DCBOOKS
Malayalam News Literature Website

ആടുജീവിതം: സിനിമാസംഘത്തിന് സഹായങ്ങള്‍ എത്തിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍

ഗവര്‍ണറുമായി പ്രശ്നങ്ങളില്ല ...

ജോര്‍ദാനില്‍ കുടുങ്ങിയ ആടുജീവിതം സിനിമാസംഘത്തിന് സാധ്യമായ സഹായങ്ങള്‍ എത്തിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍.

വിസാകാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്ക അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് എത്തിക്കുകയെന്നത് തല്‍ക്കാലം പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. എ.കെ ബാലന്‍ വ്യക്തമാക്കി.

എ കെ ബാലന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ജോര്‍ദാനില്‍ നടക്കുകയാണ്. ലോകം മുഴുവന്‍ കൊറോണഭീതിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണും കര്‍ഫ്യൂ തുടങ്ങിയ നടപടികളും രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്. ഈ അവസ്ഥയില്‍ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെ അഭിനേതാക്കളും മറ്റ് സിനിമാ അണിയറപ്രവര്‍ത്തകരും ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു.

വാര്‍ത്ത കണ്ടയുടനെ മുഖ്യമന്ത്രിയുമായും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായും സംസാരിച്ചു. പൃഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരനുമായും സംസാരിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ജോര്‍ദാനില്‍ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നേരത്തെ തന്നെ മുഖ്യമന്ത്രി ഇടപെട്ട് ലഭ്യമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷൂട്ടിംഗ് തുടരുന്നതിനും ഭക്ഷണവും താമസൗകര്യവും ആവശ്യമായ സുരക്ഷാസംവിധാനവും ഇവര്‍ക്ക് ലഭിച്ചു.

ഇപ്പോള്‍ വിസാകാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് എത്തിക്കുകയെന്നത് തല്‍ക്കാലം പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ശ്രീ. വി മുരളീധരന്‍ അറിയിച്ചിട്ടുണ്ട്.

അഭിനേതാക്കളും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആശങ്കപ്പെടേണ്ടതില്ല. സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കും.

Balan

Comments are closed.