‘മൈൻഡ് മാസ്റ്റർ- ഇന്ത്യയുടെ ചെസ് ഇതിഹാസം തന്റെ വിജയരഹസ്യങ്ങള്‍ തുറന്നെഴുതുന്നു
ജൂലൈ 20- അന്താരാഷ്ട്ര ചെസ്സ് ദിനം
അന്താരാഷ്ട്ര ചെസ് ദിനമാണ് ഇന്ന്. ഭാരതത്തിൽ നിന്നുള്ള ആദ്യ ലോക ചെസ്സ് ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിന്റെ ആത്‌മകഥയാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘മൈൻഡ് മാസ്റ്റർ’ ഒരു സാധാരണക്കാരനിൽ നിന്നും ചെസ്സ് ലോകത്തിലെ പടവുകൾ ഓരോന്നായി കീഴടക്കി വിജയം നേടിയ വിശ്വനാഥ് ആനന്ദിന്റെ ജീവിതം ഓരോ വായനക്കാരനും പുതിയ ഉൾക്കാഴ്ചകൾ നൽകുന്നു. ജീവിതത്തിലെ ദുര്‍ഘടവും സങ്കീർണതകളും നിറഞ്ഞ ഘട്ടങ്ങൾ ചതുരംഗകളത്തിനു തുല്യമായതിനാൽ ബുദ്ധിപരവും സൂക്ഷ്മവുമായ കരുനീക്കങ്ങൾ രണ്ടിലും ഒരുപോലെ അനിവാര്യമാണെന്നു ഈ കൃതി വായനക്കാരനെ ബോധ്യപ്പെടുത്തുന്നു. ആദ്യാവസാനം ആവേശം നിറഞ്ഞ തന്റെ ഐതിഹാസികമായ പോരാട്ടങ്ങൾ വിശ്വനാഥ് ആനന്ദ് സ്വന്തം വാക്കുകളിലൂടെ വിവരിക്കുമ്പോള്‍ ചെസ്സ് ലോകത്തിലെ വിസ്മയലോകത്തിലേക്ക് വായനക്കാരും കടന്നെത്തുന്നു. ലോകചാമ്പ്യന്റെ വിജയപാഠങ്ങൾ ഏതൊരു വായനക്കാരനും മുതൽ കൂട്ടാകും.
പുസ്തകത്തില്‍ നിന്നും ഒരു ഭാഗം
രണ്ട് നഗരങ്ങള്‍, ഒരു രാഷ്ട്രം
(പരിശീലിത പരിജ്ഞാനത്തോടുള്ള
പോരാട്ടം)
ലോകചാമ്പ്യനായുള്ള നിന്റെ കാലം അവസാനിച്ചിരിക്കുന്നു, എന്റെ മനസ്സ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ജീവച്ഛവം കണക്കെ ഞാൻ പരിശീലനമുറിയിലേക്ക് പ്രവേശിച്ചു. എന്റെ സഹായികൾ വിളറി വെളുത്ത പ്രേതസമാനമുഖങ്ങളുയർത്തി എന്നെ നോക്കി. ആരെങ്കിലുമൊന്ന് നിശബ്ദത ഭജിക്കുന്നതിനായി ഞങ്ങൾ കാത്തുനിന്നു. രണ്ടുവർഷ ങ്ങൾക്കു മുൻപ് സോഫിയയിൽ നടന്ന ലോകചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ എന്റെ ടീമംഗങ്ങൾക്കും എനിക്കും ഞാൻ നൽകിയ ഉറപ്പുകളിലൂടെ എന്റെ മനസ്സ് പ്രക്ഷുബ്ധമായി ഓടിനടന്നു. അത് വീണ്ടും പരീക്ഷിക്കുന്നത് ആരെയും ബുദ്ധിമുട്ടിക്കില്ല. ഞാൻ വിചാരിച്ചു. ഞാൻ മുരടനക്കി. ഇതേറ്റവും മോശം സ്ഥിതിഗതി അല്ലെന്നും ഇനിയും എനിക്കു മുന്നിൽ അവസരങ്ങൾ ഉണ്ടെന്നും പറയുന്ന എന്റെ തന്നെ ശബ്ദം ഞാൻ കേട്ടു. പക്ഷേ, എന്റെ ശബ്ദം എന്റെ യഥാർത്ഥ മാനസികാവസ്ഥയെ വെളിപ്പെടുത്തി. ഞാൻ ഉച്ചരിച്ച ഒരു വാക്കുപോലും ഞാൻ വിശ്വസിച്ചിരുന്നില്ല. അവയിലെ നിരാശയുടെ വ്യഥ എന്റെ ടീമംഗങ്ങൾ തിരിച്ചറിഞ്ഞു എന്നെനിക്ക് മനസ്സിലായി.
2012 ലോകചാമ്പ്യൻഷിപ്പിലെ എന്റെ പ്രതിയോഗിയും നല്ല സുഹൃത്തുമായ ഗെൽഫാൻഡ്, ആറ് തുടർച്ചയായ സമനിലകൾ സമ്മാനിച്ച മൃദുവും ഊഷ്മളവുമായ തുല്യതാബോധത്തെ പെട്ടെന്ന് എടുത്തു മാറ്റി, നാടുകടത്തലിന്റെ പീഡനം രുചിക്കാനായി എന്നെ ഏകനായി വിട്ടു.
എന്റെ കിരീടം നിലനിർത്താനായുള്ള പോരാട്ടമായിരുന്നു അതെന്നത് ശരിതന്നെ, പക്ഷേ, എന്റെയും ഗെൽഫാൻഡിന്റെയും മനസ്സുകളെ സംബന്ധിച്ചിടത്തോളം, നമുക്ക് പരസ്പരം നല്ലൊരു പോരാട്ടം നടത്താം, അതിൽ എല്ലാം അവസാനിപ്പിക്കാം എന്ന സമീപനമാണ് ഉണ്ടായിരുന്നത്. സമനിലയിൽ കലാശിച്ച ആറ് ഗെയിമുകൾ നടന്ന ദിവസങ്ങളിലും മുഖാമുഖം കളിക്കാനിരിക്കുന്നതിലും തയ്യാറെടുപ്പുകൾ ബോർഡിൽ പ്രയോഗിക്കുന്നതിലും ചില മേഖലകളിൽ മെച്ചപ്പെട്ട ആശയങ്ങൾ കൊണ്ടുവരുന്നതിലും അവരുമായി പരിശീലനമുറികളിലേക്ക് തിരിച്ചു പോകുന്നതിലും ഞങ്ങൾ സന്തുഷ്ടരായിരുന്നു. വീട്ടിലെ തയ്യാറെടുപ്പുകൾക്കായാണ് ഞങ്ങൾ അവിടെ സന്നിഹിതരായിരുന്നത് എന്ന മട്ടായിരുന്നു പൊതുവെ. ഇരുവരും എതിരാളിക്ക് കാര്യമായ മാനസികസമ്മർദം സൃഷ്ടിച്ചില്ല. പക്ഷേ, ഏഴാം ഗെയിമിനൊടുവിലേറ്റ തോൽവി ഒരു സാങ്കല്പികകരാറിന്റെ ലംഘനംപോലെ എനിക്ക് അനുഭവപ്പെട്ടു. ഞാനാകെ പതറിപ്പോയി. പെട്ടെന്ന് ഞാനൊരു പ്രശ്നത്തെ അഭിമുഖീകരിച്ചു. ഞാൻ ഒരു ഗെയിം ജയിച്ചേ പറ്റൂ.
ഈ പ്രതിസന്ധി എനിക്ക് പുത്തിരിയായിരുന്നില്ല. ജയങ്ങൾ നേടുവാൻ നന്നേ പാടുപെടുന്നൊരു കാലമായിരുന്നു അത്. സോഫിയയിലെ 2010 ലോകചാമ്പ്യൻഷിപ്പ് വിജയത്തിനുശേഷം ബിൽബാവോയിലും നാഞ്ചിങ്ങിലും ഞാൻ രണ്ടാമനായി, ലണ്ടൻ ചെസ്സ് ക്ലാസിക്കിൽ രണ്ടാം സ്ഥാനം പങ്കിട്ടു. അതിനടുത്ത വർഷം 2011 ജനുവരിയിൽ വെയ്ക്ക് ആൻ സീയിൽ രണ്ടാമനായെത്തി. ലളിതമായി പറഞ്ഞാൽ, നിലവിലുള്ള ലോകചാമ്പ്യൻ എന്ന നിലയ്ക്ക് രണ്ടുവർഷക്കാലത്തിനിടയിൽ ഒരൊറ്റ ടൂർണമെന്റിലും ഞാൻ ഒന്നാം സ്ഥാനം നേടിയിരുന്നില്ല. ഇതെന്റെ റേറ്റിങ്ങിനെ കാര്യമായി ബാധിച്ചില്ല എന്നതായിരുന്നു ആശ്വാസം. 2011 ഏപ്രിൽ മാസത്തിൽ എന്റെ മകൻ അഖിലിന്റെ ജനനത്തിനുശേഷം ചെസ്സിൽനിന്നും കുറച്ചു കാലം ഞാൻ വിട്ടുനിന്നു. അഖിൽ ജനിക്കുന്നതിനു മുമ്പ് അരുണയ്ക്കൊപ്പം ഹോസ്പിറ്റലിൽ ഒരു രാത്രി ചെലവഴിച്ചത് ഞാനോർക്കുന്നു. ഞങ്ങളുടെ ജീവിതം ഇനിമുതൽ പഴയതുപോലെ ആയിരിക്കില്ല എന്നെനിക്ക് അറിയാമായിരുന്നു. കുഞ്ഞിന്റെ കാര്യങ്ങളിൽ സഹായിക്കുവാൻ ഞാൻ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തി. സത്യം പറയാമല്ലോ, ഡയപ്പറുകള് മാറ്റുന്നതിൽ എന്റെ ജോലി ഒതുങ്ങിനിന്നു. അപ്പോഴൊക്കെ എന്റെ മേൽ പുണ്യാഹം തളിക്കപ്പെടുകയും ചെയ്തു. കുഞ്ഞിനെക്കാളും കൂടുതൽ ഞാനാണ് വസ്ത്രം മാറിയത്.
ജൂലായ് മാസത്തിൽ റേറ്റിങ്ങിൽ എന്നെ മറികടന്ന് കാൾസൺ ലോക ഒന്നാം നമ്പർ താരമായി. അതിനിടയിൽ എപ്പോഴോ എന്റെ കളി മുന്നോട്ടു പോകാതെയായി. 2011-ലെ ബിൽബാവോ മാസ്റ്റേഴ്സിൽ എന്റെ പ്രകടനം ദയനീയമായിരുന്നു. താൾ മെമ്മോറിയലിൽ ഞാൻ തുടർച്ചയായി 9 സമനിലകളിൽ കുടുങ്ങി. അതേവർഷത്തെ ലണ്ടൻ ക്ലാസിക്കും എനിക്കൊരു ദുരന്തമായി മാറി. മൂന്നു മാസങ്ങൾക്കുള്ളിൽ മൂന്ന് ദാരുണ പ്രകടനങ്ങൾ. ആദ്യ അനുഭവത്തിനുശേഷം ഇത് സ്വാഭാവികമാണെന്നും ഇതിനെ ശരിപ്പെടുത്തിയെടുക്കാം എന്നും ഞാൻ സ്വയം പറഞ്ഞു. പക്ഷേ, മറ്റൊരു ചെറിയ പ്രശ്നമുണ്ടായിരുന്നു. ശരിയാക്കേണ്ടതായ പ്രശ്നം എന്താണ് എന്ന് വ്യക്തമായിരുന്നില്ല. ഒരിക്കലും പാരച്യൂട്ട് തുറന്ന് തന്റെ ഭീകര പതനത്തെ തടയിടാൻ സാദ്ധ്യതയില്ലാത്ത അവസ്ഥയിൽ, ആകാശത്തുനിന്നും കുത്തനെ താഴോട്ടു കുതിച്ചുകൊണ്ടിരി ക്കുന്ന ഒരു സ്കൈ ഡൈവറുടെ അവസ്ഥയിലായിരുന്നു ഞാൻ.
Comments are closed.