളിലുള്ള ആകാശത്തെ ഞെരുക്കി. അവയുടെ ചുണ്ടുകൾ ആ ശരീരത്തിൽ അവഹേളനത്തിന്റെ കഠാരയിറക്കി. തലയറ്റ ആ വെളുത്ത സത്വം കപ്പലിൽനിന്ന്അകലേക്കകലേക്ക് പൊന്തിയലഞ്ഞു പോയ്ക്കൊണ്ടിരുന്നു. അലഞ്ഞകലുന്തോറും ചതുരത്തിലുള്ള ക്രൂശിതരൂപങ്ങളെപ്പോലെ തോന്നിച്ച സ്രാവുകളും ഘനവടിവായ ക്രൂശിതരൂപങ്ങളെപ്പോലെ തോന്നിച്ച പക്ഷികളും ആ ഹത്യാഘോഷത്തെ പൊലിപ്പിച്ചു. ഏതാണ്ട് ചലനരഹിതമായ കപ്പലിൽനിന്ന് മണിക്കൂറുകളോളം ആ നരകദൃശ്യം കാണാമായിരുന്നു. മേഘച്ഛന്നമല്ലാത്ത സൗമ്യനീലാകാശത്തിനു കീഴെ, പ്രസാദനീലമായ സമുദ്രനൈർമ്മല്യത്തിനു മേലെ,ആമോദക്കാറ്റടിച്ച് അനന്തമായ അദൃശ്യതയിലേക്ക് ആ മൃതഭാണ്ഡം അലഞ്ഞകുന്നു…..”
1851-ൽ, തിംമിംഗല വേട്ടയെ പശ്ചാത്തലമാക്കി, അമേരിക്കൻ നോവലിസ്റ്റായ ‘ഹെർമൻ മെൽവിൻ (Herman Melville)’ രചിച്ച നോവലാണ് ‘മോബിഡിക്ക് (Moby-Dick)’. ലോകസാഹിത്യത്തിലെ എണ്ണപ്പെട്ട കൃതികളിൽ ഒന്നായി കണക്കാക്കപ്പടുന്ന ഈ ക്ലാസ്സിക് നോവലിനെ എം.ജി.ചന്ദ്രശേഖരൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പിക്കോഡ് എന്ന തിമിംഗല വേട്ടകപ്പലിലെ നാവികനായി യാത്ര തിരിക്കുന്ന ഇസ്മായേൽ, തന്റെ സാഹസീക അനുഭവങ്ങളും അപൂർവ്വ കാഴ്ചകളും വിവരിക്കുന്നു.
എണ്ണയെടുക്കാനായി ക്രൂര വേട്ടയ്ക്കിരയാകുന്ന നെയ്തിമിംഗലങ്ങളെ (Sperm Whales) ഈ പുസ്തകത്തിൽ മനോഹരമായ വിവരിക്കുന്നു. തിമിംഗല വേട്ടയുടെ വിവരണങ്ങൾ ആരെയും ത്രസിപ്പിക്കും. ഒപ്പം തന്നെ ഭൂമിയിലെ ഏറ്റവും വലിയ ജീവവർഗ്ഗത്തോടുള്ള മനുഷ്യരുടെ ക്രൂരതയിൽ നോവേറ്റുകയും ചെയ്യും. പിക്കോഡിന്റെ ക്യാപ്റ്റനായ ‘അഹാബ്’ തന്റെ ഒരു കാലെടുത്ത നെയ്തിമിംഗലമായ മോബിഡിക്കിനെ തിരഞ്ഞുള്ള പ്രതികാരദാഹിയായ യാത്രകൂടിയാണ് ഈ കഥ.
ഒരു വിവർത്തനഗ്രന്ഥം എന്നു തോന്നാത്ത വിധത്തിൽ തന്നെയാണ് എം.ജി. ചന്ദ്രശേഖരൻ തന്റെ കർത്തവ്യം നിർവഹിച്ചിരിക്കുന്നത് എന്ന് പറയാം. തിമിംഗലങ്ങളെ കുറിച്ച് വായനക്കാർക്ക് നല്ല ഒരറിവ് (പത്തൊമ്പതാം നൂറ്റാണ്ടിന്റെ പാതിയിലെ അറിവ്) ഈ പുസ്തകം നല്കുന്നു. കൂടാതെ അക്കാലത്തുണ്ടായിരുന്ന തിംമിംഗലങ്ങളെകുറിച്ചുള്ള അന്ധവിശ്വാസങ്ങളും ചരിത്രങ്ങളും വിവരിക്കുന്നു. വായനക്കാരുടെ കണ്മുന്നിൽ ഒരു തിമിംഗലവേട്ട കപ്പലിന്റെ യാത്ര കാട്ടിതരുന്ന, ആ യാത്രയിലെ സാഹസീകത അനുഭവിപ്പിക്കുന്ന ഈ പുസ്തകം തീർച്ചയായും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒരു കൃതിയാണ് എന്നു തന്നെ പറയാം.
Comments are closed.