മധുരിക്കും ഓർമ്മകളുടെ മിഠായിത്തെരുവിലൂടെ…
ഈ വാസഭൂമിയിൽ തനിക്കും ഒരു ഇടം തന്ന കാലത്തിനു മുന്നിൽ നമിച്ചാണ് വി.ആർ. സുധീഷ് ഓർമ്മകളിലേക്കൂളിയിടുന്നത്
വി ആര്‍ സുധീഷിന്റെ ‘മിഠായിത്തെരുവ്’ എന്ന പുസ്തകത്തിന് രസ് ലിയ. എം. എസ്സ്. എഴുതിയ വായനാനുഭവം
കോഴിക്കോടിന്റെ ചരിത്രമുറങ്ങുന്ന പറഞ്ഞാൽ തീരാത്ത കഥകളുടെ നുണഞ്ഞാൽ തീരാത്ത മധുരത്തിന്റെ തെരുവാണ് മിഠായിത്തെരുവ്. കോഴിക്കോടിന്റെ ഹൃദയഭാഗത്തുള്ള ഏറ്റവും തിരക്കേറിയ കച്ചവട സ്ഥലം. ഇരുവശത്തും കണ്ണോടിച്ചാൽ മഴവില്ലുപോലെ ഹൽവാ മധുരം, കൊറിച്ചു നടക്കാൻ വറുത്തുപ്പേരികൾ, കുടിക്കാൻ സർബത്ത്, വയറുനിറച്ചൊന്നുഷാറാവാൻ ബിരിയാണി തട്ടുകൾ, മൊഞ്ചാക്കാൻ ഏതുതരത്തിലുമുള്ള വസ്ത്ര വൈവിധ്യങ്ങൾ.. കോഴിക്കോട്ടിന് എന്നും നിറവിന്റെ പെരുമയേകി നിൽക്കുകയാണ് പേരുപോലെ മധുരിക്കുന്ന ഈ തെരുവ്.
മലയാളിക്ക് ഗൃഹാതുരമായ മിഠായിത്തെരുവിന്റെ ഓർമ്മകളുടെ അറയിലേക്കുള്ള യാത്രയാണ് പ്രശസ്ത എഴുത്തുകാരൻ വി.ആർ.സുധീഷിന്റെ ഏറ്റവും പുതിയ പുസ്തകം ” മിഠായിത്തെരുവ്: ഓർമ്മകളുടെ ആൽബം”. ഡി.സി. ബുക്സാണ് പ്രസാധകർ. രണ്ടു ഭാഗങ്ങളിലായി കോഴിക്കോടൻ ഓർമ്മകൾ പങ്കുവെക്കുന്ന പുസ്തകം വായനക്കാരുടെ ഖൽബിൽ തൊടുമെന്നതിൽ സംശയമില്ല. പ്രണയത്തിന്റെയും സംഗീതത്തിന്റെയും രുചിയുടെയും നിറവുകളിലൂടെ വായനയിൽ മധുരം നിറക്കുന്നതോടൊപ്പം ഈ പുസ്തകം അറിവിന്റെ കൽക്കണ്ടവും പകരുന്നു.
വ്യാപാരത്തിന്റെ ഈ തുറമുഖം കടന്നു വന്ന കൈവഴികൾ, വഴിവിളക്കായി നിന്ന സാഹിത്യ പ്രതിഭകൾ, സംഗീതജ്ഞർ, ചലച്ചിത്ര നടന്മാർ, കോഴിക്കോടൻ ചങ്ങാത്തങ്ങൾ, മധുശാലകൾ എന്നിങ്ങനെ എന്തായിരുന്നു കോഴിക്കോടെന്ന് നമ്മളോട് പങ്കുവെക്കുകയാണീ പുസ്തകം. ആതിഥ്യമര്യാദയുടെ കലർപ്പില്ലാത്ത സ്നേഹത്തിന്റെ കഥകളനവധിയുണ്ട് ഈ നഗരത്തിന്. കോഴിക്കോട്ടെ തെരുവിനെക്കുറിച്ചും തൊട്ടടുത്ത ദേശങ്ങളെക്കുറിച്ചും ഇവിടെ ജീവിച്ചു മറഞ്ഞ മനുഷ്യരെക്കുറിച്ചും “ഒരു ദേശത്തിന്റെ കഥ ” പറഞ്ഞൊരാൾ മിഠായിത്തെരുവിലിരുന്ന് ഈ പുസ്തകത്തയും നോക്കി കാണുന്നുണ്ടാകും. മിഠായിത്തെരുവിന്റെ കഥ തന്റെയും ജീവിത കഥയാണെന്ന് പറഞ്ഞ എസ്.കെ.പൊറ്റക്കാട് ഇന്ന് ഈ തെരുവിന് കാവലാളാണ്.
ഈ വാസഭൂമിയിൽ തനിക്കും ഒരു ഇടം തന്ന കാലത്തിനു മുന്നിൽ നമിച്ചാണ് വി.ആർ. സുധീഷ് ഓർമ്മകളിലേക്കൂളിയിടുന്നത്. മുങ്ങി നിവരുമ്പോൾ കൊട്ടയിലാകെ മുത്തുകൾ.. കോഴിക്കോടൻ മുത്തുകൾ.. കേരളത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ സംഗീത മാന്ത്രികൻ ബാബുരാജിനെക്കുറിച്ച് വി.ആർ.സുധീഷ് കഥയെഴുതിയിട്ട് വർഷങ്ങളായി. ബാല്യത്തിൽ മനസ്സിൽ പതിഞ്ഞ ഈണങ്ങൾ ബാബുക്കയുടെ ശബ്ദത്തിൽ കേട്ട മുറിവിൽ നിന്നാണ് ബാബുരാജെന്ന ക്ലാസിക് കഥ പിറന്നത്. പാട്ടൊരു വികാരമായി കണ്ട തലമുറയുടെ ഗ്രാമഫോൺ സൂചികൾ തേഞ്ഞു തീരുന്നിടത്ത് ജീവശ്വാസം നിലച്ചു പോകുന്നവരുടെ ഈ കഥ ജീവിതത്തിലുടനീളം ആത്മഗാനം തിരയുന്ന എഴുത്തുകാരന്റെ തന്നെ കഥയാകുന്നു. ചലച്ചിത്രത്തിൽ മാത്രമല്ല അന്നത്തെ കല്യാണ വീടുകളിൽ, ആഘോഷങ്ങളിൽ എല്ലാം പാടി മറഞ്ഞ പാമരനാം പാട്ടുകാരനോടുള്ള കാലനീതിയായിരിക്കാം ഇന്നും മലയാണ്മയാകെയൊഴുകുന്ന ആ ഗദ്ഗദധാരകൾ.
അനശ്വര ഗാനങ്ങളുടെ അമരക്കാരൻ ശ്രീകുമാരൻ തമ്പിയെ പ്രണയത്തിന്റെ ഗന്ധർവവിരലുകൾ എന്ന് വിശേഷിപ്പിച്ചാണ് അടയാളപ്പെടുത്തുന്നത്. ഇതിലും മനോഹരമായി എങ്ങനെയെഴുതും എന്ന് പാട്ടിന്റെ ശ്രീയോട് ചോദിക്കും പോലെ ഇതിലും മനോഹരമായി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതെങ്ങനെ? സംഗീതം ജീവലഹരിയായി കണ്ട ശ്രീകുമാരൻ തമ്പിയുടെ നിത്യഹരിത വരികളിൽ പ്രണയ പുഷ്പങ്ങൾ വിടരുന്നു. ” സ്വന്തമെന്ന പദത്തിനെന്തർത്ഥം “, “സുഖമെവിടെ.. ദു:ഖമെവിടെ “, “സുഖമൊരു നാൾ വരും വിരുന്നുകാരൻ ദു:ഖമോ പിരിയാത്ത സ്വന്തക്കാരൻ” എന്നിങ്ങനെ അനേക ജീവിത ദർശനങ്ങളും അദ്ദേഹം പാട്ടിലൂടെ പകർന്നു നൽകി.
ഓർമ്മകളുടെ ആൽബമിങ്ങനെ മറിച്ചിടുമ്പോൾ സംഗീതത്തോണിയേറി സുഖകരമായ അനായാസേനയുള്ളൊരു ഒഴുക്കിലൂടെ വായനക്കാരന് സഞ്ചരിക്കാം. എന്നാൽ ഉറ്റവരുടെ ഒരു കാലത്ത് ജീവിതത്തിന്റെ ഭാഗമായവരുടെ ശൂന്യതയിലൂടെയാണ് എഴുത്തുകാരൻ കടന്നു പോകുന്നത്. ആ വിടവിന്റെ നൊമ്പരങ്ങളും തേങ്ങലുകളും കലരാതെ പ്രിയപ്പെട്ടവരുടെ പ്രതിഭയെ നമുക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് വി.ആർ.സുധീഷ്. വടകരയിൽ നിന്നും കോഴിക്കോട്ടെത്തി ഈ മണ്ണിലൊരു പ്രപഞ്ചം തീർത്തു താമസിക്കുന്ന അദ്ദേഹത്തിന് കാലം കാത്തു വെച്ച നിയോഗമായിരിക്കാം ഓർമ്മകളുടെ ഈ അയനം.ഗിരീഷ് പുത്തഞ്ചേരിക്ക് മരണമില്ല .മറന്നിട്ടും മനസ്സിൽ തുളുമ്പുന്ന മൗനാനുരാഗം പോലെ.. മൂവന്തിത്താഴ്വരയിൽ വെന്തുരുകിയ വിൺസൂര്യനെപ്പോലെ.. ഒരേ കടലിൽ നീറുന്ന പ്രണയ സന്ധ്യയുടെ വിരഹ വേദന പോലെ പിന്നെയും പിന്നെയും ഗിരീഷിന്റെ പാട്ടുകൾ നമ്മുടെ മനസ്സിന്റെ പടികടന്നെത്തും. ” അമ്മ മഴക്കാറിനു കൺ നിറഞ്ഞും ” “ഇഹപര ശാപം തീരാൻ ഇനിയൊരു ജന്മം” ചോദിച്ചും “ഉള്ളിനുള്ളിൽ അക്ഷരപ്പൂട്ടുകൾ ആദ്യം തുറന്നു തന്ന ” അച്ഛനെയോർത്തും ധിക്കാരിയായ ആ നല്ല മകൻ ഇവിടെയുണ്ട്. കൈക്കുടന്ന നിറയെ മധുരം തന്നിട്ട് ഒരു ദിവസം നമ്മളെയൊക്കെ പറ്റിച്ച് ഈ പുത്തഞ്ചേരിക്കാരൻ കടന്നു പോയെന്ന് വിശ്വസിക്കാനാകുമോ? ഇല്ല.
കാലം പിന്നിടും തോറും ആലാപന മാധുര്യത്താൽ നമ്മെ വിസ്മയിപ്പിക്കുന്ന ഭാവഗായകനാണ് പി.ജയചന്ദ്രൻ. പാട്ടിന്റെ മധുചന്ദ്രികയുമായി വി.ആർ.സുധീഷിനുള്ള ആത്മബന്ധം ഭാവാലാപം പോലെ മധുരിക്കുന്നു. ഞങ്ങൾക്കിടയിലെ തമാശകളൊക്കെ ഞങ്ങൾക്ക് മാത്രം ആസ്വദിക്കാവുന്നതാണെന്നും അത്രമേൽ അടുത്ത സുഹൃത്താണ് വി.ആർ.സുധീഷ് എന്നും ജയചന്ദ്രൻ പറഞ്ഞു കേട്ടിട്ടുണ്ട്. ‘ഏകാന്തപഥികൻ ഞാൻ ‘ എന്ന ജയചന്ദ്രന്റെ ആത്മകഥയെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്: “ഈ പാട്ടുകാരൻ എങ്ങനെ നമ്മുടെ ഭൂതവർത്തമാന കുളിരാകുന്നു എന്ന് ‘ഏകാന്തപഥികൻ’ പറയുന്നു.അനുരാഗ ഗാനം പോലെ അഴകിന്റെയല പോലെ ജയഗീതം നിറഞ്ഞു തുളുമ്പുമ്പോൾ പാട്ടിന്റെ ദേവത അനുഗ്രഹം ചൊരിയുന്നു. അദ്ദേഹത്തിന്റെ ഏറ്റവും നല്ല പാട്ട് ഇനി വരാനിരിക്കുന്നതെന്ന തോന്നലിൽ വീണ്ടും വീണ്ടും നമ്മൾ ജയഗീതികൾ കേൾക്കുന്നു.
കോഴിക്കോടൻ ഭൂമികയിൽ അടയാളങ്ങൾ തീർത്ത കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയ പ്രിയപ്പെട്ടവരെല്ലാം സുധീഷിന്റെ മിഠായിത്തെരുവിലൂടെ നടന്നു നീങ്ങുന്നുണ്ട്. അദ്ദേഹമെഴുതുമ്പോൾ ബഷീറിനും തിക്കോടിയനും അഴീക്കോടിനും വി.കെ.എന്നും ജീവൻ വെക്കുന്നു. സ്മാരകങ്ങളാവാതെ മിഠായിത്തെരുവിന്റെ ഓരത്തിരുന്ന് ഓരോരുത്തരായി കഥ പറയുന്നു. വേദനിച്ചു പുളയുേമ്പാൾ “കാലമേ, എനിക്ക് ഓക്സിജൻ തരൂ” എന്ന് പറഞ്ഞ ഇമ്മിണി ബല്യ എഴുത്തുകാരൻ ബഷീർ, കോഴിക്കോടൻ ജനസാഗരത്തിനു നേരെ പ്രസംഗം എറിഞ്ഞു പിടിപ്പിച്ച് ചിരിച്ചു മറഞ്ഞ തിക്കോടിയൻ, സ്നേഹോർജ്ജമായിരുന്ന സുകുമാർ അഴീക്കോട്.. അങ്ങനെ എത്രയെത്ര പ്രതിഭകൾ! ഒരു കാലത്ത് ഈ മണ്ണിൽ വിരാജിച്ച് സാമൂഹികമായും സാംസ്കാരികമായും കോഴിക്കോടിനെ നവീകരിച്ച് ഒരു നാടിന് മുതൽക്കൂട്ടായവർ. നല്ലൊരു നാടിനെ സൃഷ്ടിച്ചതിൽ നമുക്കൊക്കെയും കടപ്പാടുള്ള ഇവരെക്കുറിച്ചുള്ള ഓർമ്മപ്പാളികളാണ് വി.ആർ. സുധീഷ് നമ്മളുമായി പങ്കുവെക്കുന്നത്. ഇവർക്കൊപ്പം തോളിൽ കൈ ചേർത്തും പൊട്ടിച്ചിരിച്ചും സംവദിച്ചും എഴുത്തു വഴികളിൽ ചേർന്നുനിന്നും കൂട്ടത്തിലൊരാളായി തീർന്നത് വി.ആർ.സുധീഷിന്റെ ജീവ യാത്രയിൽ വെളിച്ചം പകരുന്നു.
ഏതൊരു കലയെയും നിലനിർത്തുന്നത് വൈവിദ്ധ്യങ്ങളാണ്. വിവിധങ്ങളായ നിറക്കാഴ്ച്ചകൾ ചേർത്ത് വെച്ച് നമ്മെ മാടി വിളിക്കുന്ന മിഠായിത്തെരുവു പോലെ വി.ആർ.സുധീഷിന്റെ രചനകൾ വ്യത്യസ്തത കൊണ്ട് പ്രിയപ്പെട്ടതാകുന്നു. കഥയിൽ ഒരു സവിശേഷ കാലത്തിന്റെ അടയാളങ്ങൾ ശേഷിപ്പിക്കുന്നതിൽ വി.ആർ. സുധീഷിനുള്ള വൈദഗ്ദ്ധ്യം ശ്രദ്ധേയമാണ്. അതുപോലെ ഒരു കാലത്തെ കോഴിക്കോടിനെ വലിയൊരു ക്യാൻവാസിൽ വരച്ചിടുകയാണ് ഈ പുസ്തകം. നാമറിയാതെ പോയ വാങ്മയ ചിത്രങ്ങൾ ഈ കൃതിയെ വേറിട്ടതാക്കുന്നു. താളുകൾ മറിഞ്ഞു തീരൂമ്പോൾ അറിയപ്പെട്ടും അല്ലാതെയും വേഷമാടി മറഞ്ഞ ചലച്ചിത്ര നടന്മാർ, നമ്മുടെ വികാരവിചാരങ്ങളിൽ ഒന്നു മൂളാൻ ബാക്കിയായ ഗാനലോകം, പകരുംതോറും വീര്യമേറുന്ന സൗഹൃദങ്ങൾ സമ്മാനിച്ച മധുശാലകൾ, ഇന്ന് ശ്മശാന മൂകമായി തീർന്ന അളകാപുരിയിലെ സുധീഷ് മൂല, ഖൽബില് തേനൊഴുകുന്ന നാട്ടിലെ രുചി വൈവിധ്യങ്ങൾ, ഭക്ഷണശാലകൾ, ഈ മണ്ണിൽ ജീവിതങ്ങൾ തിരഞ്ഞ് നമുക്ക് വേണ്ടി കഥകൾ ബാക്കിയാക്കി ഏതോ ലോകത്തിരുന്ന് ഇന്നത്തെ മിഠായിത്തെരുവിനെ നോക്കി കാണുന്ന എഴുത്തുകാർ.. കാലങ്ങൾക്ക് ശേഷം എല്ലാവരെയും കൂടി മിഠായിത്തെരുവിലൊന്നിപ്പിച്ചതി ന് വി.ആർ. സുധീഷിന് ചിയേഴ്സ് പറയുന്നുണ്ടാകുമോ ഈ പ്രതിഭകൾ?
Comments are closed.