ശില്‍പകലയുടെ തമ്പുരാന്‍ ‘കാനായി കുഞ്ഞിരാമന്’ സംസ്ഥാന സര്‍ക്കാരിന്റെ ആദരം
കവിഹൃദയമുള്ള ശില്‍പി എന്ന വിശേഷണത്തിനാണു കാനായി കുഞ്ഞിരാമന്‍ കൂടുതല്‍ അര്‍ഹനെന്നു സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍. ഇന്ത്യന്‍ ശില്‍പകലയുടെ തമ്പുരാനായ കാനായി കുഞ്ഞിരാമന്‍ കവികളുടെ ഗ്രാമമായ കുട്ടവത്ത് ജനിച്ച അറിയപ്പെടാത്ത കവിയാണെന്നും മന്ത്രി പറഞ്ഞു. കാനായി കുഞ്ഞിരാമന്റെ എണ്‍പതാംപിറന്നാളിനോടും അദ്ദേഹത്തിന്റെ പ്രശസ്തമായ യക്ഷി എന്ന ശില്‍പത്തിന്റെ അന്‍പതാം വാര്‍ത്തോടും അനുബന്ധിച്ചു സാംസ്‌കാരിക കേരളം അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കളെ ആകര്‍ഷിക്കുകയും ഒറ്റയ്ക്ക് കിട്ടുമ്പോള്‍ രക്തം ഊറ്റിക്കുടിക്കുകയും ചെയ്യുന്ന പരമ്പരാഗത യക്ഷീ സങ്കല്‍പത്തിനു പകരം വ്യത്യസ്തമായൊരു കലാരൂപത്തെയാണു കാനായി മലമ്പുഴയില്‍ നിര്‍മിച്ചത്. മലമ്പുഴയുടെ പശ്ചാത്തലസൗകര്യം വികസിച്ചതും ശ്രദ്ധേയമായ ടൂറിസ്റ്റ് കേന്ദ്രമായതും കാനായിയുടെ യക്ഷിയുടെ വരവോടെയാണെന്നും മന്ത്രി വ്യക്തമാക്കി.യക്ഷി ശില്‍പം ഉണ്ടാക്കിയ കാലത്ത് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനെയൊക്കെ സ്വസിദ്ധമായ നര്‍മത്തിലൂടെ കാനായി നേരിട്ടെന്നും മന്ത്രി ഓര്‍മിച്ചു. മലയാളിയുടെ സദാചാര കാപട്യത്തോടു കാനായി നടത്തിയ സര്‍ഗാത്മ വെല്ലുവിളിയായി യക്ഷി ഇന്നും മലമ്പുഴയിലുണ്ട്. ക്ഷേത്ര ശില്‍പങ്ങളിലെ ലൈംഗികതയെ എതിര്‍ക്കാത്ത സമൂഹം താന്‍ ക്ഷേത്രമായി കണക്കാക്കുന്ന പ്രകൃതിയിലെ ശില്‍പങ്ങളില്‍ നഗ്‌നത കാണുമ്പോള്‍ ക്ഷോഭിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു. എന്നാല്‍ പൊതുസ്ഥലങ്ങളിലെ കൂറ്റന്‍ ശില്‍പങ്ങളിലൂടെ മലയാളിയുടെ വികൃതമനസിനെ ഒരു പരിധിവരെ ചികില്‍സിക്കാന്‍ കാനായിക്കായെന്നും മന്ത്രി പറഞ്ഞു.
രാജാരവിവര്‍മ ഭിത്തിയില്‍ ചിത്രം വരച്ചപ്പോള്‍ ചിത്രകാരനായ അമ്മാവന്‍ പ്രോല്‍സാഹിപ്പിച്ചു. വീടിന്റെ ചുമരില്‍ ചിത്രം വരച്ച കാനായിയെ അച്ഛന്‍ അടിച്ചു. ആ ശിക്ഷ കാനായിയിലെ കലാകാരനില്‍ പ്രതികാരത്തിന്റെ കനലുണ്ടാക്കി. ജീവിതാനുഭവങ്ങളെ അദ്ദേഹം ശില്‍പങ്ങളാക്കി മാറ്റി. കാനായി തീര്‍ത്ത ഇ.എം.എസിന്റെ പ്രതിമ കണ്ട് പത്‌നി ആര്യ അന്തര്‍ജ്ജനം ഇതെന്റെ ആള് തന്നെ എന്നു പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. പണ്ട് കാനായി വരച്ച നെഹ്‌റുവിന്റ ചിത്രം കണ്ട് നെഹ്‌റു പോലും അത്ഭുതപ്പെട്ട സംഭവമുണ്ടായി. അതാണു കാനായിയിലെ കലാകാരനെ ആദ്യം തിരിച്ചറിഞ്ഞ സംഭവം. ഈ മഹാനായ കലാകാരന് പിറന്നാള്‍ ആശംസകള്‍ നേരുന്നെന്നും എ കെ ബാലന്‍ പറഞ്ഞു.
തിരുവനന്തപുരം കനകകുന്ന് കൊട്ടാരത്തില്‍ നടന്ന ചങ്ങില്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അധ്യക്ഷനായി. ചടങ്ങില്‍ കാനായിയുടെ ജീവിതത്തിലെയും ശില്‍പകലയിലെയും മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണങ്ങി ന്യൂസ് ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ ഒരുക്കിയ ഫോട്ടോപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍, പ്രൊഫ. കെ.സി ചിത്രഭാനു, ജിതേഷ് ദാമോദര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ സെക്രട്ടറി അഭിരാം കൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. സുഭാഷ് അഞ്ചല്‍ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് ജയപ്രഭാമേനോന്‍ അവതരിപ്പിച്ച സാഗരകന്യക എന്ന നൃത്തശില്പവും അരങ്ങേറി.
Comments are closed.