എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. മതിയായ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്.
വി.സിയ്ക്ക് മതിയായ യോഗ്യതയില്ലെന്നും അതിനാല്‍ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ചാലക്കുടി സ്വദേശി ടി.ആര്‍. പ്രേംകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. യു.ജി.സി മാര്‍ഗനിര്‍ദേശ പ്രകാരം സര്‍വകലാശാല സംവിധാനത്തിലോ ഗവേഷണ സൗകര്യമുള്ള സ്ഥാപനങ്ങളിലോ പ്രൊഫസറായോ തുല്യ തസ്തികയിലോ കുറഞ്ഞത് പത്ത് വര്‍ഷത്തെ അദ്ധ്യാപന പരിചയമുള്ളവരെ ആയിരിക്കണം വി.സിയായി നിയമിക്കേണ്ടതെന്നാണ് വ്യവസ്ഥ.
ഇത് അട്ടിമറിച്ചാണ് ബാബു സെബാസ്റ്റ്യനെ വി.സിയായി നിയമിച്ചത്. മാത്രമല്ല, വി.സിയെ തിരഞ്ഞെടുത്ത സെര്‍ച്ച് കമ്മിറ്റി നടപടിക്രമങ്ങള്‍ ഒന്നും തന്നെ പാലിച്ചില്ലെന്നും കോടതി പറഞ്ഞു. ബാബു സെബാസ്റ്റ്യന് സ്വകാര്യ എയ്ഡഡ് കോളജില്‍ അസോസിയേറ്റ് പ്രൊഫസറായി മാത്രമാണ് യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളതെന്നുമുള്ള ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ നോമിനിയായിട്ടാണ് ബാബു സെബാസ്റ്റ്യന്‍ വൈസ് ചാന്‍സലറായത്. ബാബു സെബാസ്റ്റ്യന് 16 വര്‍ഷത്തെ അദ്ധ്യാപന പരിചയവും പത്ത് വര്‍ഷത്തെ ഭരണ നിര്‍വഹണ പരിചയവും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തെ വി.സിയായി സെര്‍ച്ച് കമ്മിറ്റി നിശ്ചയിച്ചത്.
അതേസമയം വിസി ആകാന്‍ യോഗ്യതയുണ്ടെന്നു തന്നെയാണ് വിശ്വാസമെന്നും ഗുഢാലോചന ഉള്ളതായി കരുതുന്നില്ലെന്നും തുടര്‍നടപടികള്‍ വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം തീരുമാനിക്കുമെന്നും ബാബു സെബാസ്റ്റ്യന്‍ പ്രതികരിച്ചു.
Comments are closed.