സുഗതകുമാരി, പക്ഷിക്കും പഥികനും മാത്രമല്ല കാറ്റിനു പോലും വാത്സല്യം പകര്‍ന്ന തണല്‍മരം!
”പുന്നയ്ക്കും മലവേപ്പിനും മുള്ളന്‍ പനയ്ക്കും കാട്ടയണിക്കും ഞാവലിനും പേരറിയാ നൂറുമരങ്ങള്‍ക്കുമെല്ലാം വ്യത്യസ്ത ഛായയാണ്, ഭാവമാണ്, സൗന്ദര്യമാണ്. ഓരോ വള്ളിക്കും ചെടിക്കും അതിന്റേതായ ചാരുതയാണ്.”
കാട് അടുത്തെത്തുന്നതിനു മുന്‍പുതന്നെ നമ്മെ എതിരേല്‍ക്കുന്നു.
നഗരം ദുഷിപ്പിച്ച ശ്വാസകോശങ്ങളില്‍ ശുദ്ധവായു പെട്ടെന്ന് ഊതി നിറച്ച് ജീവസ്സുറ്റതാക്കുന്നു. കാട്ടില്‍ എത്തിക്കഴിഞ്ഞാല്‍ ഒന്നു നില്‍ക്കുക. ആ മണ്ണില്‍ തൊട്ടുവന്ദിച്ചിട്ടുവേണം ഉള്ളിലേക്കു കടക്കാന്‍. ഇരുണ്ടു കറുത്ത കാട് അവളുടെ ശ്യാമാംബരം വിതിര്‍ത്തു നിങ്ങളെ പുതപ്പിച്ചു മാറോടു ചേര്‍ത്തണയ്ക്കുമ്പോള്‍ ആഹ്ലാദംകൊണ്ടു ശ്വാസംമുട്ടിപ്പോകും.
ഉച്ചത്തില്‍ വിളിക്കണമെന്നും ഉറക്കെപ്പാട്ടുപാടണമെന്നും കൈകള്‍ വീശി പാഞ്ഞുപോകണമെന്നുമൊക്കെ തോന്നിപ്പോകും. പക്ഷേ, മിണ്ടരുത്, ശബ്ദം ഉയര്‍ത്തരുത്, ലഹള കൂട്ടരുത്. ഈ പവിത്രസ്ഥലി നിങ്ങളുടേതല്ല. മറ്റാത്മാക്കളുടേതാണ്. നാം ഇവിടെ അന്യരാണ്. ഒരായിരം കണ്ണുകള്‍ ഭയത്തോടെ, സംശയത്തോടെ നമ്മെ വീക്ഷിക്കുന്നുണ്ട്. കാരണം നമ്മെ ചോര മണക്കുന്നുണ്ട്. മാപ്പു ചോദിച്ച് ഉള്ളിലേക്കു നീങ്ങുക.
പാദങ്ങള്‍ക്കിടയില്‍ നനഞ്ഞുപതുത്ത ഭൂമി. ആയിരമായിരം വര്‍ഷങ്ങളായി പൊഴിയുന്ന ഇലകള്‍ വീണുവീണു ദ്രവിച്ച കനത്തുകിടക്കുന്ന കട്ടിപ്പരവതാനി. അതില്‍ കോടിക്കണക്കിനു ചെറുജീവികളുണ്ട്. അതിസൂക്ഷ്മ സസ്യങ്ങളും പൂവുകൊണ്ടു കുറിതൊട്ട കുഞ്ഞുചെടികളും പുല്‍ത്തരങ്ങളും കൂണുകളും പൊന്തകളും വള്ളികളും ചെറുമരങ്ങളും മരങ്ങളില്‍ പറ്റിപ്പിടിച്ചുവളരുന്ന ഒരായിരം സസ്യങ്ങളും മരക്കൂണുകളും പന്നല്‍ച്ചെടികളും ഓര്‍ക്കിഡുകളും മഹാവൃക്ഷങ്ങളും വൃക്ഷപ്പന്തലുകളും എല്ലാമെല്ലാം ചേര്‍ന്നതാണു കാട്.
പലതലങ്ങളിലായി കാട് ഇരുണ്ടുയരുന്നു. അദൃശ്യങ്ങളും ദൃശ്യങ്ങളുമായ സൂക്ഷ്മജീവികള്‍ മുതല്‍ കാട്ടുറുമ്പും മണ്‍ചിലന്തിയും ചീവീടും മണ്ണിരയും ഒച്ചും ചോരകുടിയന്‍ അട്ടയും അരണയും തവളയും പാമ്പും കീരിയും മുള്ളന്‍പന്നിയും മറ്റും താഴത്തെ നിലയിലെ താമസക്കാരാണ്. ഓരോ നിലയിലുമുണ്ട് ആയിരമായിരം താമസക്കാര്‍. തേനീച്ചകള്‍, വണ്ടുകള്‍, വിട്ടിലുകള്‍, ശലഭങ്ങള്‍, തുമ്പികള്‍, മിന്നാമിനുങ്ങുകള്‍, പച്ചക്കുതിരകള്‍, പ്രാര്‍ത്ഥനപ്പക്കികള്‍ തുടങ്ങിയവരെക്കൂടാതെ അണ്ണാന്‍, മലയണ്ണാന്‍, കുരങ്ങന്മാര്‍, വവ്വാലുകള്‍ ഇങ്ങനെ ഏറെപ്പേരുണ്ട്. മേല്‍ത്തട്ടുകളില്‍ ഒരായിരം കിളികള്‍ ചില്ലകള്‍ക്കിടയിലൂടെ ചിലച്ചു പറക്കുന്നു. താഴെ വമ്പന്മാരുണ്ട്. പുലിയും കടുവയും കാട്ടുപന്നിയും കുറുക്കനും ചെന്നായും കരടിയുമൊക്കെയുണ്ട്. മാനും മ്ലാവും കാട്ടുപോത്തും ആനക്കൂട്ടവുമുണ്ട്. കാട് അവരുടെയെല്ലാം വീടാണ്. അവരൊക്കെ അവിടെ എവിടെയോ ഒക്കെയുണ്ട്.
പതുക്കെ സൂക്ഷിച്ചു പാദങ്ങള്‍ വയ്ക്കുക. കാലടിച്ചോട്ടിലെല്ലാം ജീവലക്ഷങ്ങളുണ്ടെന്ന് ഓര്‍മിക്കുക. കുനിഞ്ഞുനോക്കി കാണുക. എത്രതരം ചെടികളാണ്, പടര്‍പ്പുകളാണ്, തറപ്പറ്റിക്കിടക്കുന്നവയാണ്, ചെറുപൂക്കള്‍ കുളുര്‍ക്കെ വിടര്‍ത്തി നി ല്‍ക്കുന്നവയാണ് നിങ്ങള്‍ക്കു താഴെയും ചുറ്റിലും. വള്ളികളെ നോക്കൂ, ഇരുണ്ടു പച്ചിച്ച കാട്ടുവള്ളികള്‍. കറുത്ത തണ്ടോടുകൂടിയവ, മുള്ളുള്ളവ, മെലിഞ്ഞുനീണ്ടവ, നനുത്ത രോമങ്ങളുള്ളവ, തടിച്ചുരുണ്ടു ചുറ്റിപ്പിണഞ്ഞു കയറുന്നവ, ഭാരംകൊണ്ടു താങ്ങുമരങ്ങളെ താഴോട്ടമര്‍ത്തുന്നവ, പൂങ്കുലകള്‍ നീട്ടുന്നവ, കായ്കനികള്‍ ചാര്‍ത്തി നില്‍ക്കുന്നവ, തേനീച്ചകള്‍ ചുഴന്നു മുരളുന്നവ—-താഴെയോ കാട്ടുസൂര്യകാന്തികള്‍, പുള്ളിക്കുത്തണിഞ്ഞ ഇലകളുള്ള കാട്ടുചേമ്പുകള്‍, കരിങ്കദളികള്‍, നീലനക്ഷത്രപ്പൂക്കള്‍, കാക്കപ്പൂക്കള്‍, നൂറുപേരറിയാപ്പൂക്കള്‍. വള്ളികളാല്‍ ആശ്ലേഷിതരായ മഹാവൃക്ഷങ്ങള്‍ സൂര്യന്റെ നേര്‍ക്കു വിസ്തൃതഹസ്തങ്ങള്‍ വിടര്‍ത്തി നീട്ടി ഉയര്‍ന്നുയര്‍ന്നു പോകുന്നു. ഗംഭീരസ്തൂപങ്ങള്‍ നിരന്ന, തട്ടുതട്ടായി ഉയരുന്ന മേല്‍ക്കൂരകളുള്ള ഒരു പടുകൂറ്റന്‍ പഴയ പള്ളിയുടെ പ്രാചീന ഗാംഭീര്യത്തിലേക്കു കയറിച്ചെല്ലുമ്പോലെ ഇവിടെ നമ്മുടെ ശിരസ്സു കുനിയുന്നു.
ഓരോ മരത്തിനും അതിന്റേതായ പ്രത്യേക വ്യക്തിപ്രഭാവമുണ്ട്. കാട്ടിലെ ആലിനും കാട്ടുമരുതിനും തേക്കിനും കരിവീട്ടിക്കും കാഞ്ഞിരത്തിനും പുന്നയ്ക്കും മലവേപ്പിനും മുള്ളന്‍പനയ്ക്കും കാട്ടയണിക്കും ഞാവലിനും പേരറിയാ നൂറുമരങ്ങള്‍ക്കുമെല്ലാം വ്യത്യസ്ത ഛായയാണ്, ഭാവമാണ്, സൗന്ദര്യമാണ്. ഓരോ വള്ളിക്കും ചെടിക്കും അതിന്റേതായ ചാരുതയാണ്.
Comments are closed.